

പശ്ചിമേഷ്യന്‍ സമാധാന നീക്കം ഫലപ്രദമായത് പാശ്ചാത്യ വിപണികളെ ഉയര്‍ത്തി. എന്നാല്‍ ഏഷ്യന്‍ വിപണികള്‍ ആ ആവേശം സ്വീകരിക്കുന്നില്ല. വ്യാപാര യുദ്ധ ഭീതിയില്‍ ജാപ്പനീസ് വിപണി താഴ്ന്നു. ചൈനീസ് മാര്‍ക്കറ്റ് കയറ്റത്തിലായി. ഇന്ത്യന്‍ വിപണിയും പ്രതീക്ഷയോടെയാണു വ്യാപാരം തുടങ്ങുന്നത്. വിലക്കയറ്റം കുറഞ്ഞതും ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ച പുനരാരംഭിക്കുന്നതും വിപണിക്ക് ആശ്വാസകാര്യങ്ങളാണ്.
സ്വര്‍ണവില ഓരോ മിനിറ്റിലും എന്നോണം കയറുന്നതാണ് ഈ ദിവസങ്ങളില്‍ കാണുന്നത്. ഊഹക്കച്ചവടക്കാരുടെ സാന്നിധ്യം സ്വര്‍ണം, വെള്ളി വിപണികളെ ആശങ്ക വിഷയങ്ങള്‍ ആക്കുന്നു.
സെപ്റ്റംബറില്‍ രാജ്യത്തെ ചില്ലറവിലക്കയറ്റം 99 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന 1.54 ശതമാനമായി. ഭക്ഷ്യവില 2.28 ശതമാനം ഇടിഞ്ഞു. ഭക്ഷ്യ, ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 4.1ല്‍ നിന്നു 4.5 ശതമാനമായത് ഗൗരവമേറിയ കാര്യമാണ്.
വാണിജ്യ കരാര്‍ ചര്‍ച്ചയ്ക്കായി വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളും സംഘവും ഈയാഴ്ച വാഷിംഗ്ടണില്‍ എത്തും. പ്രാരംഭകരാറില്‍ ധാരണയ്ക്കു സാധ്യത ഉള്ളതായാണു സൂചന.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,305.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,348 വരെ കയറി. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച ആശ്വാസ റാലി നടത്തി. ചൈന-യുഎസ് വടംവലിയുടെ പശ്ചാത്തലത്തില്‍ ഖനന കമ്പനി ഓഹരികള്‍ ഒന്‍പതു ശതമാനം വരെ കയറി. ചൈനീസ് കമ്പനി നെതര്‍ലന്‍ഡ്‌സില്‍ നടത്തിവന്ന നെക്‌സ്പീരിയ എന്ന ചിപ്പ് നിര്‍മാണ കമ്പനിയെ ഗവണ്മെന്റ് ഏറ്റെടുത്തു. ചിപ്പ് ലഭ്യത ഉറപ്പുവരുത്തുകയാണു ചൈനീസ് മാനേജ്‌മെന്റിനെ പുറത്താക്കിയതിന്റെ ലക്ഷ്യം.
ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച വഴി പരിഹരിക്കും എന്ന പ്രസിഡന്റ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം, ഗാസാ സമാധാന കരാറിന്റെ ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചത്, ഇറാനുമായി സന്ധി ഉണ്ടാക്കാന്‍ വഴി തെളിയും എന്ന ട്രംപിന്റെ സൂചന. യുഎസ് വിപണി വെള്ളിയാഴ്ചത്തെ നഷ്ടത്തിന്റെ ഭൂരിഭാഗവും തിരിച്ചു പിടിക്കാന്‍ ഇതെല്ലാം സഹായിച്ചു.
ഡൗ ജോണ്‍സ് സൂചിക ഇന്നലെ 587.98 പോയിന്റ് (1.29%) ഉയര്‍ന്ന് 46,067.58ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 102.21 പോയിന്റ് (1.56%) നേട്ടത്തോടെ 6654.72ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 490.18 പോയിന്റ് (2.21%) കുതിച്ച് 22,694.61ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നും നേട്ടത്തിലാണ്. ഡൗ 0.24 ഉം എസ് ആന്‍ഡ് പി 0.22 ഉം നാസ്ഡാക് 0.34 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു. ഇന്നും നാളെയും വലിയ യുഎസ് ബാങ്കുകളുടെ മൂന്നാം പാദ റിസല്‍ട്ടുകള്‍ പ്രസിദ്ധീകരിക്കും.
