

അമേരിക്കന്‍ വിപണിയുടെ തകര്‍ച്ച നിര്‍മിത ബുദ്ധി (എഐ) കുമിളയെ പറ്റി വീണ്ടും ആശങ്ക വളര്‍ത്തി. തുടര്‍ച്ചയായ ആറു ദിവസം കയറിയ ഇന്ത്യന്‍ വിപണി ഇന്നു താഴ്ന്ന തുടക്കമാണു പ്രതീക്ഷിക്കുന്നത്. നിര്‍മിതബുദ്ധി നിക്ഷേപങ്ങളില്‍ നിന്നു വലിയ ഫണ്ടുകളും കോടീശ്വരന്മാരും പിന്മാറുന്നതും എഐ അനുബന്ധ കമ്പനികളുടെ കടങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള നിരക്ക് (ക്രെഡിറ്റ് ഡിഫോള്‍ട്ട് സ്വാപ്) ഉയര്‍ന്നു പോകുന്നതും വമ്പന്‍ നിക്ഷേപകരുടെ പിന്മാറ്റം മൂലം ബിറ്റ് കോയിന്‍ അടക്കം ക്രിപ്‌റ്റോ കറന്‍സികള്‍ തകരുന്നതും പരസ്പരം ബന്ധപ്പെട്ടതാണെന്ന ആശങ്ക ഉണ്ട്.
കൂടുതല്‍ രൂക്ഷമായ വിപണി തകര്‍ച്ച ഇതിനു പിന്നാലെ വരുമോ എന്നു പലരും സംശയിക്കുന്നു. സ്വര്‍ണവും മറ്റ് വിശിഷ്ട ലോഹങ്ങളും ഇടിയുകയാണ്. രണ്ടു ദിവസമായി വ്യാവസായിക ലോഹങ്ങളും ഇടിയുന്നു.
ഒക്ടോബറിലെ കയറ്റുമതി ഗണ്യമായി ഇടിഞ്ഞത് വാണിജ്യ കമ്മിയെ റെക്കോര്‍ഡ് നിലയിലേക്കു കയറ്റി. അമേരിക്കന്‍ തീരുവ തന്നെയാണു പ്രശ്‌നം. സ്വര്‍ണ ഇറക്കുമതി മൂന്നു മടങ്ങും വെള്ളി ഇറക്കുമതി ആറു മടങ്ങും ആയതു കമ്മിയെ വല്ലാതെ കൂട്ടി. അമേരിക്കയില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയിലും എല്‍പിജിയും വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. കുറഞ്ഞ വിലയുടെ റഷ്യന്‍ ഇറക്കുമതിക്കു പകരമാണിത്. ഇതും വ്യാപാരകമ്മി കൂട്ടും. കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ കാരണമാകുന്ന ഈ നീക്കം രൂപയുടെ വില താഴ്ത്താന്‍ സമ്മര്‍ദം ചെലുത്തും. ഈ കാഴ്ചപ്പാട് വിപണിയെ ദുര്‍ബലമാക്കും.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി തിങ്കളാഴ്ച രാത്രി 26,008.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,985 ലേക്കു താഴ്ന്നിട്ട് 26,015 വരെ കയറി. ഇന്ത്യന്‍ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
നിര്‍മിതബുദ്ധി കുമിളയിലെ ആശങ്ക യൂറോപ്പിനെ രണ്ടാമത്തെ ആഴ്ചയും ഉലയ്ക്കുകയാണ്. യൂറോപ്യന്‍ സൂചികകള്‍ വീണ്ടും ഒരു ശതമാനത്തിലധികം ഇടിഞ്ഞു. സ്വീഡിഷ് പ്രതിരോധ കമ്പനി സാബിന് കൊളംബിയയില്‍ നിന്നു യുദ്ധവിമാന ഓര്‍ഡര്‍ ലഭിച്ചു, ഓഹരി ഉയര്‍ന്നു. പ്രൈവറ്റ് ഇക്വിറ്റി ഭീമന്മാരായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റും കെകെആറും ഏറ്റെടുക്കാന്‍ ശ്രമം തുടങ്ങി എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരസ്യകമ്പനി ഡബ്‌ള്യുപിപി 11 ശതമാനം കുതിച്ചു.
