

ഇന്ത്യയിലും അമേരിക്കയിലും പലിശ പതിവിലധികം കുറയും എന്ന പ്രതീക്ഷ വിപണികളെ റെക്കോര്‍ഡ് നിലയിലേക്കു കയറ്റുകയാണ്. ഇന്ന് ഇന്ത്യന്‍ വിപണിക്ക് മികച്ച കുതിപ്പ് സാധിക്കുമെങ്കിലും ലാഭമെടുക്കലുകാരുടെ വില്‍പന സമ്മര്‍ദം പ്രതീക്ഷിക്കണം.
അടുത്തയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ കാല്‍ ശതമാനം കുറയ്ക്കും. അതിനടുത്ത ആഴ്ച അമ്വേരിക്കയുടെ ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കല്‍ പ്രഖ്യാപിക്കും. ഇതെല്ലാം ഓഹരികളിലേക്കു പണപ്രവാഹം കൂട്ടും. അതാണു വിപണിയെ ഉയര്‍ത്തുന്നത്.
യുക്രെയ്ന്‍ യുദ്ധവിരാമ സാധ്യത 50:50 മാത്രമായി തുടരുന്നു. ക്രൂഡ് ഓയില്‍ താഴുന്നു. ഡോളര്‍ സൂചിക താഴ്ചയിലാണ്. എന്നാല്‍ ഇന്ത്യയും അമേരിക്കയുമായി വ്യാപാരകാര്യത്തില്‍ ധാരണ വരാത്തതു രൂപയെ വീണ്ടും താഴ്ത്തുന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി ബുധനാഴ്ച രാത്രി 26,386.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,454 വരെ കയറിയിട്ട് അല്‍പം താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു കുതിപ്പോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യുഎസിലെ പലിശ കുറയ്ക്കല്‍ സാധ്യതയും ടെക് ഓഹരികളുടെ തിരിച്ചു കയറ്റവും യൂറോപ്യന്‍ സൂചികകളെ രണ്ടാം ദിവസവും ഉയര്‍ത്തി. മിക്ക സൂചികകളും ഒരു ശതമാനം കയറി. 4000 കോടി ഡോളറിന്റെ നികുതി വര്‍ധന പ്രഖ്യാപിച്ച യുകെ ബജറ്റിന്റെ പ്രതികരണം വിപണിയില്‍ ഇന്നാണ് ഉണ്ടാകുക.
ഡാനിഷ് ഔഷധ കമ്പനി നോവോ നോര്‍ഡിസ്‌കിന്റെ ഒസെംപിക്, വിഗോവി എന്നിവ അമേരിക്കയുടെ മെഡികെയറിനും മെഡികെയിഡിനും 71 ശതമാനം കുറഞ്ഞ വിലയ്ക്കു നല്‍കാന്‍ തീരുമാനമായി. നോവോയുടെ ഓഹരിവില 4.5 ശതമാനം ഉയര്‍ന്നു. യുക്രെയ്ന്‍ സമാധാനത്തിനുള്ള പുതിയ ഫോര്‍മുല പ്രതിരോധ കമ്പനികളെ ഉയര്‍ത്തി. ഫോര്‍മുല റഷ്യയുടെ പരിഗണനയിലാണ്.
പലിശ സംബന്ധിച്ച വിപണിയുടെ മോഹങ്ങള്‍ നിറവേറും എന്ന് ഉറപ്പായത് തുടര്‍ച്ചയായ നാലാം ദിവസവും യുഎസ് വിപണിയെ ഉയര്‍ത്തി. താങ്ക്‌സ്ഗിവിംഗ് ദിവസമായ ഇന്ന് അവിടെ വിപണിക്ക് അവധിയാണ്.
