വീണ്ടും പലിശപ്പേടി, ക്രൂഡ് ഓയില്‍ 110 ഡോളറിനു മുകളില്‍, കുറഞ്ഞ തീരുവ വാഗ്ദാനവുമായി അമേരിക്ക; ഏഷ്യന്‍ വിപണികളും താഴ്ചയില്‍

Stock Market Morning Analysis
Image courtesy: Canva
Published on: 

യുദ്ധമേഖലകളില്‍ സംഘര്‍ഷം തുടരുന്നു. സമാധാന ചര്‍ച്ചകള്‍ എങ്ങും മുന്നേറുന്നില്ല. ക്രൂഡ് ഓയില്‍ 110 ഡോളറിനു മുകളില്‍ നില്‍ക്കുന്നു. ടെക്‌നോളജി ഭീമന്മാരുടെ റിസല്‍ട്ട് പ്രതീക്ഷയോളം വരാത്തതിനാല്‍ യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ചയിലാണ്. ഏഷ്യന്‍ വിപണികളും നഷ്ടത്തിലായി. യൂറോപ്പിലടക്കം പലിശപ്പേടി വിപണികളില്‍ വീണ്ടും കടുത്തു.

റിലയന്‍സിന്റെ ജിയോ പ്ലാറ്റ്‌ഫോംസിന് റെക്കോര്‍ഡ് അപേക്ഷകള്‍ ഒന്നാം ദിവസം ലഭിച്ചെങ്കിലും റീട്ടെയില്‍ അപേക്ഷകള്‍ 70 ശതമാനമേ ആയുള്ളൂ. ഓഹരിക്ക് അനൗപചാരിക വിപണിയില്‍ 250 രൂപയിലധികം പ്രീമിയം ഉണ്ട്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 22,782.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,658 വരെ താഴ്ന്നിട്ട് അല്പം ഉയര്‍ന്നു. ഇന്ത്യന്‍ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

ഇന്ത്യ-യുഎസ് വ്യാപാര കരാറിനു പുതിയ നീക്കം

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ മുംബൈ-ജാംനഗര്‍ സന്ദര്‍ശനം ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയുടെ കാര്യത്തില്‍ പുതിയ ഓഫറിനു വഴിതുറന്നു. വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്ക്. ചുമത്തുന്നതിലും കുറഞ്ഞ തീരുവയാകും ഇന്ത്യക്ക് എന്നതാണു പുതിയ ഓഫര്‍. ഇത് എത്രയാണെന്ന് പുറത്തുവന്നിട്ടില്ല. കരാര്‍ വേഗം ഉണ്ടാകുമെന്നു റൂബിയോയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു. എന്നാല്‍ ഇന്ത്യ 24 മണിക്കൂറിനു ശേഷവും പ്രതികരിച്ചിട്ടില്ല.

ഇന്ത്യക്കെതിരായ സൂപ്പര്‍ 301 അന്വേഷണം തുടരുകയാണ്. അതു വച്ച് പിന്നീടു തീരുവ കൂട്ടാം എന്ന ഭീഷണിയുണ്ട്. നവംബര്‍ മൂന്നിനു യുഎസ് തെരഞ്ഞെടുപ്പ് നടക്കുന്നു. അതില്‍ ട്രംപിന്റെ പാര്‍ട്ടിക്കു തിരിച്ചടി ഉണ്ടാകും എന്നാണു സൂചന. പെട്ടെന്നു കരാറിലേക്കു നീങ്ങാന്‍ ഇന്ത്യ മടിക്കുന്നത് ഈ സാഹചര്യത്തിലാണ്. റിലയന്‍സിന്റെ അടക്കം ഇന്ത്യന്‍ റിഫൈനറികള്‍ കൂടുതല്‍ വെനസ്വെലന്‍ ക്രൂഡ് ഓയില്‍ വാങ്ങി ശുദ്ധീകരിച്ചു ലോകവിപണിയിലെ ഡീസല്‍ ക്ഷാമം തീര്‍ക്കണം എന്നതാണു യുഎസിന്റെ അടിയന്തരാവശ്യം. അതു വച്ചു വിലപേശി കാര്യങ്ങള്‍ അനുകൂലമാക്കാന്‍ ഇന്ത്യ ശ്രമിക്കും.

