മുന്നേറ്റം തുടരാന്‍ വിപണി, ഏഷ്യന്‍ വിപണികള്‍ കുതിപ്പില്‍, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ലെന്നു ട്രംപിന്റെ അവകാശവാദം; ഇന്ത്യ യുഎസ് ചര്‍ച്ച തുടരുന്നു

യൂറോപ്യന്‍ ഓഹരികള്‍ ബുധനാഴ്ച ഭിന്നദിശകളിലായിരുന്നു. വീണ്ടും പ്രധാനമന്ത്രിയായ സെബാസ്റ്റ്യന്‍ ലെകോര്‍ണു വിശ്വാസവോട്ട് നേടാന്‍ നയപരമായ വിട്ടുവീഴ്ചയ്ക്കു കയറായത് ഫ്രഞ്ച് വിപണിയെ രണ്ടു ശതമാനം ഉയര്‍ത്തി.
stock market morning
image credit : canva
Published on

വിപണി മുന്നേറ്റം തുടരും എന്ന ആത്മവിശ്വാസത്തിലാണ്. ഏഷ്യന്‍ വിപണികളിലെ കുതിപ്പും അമേരിക്കന്‍ ഫ്യൂച്ചേഴ്സിലെ ഉയര്‍ച്ചയും അനുകൂല ഘടകങ്ങളാണ്. വാഷിംഗ്ടണില്‍ ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ച തുടരുകയാണ്. ഇന്നു വാണിജ്യ സെകട്ടറി രാജേഷ് അഗര്‍വാള്‍ ചര്‍ച്ച നയിക്കാന്‍ എത്തും. ചര്‍ച്ചകള്‍ ധാരണയിലേക്ക് അടുക്കുന്നു എന്നാണു നിഗമനം.

ഇന്ത്യ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്താം എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. പൂര്‍ണമായി ഒഴിവാക്കാന്‍ ഇന്ത്യ അല്‍പം സാവകാശം തേടിയിട്ടുണ്ട് എന്നാണു ട്രംപ് പറഞ്ഞത്. ഇന്ത്യ ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല. വിലകുറച്ചു യുഎസ് എണ്ണ നല്‍കിയാല്‍ അത്ര കണ്ടു റഷ്യന്‍ ഇറക്കുമതി കുറയ്ക്കാം എന്നാണ് ഇന്ത്യന്‍ നിലപാടെന്നു ട്രംപിന്റെ പ്രസ്താവനയ്ക്കു മുന്‍പ് വാണിജ്യ സെക്രട്ടറി പറഞ്ഞിരുന്നു. എന്തായാലും ട്രംപിന്റെ പ്രസ്താവനയ്ക്കു ശേഷം ലോക വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറി.

യുഎസ് ഭരണസ്തംഭനം തുടക്കുകയാണ്. നവംബറിലേക്കു സ്തംഭനം നീളും എന്നാണു സൂചന. ഈ മാസം അവസാനം പലിശ കുറയ്ക്കാം എന്ന സൂചന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ ആവര്‍ത്തിച്ചു.

ചൈനയുമായി തീരുവക്കാര്യത്തില്‍ ധാരണ ഉണ്ടാക്കാം എന്നു ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞെങ്കിലും വ്യാപാരയുദ്ധം തുടരുകയാണെന്നു ട്രംപ് പിന്നീടു പറഞ്ഞതോടെ ആശങ്ക വര്‍ധിച്ചു. സ്വര്‍ണവില ഔണ്‍സിനു 4235 ഡോളര്‍ വരെ കുതിച്ചു. ഇനിയും കയറും എന്നാണു സൂചന. ഇതിനിടെ ഡോളര്‍ സൂചിക താഴ്ന്നത് ഇന്നലെ കുതിച്ചുകയറിയ രൂപയ്ക്കു നേട്ടം തുടരാന്‍ സഹായമാകും.

ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,437.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,470 വരെ കയറി. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തോടുകൂടി വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വ്യാപാര കമ്മി കുതിച്ചു

സെപ്റ്റംബറിലെ ഇന്ത്യയുടെ വിദേശവ്യാപാര കമ്മി 11 മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തി. ഉല്‍പന്ന കയറ്റുമതി 6.75 ശതമാനം കൂടി, ഇറക്കുമതി 16.67 ശതമാനവും. കമ്മി 93 ശതമാനം കൂടി. സേവന മേഖലയിലെ കയറ്റുമതി വളര്‍ച്ചയിലും കുറവുണ്ട്.