യുഎസ് വിപണി തിങ്കളാഴ്ച ചാഞ്ചാട്ടത്തോടെ തുടങ്ങിയിട്ടു വലിയ നഷ്ടത്തില്‍ അവസാനിച്ചു. നിര്‍മിതബുദ്ധി (എഐ) മേഖലയിലെ വലിയ മൂലധന നിക്ഷേപം ആനുപാതികമായ വരുമാനവര്‍ധന ഉറപ്പു നല്‍കുന്നില്ലെന്നും വലിയ കടമെടുത്ത പല കമ്പനികളും ബുദ്ധിമുട്ടിലാണെന്നും കിംവദന്തി പരക്കുന്നു. സോഫ്റ്റ് ബാങ്കിനു പിന്നാലെ സഹസ്രകോടീശ്വരന്‍ പീറ്റര്‍ തീല്‍ എന്‍വിഡിയയിലെ മുഴുവന്‍ നിക്ഷേപവും വിറ്റൊഴിഞ്ഞു എന്ന വാര്‍ത്തയും വിപണിയെ താഴ്ത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണു വിപണി ഇടിയുന്നത്.
ബുധനാഴ്ച വ്യാപാരസമയം കഴിഞ്ഞ് എന്‍വിഡിയയുടെ റിസല്‍ട്ട് വരും. വരുമാന-ലാഭ പ്രതീക്ഷകളില്‍ എന്തെങ്കിലും കുറവ് വരുത്തിയാല്‍ വിപണി വലിയ തോതില്‍ പ്രതികരിക്കും. വ്യാഴാഴ്ച രാവിലെ വോള്‍മാര്‍ട്ട് റിസല്‍ട്ട് വരുന്നതു സമ്പദ്ഘടനയുടെ പ്രകടനത്തിന്റെ സൂചന നല്‍കും. വ്യാഴാഴ്ച തൊഴില്‍ കണക്ക് വരുന്നതു പലിശ തീരുമാനം ഏതു ദിശയിലാകും എന്നു സൂചിപ്പിക്കും.
തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 557.24 പോയിന്റ് (1.18%) ഇടിഞ്ഞ് 46,590.24ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി സൂചിക 61.70 പോയിന്റ് (0.92%) താഴ്ന്ന് 6672.41ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിയ 192.51 പോയിന്റ് (0.84%) കുറഞ്ഞ് 22,708.08ല്‍ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ ഫ്യൂച്ചേഴ്‌സ് ചെറിയ നേട്ടത്തിലാണ്. ഡൗ 0.08 ഉം എസ്ആന്‍ഡ്പി 0.07 ഉം നാസ്ഡാക് 0.08 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു. മിക്ക ഏഷ്യന്‍ വിപണികളും വലിയ താഴ്ചയിലാണ്. അമേരിക്കന്‍ വിപണിയുടെ തകര്‍ച്ചയും ചൈന-ജപ്പാന്‍ സംഘര്‍ഷവും വിപണികളെ താഴ്ത്തുന്നു. ജാപ്പനീസ് നിക്കൈ സൂചിക 2.3 ശതമാനം വരെ ഇടിഞ്ഞു. ദക്ഷിണ കൊറിയന്‍ സൂചിക കോസ്പി ഒരു ശതമാനം താഴ്ന്നു. ചൈനീസ്, ഹോങ് കോങ് സൂചികകളും താഴ്ചയിലാണ്.
അനുകൂല സാഹചര്യങ്ങള്‍ പലതും ഉണ്ടായത് തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയെ തുടര്‍ച്ചയായ ആറാം ദിവസവും നേട്ടത്തിലേക്കു നയിച്ചു. വിപണി റെക്കോര്‍ഡ് തിരുത്തുന്ന നിലയിലേക്കു മുന്നേറ്റം നടത്തുമെന്നു ബുള്ളുകള്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ താമസിയാതെ പ്രഖ്യാപിക്കും എന്നു സര്‍ക്കാര്‍ വക്താക്കള്‍ സൂചിപ്പിച്ചു. അമേരിക്കയില്‍ നിന്ന് ഒരു വര്‍ഷം 22 ലക്ഷം ടണ്‍ എല്‍പിജി വാങ്ങാന്‍ ഇന്ത്യ കരാര്‍ ഉണ്ടാക്കി. ഇത് ഇന്ത്യയുടെ വാര്‍ഷിക എല്‍പിജി ഇറക്കുമതിയുടെ 10 ശതമാനം വരും. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വരവ് ഈ ദിവസങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്.
