

ആഗോള വിപണികളില്‍ വ്യക്തമായ ദിശാബോധം ഇല്ല. മികച്ച മൂന്നാം പാദ ഫലങ്ങള്‍ പ്രതീക്ഷിച്ചു യുഎസ് വിപണി ഉയരുന്നു. എന്നാല്‍ ഏഷ്യന്‍ വിപണികള്‍ ഉയര്‍ന്ന ക്രൂഡ് വിലയെ ഭയന്നു താഴുകയാണ്. ഇന്ത്യന്‍ വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങാന്‍ ഒരുങ്ങി. രൂപയെ പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികള്‍ ഇന്നു രൂപയെ ഗണ്യമായി ഉയര്‍ത്തും.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 22,575.5.0ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,660 വരെ കുതിച്ച ശേഷം അല്‍പം താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
സെപ്റ്റംബറിലെ ചില്ലറ വിലക്കയറ്റ കണക്ക് ഇന്നു വൈകുന്നേരം പ്രസിദ്ധീകരിക്കും. 5.4 ശതമാനം മുതല്‍ 5.8 ശതമാനം വരെയാണു വിവിധ ഏജന്‍സികളും നിരീക്ഷകരും പ്രതീക്ഷിക്കുന്ന വിലക്കയറ്റം. ഓഗസ്റ്റില്‍ 4.82 ശതമാനമായിരുന്നു. ഭക്ഷ്യ, ഇന്ധന വിലകള്‍ ഒഴിവാക്കിയുളള കാതല്‍ വിലക്കയറ്റം 4.3 ശതമാനമാകും എന്നാണു നിഗമനം. ഡിസംബര്‍ ആദ്യം ചേരുന്ന റിസര്‍വ് ബാങ്ക് കമ്മിറ്റി പലിശ ഒരിക്കല്‍ കൂടി കൂട്ടുമെന്നു മിക്കവരും കരുതുന്നു.
അമേരിക്കയിലെ ചില്ലറ വിലക്കയറ്റ കണക്ക് ബുധനാഴ്ച അറിയും. ഓഗസ്റ്റിലെ 3.4 ല്‍ നിന്നു 3.7 ശതമാനത്തിലേക്കു കൂടും എന്നാണു നിഗമനം. എങ്കിലും ഈ മാസാവസാനം ചേരുന്ന യുഎസ് ഫെഡ് കമ്മിറ്റി പലിശ കൂട്ടില്ല എന്നു പലരും കരുതുന്നു. ഡിസംബര്‍ ആദ്യത്തെ യോഗം നിരക്കു കൂട്ടും എന്നാണു കണക്കുകൂട്ടല്‍.
കഴിഞ്ഞയാഴ്ച റെക്കോര്‍ഡ് താഴ്ചയ്ക്ക് സമീപം വരെ താഴ്ന്ന രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് വാരാന്ത്യത്തില്‍ സുപ്രധാന നടപടികള്‍ പ്രഖ്യാപിച്ചു. അവ ഇന്നു രൂപയെ ഗണ്യമായി ഉയര്‍ത്തും. ഡോളര്‍ നിരക്ക് 95.50 രൂപവരെ ഇടിയാം എന്നാണു നിഗമനം. എന്നാല്‍ ആ നേട്ടം നിലനില്‍ക്കണമെന്നില്ല. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നിന്നാല്‍ രൂപ വീണ്ടും ഇടിയാം.
പൊതുമേഖലാ എണ്ണ കമ്പനികള്‍ക്കു വേണ്ട ഡോളര്‍ റിസര്‍വ് ബാങ്ക് നേരിട്ടു നല്‍കുന്നതാണ് ഒരു നടപടി. വ്യാപാരാധിഷ്ഠിതം അല്ലാത്ത ഡോളര്‍-രൂപ ഡെറിവേറ്റീവ് ഇടപാടിന്റെ പരിധി 10 കോടി ഡോളറില്‍ നിന്ന് 50 ലക്ഷം ഡോളറായി കുറച്ചു. വിദേശ നാണ്യ ഡെറിവേറ്റീവ് വില്പനയ്ക്ക് 20 ശതമാനം റിസര്‍വ് സൂക്ഷിക്കണമെന്നും വ്യവസ്ഥ ചെയ്തു.