അമേരിക്കയിലേക്കുള്ള കയറ്റുമതി മേയില്‍ 880 കോടി ഡോളര്‍ ആയിരുന്നതു സെപ്റ്റംബറില്‍ 550 കോടി ഡോളര്‍ ആയി ഇടിഞ്ഞു. ആപ്പിള്‍ ഫോണ്‍ കയറ്റുമതി ഒഴിവാക്കിയാല്‍ ഉല്‍പന്ന കയറ്റുമതി നാമമാത്രമാണെന്നു കാണാം.

യൂറോപ്പ് ഭിന്നദിശകളില്‍

യൂറോപ്യന്‍ ഓഹരികള്‍ ബുധനാഴ്ച ഭിന്നദിശകളിലായിരുന്നു. വീണ്ടും പ്രധാനമന്ത്രിയായ സെബാസ്റ്റ്യന്‍ ലെകോര്‍ണു വിശ്വാസവോട്ട് നേടാന്‍ നയപരമായ വിട്ടുവീഴ്ചയ്ക്കു കയറായത് ഫ്രഞ്ച് വിപണിയെ രണ്ടു ശതമാനം ഉയര്‍ത്തി. ജര്‍മന്‍, യുകെ, ഇറ്റാലിയന്‍ വിപണികള്‍ താഴ്ന്നു. യൂറോപ്പിലെ ലക്ഷ്വറി കമ്പനികള്‍ കുതിച്ചു. എല്‍വിഎംഎച്ച് 12.2ഉം ക്രിസ്റ്റീയന്‍ ഡിയോ 12 ഉം ശതമാനം മുന്നേറി. പ്രതിരോധ ഓഹരികള്‍ ഇടിഞ്ഞു.

യുഎസില്‍ ചാഞ്ചാട്ടം

അമേരിക്കന്‍ വിപണികള്‍ ബുധനാഴ്ച ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ഭിന്ന ദിശകളില്‍ ക്ലോസ് ചെയ്തു. ഡൗ നാമമാത്രമായി താഴ്ന്നപ്പോള്‍ എസ്ആന്‍ഡ്പിയും നാസ്ഡാകും ഉയര്‍ന്നു. ഡൗ ഉയര്‍ന്ന നിലയില്‍ നിന്നു 450 പോയിന്റ് താഴ്ന്നാണു നഷ്ടത്തില്‍ അവസാനിച്ചത്.

കൂടുതല്‍ വമ്പന്‍ ബാങ്കുകള്‍ പ്രതീക്ഷയേക്കാള്‍ മികച്ച റിസല്‍ട്ട് പുറത്തുവിട്ടത് വിപണിയെ രാവിലെ ഉയര്‍ത്തി. മോര്‍ഗന്‍ സ്റ്റാന്‍ലിയും ബാങ്ക് ഓഫ് അമേരിക്കയും അഞ്ചു ശതമാനം വീതം ഉയര്‍ന്നു. എന്നാല്‍ ചൈനയുമായുള്ള വ്യാപാരയുദ്ധം ചൂടുപിടിക്കുന്നതായ പ്രസ്താവനകള്‍ വിപണിയുടെ നേട്ടം കുറച്ചു.

ഡൗ ജോണ്‍സ് സൂചിക ബുധനാഴ്ച 17.15 പോയിന്റ് (0.04%) താഴ്ന്ന് 46,253.31ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 26.75 പോയിന്റ് (0.40%) ഉയര്‍ന്ന് 6671.06 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 148.38 പോയിന്റ് (0.66%) കയറി 22,670.08ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ചെറിയ കയറ്റത്തിലാണ്. ഡൗ 0.08ഉം എസ്ആന്‍ഡ്പി 0.04 ഉം നാസ്ഡാക് 0.07 ഉം ശതമാനം ഉയര്‍ന്നാണു നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ 0.82 ശതമാനം ഉയര്‍ന്നു. ദക്ഷിണ കൊറിയന്‍ സൂചിക 2.7 ശതമാനം കുതിച്ചു. ഓസ്‌ട്രേലിയന്‍ വിപണി 1.15 ശതമാനം ഉയര്‍ന്നു. ഹോങ് കോങ് സൂചിക ഉയര്‍ന്നു. ചൈനീസ് ഓഹരി സൂചികകള്‍ താഴ്ന്നു.