നവംബര്‍ 21 കഴിഞ്ഞു റഷ്യന്‍ കമ്പനികളില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉള്ളതു കൊണ്ടാണിത്. അമേരിക്കയില്‍ നിന്നു ക്രൂഡ് ഓയില്‍ വാങ്ങാനും ഇന്ത്യ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. വലിയ ഡിസ്‌കൗണ്ടിലാണു റഷ്യ എണ്ണ തന്നിരുന്നത്. ഇന്ത്യ അത് ഉപേക്ഷിക്കുമ്പോള്‍ കൂടിയ വില നല്‍കേണ്ടി വരും. അതു രാജ്യത്തിന്റെ വാണിജ്യ കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വര്‍ധിപ്പിക്കും.
എല്ലാ മേഖലകളും നേട്ടം കുറിച്ച ഇന്നലെ ബാങ്കുകളാണു മുന്നേറിയത്. പൊതുമേഖലാ ബാങ്കുകള്‍ 1.09 ശതമാനം കുതിച്ചു.
ബ്രിട്ടീഷ് ഉപകമ്പനി ജെഎല്‍ആറിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് 4.75 ശതമാനം ഇടിഞ്ഞു. സെന്‍സെക്‌സില്‍ തുടക്കം മുതല്‍ ഉണ്ടായിരുന്ന ടാറ്റാ മോട്ടോഴ്‌സിനു വിഭജനത്തെ തുടര്‍ന്നു വിപണിമൂല്യം ഇടിഞ്ഞു. അടുത്ത മാസം സെന്‍സെക്‌സ് ഘടകങ്ങളെ പുതുക്കുമ്പോള്‍ ടാറ്റാ മോട്ടോഴ്‌സിനെ മാറ്റി ഇന്‍ഡിഗോയെ ചേര്‍ക്കും എന്നു കരുതപ്പെടുന്നു. ഈ മാറ്റം ഇന്‍ഡെക്‌സ് അധിഷ്ഠിത ഫണ്ടുകളില്‍ നിന്നു വില്‍പന സമ്മര്‍ദം ഉണ്ടാക്കും.
തിങ്കളാഴ്ച സെന്‍സെക്‌സ് 388.17 പോയിന്റ് (0.46%) ഉയര്‍ന്ന് 84,950.95ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 103.40 പോയിന്റ് (0.40%) കയറി 26,013.45ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 445.15 പോയിന്റ് (0.76%) കുതിച്ച് 58,962.70 എന്ന റെക്കോര്‍ഡില്‍ ക്ലോസിംഗ് നടത്തി. മിഡ് ക്യാപ് 100 സൂചിക 441.30 പോയിന്റ് (0.73%) ഉയര്‍ന്ന് 61,180.50ലും സ്‌മോള്‍ ക്യാപ് 100 സൂചിക 95.10 പോയിന്റ് (0.52%) കയറി 18,347.60ലും അവസാനിച്ചു.
സൂചികകള്‍ കയറിയെങ്കിലും വിശാലവിപണിയില്‍ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 2,011 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2,300 എണ്ണം താഴ്ന്നു. എന്നാല്‍ എന്‍എസ്ഇയില്‍ കയറ്റത്തിനായിരുന്നു മുന്‍തൂക്കം. 1,643 ഓഹരികള്‍ കയറി, 1,511 എണ്ണം താഴ്ന്നു.
എന്‍എസ്ഇയില്‍ 14 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 176 എണ്ണം താഴ്ന്ന വിലയില്‍ എത്തി. ആറ് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ ഒന്നു പോല്ല ലോവര്‍ സര്‍കീട്ടില്‍ എത്തിയില്ല.
തിങ്കളാഴ്ച വിദേശനിക്ഷേപകര്‍ വാങ്ങലുകാരായി. ക്യാഷ് വിപണിയില്‍ അവര്‍ 442.17 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകള്‍ 1465.86 കോടിയുടെ അറ്റവാങ്ങലും നടത്തി.