ഈ നടപടികള്‍ എന്തു ഫലമാണ് ഉണ്ടാക്കുക എന്നു വ്യക്തമല്ല. ഒരാഴ്ച മുന്‍പുള്ള കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ നാലാഴ്ച കൊണ്ട് 5,200 കോടി ഡോളര്‍ കുറഞ്ഞു. ഇതു നല്‍കുന്ന സൂചന അത്ര നല്ലതല്ല. വിദേശ നിക്ഷേപകര്‍ ആഴ്ചതോറും ആയിരക്കണക്കിനു കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിക്കുകയാണ്. 2026-ല്‍ ഇതുവരെ 3.04 ലക്ഷം കോടി രൂപ അവര്‍ പിന്‍വലിച്ചു. ഒക്ടോബറിലെ ആറു വ്യാപാരദിനങ്ങളില്‍ പിന്‍വലിച്ചത് 44,166 കോടി രൂപ വരും. ഇതു തുടര്‍ന്നാല്‍ റിസര്‍വ് ബാങ്ക് നടപടി വിഫലമാകും.
മേയ് 20ലെ റെക്കോര്‍ഡ് ഡോളര്‍ ക്ലോസിംഗ് നിരക്കായ 96.96 രൂപയുടെ തൊട്ടടുത്തു വരെ കഴിഞ്ഞയാഴ്ച എത്തിയിരുന്നു. റിസര്‍വ് ബാങ്ക് വലിയ അളവില്‍ ഡോളര്‍ വിറ്റതിനെ തുടര്‍ന്നു വെള്ളിയാഴ്ച 96.73 രൂപയില്‍ ഡോളര്‍ അവസാനിച്ചു.
പശ്ചിമേഷ്യയിലും യുക്രെയ്‌നിലും യുദ്ധസാഹചര്യം കൂടുതല്‍ വഷളായി. എന്നാല്‍ ഇതിനിടെ യുഎസും റഷ്യയും തമ്മില്‍ നടക്കുന്ന ചില ഇടപാടുകളും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധികള്‍ റഷ്യ സന്ദര്‍ശിക്കുന്നതും പല തരം പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.
റഷ്യയില്‍ നിന്ന് ഡീസല്‍ വാങ്ങാന്‍ ട്രംപ്-വ്‌ലാദിമിര്‍ പുടിന്‍ ടെലിഫോണ്‍ ചര്‍ച്ചയില്‍ തീരുമാനിച്ചു. ഇതിനായി റഷ്യന്‍ ഡീസല്‍ വില്പനയ്ക്കുള്ള വിലക്ക് ആറു മാസത്തേക്ക് നീക്കി. നവംബര്‍ മൂന്നിലെ തെരഞ്ഞെടുപ്പിനു മുന്‍പ് ഡീസല്‍ വില കുറച്ചു വോട്ടര്‍മാരുടെ എതിര്‍പ്പ് ശമിപ്പിക്കാനാണു ട്രംപിന്റെ ശ്രമം. ഇതിനിടെ യുഎസ് സമ്മര്‍ദത്തെ തുടര്‍ന്നു ജര്‍മനി കരുതല്‍ ശേഖരത്തില്‍ നിന്നു കൂടുതല്‍ ഡീസല്‍ വിപണിയിലിറക്കും. ഇതെല്ലാം ക്രൂഡ് ഓയില്‍ വിലയില്‍ ഇന്നു രാവിലെ ചെറിയ കുറവ് വരുത്തി.
യുക്രെയ്ന്‍-റഷ്യ സന്ധിക്കും ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. യുഎസ് റഷ്യന്‍ ഡീസല്‍ വാങ്ങുന്നതിനെ വിമര്‍ശിച്ച യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ നീക്കം ചെയ്യണമെന്നു ട്രംപ് ആവശ്യപ്പെട്ടു. എങ്കിലും നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയാണ്. വെടിനിര്‍ത്തലിനുള്ള പുതിയ റഷ്യന്‍ ഉപാധികള്‍ ഈ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും.