ഡിസംബറില്‍ യുഎസ് ഫെഡ് പലിശ കുറയ്ക്കാനുള്ള സാധ്യത 84 ശതമാനം ആയി. ചെയര്‍മാന്‍ ജെറോം പവല്‍ മേയില്‍ വിരമിക്കുമ്പോള്‍ ആ പദവിയില്‍ വരുക സാമ്പത്തിക കൗണ്‍സില്‍ ചെയര്‍മാന്‍ കെവിന്‍ ഹാസറ്റ് ആണെന്നു മിക്കവാറും ഉറപ്പായി. പലിശ ഗണ്യമായി കുറയണം എന്ന വാദക്കാരനാണ് അദ്ദേഹം. 2026ല്‍ നാലു തവണയെങ്കിലും പലിശ കുറയും എന്ന പ്രതീക്ഷയ്ക്ക് ഇതു കരുത്തു പകര്‍ന്നു. കുറഞ്ഞ പലിശ രണ്ട് അല്ലെങ്കില്‍ രണ്ടര ശതമാനം ആകണം എന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇംഗിതം ഹാസറ്റ് നടപ്പാക്കും എന്നു വിപണി കരുതുന്നു.
നിര്‍മിതബുദ്ധി പ്രോസസര്‍ വിപണിയില്‍ എന്‍വിഡിയയെ വെല്ലുവിളിക്കുന്ന ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റ് ഇന്നലെ ഒരു ശതമാനത്തിലധികം താഴ്ന്നു. എന്‍വിഡിയ 1.37 ശതമാനം ഉയര്‍ന്നു. എഎംഡി, മൈക്രോസോഫ്റ്റ്, ആപ്പിള്‍ എന്നിവ ഉയര്‍ന്നപ്പോള്‍ ആമസോണും മെറ്റയും താഴ്ന്നു.
ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 314.67 പോയിന്റ് (0.67%) ഉയര്‍ന്ന് 47,427.12ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 46.73 പോയിന്റ് (0.69%) കയറി 6812.61ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 189.10 പോയിന്റ് (0.82%) ഉയര്‍ന്ന് 23,214.69ല്‍ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നേരിയ കയറ്റത്തിലാണ്. ഡൗ 0.06 ഉം എസ് ആന്‍ഡ് പി 0.05 ഉം നാസ്ഡാക് 0.11 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നും കയറ്റത്തിലാണ്. ജാപ്പനീസ് നിക്കൈ 1.30 ശതമാനം കയറി. കഴിഞ്ഞ ദിവസങ്ങളില്‍ ഇടിഞ്ഞ സോഫ്റ്റ്ബാങ്ക് അഞ്ചു ശതമാനത്തിലധികം കുതിച്ചു. ഓസ്‌ട്രേലിയന്‍ വിപണി രാവിലെ 0.40 ശതമാനം ഉയര്‍ന്നു. ദക്ഷിണ കൊറിയന്‍ കോസ്പി സൂചിക 1.05 ശതമാനം ഉയര്‍ന്നു. ഹോങ് കോങ് സൂചിക 0.10 ശതമാനം കയറി. ചൈനീസ് സൂചിക 0.40 ശതമാനം ഉയര്‍ന്നു.
റെക്കോര്‍ഡ് തിരുത്താനുള്ള ആവേശത്തിലേക്ക് ഇന്ത്യന്‍ വിപണി ഇന്നലെ കുതിച്ചുകയറി. നിഫ്റ്റി റെക്കോര്‍ഡില്‍ നിന്ന് 72 പോയിന്റ് താഴെയാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റിയും വാഹന സൂചികയും റെക്കോര്‍ഡ് കടന്നു. വിദേശ നിക്ഷേപകര്‍ വലിയ അളവില്‍ ഓഹരികള്‍ വാങ്ങിയത് വിപണിയില്‍ ബുള്ളുകള്‍ക്കു കരുത്തു പകര്‍ന്നു. മുന്‍ ദിവസങ്ങളിലെ ചാഞ്ചാട്ടമോ അവസാന മണിക്കൂറിലെ വില്‍പന സമ്മര്‍ദമോ ഇന്നലെ ഉണ്ടായില്ല. മുഖ്യ സൂചികകളുടെ കയറ്റത്തിനൊപ്പം മിഡ് ക്യാപ് 100, സ്‌മോള്‍ ക്യാപ് 100 സൂചികകളും ഉയര്‍ന്നു. എല്ലാ വ്യവസായ മേഖലകളും നല്ല ഉണര്‍വിലായി. സ്റ്റീല്‍ ഇറക്കുമതി കുറയ്ക്കാന്‍ സേഫ് ഗാര്‍ഡ് ഡ്യൂട്ടി ഉടനെ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് മെറ്റല്‍ സൂചികയെ രണ്ടു ശതമാനത്തിലധികം കയറ്റി. എഫ്എംസിജി ഒഴികെയുള്ള മേഖലകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു.