ഇന്നു പല കമ്പനികളിലും പ്രൊമോട്ടര്‍മാരോ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരോ ബ്ലോക്ക് ഇടപാടില്‍ ഓഹരികള്‍ വില്‍ക്കുന്നുണ്ട്. എംഫസിസില്‍ 40.1 ശതമാനം ഓഹരി ഉള്ള ബ്ലായ്ക്ക്‌സ്റ്റോണ്‍ 9.5 ശതമാനം ഓഹരി വില്‍ക്കും. ഓഹരി ഒന്നിനു 2570 രൂപ വിലയിട്ട് 4626 കോടി രൂപയ്ക്കാണു വ്യാപാരം. തിങ്കളാഴ്ചത്തെ വിലയിലും 4.4 ശതമാനം കുറവാണിത്. പേയ്ടിഎമ്മിലെ മൂന്നു വിദേശ നിക്ഷേപകര്‍ ഓഹരി ഒന്നിന് 1281 രൂപ പ്രകാരം 1640 കോടി രൂപയുടെ കൈമാറ്റം നടത്തും. എന്‍ക്യൂവര്‍ ഫാര്‍മയിലെ രണ്ടു ശതമാനം ഓഹരി ബെയിന്‍ കാപ്പിറ്റല്‍ 493 കോടി രൂപയ്ക്കു വില്‍ക്കും.
വിപണിയിലെ ബുള്ളുകള്‍ ആവേശത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ പിന്നീടു യുഎസ് വിപണി ഇടിഞ്ഞതു നെഗറ്റീവ് സൂചനയാണു നല്‍കുന്നത്. 26,000നു മുകളില്‍ ക്ലോസ് ചെയ്ത നിഫ്റ്റിയുടെ പിന്തുണ നിലവാരം 25,850-25,900 മേഖലയിലേക്ക് ഉയര്‍ന്നതായി സാങ്കേതിക വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 26,300-26,400 നിലയിലേക്കു നിഫ്റ്റിക്കു കയറാം എന്നാണ് അവര്‍ പറയുന്നത്. 26,100 ല്‍ ശക്തമായ പ്രതിരോധം ഉണ്ടാകും. ഇന്നു നിഫ്റ്റിക്ക് 25,940 ലും 25,900 ലും പിന്തുണ ഉറപ്പാക്കാം. 26,055 ലും 26,100 ലും പ്രതിരോധം നേരിടും.
കഴിഞ്ഞയാഴ്ച ഐപിഒ നടത്തിയ ഫിസിക്‌സ്‌വാലാ ഇന്നു ലിസ്റ്റ് ചെയ്യും. അനൗപചാരിക വിപണിയില്‍ 13 ശതമാനം പ്രീമിയത്തിലാണ് ഓഹരികള്‍ എന്നതു നിക്ഷേപകര്‍ക്കു പ്രതീക്ഷ നല്‍കുന്നു
പുതിയ ആഴ്ചയുടെ തുടക്കത്തില്‍ സ്വര്‍ണം താഴോട്ടു നീങ്ങി. യുഎസ് ഫെഡ് പലിശ കുറയ്ക്കുകയില്ല എന്ന ധാരണ വിപണിയില്‍ ശക്തിപ്പെട്ടതാണു കാരണം. ഇന്നലെയും വില 1000 ഡോളറിലേറെ ചാഞ്ചാടി. 4107.70 ല്‍ നിന്ന് 4005.90 ഡോളര്‍ വരെ താഴ്ന്ന ശേഷം സ്വര്‍ണം ഓണ്‍സിന് 4046.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4056 വരെ കയറിയ ശേഷം 4026 ഡോളറിലേക്കു താഴ്ന്നു. പിന്നീടു 4,033 ലായി. അവധിവില 4074.50 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 4035 ഡോളര്‍ ആയി.
വെള്ളി സ്‌പോട്ട് വിപണിയില്‍ ഔണ്‍സിന് 50.25 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 49.84 ഡോളറിലേക്കു താഴ്ന്നു. അവധിവില 49.81 ഡോളറിലാണ്. പ്ലാറ്റിനം 1536 ഡോളര്‍, പല്ലാഡിയം 1368 ഡോളര്‍, റോഡിയം 7675 എന്നിങ്ങനെയാണു വില.
വ്യാവസായിക ലോഹങ്ങള്‍ ഇന്നലെ കുത്തനേ ഇടിയുന്നതാണു കണ്ടത്. വളര്‍ച്ചയെപ്പറ്റി സംശയം ഉയരുന്നതാണു കാരണം. ചെമ്പ് ടണ്ണിന് 0.48 ശതമാനം താഴ്ന്ന് 10,799.00 ഡോളര്‍ ആയി. കോംഗോയിലെ ഒരു ഖനിയില്‍ ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തി വിപണി വിലയിരുത്തുന്നതേ ഉള്ളു. അലൂമിനിയം ഒരു ശതമാനം ഇടിഞ്ഞു ടണ്ണിന് 2811.64 ഡോളറില്‍ എത്തി. നിക്കല്‍, ടിന്‍, ലെഡ്, സിങ്ക് എന്നിവയും ഇടിഞ്ഞു.
