പ്രതീക്ഷയോടെ നിക്ഷേപകര്‍, ഏഷ്യന്‍ വിപണികള്‍ കയറ്റത്തില്‍, ക്രൂഡ് ഓയില്‍ 105 ഡോളറില്‍; ഡോളര്‍ സൂചിക താഴുന്നു

ക്രൂഡ് ഓയില്‍ ഇന്നലെ അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം വ്യാഴാഴ്ച 105.92 ഡോളറില്‍ ക്ലോസ് ചെയ്തു
പ്രതീക്ഷയോടെ നിക്ഷേപകര്‍, ഏഷ്യന്‍ വിപണികള്‍ കയറ്റത്തില്‍, ക്രൂഡ് ഓയില്‍ 105 ഡോളറില്‍; ഡോളര്‍ സൂചിക താഴുന്നു
Published on: 

ഇന്നലെ വിപണി സൂചികകള്‍ വലിയ കുതിച്ചുകയറ്റം നടത്തിയത് ഇന്നും മുന്നേറ്റത്തിനു വഴിതുറക്കും എന്ന പ്രതീക്ഷയിലാണു നിക്ഷേപകര്‍. എഐ, ചിപ്പ് കമ്പനികളുടെ വലിയ തകര്‍ച്ചയ്ക്ക് അവസാനമായതും വിപണിക്കു പ്രതീക്ഷ പകരുന്നു. ഏഷ്യന്‍ വിപണികള്‍ ഇന്നു നല്ല നേട്ടത്തിലാണ്. ക്രൂഡ് ഓയില്‍ വില 105 ഡോളറിനടുത്തു തുടരുന്നു. രൂപ വീണ്ടും കയറാനുള്ള സൂചന നല്‍കുന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,106.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,062 വരെ താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

കാസ് പരിഷ്‌കാരം

വിപണിയില്‍ നടപ്പാക്കിയ ക്ലോസിംഗ് ഓക്ഷന്‍ സെഷന്‍ (കാസ് ) പരിഷ്‌കരിച്ചു. കാസ് 3.30 നു ശേഷമാക്കും. തുടര്‍ച്ചയായ വ്യാപാരം 3.30 വരെ നടക്കും. നേരത്തേ ഉണ്ടായിരുന്നതുപോലെ അവസാന 30 മിനിറ്റിലെ വ്യാപാരവ്യാപ്തം പരിഗണിച്ചുള്ള ശരാശരി വില ഉപയോഗിച്ചു സൂചികകള്‍ കണക്കാക്കും. ബ്രോക്കര്‍മാര്‍ തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്ന കാര്യമാണിത്. മാറ്റങ്ങള്‍ ഡിസംബര്‍ ഏഴിനു നടപ്പാക്കും.

കയറ്റുമതി വര്‍ധിച്ചു

സെപ്റ്റംബറില്‍ ഇന്ത്യയുടെ കയറ്റുമതി 23.04 ശതമാനം വര്‍ധിച്ച് 4440 കോടി ഡോളര്‍ ആയി. ഇറക്കുമതി വര്‍ധന എട്ടു ശതമാനമായി ചുരുങ്ങി. 7461 കോടി ഡോളറാണ് ഇറക്കുമതി. അതിനാല്‍ വാണിജ്യകമ്മി 3021 കോടി ഡോളറായി കുറഞ്ഞു. സ്വര്‍ണ ഇറക്കമതി 81.27 ഉം വെള്ളി ഇറക്കുമതി 49.11 ഉം ശതമാനം താഴ്ന്നു. ക്രൂഡ് ഓയില്‍ ഇറക്കുമതിച്ചെലവ് 30.76 ശതമാനം കൂടി.

സെപ്റ്റംബറില്‍ അവസാനിച്ച അര്‍ധവര്‍ഷം കയറ്റുമതി 18.51 ശതമാനം കൂടി 25,989 കോടി ഡോളറും ഇറക്കുമതി 16.31 ശതമാനം വര്‍ധിച്ച് 43,753 കോടി ഡോളറുമായി. കമ്മി 17,764 കോടി ഡോളറായി വര്‍ധിച്ചു.

സെപ്റ്റംബറിലെ യുഎസ് മൊത്തവിലക്കയറ്റ (പ്രൊഡ്യൂസര്‍ പ്രൈസ്) കണക്ക് വിദഗ്ധ നിഗമനങ്ങളെക്കാള്‍ കൂടുതലായി. ഓഗസ്റ്റിലെ 5.3ല്‍ നിന്ന് 6.3 ശതമാനമായി ഉയര്‍ന്നു. 2022നു ശേഷമുള്ള ഏറ്റവും വലിയ കയറ്റമാണിത്. ഡിസംബറില്‍ പലിശ കൂട്ടുന്നതിന്റെ സാധ്യത ഇതോടെ 94 ശതമാനമായെന്ന് സിറ്റി ഗ്രൂപ്പ് വിലയിരുത്തി.

യുഎസ് വിപണി കുതിച്ചു

മൊത്തവിലക്കയറ്റം പ്രതീക്ഷയിലും കൂടുതലായെങ്കിലും യുഎസ് വിപണികള്‍ ഇന്നലെ നേട്ടത്തിലായി. എഐ, സെമികണ്ടക്ടര്‍ കമ്പനികളിലെ വില്‍പനസമ്മര്‍ദം കുറഞ്ഞതാണു സഹായിച്ചത്. എന്‍വിഡിയ, എഎംഡി, ഇന്റെല്‍, ഡെല്‍ തുടങ്ങി 20 പ്രമുഖ എഐ, സെമികണ്ടക്ടര്‍ കമ്പനികള്‍ക്ക് ഈയാഴ്ച ഒരു ലക്ഷം കോടി ഡോളറിന്റെ തകര്‍ച്ച ഉണ്ടായി.

നഷ്ടത്തിലോടുന്ന ക്ലൗഡ് കമ്പനിയായ കോര്‍വീവിനു ഭീമമായ കടം അടച്ചുതീര്‍ക്കാന്‍ പറ്റില്ലെന്ന കിംവദന്തിയാണ് ഈ ദിവസങ്ങളില്‍ വിപണിയെ ഉലച്ചത്. കോര്‍വീവിന്റെ പ്രൊമോട്ടര്‍മാര്‍ ഐപിഒയ്ക്കു ശേഷം 330 കോടി ഡോളറിന്റെ ഓഹരിവിറ്റതു വിപണിയില്‍ ആശങ്ക വളരാന്‍ കാരണമായി. 5000 കോടി ഡോളര്‍ കടമുള്ള കമ്പനിയില്‍ എഐ ഭീമന്‍ എന്‍വിഡിയയ്ക്ക് 10 ശതമാനം ഓഹരിയുണ്ട്. കോര്‍വീവിനെപ്പറ്റി ആശങ്ക വേണ്ടെന്ന് എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ് പ്രസ്താവന ഇറക്കിയ ശേഷം വിപണി ശാന്തമായി. കോര്‍വീവിന്റെ 2032 വരെയുള്ള സേവനശേഷിയില്‍ മുന്തിയ പങ്ക് എന്‍വിഡിയ ബുക്ക് ചെയ്തിട്ടുള്ളതാണ്.

ഇന്നലെ ദക്ഷിണ കൊറിയയില്‍ ചിപ്പ് നിര്‍മാതാക്കളായ എസ്‌കെ ഹൈനിക്‌സ് പത്തും സാംസങ് 8.73 ഉം ശതമാനം ഇടിഞ്ഞു. അനുബന്ധ കമ്പനികള്‍ക്കും തകര്‍ച്ചയായി. ടെക്‌നോളജി കമ്പനികളില്‍ വലിയ നിക്ഷേപം നടത്തിയ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ജപ്പാനില്‍ 7.9 ശതമാനം ഇടിഞ്ഞു. തായ്വാനിലെ ചിപ്പ് കമ്പനികളും വീഴ്ചയിലായി. ഇന്ന് അവയെല്ലാം നേട്ടത്തിലാണ്.