ബുധനാഴ്ച സെന്‍സെക്‌സ് 1022.50 പോയിന്റ് (1.21%) ഉയര്‍ന്ന് 85,609.51ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 320.50 പോയിന്റ് (1.24%) കുതിപ്പോടെ 26,205.30ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 707.75 പോയിന്റ് (1. 26%) നേട്ടത്തോടെ 59,528.05ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 763.70 പോയിന്റ് (1.27%) ഉയര്‍ന്ന് 61,061.70 ലും സ്‌മോള്‍ ക്യാപ് 100 സൂചിക 241.55 പോയിന്റ് (1.36%) കുതിച്ച് 17,971.85ലും അവസാനിച്ചു.
വിശാലവിപണിയില്‍ കയറ്റ-ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി നിന്നു. ബിഎസ്ഇയില്‍ 2721 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1453 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 2284 ഓഹരികള്‍ കയറി, 800 എണ്ണം താഴ്ന്നു.
എന്‍എസ്ഇയില്‍ 72 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 107 എണ്ണം താഴ്ന്ന വിലയില്‍ എത്തി. നാല് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ അഞ്ച് എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
ചൊവ്വാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 4778.03 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകള്‍ 6247.93 കോടിയുടെ അറ്റവാങ്ങലും നടത്തി.
വിപണിയില്‍ ബുള്ളുകള്‍ മേല്‍ക്കൈ നേടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27 നു കുറിച്ച 26,277.35 എന്ന റെക്കോര്‍ഡ് തിരുത്താന്‍ നിഫ്റ്റിക്ക് ഇന്നു കഴിയും എന്നാണ് അവരുടെ പ്രതീക്ഷ. ഉയര്‍ന്ന നിലയില്‍ എത്തുമ്പോള്‍ വലിയ വില്‍പന സമ്മര്‍ദവും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നു നിഫ്റ്റിക്ക് 25,950 ലും 25,860 ലും പിന്തുണ പ്രതീക്ഷിക്കാം. 26,230 ലും 26,315 ലും പ്രതിരോധം നേരിടും.
ഇന്ത്യ ഏറെക്കാലമായി മോഹിക്കുന്ന അഞ്ചു ട്രില്യണ്‍ (ലക്ഷം കോടി) ഡോളര്‍ ജിഡിപി 2028-29 ധനകാര്യ വര്‍ഷമേ സാധിക്കൂ എന്ന് ഐഎംഎഫ്. 2027-28 ല്‍ സാധിക്കും എന്നാണ് ഈ വര്‍ഷമാദ്യം കണക്കാക്കിയത്.
പുതിയ കണക്കനുസരിച്ച് ഈ ധനകാര്യ വര്‍ഷം 4.125 ട്രില്യണ്‍ ഡോളറാകും ജിഡിപി. രണ്ടു വര്‍ഷം മുന്‍പു പ്രതീക്ഷിച്ച 4.46 ട്രില്യണില്‍ നിന്നു വളരെ കുറവ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകൂട്ടല്‍ 4.24 ട്രില്യണ്‍ എത്തുമെന്നായിരുന്നു. തന്നാണ്ടു വിലയില്‍ ഉള്ള ജിഡിപി ആണ് ഐഎംഎഫ് കണക്കിലെടുക്കുന്നത്. അതു രൂപയില്‍ നിന്നു ഡോളറിലേക്കു മാറ്റും. ഇന്ത്യയുടെ വളര്‍ച്ചനിരക്ക് കുറഞ്ഞതും ഡോളറിന്റെ മൂല്യം ഉയര്‍ന്നതുമാണ് വളര്‍ച്ച ലക്ഷ്യം കുറയാന്‍ കാരണം.
2027-28 ല്‍ ജിഡിപി 5.149 ട്രില്യണ്‍ ഡോളര്‍ ആകുമെന്ന പ്രതീക്ഷ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നു ഇപ്പോഴത്തെ നിഗമനം 4.959 ട്രില്യണേ എത്തൂ എന്നായി 2028-29 ല്‍ 5.462 ട്രില്യണ്‍ ഡോളര്‍ ആകും ജിഡിപി എന്നതാണു പുതിയ നിഗമനം. 2029-30 ല്‍ ഇന്ത്യന്‍ ജിഡിപി ആറു ട്രില്യണിലേ ട്രില്യണിലേക്കു കയറും.