യുഎസ് വിപണി വീണ്ടും കയറി

അമേരിക്കന്‍ വിപണികള്‍ ഇന്നലെയും മുന്നേറ്റം നടത്തി. എന്നാല്‍ ഇന്നു യുഎസ് ഫ്യൂച്ചേഴ്‌സ് വലിയ ഇടിവിലാണ്. ലാഭത്തിലേക്കുള്ള സ്‌പേസ് എക്‌സിന്റെ മാറ്റവും ടെസ്ല-സ്‌പേസ് എക്‌സ് ലയന നീക്കവും വിപണിക്ക് ഇന്നലെ ആവേശമായി. സ്‌പേസ് എക്‌സ് ഏഴു ശതമാനം കുതിച്ചു. ടെസ്ല മൂന്നു ശതമാനം കയറി.

സ്‌പേസ് എക്‌സിന്റെ എഐ ബിസിനസ് ഒന്‍പതു മടങ്ങു വളര്‍ന്നത് എഐ, ചിപ്പ് കമ്പനികള്‍ക്ക് നേട്ടമായി. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ലിക്‌സ് ബിസിനസ് പ്രതീക്ഷ കുറച്ചതു മൂലം അഞ്ചു ശതമാനം ഇടിഞ്ഞു.

ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 360.21 പോയിന്റ് (0.69 ശതമാനം) ഉയര്‍ന്ന് 52,856.09ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 44.60 പോയിന്റ് (0.58%) നേട്ടത്തോടെ 7757.17ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 278.04 പോയിന്റ് (1.05%) താഴ്ന്ന് 26,702.86ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് ഇടിയുന്നു

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴോട്ടാണ്. ടെസ്ല, ഐബിഎം ഓഹരികള്‍ ഇടിയുന്നതും മെറ്റ നേട്ടം കുറച്ചതും ഫ്യൂച്ചേഴ്‌സിനെ താഴോട്ടു വലിക്കുന്നു. മൂന്നാം പാദത്തില്‍ മെറ്റ 26 ശതമാനം വരുമാന വര്‍ധന കാണിച്ചു. നാലാം പാദ വരുമാന പ്രതീക്ഷ ഉയര്‍ത്തി. ഓഹരി തുടര്‍വ്യാപാരത്തില്‍ 2.17 ശതമാനം കയറി. ടെസ്ല പ്രതീക്ഷയിലും മികച്ച മൂന്നാം പാദ റിസല്‍ട്ട് പുറത്തുവിട്ടു. വാഹന വരുമാനം മൂന്നു ശതമാനം കുറഞ്ഞു. ഓഹരി 3.32 ശതമാനം താഴ്ന്നു. ഐബിഎം വരുമാനവും അറ്റാദായവും പ്രതീക്ഷയേക്കാള്‍ മോശമായി. ഓഹരി 4.64 ശതമാനം ഇടിഞ്ഞു.

ഡൗ ജോണ്‍സ് 163 പോയിന്റും (0.31%) എസ്ആന്‍ഡ്പി 37 പോയിന്റും (0.47%) നാസ്ഡാക് 255 പോയിന്റും (0.85%) താഴ്ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ബുധനാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാരസമയത്ത് 1.69 ശതമാനം താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.09% കുറഞ്ഞ് 22.65 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.14% താഴ്ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ 1.60 ശതമാനം കുതിച്ച് 30.01 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 0.71% ഉയര്‍ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 1.58% നഷ്ടത്തോടെ 12.55 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 4.88% കുതിച്ചുകയറിയ ശേഷം തുടര്‍വ്യാപാരത്തില്‍ 1.32 ശതമാനം താഴ്ന്ന് 2.1217 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് കുതിച്ചു

മികച്ച കമ്പനി റിസല്‍ട്ടുകളുടെ ബലത്തില്‍ യൂറോപ്യന്‍ ഓഹരിവിപണികള്‍ ബുധനാഴ്ച കുതിച്ചു കയറി. ബ്രിട്ടനിലെ ചില്ലറ വിലക്കയറ്റം 3.5 ശതമാനമായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കൂട്ടും എന്ന് ഉറപ്പായി. വീണ്ടും കലാപഭീതി നിലനില്‍ക്കുന്ന ഫ്രാന്‍സില്‍ പത്തു വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം അഞ്ചു ശതമാനം കടന്നു. ഇതു മറ്റു രാജ്യങ്ങളിലും കടപ്പത്ര വിപണിയെ ഉലയ്ക്കുമോ എന്ന് ആശങ്കയുണ്ട്.

ഏഷ്യന്‍ വിപണികള്‍ താഴുന്നു

പ്രധാന ഏഷ്യന്‍ വിപണികള്‍ ഇന്നു നഷ്ടത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക രാവിലെ 0.80 ശതമാനം താഴ്ന്നു. കൊറിയന്‍ കേന്ദ്രബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. ജപ്പാനിലെ നിക്കൈ സൂചിക 0.72 ശതമാനം നഷ്ടത്തിലാണ്. ഓസ്‌ട്രേലിയന്‍ സൂചിക 0.65 ശതമാനം താഴ്ന്നു. ഹാങ് സെങ് സൂചിക 1.28 ശതമാനം താഴ്ചയിലാണ്. ചൈനയിലെ ഷാങ്ഹായ് സൂചിക 0.60 ശതമാനം താഴ്ന്നു. തായ്വാന്‍ സൂചിക 0.20 ശതമാനം ഉയര്‍ന്നു.

ഇന്ത്യന്‍ വിപണി ദുര്‍ബലം

ഇന്ത്യന്‍ വിപണി ഇന്നലെയും താഴ്ന്നു. ക്ലോസിംഗ് ഓക്ഷന്‍ സെഷനിലെ മികച്ച നേട്ടം മുഖ്യസൂചികകളിലെ നഷ്ടം ചെറുതാണെന്നു കാണിച്ചു. എന്നാല്‍ വിശാല വിപണി വലിയ തകര്‍ച്ചയിലായിരുന്നു. മിഡ്, സ്മോള്‍ ക്യാപ് സൂചികകളുടെ ഇടിവ് അതാണു കാണിക്കുന്നത്.

രാവിലെ ആവേശപൂര്‍വം തുടങ്ങി കൂടുതല്‍ മുന്നേറിയ സൂചികകള്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ താഴോട്ടു നീങ്ങി. സെന്‍സെക്‌സ് 1400 പോയിന്റ് വരെ താഴ്ന്ന ശേഷം നഷ്ടം കുറച്ചു.

ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐപിഒയ്ക്ക് വലിയ വരവേല്‍പ്പ് നല്‍കിയ വിപണിയില്‍ ഐടി ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലായി. ഐടി സൂചിക 2.88 ശതമാനം കുതിച്ചു.

വിശാലവിപണിയില്‍ ഉയരുന്ന ഓരോഹരിക്കു നാല് ഓഹരികള്‍ താഴുന്ന അവസ്ഥയായിരുന്നു. ബിഎസ്ഇയില്‍ 904 ഓഹരികള്‍ കയറി, 3554 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 605 ഓഹരികള്‍ കയറിയപ്പോള്‍ 2970 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകര്‍ ബുധനാഴ്ച വാങ്ങലുകാരായി. അവര്‍ ക്യാഷ് വിപണിയില്‍ 1022.32 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1614.32 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി.

ബുധനാഴ്ച സെന്‍സെക്സ് 143.21 പോയിന്റ് (0.19%) താഴ്ന്ന് 73,709.69ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 77.60 പോയിന്റ് (0.34%) നഷ്ടത്തോടെ 22,811.35ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 511.20 പോയിന്റ് (0.92%) താഴ്ന്ന് 54,976.90ല്‍ ക്ലോസ് ചെയ്തു. മിഡ്ക്യാപ് 100 സൂചിക 922.10 പോയിന്റ് (1.58%) ഇടിവോടെ 57,565.85ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 448.45 പോയിന്റ് (2.3 7%) താഴ്ന്ന് 18,487.30ല്‍ ക്ലോസ് ചെയ്തു.

കമ്പനികള്‍, വാര്‍ത്തകള്‍

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് രണ്ടാം പാദത്തില്‍ അറ്റപലിശ വരുമാനം 13.2% കൂടിയപ്പോള്‍ അറ്റാദായം 55% വര്‍ധിപ്പിച്ചു. മൊത്ത വരുമാനം 18/ കൂടി. ആസ്തിവര്‍ധന 21%.

ഇന്ത്യന്‍ ഹോട്ടല്‍സ് രണ്ടാം പാദത്തില്‍ 21.7 ശതമാനം വരുമാന വര്‍ധനയും 19.5% അറ്റാദായവര്‍ധനയും കാണിച്ചു. ലാഭമാര്‍ജിന്‍ 27.9 ല്‍ നിന്നു 19.95% ആയി താഴ്ന്നു.

കെഇഐ ഇന്‍ഡസ്ട്രീസ് രണ്ടാം പാദത്തില്‍ വരുമാനം 38.5% കൂടിയപ്പോള്‍ അറ്റാദായം 29.3% മാത്രം വര്‍ധിച്ചു. ലാഭ മാര്‍ജിനും അറ്റാദായവും പ്രതീക്ഷയിലും താഴെയായി.

സൊമാറ്റോ, ബ്ലിങ്കിറ്റ് ഉടമകളായ എറ്റേണലിനു രണ്ടാം പാദ വരുമാനം 19.4% കൂടിയപ്പോള്‍ അറ്റാദായം 35.9% കുതിച്ചു. ലാഭ മാര്‍ജിന്‍ 2.93ല്‍ നിന്ന് 3.1% ആയി വര്‍ധിച്ചു.

സ്‌പെയിനിലെ ഉപകമ്പനിക്കെതിരായ 340 കോടിയില്‍ പരം രൂപയുടെ നികുതി കേസില്‍ കമ്പനിക്കനുകൂലമായി വിധി വന്നു.

776 കോടി രൂപയുടെ ചെറുറഡാറുകള്‍ക്കു ഭാരത് ഇലക്ട്രോണിക്‌സിനു പ്രതിരോധ മന്ത്രാലയ ഓര്‍ഡര്‍ ലഭിച്ചു.

സ്വര്‍ണം ചാഞ്ചാടുന്നു

മുന്‍ ദിവസങ്ങളിലെ താഴ്ചയില്‍ നിന്നു മാറി ഇന്നലെ സ്വര്‍ണവിപണി അല്പം കയറി. എന്നാല്‍ ഇന്നു രാവിലെ ഇടിവിലായി. ബുധനാഴ്ച 16.20 ഡോളര്‍ (0.39%) നേട്ടത്തോടെ ഔണ്‍സിന് 4142.30 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 4114 ഡോളറില്‍ എത്തി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ബുധനാഴ്ച വിലമാറ്റം ഇല്ലാതെ 1,07,120 രൂപ നിലനിര്‍ത്തി. വെള്ളിവില ബുധനാഴ്ച ഔണ്‍സിന് 58.10 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 57.48 ഡോളറിലേക്കു താഴ്ന്നു. പ്ലാറ്റിനം 1604 ഡോളര്‍, പല്ലാഡിയം 1062 ഡോളര്‍, റോഡിയം 8625 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

റബര്‍: വിദേശത്തു താണു, ഇന്ത്യയില്‍ കയറി

രാജ്യാന്തര വിപണിയില്‍ റബര്‍ വില താഴ്ന്നു. കേരളത്തില്‍ മഴ മൂലം വിലക്കയറ്റം തുടര്‍ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 290.20 ഡോളറും ആര്‍എസ്എസ് മൂന്ന് 286.80 ഡോളറും ആയി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,950 രൂപയിലേക്കു കയറി.

ലോഹങ്ങള്‍ കയറി

ചെമ്പ് ഒഴികെ വ്യാവസായിക ലോഹങ്ങള്‍ ബുധനാഴ്ച ഉയര്‍ന്നു. ചെമ്പ് ഇന്നലെ 0.48 ശതമാനം താഴ്ന്നു ടണ്ണിന് 14,470.00 ഡോളര്‍ ആയി. ചെമ്പിനു യുഎസ് തിരുവ വര്‍ധിപ്പിക്കാനിടയില്ലെന്ന സൂചനയിലാണു താഴ്ന്നത്. അലൂമിനിയം 0.69 ശതമാനം കയറി 3024.50 ഡോളറില്‍ എത്തി. നിക്കല്‍ 3.11 ശതമാനം കുതിച്ചു. ടിന്നും ലെഡും സിങ്കും മുന്നേറി.

കൊക്കോ ഉയര്‍ന്നു

കൊക്കോ വില 0.66 ശതമാനം ഉയര്‍ന്ന് ടണ്ണിന് 5839 ഡോളറില്‍ ക്ലോസ് ചെയ്തു. അറബിക്ക കാപ്പി പൗണ്ടിന് 1.72 ശതമാനം കയറി 3.166 ഡോളര്‍ ആയി. പാം ഓയില്‍ 1.04 ശതമാനം താഴ്ന്ന് ടണ്ണിന് 4767 മലേഷ്യന്‍ റിംഗിറ്റ് ആയി.

ഡോളര്‍ സൂചിക ഇടിവില്‍

യുഎസ് ഡോളര്‍ സൂചിക ബുധനാഴ്ച അല്‍പം കയറി 101.78ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.72 ലേക്ക് താഴ്ന്നു.

യൂറോ ഇന്ന് 1.1232 ഡോളറിലും പൗണ്ട് 1.3394 ഡോളറിലും ആണ്. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 158.17 യെന്‍ ആയി നില്‍ക്കുന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.68 എന്ന നിലയില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 5.107 ശതമാനമായി കുറഞ്ഞു.

രൂപ വീണ്ടും കയറി

രൂപ തുടര്‍ച്ചയായ എട്ടാം ദിവസവും ഉയര്‍ന്നു. എട്ടു വര്‍ഷത്തിനിടയില്‍ ഇതാദ്യമാണു തുടര്‍ച്ചയായി ഇത്ര ദിവസം രൂപ കയറുന്നത്. 2.45 ശതമാനം നേട്ടം ഈ ദിവസങ്ങളില്‍ ഉണ്ടായി.

ബുധനാഴ്ച 46 പൈസ താഴ്ന്ന ഡോളര്‍ 94.47 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ 94.30 രൂപയിലേക്കു താഴ്ന്നിട്ടു 94.47 ലേക്കു കയറി. ഡോളര്‍ സൂചികയും താഴ്ചയിലാണ്. രൂപയ്ക്കു വീണ്ടും കയറ്റത്തിനു സാധ്യതയുണ്ട്.

ചൈനീസ് യുവാന്‍ 14.14 രൂപയില്‍ എത്തി. യൂറോ താഴ്ന്ന് 106.13 രൂപയായി.

ക്രൂഡ് ഓയില്‍ 110 ല്‍

ഹോര്‍മുസിലും സൗദി അറേബ്യയിലും അക്രമങ്ങള്‍ തുടരുന്നു. ക്രൂഡ് ഓയില്‍ 110 ഡോളറിനടുത്തു നില്‍ക്കുന്നു. ബ്രെന്റ് ഇനം ബുധനാഴ്ച 108.82 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയര്‍ന്ന് 110.16 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 98.22 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ ഉയര്‍ന്നു

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും നേട്ടത്തിലായി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 84,100 ഡോളറിനു മുകളിലായി. ഈഥര്‍ 2470 ഡോളറിനും സൊലാന 107.00 ഡോളറിനും മുകളില്‍ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com