

വിപണി വലിയ ചാഞ്ചാട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. സ്വകാര്യ ബാങ്കുകളും ഐടി കമ്പനികളും കുത്തനേ താഴ്ന്നു. നാമമാത്ര നേട്ടത്തില്‍ തുടക്കമിട്ട സൂചികകള്‍ മിനിറ്റുകള്‍ക്കകം 0.5 ശതമാനം ഇടിവിലായി. നിഫ്റ്റി രാവിലെ 22,970 വരെയും സെന്‍സെക്‌സ് 74,169 വരെയും വീണു. പിന്നീടു മുഖ്യസൂചികകള്‍ നേട്ടത്തിലേക്കു വന്നിട്ടു വീണ്ടും നഷ്ടത്തിലായി.
സ്വകാര്യ ബാങ്കുകള്‍ രാവിലെ വലിയ നഷ്ടത്തിലായി. എച്ച്ഡിഎഫ്‌സി ബാങ്ക് 2.2 ഉം ആക്‌സിസ് ബാങ്ക് 4.2ഉം കൊട്ടക് ബാങ്ക് 0.80 ഉം ശതമാനം താഴ്ന്നു. ഫെഡറല്‍ ബാങ്ക് നാലു ശതമാനം ഇടിഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി 3.2 ശതമാനം കയറി.
പൊതുമേഖലാ ബാങ്കുകള്‍ കയറി. മികച്ച ബിസിനസ് വളര്‍ച്ചയും ലാഭവളര്‍ച്ചയും കാഴ്ചവച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് ഏഴു ശതമാനം കുതിച്ചു. കനറാ ബാങ്ക് 3.3ഉം യൂണിയന്‍ ബാങ്ക് 2.8ഉം എസ്ബിഐ രണ്ടും ശതമാനം ഉയര്‍ന്നു. ധനകാര്യ കമ്പനികളും രാവിലെ നഷ്ടത്തിലായി.
കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ച ഐടി സേവന കമ്പനികള്‍ ഇന്നു തുടക്കത്തില്‍ താഴ്ന്നു. പിന്നീടു കയറി.
കരിമ്പിന്‍ നീരില്‍ നിന്നുള്ള എഥനോള്‍ പെട്രോളില്‍ ചേര്‍ക്കുന്നതു വിലക്കി. ഇതു പഞ്ചസാര മില്ലുകളെ നഷ്ടത്തിലാക്കി. ബജാജ് ഹിന്ദുസ്ഥാന്‍, ശ്രീ രേണുക, ദ്വാരികേഷ്, ഡാല്‍മിയ ഭാരത്, ബല്‍റാം പുര്‍, ഇഐഡി പാരി, ശക്തി തുടങ്ങിയവ അഞ്ചു ശതമാനം വരെ ഇടിഞ്ഞു.
രൂപ ഇന്നും നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ എട്ടു പൈസ കുറഞ്ഞ് 94.88 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു 94.76 രൂപയില്‍ എത്തി.
ലോക വിപണിയില്‍ സ്വര്‍ണം ഉയര്‍ന്ന് ഔണ്‍സിന് 4182 ഡോളറില്‍ എത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 280 രൂപ കൂടി 1,08,560 രൂപ ആയി.
ക്രൂഡ് ഓയില്‍ വില അല്‍പം കുറഞ്ഞു. ബ്രെന്റ് ഇനം 107.76 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 100.25 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine