പലിശപ്പേടി വീണ്ടും, ഡോളര്‍ കുതിക്കുന്നു; ഏഷ്യന്‍ വിപണികള്‍ ഇടിവില്‍, ഇന്ത്യ ദുര്‍ബല തുടക്കത്തിലേക്ക്; സ്വര്‍ണം ഇടിഞ്ഞു, ക്രൂഡ് കയറി

കഴിഞ്ഞ രണ്ടു വര്‍ഷവും നേട്ടം ഉണ്ടാക്കാതിരുന്ന ഇന്ത്യന്‍ വിപണിക്കു 2027 ഗണ്യമായ മുന്നേറ്റം നല്‍കുമെന്നു ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തി
Stock Market Morning Analysis
Market UpdatesImage courtesy: Canva
Published on: 

വിദേശനിക്ഷേപകര്‍ ഇന്ത്യയിലേക്ക് ആവേശത്തോടെ വരുന്നുണ്ടെങ്കിലും വിപണി നഷ്ടത്തിലായി. ഇന്നും ദുര്‍ബലമായ തുടക്കമാണു പ്രതീക്ഷിക്കുന്നത്. പലിശ നിരക്ക് കൂടുന്നതും ഡോളര്‍ ബലപ്പെടുന്നതും മറ്റ് ഏഷ്യന്‍ വിപണികളെ നഷ്ടത്തിലാക്കി. അതിന്റെ കാറ്റും ഇന്ത്യന്‍ വിപണിയെ ബാധിക്കും. എന്നാല്‍ യുഎസ് ഫ്യൂച്ചേഴ്സ് മികച്ച നേട്ടത്തിലാണ്. ക്രൂഡ് ഓയില്‍ ഉയര്‍ന്നു. ഇന്നലെ ഇടിഞ്ഞ സ്വര്‍ണം രാവിലെ 0.75 ശതമാനം കയറി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,219.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,130 വരെ താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നും ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

നിഫ്റ്റി 28,500 ലേക്ക്: ഗോള്‍ഡ്മാന്‍ സാക്‌സ്

കഴിഞ്ഞ രണ്ടു വര്‍ഷവും നേട്ടം ഉണ്ടാക്കാതിരുന്ന ഇന്ത്യന്‍ വിപണിക്കു 2027 ഗണ്യമായ മുന്നേറ്റം നല്‍കുമെന്നു ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തി. 2027 ഒടുവില്‍ നിഫ്റ്റി 14 ശതമാനം കയറി 28500ല്‍ എത്തുമെന്ന് അവര്‍ പ്രവചിച്ചു. ആഭ്യന്തര വിപണിയെ വളര്‍ത്തുന്ന വര്‍ധിച്ച ഉപഭോഗം, കമ്പനികളുടെ മികച്ച ലാഭവര്‍ധന, വിദേശ നിക്ഷേപകരുടെ സാന്നിധ്യം ഇപ്പോള്‍ താഴ്ന്നു നില്‍ക്കുന്നത് -ഈ മൂന്നു കാര്യങ്ങളാണു മുന്നേറ്റത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

2026-ല്‍ 7.9 ശതമാനം ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്ന ഇന്ത്യ 2027ല്‍ 7.2 ശതമാനം വളരും എന്നാണു വിലയിരുത്തല്‍. അടുത്ത രണ്ടു വര്‍ഷവും നിഫ്റ്റി ഇപിഎസ് 15 ശതമാനം വീതം വര്‍ധിക്കും. 6400 കോടി ഡോളര്‍ നിക്ഷേപം പിന്‍വലിച്ച വിദേശികള്‍ കഴിഞ്ഞമാസം മുതല്‍ തിരിച്ചു വരുന്നുണ്ട്.

ബാങ്കുകള്‍, പരമ്പരാഗത വ്യവസായങ്ങള്‍, ടെലികോം, പ്രതിരോധം, ഇന്റര്‍നെറ്റ്, പൊതുസേവനങ്ങള്‍ തുടങ്ങിയ മേഖലകളാണു മികച്ച നിക്ഷേപ അവസരം നല്‍കുന്നവയായി ബാങ്ക് കാണുന്നത്. ഊര്‍ജ മേഖലയ്ക്കു ന്യൂട്രല്‍ റേറ്റിംഗ് നല്‍കി. ഐടി, ഹെല്‍ത്ത് കെയര്‍, മെറ്റല്‍, സിമന്റ്, രാസവസ്തുക്കള്‍ എന്നിവയെ അണ്ടര്‍ വെയിറ്റ് ആയി താഴ്ത്തി.

വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കുന്നതു മൂലം അടുത്ത വര്‍ഷം പകുതിയോടെ റിസര്‍വ് ബാങ്ക് റീപോ നിരക്ക് 6.25 ശതമാനമായി വര്‍ധിപ്പിക്കും എന്നാണു വിലയിരുത്തല്‍. ഇപ്പോള്‍ 5.50 ശതമാനമാണ്.

എന്‍വിഡിയയില്‍ ഭിന്നാഭിപ്രായം

മികച്ച മൂന്നാംപാദ റിസല്‍ട്ടും പ്രതീക്ഷ മറികടന്ന വരുമാന നിഗമനവും എന്‍വിഡിയ ഓഹരിയെ ഇന്നലെ വലിയ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചു. എന്നാല്‍ ഓഹരി 2.89 ശതമാനം താഴ്ന്നു. ജെന്‍സന്‍ ഹുവാങ്ങിനെ വീണ്ടും കമ്പനിയില്‍ എടുക്കണം എന്ന വാദക്കാരാണ് ഓഹരിയെ ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കുന്നത്. മറ്റ് എഐ, ചിപ്പ് കമ്പനികള്‍ ഇന്നലെ ഗണ്യമായി ഉയര്‍ന്നു.

പെര്‍ഷിംഗ് കാപ്പിറ്റല്‍ എന്ന ഹെഡ്ജ് ഫണ്ടിന്റെ മേധാവി ബില്‍ ആക്ക്മാന്‍, എന്‍വിഡിയ ബോര്‍ഡ് വേണ്ടത്ര ആലോചിക്കാതെ തീരുമാനിച്ചു എന്നും അവര്‍ക്കു പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാന്‍ കഴിവില്ലെന്നും ആക്ക്മാന്‍ വിമര്‍ശിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സമ്പന്ന വ്യവസായി ഇലോണ്‍ മസ്‌കും ഒക്കെ ജെന്‍സന്‍ കമ്പനിയില്‍ വേണമെന്നു വാദിക്കുന്നു. ജെന്‍സനു വേണ്ടിയുള്ള ഒപ്പിടീലില്‍ കമ്പനിയിലെ ജീവനക്കാരില്‍ നാലിലൊരു ഭാഗം സഹകരിച്ചു. ജെന്‍സന്‍ തിരിച്ചു വന്നില്ലെങ്കില്‍ നല്ലൊരു സംഖ്യ കമ്പനി വിട്ടുപോകും എന്ന പ്രചാരണവും ഉണ്ട്. താരപ്രഭ ഉളള നേതാവ് പെട്ടെന്നു പോകുമ്പോള്‍ ഉള്ള സാധാരണ പ്രതികരണമായാണു മറ്റുള്ളവര്‍ ഇതിനെ കാണുന്നത്.

ആന്ത്രോപിക് ഓഹരിക്ക് 83 ഡോളര്‍

ഇന്ന് ഐപിഒ നടത്തുന്ന എഐ ഗവേഷണ കമ്പനി ആന്ത്രോപിക്കിന്റെ ഓഹരിക്ക് 83 ഡോളര്‍ വില നിശ്ചയിച്ചതായി റിപ്പോര്‍ട്ട്. നേരത്തേ കണക്കാക്കിയ കൂടിയ വില 78 ഡോളര്‍ ആയിരുന്നു. നിക്ഷേപക താല്പര്യം വര്‍ധിച്ചതാണു കാരണം. എഐ വളര്‍ച്ചയെപ്പറ്റി വിപണിക്കു നല്ല പ്രതീക്ഷയാണുള്ളതെന്ന് ഈ വിലനിര്‍ണയം കാണിക്കുന്നു. കമ്പനിക്ക് ഒന്നരലക്ഷം കോടി ഡോളര്‍ വിപണിമൂല്യമാണ് ഇതു കാണിക്കുന്നത്. വില്‍ക്കുന്ന ഓഹരികളുടെ എണ്ണവും കൂട്ടി. മൊത്തം 8130 കോടി ഡോളര്‍ (7.6 ലക്ഷം കോടി രൂപ) വിപണിയില്‍ നിന്നു സമാഹരിക്കുന്ന ആന്ത്രോപിക് നിക്ഷേപ വാഗ്ദാനങ്ങള്‍ വഴി 2600 കോടി ഡോളറും ഇതോടൊപ്പം നേടും. അങ്ങനെ സ്‌പേസ് എക്‌സിന്റെ 8570 കോടി ഡോളര്‍ റെക്കോര്‍ഡ് മറി കടന്ന് ഏറ്റവും വലിയ ഐപിഒ ആകും.