ചൈന പതിനഞ്ചാം പഞ്ചവത്സര പദ്ധതിക്കു രൂപം നല്‍കാന്‍ അടുത്ത ആഴ്ച കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ പ്ലീനം വിളിച്ചിട്ടുണ്ട്. 2022 ലെ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമുള്ള നാലാമത്തെ പ്ലീനമാണിത്. അഞ്ചു വര്‍ഷ കാലാവധിയില്‍ ഏഴു പ്ലീനങ്ങളാണു പതിവ്. 2026-30 കാലത്തെ വികസനലക്ഷ്യങ്ങള്‍ യോഗം നിര്‍ണയിക്കും. ഈ യോഗത്തിന് വ്യാപരയുദ്ധവുമായി ബന്ധം ഇല്ലെങ്കിലും അതേപ്പറ്റി പ്രസിഡന്റ് ഷി ചിന്‍പിങ്ങും പ്രധാനമന്ത്രി ലി ചിയാങ്ങും പ്രസംഗങ്ങളില്‍ പറയും. വളര്‍ച്ച നിരക്ക് അഞ്ചു ശതമാനത്തില്‍ നിന്ന് ഉയര്‍ത്താനുള്ള പദ്ധതികളും ഉണ്ടാകാം.

ഇന്ത്യന്‍ വിപണി കുതിച്ചു

അനുകൂലമായ രാജ്യാന്തര ചലനങ്ങളും മികച്ച ആഭ്യന്തരവളര്‍ച്ച പ്രതീക്ഷയും ബുധനാഴ്ച ഇന്ത്യന്‍ വിപണി കുതിച്ചു കയറാന്‍ സഹായിച്ചു. നിഫ്റ്റി ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കി. മികച്ച രണ്ടാം പാദ റിസല്‍ട്ടും 1:1 ബോണസും പ്രഖ്യാപിച്ച എച്ച്ഡിഎഫ്‌സി എഎംസി ഗണ്യമായി ഉയര്‍ന്നു.

ഇന്ത്യന്‍ വിപണി ഇന്നലെ രാവിലെ ഉയര്‍ന്നു വ്യാപാരം തുടങ്ങി. ദിവസത്തിലെ ഉയര്‍ന്ന നിലയ്ക്കു സമീപം ക്ലോസ് ചെയ്തു.

റിയല്‍റ്റി കമ്പനികളിലെ വലിയ കുതിപ്പായിരുന്നു ഇന്നലത്തെ ശ്രദ്ധേയ കാര്യം. വിലക്കയറ്റം കുറഞ്ഞു നില്‍ക്കുന്നത് പലിശ കുറയ്ക്കലിനു വഴിതെളിക്കുമെന്നും പാര്‍പ്പിട ഡിമാന്‍ഡ് കൂട്ടുമെന്നും വിപണി വിലയിരുത്തി. ലയനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പൊതുമേഖലാ ബാങ്കുകളെ ഉയര്‍ത്തി. ലോഹങ്ങളുടെ രാജ്യാന്തര വിലവര്‍ധന മെറ്റല്‍ ഓഹരികളെ നേട്ടത്തിലാക്കി. ധനകാര്യ കമ്പനികളും എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് കമ്പനികളും വിലക്കയറ്റം കുറയുന്നതിലെ നേട്ടം പ്രതീക്ഷിച്ച് ഉയര്‍ന്നു. പ്രതിരോധ ഓഹരികളും നേട്ടത്തിലായി.

നിഫ്റ്റി ബുധനാഴ്ച 178.05 പോയിന്റ് (0.71%) ഉയര്‍ന്ന് 25,323.55ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 575.45 പോയിന്റ് (0.70%) കയറി 82,605.43ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 303.45 പോയിന്റ് (0.54%) നേട്ടത്തോടെ 56,799.90ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 645.60 പോയിന്റ് (1.11%) കുതിച്ച് 58,970.00ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 147.90 പോയിന്റ് (0.82%) ഉയര്‍ന്ന് 18,088.05ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ-ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയില്‍ 2429 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1749 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1979 എണ്ണം. താഴ്ന്നത് 1125 ഓഹരികള്‍.

എന്‍എസ്ഇയില്‍ 87 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 108 എണ്ണമാണ്. 89 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 65 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ ബുധനാഴ്ച ക്യാഷ് വിപണിയില്‍ 68.64 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 4650.08 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

നിഫ്റ്റി 25,300നു മുകളില്‍ ക്ലോസ് ചെയ്തത് 25,500 ലേക്കു മുന്നേറ്റം എത്താന്‍ സഹായിക്കും എന്നു ബുള്ളുകള്‍ പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയായ 25,669 കനത്ത തടസമായി മാറാം എന്നാണു നിഗമനം. ഇന്നു നിഫ്റ്റിക്ക് 25,200 ലും 25,090 ലും പിന്തുണ ലഭിക്കും. 25,365ലും 25,490ലും തടസങ്ങള്‍ ഉണ്ടാകും.

കമ്പനികള്‍, വാര്‍ത്തകള്‍

ആക്‌സിസ് ബാങ്ക് രണ്ടാം പാദ അറ്റാദായം 26 ശതമാനം ഇടിഞ്ഞു. ചില കാര്‍ഷിക വായ്പകള്‍ക്ക് 1,231 കോടി രൂപയുടെ വകയിരുത്തല്‍ വേണ്ടി വന്നതാണു കാരണം. അറ്റാദായം 5090 കോടി രൂപയാണ്. അറ്റ പലിശ വരുമാനം 1.9 ശതമാനം വര്‍ധിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 0.44 ശതമാനം മാത്രം.

എച്ച്ഡിഎഫ്‌സി ലൈഫ് അറ്റാദായം 3.2 ശതമാനം വര്‍ധിച്ചു. തലേ പാദത്തേക്കാള്‍ 18 ശതമാനം കുറവാണ് അറ്റാദായം. അറ്റ പ്രീമിയം വരുമാനത്തില്‍ 13 ശതമാനം വര്‍ധനയുണ്ട്.

അറ്റ പലിശ വരുമാനം 19.7 ശതമാനം വര്‍ധിച്ചെങ്കിലും എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അറ്റാദായം 1.6 ശതമാനം കുറഞ്ഞു. നിഷ്‌ക്രിയ ആസ്തികള്‍ക്ക് കൂടുതല്‍ വകയിരുത്തല്‍ വേണ്ടി വന്നു. അതിനു മുന്‍പ് പ്രവര്‍ത്തന ലാഭം 24.4 ശതമാനം ഉയര്‍ന്നു.

വരുമാനം 9.4 ശതമാനം വര്‍ധിച്ചപ്പോള്‍ കെഇഐ ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 31.3 ശതമാനം കുതിച്ചു. ഹീറോ മോട്ടോ കോര്‍പ് സ്‌പെയിനില്‍ ബൈക്ക് വില്‍പന തുടങ്ങി. ഇപ്പോള്‍ 36 ഷോറൂമുകള്‍ ഉണ്ട്. താമസിയാതെ 50 എണ്ണമാകും.

592 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ ഭാരത് ഇലക്ട്രോണിക്‌സിനു ലഭിച്ചു. ഓണ്‍ലൈന്‍ ഗെയിമുകളും കാസിനോകളും നടത്തുന്ന ഡെല്‍റ്റാ കോര്‍പിനു രണ്ടാം പാദത്തില്‍ പ്രവര്‍ത്തനലാഭം 18.5 ഉം അറ്റാദായം ഏഴും ശതമാനം ഇടിഞ്ഞു. വരുമാനം നാമമാത്ര വര്‍ധന മാത്രം കാണിച്ചു.

വരുമാനം എട്ടു ശതമാനം വര്‍ധിച്ചപ്പോള്‍ എല്‍ ആന്‍ഡ് ടി ഫിനാന്‍സിന്റെ അറ്റാദായം ആറു ശതമാനം മാത്രം വര്‍ധിച്ചു. അറ്റ പലിശ വരുമാനം 10.3 ശതമാനം കൂടി.