റബര്‍ വില രാജ്യാന്തര വിപണിയില്‍ 0.58 ശതമാനം താഴ്ന്നു കിലോഗ്രാമിന് 172 സെന്റ് ആയി. കൊക്കോ 1.10 ശതമാനം ഇടിഞ്ഞ് ടണ്ണിന് 5228.93 ഡോളറില്‍ എത്തി. കാപ്പി വില 0.90 ശതമാനം കയറി. തേയില വില മാറ്റമില്ലാതെ തുടര്‍ന്നു. പാമാേയില്‍ 0.63 ശതമാനം ഉയര്‍ന്നു.
ഡോളര്‍ സൂചിക തിങ്കളാഴ്ച ഉയര്‍ന്ന് 99.59 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.54 ലേക്കു താഴ്ന്നു. ഡോളര്‍ വിനിമയ നിരക്കു കാര്യമായി മാറിയില്ല. യൂറോ 1.1591 ഡോളറിലേക്കും പൗണ്ട് 1.3151 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 155.15 യെന്നിലേക്കു താഴ്ന്നു. ചൈനീസ് കറന്‍സി ഒരു ഡോളറിന് 7.11 യുവാനിലേക്കു താഴ്ന്നു. സ്വിസ് ഫ്രാങ്ക് 0.796 ഡോളറിലായി.
ഇന്ത്യന്‍ രൂപ നില മെച്ചപ്പെടുത്തി. ഡോളര്‍ 11 പൈസ കുറഞ്ഞ് 88.63 രൂപ ആയി. യുഎസ് കടപ്പത്ര വിലകള്‍ ഇന്നലെ കയറിയിറങ്ങി ഒടുവില്‍ വലിയ മാറ്റമില്ലാതെ ക്ലോസ് ചെയ്തു. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.131 ശതമാനമായി താഴ്ന്നു.
കരിങ്കടലിലെ റഷ്യന്‍ തുറമുഖത്തു ലോഡിംഗ് പുനരാരംഭിച്ചത് ക്രൂഡ് ഓയില്‍ വിലയിലെ കയറ്റത്തിനു വിരാമമിട്ടു. തിങ്കളാഴ്ച വീപ്പയ്ക്ക് 64.04 ഡോളറില്‍ ക്ലോസ് ചെയ്ത ബ്രെന്റ് ഇനം ക്രൂഡ് ഇന്നു രാവിലെ അര ശതമാനം ഇടിഞ്ഞ് 63.91 ഡോളര്‍ ആയി. ഡബ്‌ള്യുടിഐ ഇനം 59.63ലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 65.53 ലും എത്തി. പ്രകൃതിവാതക വില നാലു ശതമാനം താഴ്ന്ന് 4.33 ഡോളര്‍ ആയി.
ബിറ്റ്‌കോയിന്‍ അടക്കം ക്രിപ്‌റ്റോ കറന്‍സികള്‍ കൂടുതല്‍ താഴ്ചയിലായി. ഈ വര്‍ഷം 1,26.000 ഡോളര്‍ വരെ കയറിയ ബിറ്റ്‌കോയിന്‍ 27.5 ശതമാനം ഇടിഞ്ഞാണ് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്. ചില വലിയ ഫണ്ടുകളും വമ്പന്‍ നിക്ഷേപകരും പണം പിന്‍വലിച്ചതും ഓഹരിവിപണിയുടെ ദൗര്‍ബല്യവും ആണു ക്രിപ്‌റ്റോകളെ താഴ്ത്തുന്നത്. ഇന്നലെ 91,165 ഡോളര്‍ വരെ താഴ്ന്ന ബിറ്റ് കോയിന്‍ ഇന്നു രാവിലെ 91,600 ഡോളറിനു സമീപത്താണ്. 2955.82 ഡോളര്‍ വരെ ഇടിഞ്ഞ ഈഥര്‍ 3020 ഡോളറില്‍ നില്‍ക്കുന്നു. 128.66 ഡോളര്‍ വരെ താഴ്ന്ന സൊലാന 131.64 ലേക്കു കയറി.
Read DhanamOnline in English
Subscribe to Dhanam Magazine