നാസ്ഡാക് കയറി, ഡൗ ഇടിഞ്ഞു

എഐ ആശങ്കകള്‍ മാറിയെങ്കിലും യുഎസ് വിപണി ഇന്നലെ താഴ്ചയിലായി. പലിശനിരക്ക് ഒറ്റയടിക്ക് അര ശതമാനം വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഫെഡറല്‍ റിസര്‍വില്‍ കൂടുതല്‍ സ്വാധീനമുള്ള ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വോളര്‍ പറഞ്ഞത് വിപണിയെ പേടിപ്പിച്ചു. ഡിസംബര്‍ ആദ്യമാണു ഫെഡ് യോഗം. ഡൗ ജോണ്‍സ് സൂചിക ഇന്നലെ 550 പോയിന്റ് ഇടിഞ്ഞു. ഇതോടെ മൂന്നു ദിവസത്തെ നഷ്ടം 2100 പോയിന്റ് ആയി. 900 പോയിന്റ് കൂടി താഴ്ന്നാല്‍ സൂചിക സാങ്കേതിക തിരുത്തലിലേക്കു കടക്കും. യുനൈറ്റഡ് ഹെല്‍ത്ത് 10 ശതമാനത്തിലധികം ഇടിഞ്ഞു.

എസ്ആന്‍ഡ്പി തുടര്‍ച്ചയായ അഞ്ചാം ദിവസവും താഴ്ന്നു. നാസ്ഡാക് സൂചികകള്‍ കയറി. പലിശ കൂട്ടുമെന്ന പേടിയില്‍ സ്വര്‍ണം വെള്ളി തുടങ്ങിയവയും ചെമ്പ് അടക്കമുള്ള വ്യാവസായിക ലോഹങ്ങളും ഇടിഞ്ഞു.

ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 561.25 പോയിന്റ് (1.11 ശതമാനം) താഴ്ന്ന് 50,198.17ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 16.90 പോയിന്റ് (0.23%) നഷ്ടത്തോടെ 7323.63ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 101.50 പോയിന്റ് (0.42%) ഉയര്‍ന്ന് 24,429.89ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് കയറ്റത്തില്‍

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നല്ല നേട്ടത്തിലാണ്. ഡൗ ജോണ്‍സ് 156 പോയിന്റും (0.31%) എസ്ആന്‍ഡ്പി 36 പോയിന്റും (0.49%) നാസ്ഡാക് 100 സൂചിക 232 പോയിന്റും (0.85%) ഉയര്‍ന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ബുധനാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാരസമയത്ത് 0.15 ശതമാനം താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.27% കൂടി കുറഞ്ഞ് 26.15 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.26% ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 34.89 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 2.40% ഇടിഞ്ഞിട്ടു തുടര്‍ വ്യാപാരത്തില്‍ 4.91% കുതിച്ചു കയറി 12.36 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 1.46% താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.99% കയറി 2.04 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് നഷ്ടത്തില്‍

എഐ, ടെക് ആശങ്ക മാറിയപ്പോള്‍ പലിശപ്പേടി യൂറോപ്യന്‍ ഓഹരി സൂചികകളെ ഇന്നലെ ഒരു ശതമാനത്തിലധികം താഴ്ത്തി. ഇന്നലെ മെറ്റല്‍, ഖനന കമ്പനികളാണു വലിയ നഷ്ടത്തിലായത്. 2027 ല്‍ യൂറോപ്യന്‍ സ്റ്റോക്‌സ് 600 സൂചിക 13 ശതമാനം മുന്നേറുമെന്നു ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തി.

ഏഷ്യന്‍ വിപണികള്‍ താഴ്ന്നു

ഏഷ്യന്‍ വിപണികള്‍ ഇന്നു നഷ്ടത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക രണ്ടു ശതമാനം താഴ്ന്നു. ജപ്പാനിലെ നിക്കൈ സൂചിക 0.50 ശതമാനം നഷ്ടത്തിലായി. ഓസ്‌ട്രേലിയന്‍ സൂചിക 0.65 ശതമാനം നഷ്ടത്തിലാണ്. തായ്വാന്‍ സൂചിക 2.75 ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചിക 0.70% നഷ്ടത്തിലാണ്. ഹോങ്കോങ്ങിലെ ഹാങ്‌സെങ് 1.60 ശതമാനം ഇടിഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```