2024-25 ല്‍ അഞ്ചു ട്രില്യണ്‍ എന്നു പ്രഖ്യാപിച്ച് 2018-ല്‍ ആരംഭിച്ചതാണ് ഇന്ത്യയുടെ വളര്‍ച്ച സ്വപ്നം. കോവിഡിനു മുന്‍പായിരുന്നു അത്. കോവിഡ് പ്രതീക്ഷകളെ തകിടം മറിച്ചു. പിന്നീടും പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടായില്ല എന്നാണ് ഐഎംഎഫിന്റെ പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നത്.
പോയ്ടിഎം പേമെന്റ് സര്‍വീസസിന് ഓണ്‍ലൈന്‍ പേമെന്റ് അഗ്രഗേറ്റര്‍ ആയി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇതിന് കമ്പനി 2020 ല്‍ അപേക്ഷിച്ചതാണ്. വിദേശ ഉടമസ്ഥത സംബന്ധിച്ച ചില പ്രശ്‌നങ്ങള്‍ മൂലം അന്ന് അനുവദിച്ചില്ല. ഇപ്പോള്‍ വിദേശപങ്കാളിത്തം കുറഞ്ഞതോടെ അനുവാദം ലഭിച്ചു.
സലാസര്‍ ടെക്‌നോ എന്‍ജിനിയറിംഗ് റെയില്‍ വികാസ് നിഗമില്‍ നിന്ന് 695 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തന ഓര്‍ഡര്‍ നേടി. പട്ടേല്‍ എന്‍ജിനിയറിംഗ് സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ നിന്ന് 798 കോടി രൂപയുടെ കരാര്‍ നേടി.
തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫേയ്‌സ് ഒന്നില്‍ 4.86 ഏക്കര്‍ ഭൂമി ബ്രിഗേഡ് ഗ്രൂപ്പിന് 90 വര്‍ഷ പാട്ടത്തിനു ലഭിച്ചു. പഞ്ചനക്ഷത്ര ഹോട്ടലും വേള്‍ഡ് ട്രേഡ് സെന്ററും അടക്കം 12 ലക്ഷം ചതുരശ്ര അടി നിര്‍മാണങ്ങള്‍ ഇവിടെ നടത്തും.
ഡിസംബറില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കും എന്നത് ഉറപ്പായി. പിന്നീടുള്ള യോഗങ്ങളിലും ഫെഡ് പലിശ കുറയ്ക്കല്‍ തുടരും എന്ന പ്രതീക്ഷ ഇപ്പോള്‍ വിപണിയില്‍ ഉണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ കെവിന്‍ ഹാസറ്റ് ഫെഡ് ചെയര്‍മാനാകും എന്നാണു സൂചന. പലിശയില്‍ ഗണ്യമായ കുറവ് വരുത്തണം എന്ന പക്ഷക്കാരനാണ് അദ്ദേഹം. സ്വര്‍ണവില ഇന്നലെ ഉയര്‍ന്നതില്‍ ഈ പ്രതീക്ഷയ്ക്കു വലിയ പങ്കുണ്ട്.
അടുത്ത വര്‍ഷവും കേന്ദ്ര ബാങ്കുകള്‍ ഈ വര്‍ഷത്തേതു പോലെ സ്വര്‍ണം വാങ്ങല്‍ തുടരുമെന്നും നിക്ഷേപ ഡിമാന്‍ഡ് കുറയില്ലെന്നും ഗോള്‍ഡ്മാന്‍ സാക്‌സിലെ ഉല്‍പന്ന വിദഗ്ധന്‍ ഡാന്‍ സ്ട്രീവന്‍ വിലയിരുത്തി. സ്വര്‍ണവില 20 ശതമാനം വര്‍ധിച്ച് ഔണ്‍സിനു 4900 ഡോളറില്‍ എത്തുമെന്ന് അദ്ദേഹം കരുതുന്നു.
സ്വര്‍ണം ഇന്നലെ 4129-4174 ഡോളര്‍ പരിധിയില്‍ കയറിയിറങ്ങിയ ശേഷം നല്ല നേട്ടത്തില്‍ അവസാനിച്ചു. ഔണ്‍സിന് 33 ഡോളര്‍ വര്‍ധിച്ച് 4164.90ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4170 ഡോളറിലേക്കു കയറിയിട്ട് 4153 ലേക്കു താഴ്ന്നു. സ്വര്‍ണം അവധിവില 4145 ഡോളറിലാണ്.
വെള്ളി സ്‌പോട്ട് വിപണിയില്‍ മൂന്നര ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 53.31 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 52.87 ഡോളര്‍ വരെ താഴ്ന്നു. അവധിവില 52.76 ഡോളര്‍ ആയി. പ്ലാറ്റിനം 1616 ഡോളര്‍, പല്ലാഡിയം 1460 ഡോളര്‍, റോഡിയം 7700 ഡോളര്‍ എന്നിങ്ങനെയാണു വില.
വ്യാവസായിക ലോഹങ്ങള്‍ ഇന്നലെയും ഭിന്നദിശകളില്‍ നീങ്ങി. ചെമ്പ് ടണ്ണിന് 0.94 ശതമാനം ഉയര്‍ന്ന് 10,978.00 ഡോളര്‍ ആയി. അലൂമിനിയം 1.03 ശതമാനം കുതിച്ച് ടണ്ണിന് 2829.23 ഡോളറില്‍ എത്തി. നിക്കലും ലെഡും താഴ്ന്നു, സിങ്കും ടിന്നും ഉയര്‍ന്നു.
റബര്‍ വില രാജ്യാന്തര വിപണിയില്‍ 0.35 ശതമാനം താഴ്ന്നു കിലോഗ്രാമിന് 172.00 സെന്റ് ആയി. കൊക്കോ 0.45 ശതമാനം കുറഞ്ഞ് ടണ്ണിന് 4976.42 ഡോളറില്‍ എത്തി. കാപ്പി വില 0.86 ശതമാനം താഴ്ന്നു. തേയില വില മാറ്റമില്ലാതെ തുടര്‍ന്നു. പാമാേയില്‍ 0.80 ശതമാനം ഉയര്‍ന്നു.
ഡോളര്‍ സൂചിക ഇന്നലെയും താഴ്ന്ന് 99.60 ല്‍ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 99.44 ലേക്കു വീണു. ഡോളര്‍ വിനിമയ നിരക്ക് താഴ്ന്നു. യൂറോ 1.1608 ഡോളറിലേക്കും പൗണ്ട് 1.3256 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 155.96 യെന്‍ ആയി കയറി. ചൈനീസ് കറന്‍സി ഒരു ഡോളറിന് 7.08 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു. സ്വിസ് ഫ്രാങ്ക് 0.8033 ഡോളറിലായി. യുഎസില്‍ പലിശ കുറയും എന്ന് ഉറപ്പായതു കടപ്പത്ര വിലകളെ ഉയര്‍ത്തി. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 3.992 ശതമാനമായി ഇടിഞ്ഞു.
യുക്രെയ്ന്‍ സമാധാനത്തിനുള്ള പരിഷ്‌കരിച്ച ഫോര്‍മുല റഷ്യയുടെ പരിഗണനയിലാണ്. അവരുടെ പ്രതികരണം എന്താകും എന്നതിലെ അനിശ്ചിതത്വം ക്രൂഡ് ഓയില്‍ വിലയെ ഒരു ശതമാനം ഉയര്‍ത്തി. പിന്നീട് വില താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ബുധനാഴ്ച ഉയര്‍ന്ന് 63.13 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 62.80ലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 58.32ലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 64.77ലും ആണ്. പ്രകൃതിവാതക വില 4.612 ഡോളര്‍ ആയി കയറി.
പലിശ കുറയല്‍ ഉറപ്പായതു ക്രിപ്‌റ്റോ കറന്‍സികളെ ഇന്നലെ ഉയര്‍ത്തി. ബിറ്റ് കോയിന്‍ കയറി 90,900 ഡോളറിനു മുകളിലായി. ഈഥര്‍ 3045. ഡോളറില്‍ എത്തി. സൊലാന 143 ഡോളറിലേക്കു കയറി.
Read DhanamOnline in English
Subscribe to Dhanam Magazine