ഓപ്പണ്‍ എഐക്കു ചിപ്പുകള്‍ നിര്‍മിച്ചു നല്‍കാന്‍ കരാര്‍ ഉണ്ടാക്കിയ ബ്രോഡ്‌കോം ഒന്‍പതു ശതമാനം കുതിച്ചു. മറ്റു ടെക് ഓഹരികളും ഇന്നലെ കയറ്റത്തിലായിരുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ജാപ്പനീസ് വിപണി ഒന്നര ശതമാനം താഴ്ന്നു. യുഎസ് കപ്പലുകള്‍ക്കുള്ള ഫീസ് കുത്തനേ വര്‍ധിപ്പിച്ച ചൈനീസ് നടപടി ആശങ്കകള്‍ തുടരാന്‍ കാരണമായി. ദക്ഷിണ കൊറിയന്‍ വിപണി ഒരു ശതമാനം കയറി. ഓസ്‌ട്രേലിയന്‍ സൂചികയും നേട്ടത്തിലാണ്. ചൈനീസ് വിപണി 0.75 ശതമാനവും ഹോങ് കോങ് വിപണി 0.52 ശതമാനവും ഉയര്‍ന്നു.
തിങ്കളാഴ്ച ആഗോള എതിര്‍ കാറ്റുകളില്‍ ഇന്ത്യന്‍ വിപണി താഴ്ന്നു വ്യാപാരം തുടങ്ങി. കൂടുതല്‍ താഴോട്ടു പോയ ശേഷം വിപണി സാവധാനം നഷ്ടം കുറച്ചു ചെറിയ താഴ്ചയില്‍ ക്ലോസ് ചെയ്തു. വിദേശ നിക്ഷേപകര്‍ വീണ്ടും വില്‍പനക്കാരായി.
ഐടി, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മെറ്റല്‍, ഓയില്‍ തുടങ്ങിയ മേഖലകള്‍ക്കായിരുന്നു കൂടുതല്‍ ദൗര്‍ബല്യം. പ്രതിരോധ ഓഹരികളും ഗണ്യമായി താഴ്ന്നു.
തിങ്കളാഴ്ച നിഫ്റ്റി 58.00 പോയിന്റ് (0.23%) താഴ്ന്ന് 25,227.35ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 173.77 പോയിന്റ് (0.21%) കുറഞ്ഞ് 82,327.05ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 15.25 പോയിന്റ് (0.03%) കയറി 56,625.10ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 64.95 പോയിന്റ് (0.11%) ഉയര്‍ന്ന് 58,762.35ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 31 .60 പോയിന്റ് (0.17%) താഴ്ന്ന് 18,101.75ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയില്‍ 1,558 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2,736 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1,116 ഓഹരികള്‍, താഴ്ന്നത് 1,971 കമ്പനികള്‍.
എന്‍എസ്ഇയില്‍ 100 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍ എത്തിയപ്പോള്‍ 96 എണ്ണം താഴ്ന്ന നിലയില്‍ എത്തി. 87 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 81 എണ്ണം ലോവര്‍ സര്‍ക്കീട്ടില്‍ ആയി.
വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച ക്യാഷ് വിപണിയില്‍ 240.10 കാേടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകള്‍ 2333.42 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
നിഫ്റ്റി 25,200നു മുകളില്‍ നിന്നതു വിപണിക്കു പ്രതീക്ഷ നല്‍കുന്നു. 25,200-25,000 മേഖല സൂചികയ്ക്കു ശക്തമായ പിന്തുണ നല്‍കും. മുന്നേറ്റം തുടര്‍ന്നാല്‍ 25,400-25,500 വലിയ തടസമേഖലയാകും. ഇന്നു നിഫ്റ്റിക്ക് 25,175ലും 24,145ലും പിന്തുണ ലഭിക്കും. 25,265 ലും 25,330 ലും തടസങ്ങള്‍ ഉണ്ടാകും.
ആര്‍ബിഎല്‍ ബാങ്കിനെ ഏറ്റെടുക്കാന്‍ യുഎഇയിലെ എമിറേറ്റ്‌സ് എന്‍ബിഡി ചര്‍ച്ച നടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 51 ശതമാനം ഓഹരി വാങ്ങാനാണ് എമിറേറ്റ്‌സിന്റെ ആഗ്രഹം. ആര്‍ബിഎല്‍ ബാങ്കിനു പ്രൊമോട്ടര്‍ ഗ്രൂപ്പ് ഇല്ല. പണ്ട് രത്‌നാകര്‍ ബാങ്ക് എന്നറിയപ്പെട്ടിരുന്ന ഇതിലെ 52.32 ശതമാനം ഓഹരിയും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ കൈയിലാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 29.19 ഉം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 17.56ഉം ശതമാനം ഓഹരി ഉണ്ട്. എമിറേറ്റ്‌സിന് പ്രിഫറന്‍ഷ്യല്‍ അടിസ്ഥാനത്തില്‍ പുതിയ ഓഹരി അനുവദിക്കുന്നതാണു ചര്‍ച്ച ചെയ്യുന്ന ഒരു കാര്യം. ഈ 18ന് രണ്ടു പാദ ഫലം വിലയിരുത്താന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്.
ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരി വാങ്ങാന്‍ ചുരുക്കപ്പട്ടികയിലുള്ള കമ്പനികളില്‍ ഒന്നാണ് എമിറേറ്റ്‌സ് എന്‍ബിഡി. സിഎസ്ബി ബാങ്കിന്റെ ഉടമകളായ ഫെയര്‍ഫാക്‌സും കൊട്ടക് മഹീന്ദ്ര ബാങ്കും ഓക്ട്രീ കാപ്പിറ്റലുമാണു മറ്റു കമ്പനികള്‍.
നാഷണല്‍ ബാങ്ക് ഓഫ് ദുബായിയും എമിറേറ്റ്‌സ് ബാങ്ക് ഇന്റര്‍നാഷണലും സംയോജിച്ച് ഉണ്ടായതാണ് എമിറേറ്റ്‌സ് എന്‍ബിഡി. ഗള്‍ഫിലും ഈജിപ്ത്, തുര്‍ക്കി, റഷ്യ, ജര്‍മനി, ഓസ്ട്രിയ, യുകെ, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളിലും പ്രവര്‍ത്തനം ഉണ്ട്.
എല്‍ജി ഇലക്ട്രോണിക്‌സ് ഇന്നു ലിസ്റ്റ് ചെയ്യും. ഷെയര്‍ ഒന്നിന് 1,140 രൂപയ്ക്കായിരുന്നു ഐപിഒ. ഗ്രേ മാര്‍ക്കറ്റില്‍ 430 രൂപവരെ പ്രീമിയം ഉണ്ട്. നാലര ലക്ഷം കോടി രൂപയ്ക്കുള്ള അപേക്ഷകള്‍ ഐപിഒയ്ക്കു ലഭിച്ചിരുന്നു. അതു റെക്കോര്‍ഡ് ആണ്. ഓഹരി 83 ശതമാനം വരെ ഉയരാം എന്നു പറയുന്ന മോട്ടിലാല്‍ ഓസ്വാള്‍ എല്‍ജിക്കു വാങ്ങല്‍ ശിപാര്‍ശ നല്‍കുന്നു.
എച്ച്‌സിഎല്‍ ടെക്‌നോളജീസ് വിറ്റുവരവ് 10.6 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ സമാഹൃത അറ്റാദായം കാര്യമായ വര്‍ധന ഇല്ലാതെ 4235 കോടി രൂപയില്‍ എത്തി. കമ്പനി മൂന്നു മുതല്‍ അഞ്ചു വരെ ശതമാനം വരുമാന വര്‍ധന ഈ വര്‍ഷം പ്രതീക്ഷിക്കുന്നു.
ജസ്റ്റ് ഡയലിനു രണ്ടാം പാദത്തില്‍ വരുമാനം 6.4 ശതമാനം കൂടിയപ്പോള്‍ പ്രവര്‍ത്തനലാഭം 6.1 ശതമാനം കൂടി. എന്നാല്‍ അറ്റാദായ 22.5 ശതമാനം കുറഞ്ഞു.
ഇന്ത്യയിലും പശ്ചിമേഷ്യയിലുമായി 1174 കോടി രൂപയുടെ വൈദ്യുത ലൈന്‍ കരാര്‍ കെഇസി ഇന്റര്‍നാഷണലിനു ലഭിച്ചു.