സൗദി അറേബ്യയുടെ തലസ്ഥാനത്തെ കിംഗ് ഖാലിദ് വിമാനത്താവളത്തിലേക്കു തുടര്‍ച്ചയായ രണ്ടു ദിവസം ഹൂതികള്‍ കനത്ത ആക്രമണം നടത്തി. വലിയ നാശനഷ്ടം ഉണ്ടായി. വ്യോമഗതാഗതം മുടങ്ങി. കനത്ത തിരിച്ചടി നല്‍കുമെന്നു സൗദികള്‍ പറഞ്ഞെങ്കിലും തിങ്കള്‍ രാവിലെ വരെ ഒന്നും സംഭവിച്ചില്ല. പാക്കിസ്ഥാനും തുര്‍ക്കിയും ഈജിപ്തും സൗദിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭടന്മാരും യുദ്ധവിമാനങ്ങളും സൗദിയില്‍ ഉണ്ട്. പക്ഷേ ആക്രമണത്തിന് ഇറങ്ങിയിട്ടില്ല. പാക് സേന ഇടപെടരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഹൂതികളെ നേരിടാന്‍ സൗദി അറേബ്യക്കു കഴിവുണ്ടെന്നാണു ട്രംപിന്റെ നിലപാട്.
ഇറാന്‍-യുഎസ് പരോക്ഷ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ചര്‍ച്ചയില്‍ പുരോഗതി കണ്ടപ്പോള്‍ ഹോര്‍മുസിലെ ആക്രമണം വര്‍ധിപ്പിച്ചത് സമാധാനശ്രമങ്ങളെ തകര്‍ക്കാനുള്ള തീവ്രനിലപാടുകാരുടെ ശ്രമമായി വ്യാഖ്യാനിക്കപ്പെടുന്നു. ഹോര്‍മുസ് വഴി കപ്പല്‍ നീക്കം തീരെ കുറവായെങ്കിലും ക്രൂഡ് വില 105 ഡോളറിനു താഴെ തുടരുന്നു. മറ്റു വഴികളിലൂടെ ക്രൂഡ് ഓയില്‍ നീക്കം ക്രമമായി നടക്കുന്നുണ്ട്.
യുഎസ് വിപണിയിലെ മൂന്നു സൂചികകളും വെള്ളിയാഴ്ച നല്ല നേട്ടം ഉണ്ടാക്കി. സൂചികകള്‍ക്കു പ്രതിവാര നേട്ടവും ഉണ്ടായി. യുഎസ് വിപണിയുടെ ബുള്‍ മുന്നേറ്റം നാലു വര്‍ഷം പിന്നിട്ടു. ഒക്ടോബറില്‍ തുടങ്ങിയ പാദത്തിലും കയറ്റം തുടരും എന്നാണു വിലയിരുത്തല്‍. ഈ ആഴ്ചകളില്‍ വരുന്ന മൂന്നാം പാദ റിസല്‍ട്ടുകള്‍ എസ് ആന്‍ഡ് പി 500 സൂചികയിലെ കമ്പനികള്‍ക്ക് 29.6 ശതമാനം ലാഭവവര്‍ധന കാണിക്കുന്നതാകും എന്നു ഗവേഷണ സ്ഥാപനമായ ഫാക്റ്റ്‌സെറ്റ് പറയുന്നു. തുടര്‍ച്ചയായ നാലാമത്തെ പാദത്തിലാണ് സൂചികാഓഹരികള്‍ 25 ശതമാനത്തിലധികം ലാഭവര്‍ധന കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ പലിശപ്പേടിയില്ലാതെയാണ് ഓഹരികള്‍ നീങ്ങുന്നത്.
വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 423.31 പോയിന്റ് (0.83 ശതമാനം) ഉയര്‍ന്ന് 51,654.95ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 46.18 പോയിന്റ് (0.59%) നേട്ടത്തോടെ 7811.54ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 172.83 പോയിന്റ് (0.64%) കയറി 27,366.17ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ ജോണ്‍സ് 130 പോയിന്റും (0.25%) എസ്ആന്‍ഡ്പി 21 പോയിന്റും (0.26%) നാസ്ഡാക് 146 പോയിന്റും (0.47%) ഉയര്‍ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് വെള്ളിയാഴ്ച വ്യാപാരസമയത്ത് 1.23 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 22.28 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.04% എന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.11% കയറി 27.92 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 0.28% ഉയര്‍ന്ന് തുടര്‍വ്യാപാരത്തില്‍ 0.18% കയറി 10.75 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 1.80% ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 1.70 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ ഓഹരിവിപണികള്‍ വെള്ളിയാഴ്ച ശരാശരി ഒരു ശതമാനം ഉയര്‍ന്നു. തൈസന്‍ക്രുപ്പ്, ആര്‍സെലോര്‍ മിത്തല്‍ തുടങ്ങിയ ഘനവ്യവസായങ്ങള്‍ ഏഴു ശതമാനത്തോളം കുതിച്ചു. ടെലികോം ഭീമന്മാരായ ഡോയിച്ച് ടെലികോമും വോഡഫോണും ഇടിഞ്ഞു. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് യൂറോപ്പില്‍ സ്‌പെക്ട്രം വാങ്ങുന്നത് മത്സരം വര്‍ധിപ്പിക്കും എന്ന ഭീതിയാണു കാരണം.