ഏഞ്ചല്‍ ബ്രോക്കിംഗിനു വരുമാനം 20 ശതമാനം കുറഞ്ഞപ്പോള്‍ പ്രവര്‍ത്തനലാഭം 38.2 ശതമാനം ഇടിഞ്ഞു. ലാഭമാര്‍ജിന്‍ 44.7 ല്‍ നിന്ന് 38.2 ശതമാനമായി. അറ്റാദായം 50 ശതമാനം ഇടിഞ്ഞു.

ഓബറാേയ് റിയല്‍റ്റിയുടെ വരുമാനം 34.8 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 29 ശതമാനമേ വര്‍ധിച്ചുള്ളു. ലാഭമാര്‍ജിന്‍ 61.7 ല്‍ നിന്ന് 57.3 ശതമാനമായി താഴ്ന്നു.

4,200 കടന്നു സ്വര്‍ണം

സ്വര്‍ണ വിപണി വലിയ ചാഞ്ചാട്ടങ്ങളും തുടര്‍ന്നു കുതിപ്പും തുടരുകയാണ്. ബുധനാഴ്ച സ്‌പോട്ട് സ്വര്‍ണം ഏഴുതവണ 4,200 ഡോളര്‍ കടക്കുകയും താഴുകയും ചെയ്തു. ഔണ്‍സിന് 4215.50 ഡോളര്‍ വരെ കയറിയ സ്വര്‍ണം 4209.20ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യന്‍ വ്യാപാരത്തില്‍ വില 4233.90 ഡോളര്‍ വരെ കയറി.

സ്വര്‍ണം അവധിവില 4242.80 ഡോളര്‍ വരെ ഉയര്‍ന്നു. കേരളത്തില്‍ 22 കാരറ്റ് പവന്‍വില ബുധനാഴ്ച രണ്ടു തവണയായി 800 രൂപ വര്‍ധിച്ച് 94,920 രൂപ ആയി.

വെള്ളിവില ഔണ്‍സിന് 53.30 വരെ എത്തിയ ശേഷം 52.99 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 53.17 ഡോളര്‍ ആയി. അവധിവില 52.77ല്‍ എത്തി. വിപണിയുടെ പതിവുവിട്ട് വെള്ളിവിലയില്‍ അവധി നിരക്ക് ഏതാനും ദിവസങ്ങളായി സ്‌പോട് നിരക്കിനേക്കാള്‍ താഴെയാണ്. ബായ്ക്ക് വേര്‍ഡഷന്‍ എന്നാണ് ഇതിനെ വിളിക്കുക. പ്ലാറ്റിനം, പല്ലാഡിയം, റോഡിയം തുടങ്ങിയവയും കയറ്റം തുടര്‍ന്നു. പ്ലാറ്റിനം അവധിവില 1699 ഡോളര്‍ എത്തിയിട്ട് അല്‍പം താഴ്ന്നു.

ലോഹങ്ങള്‍ വീണ്ടും കുതിപ്പില്‍

വ്യാവസായിക ലോഹങ്ങള്‍ വീണ്ടും കയറ്റത്തിലായി. ചെമ്പ് 0.96 ശതമാനം ഉയര്‍ന്നു ടണ്ണിന് 10,701.75 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.6 ശതമാനം കൂടി 2745.56 ഡോളറില്‍ എത്തി. ലെഡും നിക്കലും ഒരു ശതമാനത്തില്‍ താഴെ ഉയര്‍ന്നു. സിങ്ക് 3.36 ശതമാനം കുതിച്ചപ്പോള്‍ ടില്‍ 1.21 ശതമാനം കയറി.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.06 ശതമാനം കയറി കിലോഗ്രാമിന് 170.40 സെന്റ് ആയി. കൊക്കോ 0.60 ശതമാനം താഴ്ന്നു ടണ്ണിന് 5863.70 ഡോളറില്‍ എത്തി. കാപ്പി 2.44 ശതമാനം താഴ്ന്നപ്പോള്‍ തേയില 61.2 ശതമാനം കുതിച്ചു. പാം ഓയില്‍ വില 0.31 ശതമാനം ഉയര്‍ന്നു

ഡോളര്‍ സൂചിക വീണ്ടും താഴ്ന്നു

ഡോളര്‍ സൂചിക ബുധനാഴ്ച ഒരു ശതമാനം ഇടിഞ്ഞു. ഇന്നലെ 98.79 ല്‍ സൂചിക ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.4 ലേക്കു താഴ്ന്നു.

കറന്‍സി വിപണിയില്‍ ഡോളര്‍ വീണ്ടും ദുര്‍ബലമായി. യൂറോ 1.645 ഡോളറിലേക്കും പൗണ്ട് 1.34 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 150.96 യെന്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നു. യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില ഇന്നലെ താഴ്ന്നു. ഇന്നു രാവിലെ 4.03 ശതമാനമായി അവയിലെ നിക്ഷേപനേട്ടം ഉയര്‍ന്നു.

ആര്‍ബിഐ ഇടപെട്ടു, രൂപ കുതിച്ചു

റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നു രൂപ ഇന്നലെ കുത്തനേ ഉയര്‍ന്നു. ഡോളര്‍ വില 73 പൈസ ഇടിഞ്ഞ് 88.07 രൂപയായി. ഡോളര്‍ 89 രൂപയിലേക്കു കയറും എന്നു കരുതിയിരുന്നപ്പോഴാണ് ആര്‍ബിഐയുടെ വലിയ ഇടപെടല്‍. 89 ലേക്കു ഡോളര്‍ കടന്നാല്‍ വിപണിയുടെ മന:ശാസ്ത്രം വച്ച് 90 നു മുകളില്‍ ഡോളര്‍ എത്തും. ചിലപ്പോള്‍ വലിയ തകര്‍ച്ചയും നേരിടും.

വിപണിയാഥാര്‍ഥ്യങ്ങള്‍ അല്ല ഊഹക്കച്ചവടമാണ് ഈ നില വരുത്തിയത് എന്നു കണ്ട ആര്‍ബിഐ ഫോര്‍വേഡ് വിപണിയില്‍ വലിയ നീക്കങ്ങള്‍ നടത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതുപോലെ ഇടപ്പെട്ടപ്പോള്‍ പല ഷോര്‍ട്ട് പൊസിഷന്‍കാര്‍ക്കും കനത്ത നഷ്ടം നേരിടേണ്ടി വന്നു. ഇത്തവണയും കുറേപ്പേരെ വിഷമത്തിലാക്കും. വിദേശത്തു ഡോളര്‍ ഇടിഞ്ഞതും ആര്‍ബിഐക്കു കാര്യങ്ങള്‍ എളുപ്പമാക്കി. ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.13 യുവാന്‍ എന്ന നിലയിലേക്കു കയറി.

താഴ്ന്ന ക്രൂഡ് ഓയില്‍ തിരിച്ചു കയറുന്നു

വ്യാപാരയുദ്ധ ഭീതിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്ന്നു. ബ്രെന്റ് ഇനം ഇന്നലെ 0.37 ഡോളര്‍ താഴ്ന്ന് 61.91 ഡോളറില്‍ ക്ലോസ് ചെയ്തു. എന്നാല്‍ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്തും എന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് വില തിരിച്ചു കയറി. ഇന്നു രാവിലെ 0.80 ശതമാനം ഉയര്‍ന്ന് 62.45 ഡോളറിലായി. ഡബ്‌ള്യുടിഐ 58.7 ഡോളറിലും മര്‍ബന്‍ ക്രൂഡ് 64.10 ഡോളറിലും ആണ്. പ്രകൃതി വാതക വില 0.55 ശതമാനം ഉയര്‍ന്നു.

ക്രിപ്‌റ്റോ കറന്‍സികള്‍ ഇടിവ് തുടര്‍ന്നു. യുഎസ്-ചൈന വ്യാപാരയുദ്ധ സാധ്യത വര്‍ധിച്ചതോടെ വീഴ്ചയുടെ തോത് കൂടി. ക്രിപ്‌റ്റോകളില്‍ നിന്നു വിറ്റു മാറാന്‍ വലിയ തിരക്കാണു കാണുന്നത്. ഇന്നലെ 2,700 ഡോളറിന്റെ ചാഞ്ചാട്ടത്തിനു ശേഷം ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 1,10,700 ഡോളറില്‍ എത്തി. ഈഥര്‍ 3,960 ഡോളറിലേക്കു താഴ്ന്നു. സൊലാന ഇടിഞ്ഞ് 193 ല്‍ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com