കെഫിന്‍ ടെക്‌നോളജീസ് 3.5 കോടി ഡോളര്‍ നിക്ഷേപം നടത്തി സിംഗപ്പുരിലെ അസന്റ് ഫണ്ട് സര്‍വീസസിന്റെ 51 ശതമാനം ഓഹരി വാങ്ങി.
ആനന്ദ് റഠി വെല്‍ത്ത് രണ്ടാം പാദത്തില്‍ 22.6 ശതമാനം വരുമാന വര്‍ധനയും 30.5 ശതമാനം ലാഭവര്‍ധനയും കാണിച്ചു.
സ്വര്‍ണം നിര്‍ബാധം കയറ്റം തുടരുകയാണ്. ഡോളര്‍ സൂചികയുടെ കയറ്റവും ഗാസാ സമാധാനവും ഒന്നും വിലക്കയറ്റത്തിനു തടസമാകുന്നില്ല. ഇന്നലെ ഔണ്‍സിനു 4,100 ഡോളറിനു മുകളില്‍ കയറിയ സ്വര്‍ണം 4,111.50 ഡോളറില്‍ ക്ലോസ് ചെയ്തു. നേട്ടം രണ്ടു ശതമാനത്തിലധികം. ഇന്നു രാവിലെ വില 0.65 ശതമാനം കയറി 4138.50 ഡോളറില്‍ എത്തി.
ഈ മാസവും ഡിസംബറിലും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കും എന്ന ഉറപ്പോടെയാണു വിപണി നീങ്ങുന്നത്. സര്‍ക്കാര്‍ സ്തംഭനത്തിനു പരിഹാരവും കാണുന്നില്ല. കൊടുമുടി കീഴടക്കിയ വിപണി തിരുത്തലിലേക്കു കടക്കാന്‍ തക്ക സൂചനയൊന്നും നല്‍കുന്നില്ല. 2026 അവസാനത്തിലേക്ക് സ്വര്‍ണം ഔണ്‍സിന് 5,000 ഡോളറില്‍ എത്തുമെന്നു ഫ്രഞ്ച് ബാങ്ക് സൊസീറ്റേ ഷെനറാല്‍ കരുതുന്നു. പക്ഷേ വിപണിയുടെ കയറ്റത്തിന്റെ വേഗം സൂചിപ്പിക്കുന്നത് ഈ വര്‍ഷം തന്നെ ആ ഉയരവും കടക്കാം എന്നാണ്.
വിവിധരാജ്യങ്ങള്‍ സ്വര്‍ണശേഖരം ഗണ്യമായി വര്‍ധിപ്പിക്കുന്നതാണു സ്വര്‍ണത്തെ ഇത്രയേറെ കയറ്റുന്നത്. ജൂണിലെ നിലവച്ച് സ്വര്‍ണശേഖരം വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ 24 ശതമാനം എത്തിയിട്ടുണ്ട്. 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ മൂന്നു വര്‍ഷം പ്രതിവര്‍ഷം ആയിരം ടണ്ണിലേറെ വീതം സ്വര്‍ണം രാജ്യങ്ങളുടെ ശേഖരത്തിലേക്കു നീങ്ങി. ചൈനയടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോഴും വാങ്ങല്‍ തുടരുകയാണ്.
കേരളത്തില്‍ 22 കാരറ്റ് പവന്‍വില തിങ്കളാഴ്ച രാവിലെ 91,960 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു. ഇന്നും വില ഗണ്യമായി കുതിക്കുന്ന സൂചനയാണു വിദേശ വിപണികള്‍ നല്‍കുന്നത്.
വെള്ളി വില റെക്കോര്‍ഡ് കുതിപ്പിലാണ്. ഇന്നലെ വെള്ളി ഔണ്‍സിന് 52.68 ഡോളറിലേക്കു കയറി. പ്ലാറ്റിനം, പല്ലാഡിയം, റോഡിയം തുടങ്ങിയവയും കയറ്റത്തിലാണ്. പ്ലാറ്റിനം 1,652 ഡോളറിലായി.
യുഎസ്-ചൈന വ്യാപാരയുദ്ധ ഭീതിയും ലാഭമെടുപ്പും തിങ്കളാഴ്ച വ്യാവസായിക ലോഹങ്ങളെ താഴ്ത്തി. ചെമ്പ് 1.08 ശതമാനം താഴ്ന്നു ടണ്ണിന് 10,617.45 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 1.22 ശതമാനം താണ് ടണ്ണിന് 2,752.10 ഡോളറില്‍ എത്തി. ടിന്‍ 1.64 ശതമാനം ഇടിഞ്ഞു ടണ്ണിന് 35,901.00 ഡോളറിലായി. നിക്കലും ലെഡും ഇടിഞ്ഞു. സിങ്ക് കയറ്റം തുടര്‍ന്നു.
രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.29 ശതമാനം കുറഞ്ഞ് കിലോഗ്രാമിന് 172.40 സെന്റ് ആയി.
കൊക്കോ വില 0.32 ശതമാനം കൂടി കുറഞ്ഞ് ടണ്ണിന് 5829.30 ഡോളറില്‍ എത്തി. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലാണു കൊക്കോ. ലഭ്യത കൂടുന്നതാണു വിലയെ താഴ്ത്തുന്ന പ്രധാനഘടകം.
കാപ്പി 2.73 ശതമാനം കയറി. തേയില വില താഴ്ന്ന നിലയില്‍ തുടരുന്നു. പാം ഓയില്‍ വില 1.1 ശതമാനം കൂടി ഇടിഞ്ഞ് ടണ്ണിന് 5000 മലേഷ്യന്‍ റിംഗിറ്റിനു താഴെയായി.
ഡോളര്‍ സൂചിക തിങ്കളാഴ്ചയും ഉയര്‍ന്ന് 99.27ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.32 വരെ കയറി.
കറന്‍സി വിപണിയില്‍ ഡോളര്‍ വീണ്ടും കയറി. യൂറോ 1.1565 ഡോളറും പൗണ്ട് 1.3329ഡോളറും വരെ താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 152.40 യെന്‍ എന്ന നിരക്കിലേക്ക് ഇടിഞ്ഞു.
യുഎസ് കടപ്പത്രങ്ങളുടെ വില കൂടി. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.051 ശതമാനമായി താഴ്ന്നു.
തിങ്കളാഴ്ച ഇന്ത്യന്‍ രൂപ ചാഞ്ചാട്ടത്തിനു ശേഷം നേട്ടത്തോടെ അവസാനിച്ചു. ഡോളര്‍ രണ്ടു പൈസ താഴ്ന്ന് 88.67 രൂപയില്‍ ക്ലോസ് ചെയ്തു.
ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.11 യുവാന്‍ എന്ന നിലയില്‍ തുടരുന്നു.
ക്രൂഡ് ഓയില്‍ വില കയറ്റം തുടര്‍ന്നു. ബ്രെന്റ് ഇനം 63.39 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 63.61 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ 59.80 ഡോളറിലും മര്‍ബന്‍ ക്രൂഡ് 65.06 ഡോളറിലും ആണ്. പ്രകൃതിവാതക വില ഒരു ശതമാനം താഴ്ന്നു.
ക്രിപ്‌റ്റോകറന്‍സികള്‍ സാവധാനം തിരിച്ചു കയറുന്നു. ബിറ്റ്‌കോയിന്‍ 1,14, 400 ഡോളറിനു മുകളില്‍ ആണ്. ഈഥര്‍ ഇന്നു രാവിലെ 4245 ഡോളര്‍ ആയി. സൊലാന രാവിലെ 5.5 ശതമാനം ഉയര്‍ന്ന് 209 ഡോളറില്‍ എത്തി.
വിപണിസൂചനകള്‍
(2025 ഒക്ടോബര്‍ 13, തിങ്കള്‍)
സെന്‍സെക്‌സ്30 82,327.05 -0.21%
നിഫ്റ്റി50 25,227.35 -0.23%
ബാങ്ക് നിഫ്റ്റി 56,625.10 +0.03%
മിഡ് ക്യാപ്100 58,762.35 +0.11%
സ്‌മോള്‍ക്യാപ്100 18,101.75 -0.17%
ഡൗജോണ്‍സ് 46,067.58 +1.29%
എസ്ആന്‍ഡ്പി 6654.72 +1.56%
നാസ്ഡാക് 22,694.61 +2.21%
ഡോളര്‍($) ₹ 88.67 -0.02
സ്വര്‍ണം(ഔണ്‍സ്) $ 4111.50 +$93.10
സ്വര്‍ണം(പവന്‍) ₹91,960 +₹240
ക്രൂഡ്(ബ്രെന്റ്)ഓയില്‍ $63.39 +$0.66
Read DhanamOnline in English
Subscribe to Dhanam Magazine