പ്രധാന ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ദക്ഷിണ കൊറിയയിലെ സൂചിക 2.65 ശതമാനം ഇടിഞ്ഞു. ജപ്പാനില്‍ നിക്കൈ അവധിയിലാണ്. ഓസ്‌ട്രേലിയന്‍ സൂചിക 0.50 ശതമാനം ഉയര്‍ന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് 0.90 ശതമാനം ഉയര്‍ന്നു. ഷാങ്ഹായ് സൂചിക 0.06 ശതമാനം കയറി. തായ്വാന്‍ വിപണി 0.50 ശതമാനം താഴ്ന്നു.
വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി മികച്ച തിരിച്ചു കയറ്റം നടത്തി. ഓയില്‍ ഒഴികെ എല്ലാ മേഖലകളും പച്ചപുതച്ചു. എട്ട് ആഴ്ചയ്ക്കു ശേഷം വിപണി നേട്ടത്തില്‍ അവസാനിച്ചു. ടിസിഎസ് റിസല്‍ട്ടിന്റെ ബലത്തില്‍ ഐടിയാണ് ഏറ്റവുമധികം കുതിച്ചത്.
വെള്ളിയാഴ്ച ഭൂരിപക്ഷം ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇയില്‍ 2492 ഓഹരികള്‍ ഉയര്‍ന്നു, 1895 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 2182 ഓഹരികള്‍ കയറിയപ്പോള്‍ 1391 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകരുടെ വില്‍പന അല്‍പം കുറഞ്ഞു. അവര്‍ ക്യാഷ് വിപണിയില്‍ 3568.90 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4743.26 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി. ഒക്ടോബറിലെ ആറു ദിവസം കൊണ്ടു വിദേശികള്‍ 44,166 കോടി രൂപ (458.4 കോടി ഡോളര്‍) ഇന്ത്യന്‍ ഓഹരികളില്‍ നിന്നു പിന്‍വലിച്ചു. ഈ വര്‍ഷം ജുനുവരി മുതല്‍ ഉള്ള പിന്‍വലിക്കല്‍ 3.04 ലക്ഷം കോടി രൂപ കവിഞ്ഞു. 2025-ല്‍ മൊത്തം പിന്‍വലിച്ചത് 1.66 ലക്ഷം കോടി രൂപ മാത്രമായിരുന്നു.
വെള്ളിയാഴ്ച സെന്‍സെക്സ് 879.09 പോയിന്റ് (1.23%) ഉയര്‍ന്ന് 72,472.33ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 288.65 പോയിന്റ് (1.30%) നേട്ടത്തോടെ 22,520.45ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 741.60 പോയിന്റ് (1.36%) കയറി 55,256.65 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 904.80 പോയിന്റ് (1.56%) ഉയര്‍ന്ന് 58,787.3ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 103.60 പോയിന്റ് (0.54%) കയറി 19,153.70ല്‍ ക്ലോസ് ചെയ്തു.
സ്വര്‍ണവില കഴിഞ്ഞ വെള്ളിയാഴ്ച ഒന്നര ശതമാനത്തോളം ഉയര്‍ന്നു ക്ലോസ് ചെയ്തു. ഇന്നുരാവിലെ കയറ്റം തുടര്‍ന്നു. ഔണ്‍സിനു 4200-4300 ഡോളര്‍ എന്ന തടസമേഖല കടന്നാല്‍ വില കുതിക്കും എന്നാണു നിഗമനം. ലണ്ടന്‍ ബുള്ളിയന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വാര്‍ഷിക പ്രതിനിധി സമ്മേളനം ഒരു വര്‍ഷം കൊണ്ടു വില 5000 ഡോളറില്‍ എത്തുമെന്നു കണക്കാക്കി.