വ്യാഴാഴ്ച ഡൗ ജോണ്‍സ് സൂചിക 556.21 പോയിന്റ് (1.08 ശതമാനം) കുതിച്ച് 52,177.69ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 25.12 പോയിന്റ് (0.33%) നേട്ടത്തോടെ 7744.06ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 20.16 പോയിന്റ് (0.08%) ഉയര്‍ന്ന് 26,713.03ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് ഭിന്നദിശകളില്‍

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ ജോണ്‍സ് 32 പോയിന്റ് (0.06%) കയറി. എസ്ആന്‍ഡ്പി 6 പോയിന്റും (0.07%) നാസ്ഡാക് 82 പോയിന്റും (0.27%) താഴ്ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാഴാഴ്ച വ്യാപാരസമയത്ത് 3.98 ശതമാനം ഉയര്‍ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 23.53 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 4.14% കുതിച്ചിട്ട് തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 29.44 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 5.66% കയറിയ ശേഷം തുടര്‍ വ്യാപാരത്തില്‍ 0.08% നേട്ടത്തോടെ 12.14 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 3.89% ഉയര്‍ന്ന് തുടര്‍വ്യാപാരത്തില്‍ 0.53 ശതമാനം താഴ്ന്ന് 1.86 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് നേട്ടത്തില്‍

സെമികണ്ടക്ടര്‍ ഓഹരികള്‍ ഇടിഞ്ഞെങ്കിലും യൂറോപ്യന്‍ ഓഹരിവിപണികള്‍ വ്യാഴാഴ്ച നല്ല നേട്ടം ഉണ്ടാക്കി. ഇന്‍ഫിനിയോണ്‍ ടെക്, എഎസ്എംഎല്‍ ഹോള്‍ഡിംഗ്സ്, എസ്ടി മൈക്രോ തുടങ്ങിയവ നഷ്ടത്തിലായി.

ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍

പ്രധാന ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇടിഞ്ഞ ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക ഇന്നു രാവിലെ2.6 ശതമാനം കുതിച്ചു. ജപ്പാനിലെ നിക്കൈ സൂചിക 1.65 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.75 ശതമാനം നേട്ടത്തിലായി. ഹോങ്‌കോങ്ങിലെ ഹാങ്‌സെങ് 1.30 ശതമാനവും ചൈനയിലെ ഷാങ്ഹായ് സൂചിക 0.45 ശതമാനവും ഉയര്‍ന്നു. തായ്വാന്‍ വിപണി ഒരു ശതമാനം കയറി.

കുതിച്ചുകയറി ഇന്ത്യന്‍ വിപണി

ഏഷ്യന്‍ തകര്‍ച്ചയെ അവഗണിച്ച് ഇന്ത്യന്‍ വിപണി ഇന്നലെ സമീപകാലത്തെ ഏറ്റവും വലിയ കുതിച്ചു കയറ്റം നടത്തി. എന്നാല്‍ മുഖ്യ സൂചികകള്‍ക്കപ്പുറം വിശാലവിപണി മുന്നേറ്റത്തില്‍ പങ്കുചേര്‍ന്നില്ല. മിഡ്, സ്‌മോള്‍ ക്യാപ്പുകളും നഷ്ടത്തിലായി. പ്രധാനമായും സൂചികാധിഷ്ഠിത ലാര്‍ജ് ക്യാപ് ഓഹരികളിലേക്കു വാങ്ങല്‍ മാറിയതാണു കണ്ടത്. മിഡ് ക്യാപ്പുകളില്‍ വലിയ വിറ്റൊഴിയല്‍ നടന്നു.

ഇന്നലെ സൂചികകളെ ഉയര്‍ത്താന്‍ ആരൊക്കെയോ ശ്രമിച്ചു എന്നു വേണം കരുതാന്‍. സൂചികകള്‍ ഉയര്‍ന്നെങ്കിലും വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികള്‍ താഴ്ന്നതിലെ സൂചന അതാണ്. ബിഎസ്ഇയില്‍ 1657 ഓഹരികള്‍ കയറി, 2741 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 1333 ഓഹരികള്‍ കയറിയപ്പോള്‍ 2208 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകരുടെ വില്‍പന ഇന്നലെ വര്‍ധിച്ചു. അവര്‍ ക്യാഷ് വിപണിയില്‍ 5285.37 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3319.39 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.

വ്യാഴാഴ്ച സെന്‍സെക്സ് 1533.72 പോയിന്റ് (2.11%) കുതിച്ച് 74,315.61ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 374 65 പോയിന്റ് (1.66%) നേട്ടത്തോടെ. 22,997.30ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 494.50 പോയിന്റ് (0.89%) ഉയര്‍ന്ന് 55,810.50ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 211.85 പോയിന്റ് (0.36%) താഴ്ന്ന് 59,197.25ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 253.10 പോയിന്റ് (1.31%) ഇടിഞ്ഞ് 19,131.70ല്‍ ക്ലോസ് ചെയ്തു.

ഐഡിബിഐ ബാങ്ക്

പ്രേം വത്സയുടെ ഫെയര്‍ഫാക്‌സിനു വില്‍പന പ്രഖ്യാപിച്ച ഐഡിബിഐ ബാങ്ക് ഓഹരി ഇന്നലെ 8.1 ശതമാനം ഇടിഞ്ഞ് 83.07 രൂപയില്‍ എത്തി. 81 രൂപയാണു ഗവണ്മെന്റിന്റെ വില്‍പന വില. ഫെയര്‍ഫാക്‌സിനു 40 ശതമാനം ഓഹരിയുള്ള സിഎസ്ബി ബാങ്കിന്റെ ഓഹരി 3.19 ശതമാനം താഴ്ന്നു. ഐഐഎഫ്എല്‍ ഗ്രൂപ്പിലെ രണ്ടു ധനകാര്യ കമ്പനികളിലും ഫെയര്‍ ഫാക്‌സിനു ഗണ്യമായ പങ്കാളിത്തം ഉണ്ട്. അവ ചെറിയ നേട്ടം കാണിച്ചു. അവയെ ഐഡിബിഐ ബാങ്കില്‍ ചേര്‍ക്കും എന്നാണു റിപ്പോര്‍ട്ടുകള്‍.

യെസ് ബാങ്ക് ബോണ്ടുകള്‍

2010-ല്‍ യെസ് ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ബാങ്കിന്റെ എടി വണ്‍ ബോണ്ടുകള്‍ എഴുതിത്തള്ളിയ നടപടിയെ സുപ്രീം കോടതി ഇന്നലെ റദ്ദാക്കി. മുംബൈ ഹൈക്കോടതിയുടെ സമാന ഉത്തരവ് അപ്പീലില്‍ ശരിവയ്ക്കുകയായിരുന്നു. 8415 കോടി രൂപയുടെ ബോണ്ടുകളാണ് അന്ന് എഴുതിത്തള്ളിയത്. ബാങ്കിനു വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതാണു വിധി. ബാങ്ക് ഓഹരി 14.53 ശതമാനം ഇടിഞ്ഞു. സര്‍ക്കാര്‍ സഹായം ഇല്ലാതെ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അന്നു ബോണ്ടുകള്‍ എഴുതിത്തള്ളിയത്. ബോണ്ട് ഉടമകളാണു കോടതിയെ സമീപിച്ചത്.

സ്വര്‍ണം കയറുന്നു

യുഎസ് ഫെഡ് പലിശ കൂട്ടുന്നതിനെ പറ്റിയുളള ആശങ്ക കുറഞ്ഞത് ഇന്നലെ സ്വര്‍ണത്തെ ഉയര്‍ത്തി. പക്ഷേ ഇന്നു രാവിലെ വില താഴ്ന്നു. സ്വര്‍ണം വ്യാഴാഴ്ച 65.30 ഡോളര്‍ (1.59%) നേട്ടത്തോടെ ഔണ്‍സിന് 4171.80 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4153 ഡോളറിലേക്കു താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വ്യാഴാഴ്ച 600 രൂപ കുറഞ്ഞ് 1,08,120 രൂപയായി.

വ്യാഴാഴ്ച വെള്ളിവില 3.25 ശതമാനത്തോളം ഉയര്‍ന്ന് ഔണ്‍സിന് 51.55 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 57.37 ഡോളറിലേക്കു താഴ്ന്നു.

പ്ലാറ്റിനം 1618 ഡോളര്‍, പല്ലാഡിയം 1110 ഡോളര്‍, റോഡിയം 8500 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

റബര്‍: വിദേശത്തു താഴ്ച

രാജ്യാന്തര വിപണിയില്‍ റബര്‍ വില വീണ്ടും കുറഞ്ഞു. കേരളത്തില്‍ ഷീറ്റ് ക്ഷാമം മൂലം വില കയറ്റം തുടര്‍ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 291.10 ഡോളറും ആര്‍എസ്എസ് മൂന്ന് 287.70 ഡോളറും ആയി. കേരളത്തില്‍ വ്യാഴാഴ്ച ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,700 രൂപയിലേക്കു കയറി.

ലോഹങ്ങള്‍ ഇടിവില്‍

പലിശപ്പേടിയില്‍അലൂമിനിയം ഒഴികെയുള്ള ലോഹങ്ങള്‍ ഇന്നലെ ഇടിഞ്ഞു. ചെമ്പ് 1.43 ശതമാനം താഴ്ന്നു ടണ്ണിന് 14,538.70 ഡോളര്‍ ആയി. അലൂമിനിയം 0.49 ശതമാനം കയറി 2994.50 ഡോളറില്‍ എത്തി. നിക്കലും ലെഡും ടിന്നും സിങ്കും താഴ്ന്നു.

കൊക്കോ കയറി

കൊക്കോ വില 1.67 ശതമാനം ഉയര്‍ന്നു ടണ്ണിന് 5831 ഡോളറില്‍ ക്ലോസ് ചെയ്തു. അറബിക്ക കാപ്പി പൗണ്ടിന് 1.09 ശതമാനം താഴ്ന്ന് 2.948 ഡോളര്‍ ആയി. പാം ഓയില്‍ 2.21 ശതമാനം ഇടിഞ്ഞ് ടണ്ണിന് 4596 മലേഷ്യന്‍ റിംഗിറ്റ് ആയി.

ഡോളര്‍ സൂചിക താഴ്ന്നു

യുഎസ് ഡോളര്‍ സൂചിക വ്യാഴാഴ്ച താഴ്ന്ന് 102.05 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.08 ലേക്ക് എത്തി.

യൂറോ ഇന്ന് 1.1208 ഡോളറിലേക്കു കയറി. പൗണ്ട് 1.3266 ഡോളറിലാണ്. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 158.14 യെന്‍ ആയി താഴ്ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.69 എന്ന നിലയില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 5.094 ശതമാനമായി ഇടിഞ്ഞു. പലിശനിരക്കു കൂട്ടുമെന്ന ഭീതി അകന്നു എന്നാണ് ഇതു കാണിക്കുന്നത്. 30 വര്‍ഷ കടപ്പത്രങ്ങളുടേത് 5.425 ശതമാനമായി കുറഞ്ഞു. യൂറോപ്യന്‍ കടപ്പതങ്ങളുടെ നിക്ഷേപ നേട്ടവും കുറഞ്ഞു.

രൂപ കയറ്റം തുടരുന്നു

രൂപ നാലാം ദിവസവും ഉയര്‍ന്നു. ഇന്നലെ 94.86 രൂപ വരെ താഴ്ന്ന ഡോളര്‍ പിന്നീട് 95.06 ല്‍ ക്ലോസ് ചെയ്തു. നഷ്ടം 14 പൈസ.

ഇന്നു രാവിലെ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ 94.75 രൂപയിലാണ്. നേരത്തേ 94.53 വരെ എത്തിയിരുന്നു. ഡോളര്‍ സൂചികയും താഴ്ന്നു. രൂപയ്ക്ക് ഇന്നും നേട്ടത്തിനു വഴി ഉണ്ടാകും.

ചൈനീസ് യുവാന്‍ 14.21 രൂപയിലേക്കു താണു. യൂറോ അല്പം കയറി 106.58 രൂപയായി.

ക്രൂഡ് ഓയില്‍ താഴുന്നു

ക്രൂഡ് ഓയില്‍ ഇന്നലെ അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം വ്യാഴാഴ്ച 105.92 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 105. 44 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 97.44 ഡോളറിലാണ്. റഷ്യന്‍ റിഫൈനറികള്‍ക്കു നേരേ യുക്രെയ്ന്‍ ആക്രമണം പുനരാരംഭിച്ചു.

ക്രിപ്‌റ്റോകള്‍ കയറുന്നു

ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നു കയറ്റത്തിലാണ്. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 82,110 ഡോളറിനു മുകളില്‍ വന്നു. ഈഥര്‍ 2430 ഡോളറിനും സൊലാന 105 ഡോളറിനും മുകളില്‍ കയറി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com