സ്വര്‍ണം വെള്ളിയാഴ്ച 61.10 ഡോളര്‍ (1.48%) നേട്ടത്തോടെ ഔണ്‍സിന് 4195.60 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 4218 ഡോളറില്‍ എത്തിയിട്ട് അല്‍പം താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് കഴിഞ്ഞയാഴ്ച 1,11,040 രൂപയിലേക്കു വില കയറി. ഇന്നു രൂപയുടെ വിനിമയ നിരക്ക അനുസരിച്ചു വില കയറാം.
വെള്ളിയാഴ്ച വെള്ളിവില മൂന്നു ശതമാനം കയറി ഔണ്‍സിന് 60.95 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 61.50 ഡോളറിലേക്കു കയറി.
പ്ലാറ്റിനം 1696 ഡോളര്‍, പല്ലാഡിയം 1143 ഡോളര്‍, റോഡിയം 8325 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
രാജ്യാന്തര വിപണിയിലും കേരളത്തിലും റബര്‍ വില വീണ്ടും കയറി. വെള്ളിയാഴ്ച ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 294.35 ഡോളറിലും ആര്‍എസ്എസ് മൂന്ന് 290.90 ഡോളറിലും എത്തി. കേരളത്തില്‍ ശനിയാഴ്ച ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,350 രൂപയിലേക്കു കയറി.
വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴച നേട്ടത്തിലായി. ചെമ്പ് 1.12 ശതമാനം കയറി ടണ്ണിന് 14,688.65 ഡോളര്‍ ആയി. അലൂമിനിയം 0.04 ശതമാനം കൂടി 3069.85 ഡോളറില്‍ എത്തി. സിങ്കും ലെഡും നിക്കലും ഉയര്‍ന്നു. ടിന്‍ താഴ്ന്നു.
കൊക്കോ വില അല്പം ഉയര്‍ന്നു ടണ്ണിന് 5665 ഡോളറില്‍ ക്ലോസ് ചെയ്തു. അറബിക്ക കാപ്പി പൗണ്ടിന് 0.73 ശതമാനം താഴ്ന്നു 2.870 ഡോളര്‍ ആയി. പാം ഓയില്‍ 1.48 ശതമാനം താന്നു ടണ്ണിന് 4592 മലേഷ്യന്‍ റിംഗിറ്റ് ആയി.
യുഎസ് ഡോളര്‍ സൂചിക വെള്ളിയാഴ്ച ഉയര്‍ന്നു 102.21ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.14 ലേക്കു താഴ്ന്നു.
യൂറോ 1.1211 ഡോളറിലേക്കും പൗണ്ട് 1.3247 ഡോളറിലേക്കും എത്തി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 158.15 യെന്‍ വരെ താഴ്ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6. 69 എന്ന നിരക്കില്‍ എത്തി.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 5.242 ശതമാനമായി ഉയര്‍ന്നു.
വെള്ളിയാഴ്ച റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നു രൂപ അല്‍പം ഉയര്‍ന്നു. ഡോളര്‍ അഞ്ചു പൈസ താഴ്ന്ന് 96.73 രൂപയില്‍ ക്ലോസ് ചെയ്തു.
ഊഹക്കച്ചവടം തടയാനും മറ്റും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികളെ തുടര്‍ന്ന് ഇന്നു രാവിലെ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ 95.60 രൂപയിലാണ്. ഇടയ്ക്ക് 95.50 രൂപ വരെ താഴ്ന്നു. ചൈനീസ് യുവാന്‍ 14.4 4 രൂപയില്‍ തുടര്‍ന്നു. യൂറോ 108.35 രൂപയായി താഴ്ന്നു.
വെള്ളിയാഴ്ച 104 ഡോളറിനു മുകളില്‍ നിന്ന ക്രൂഡ് ഓയില്‍ ഇന്നു സ്റ്റെഡിയാണ്. ബ്രെന്റ് ഇനം വെള്ളിയാഴ്ച 104.78 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്നു 103.46 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 90.49 ഡോളറിലാണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും ഉയര്‍ന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 83,375 ഡോളറിനു മുകളില്‍ വന്നു. ഈഥര്‍ 2530 ഡോളറിനും സൊലാന 110.50 ഡോളറിനും മുകളില്‍ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine