ഇസ്രയേലില്‍ നെതന്യാഹു മുന്നില്‍, എണ്ണവില കുതിക്കുന്നു; ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് എന്ത് സംഭവിക്കും?

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനം രാത്രി വരുന്നതു കാത്തു നീങ്ങുകയാണു വിപണികള്‍
Stock Market Morning Analysis
Image courtesy: Canva
Published on: 

ഇറാന്‍ ഹോര്‍മുസിലും ഇറാന്‍ പിന്തുണയ്ക്കുന്ന ഹൂതികള്‍ സൗദി അറേബ്യയിലും ആക്രമണങ്ങള്‍ തുടരുന്നു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനം രാത്രി വരുന്നതു കാത്തു നീങ്ങുകയാണു വിപണികള്‍. ഡോളര്‍ സൂചിക ഉയര്‍ന്നു. യൂറോയും യെന്നും താഴ്ന്നു.

ഇസ്രയേലിലെ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലെങ്കിലും പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഗ്രൂപ്പിനാണു മുന്‍തൂക്കം. ഇതു പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങള്‍ക്ക് സഹായകമല്ല.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,749.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,635 വരെ താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

ഫെഡ് തീരുമാനം ഇന്നുരാത്രി

യുഎസ് ഫെഡറല്‍ റിസര്‍വ് ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി യോഗം ഇന്നു സമാപിക്കും. ഇന്ത്യന്‍ സമയം പാതിരാവോടെ തീരുമാനം അറിയാം. പലിശനിരക്ക് മാറ്റുകയില്ലെന്നാണ് വിപണി കരുതുന്നത്. മാറ്റാതിരിക്കാന്‍ 93.4 ശതമാനം സാധ്യതയാണു സിഎംഇ ഫെഡ് വാച്ച് കാണിക്കുന്നത്. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് വ്യാഴാഴ്ചയും ബാങ്ക് ഓഫ് ജപ്പാന്‍ വെള്ളിയാഴ്ചയും നിരക്കു തീരുമാനം അറിയിക്കും. അവയും ഈ മാസം നിരക്കു കൂട്ടില്ല എന്നാണു നിഗമനം.

യുഎസ് വിപണി മുന്നേറി

യുഎസ് വിപണി മുന്നേറ്റം തുടര്‍ന്നു. ചിപ് കമ്പനികളിലെ താല്പര്യം വിപണി വീണ്ടെടുത്തത് നാസ്ഡാക് സൂചികയെ ഒരു ശതമാനത്തിലധികം ഉയര്‍ത്തി. ബ്രോഡ്കോം, മൈക്രോണ്‍, എഎംഡി തുടങ്ങിയവ അഞ്ചു ശതമാനത്തോളം കയറി. പുതിയതലമുറ ഫിന്‍ടെക് കമ്പനി സോഫി ടെക്‌നോളജീസ് മികച്ച റിസല്‍ട്ടിനു ശേഷം വരുമാന പ്രതീക്ഷ ഉയര്‍ത്തിയത് ഓഹരിയെ 13.42 ശതമാനം കുതിപ്പിലാക്കി. ബോയിംഗ് കമ്പനി മാക്സ് 10 വിമാനങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുകയില്ല എന്നു പ്രഖ്യാപിച്ചത് ഓഹരിയെ 10.69 ശതമാനം ഇടിവിലാക്കി.

ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 15.99 പോയിന്റ് (0.03 ശതമാനം) ഉയര്‍ന്ന് 52,377.57ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 45.83 പോയിന്റ് (0.60%) നേട്ടത്തോടെ 7722.60ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 308.43 പോയിന്റ് (1.18%) മുന്നേറി 26,477.81ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് ഫ്‌ലാറ്റ്

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ ജോണ്‍സ് 77 പോയിന്റ് (0.15 ശതമാനം) താഴ്ന്നു. എസ്ആന്‍ഡ്പി 4 പോയിന്റും (0.03%) നാസ്ഡാക് 57 പോയിന്റും (0.19%) ഉയര്‍ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ചൊവ്വാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാരസമയത്ത് 1.61 ശതമാനം താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.23% ഉയര്‍ന്ന് 21.41 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.23% താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.28% കയറി 29.00 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 2.57% ഇടിഞ്ഞ ശേഷം തുടര്‍ വ്യാപാരത്തില്‍ 0.49% നഷ്ടത്തോടെ 12.05 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 2.39% താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 2.04 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് നേട്ടത്തില്‍

യൂറോപ്യന്‍ ഓഹരിവിപണികള്‍ ചൊവ്വാഴ്ചയും മുന്നേറ്റം നടത്തി. ഐടി സേവന മേഖലയിലെ കമ്പനികള്‍ നേട്ടം തുടര്‍ന്നു. എന്നാല്‍ റീട്ടെയില്‍ വ്യാപാരമേഖല വെല്ലുവിളി നേരിടുന്നു എന്ന റിപ്പോര്‍ട്ട് എഫ്ടിഎസ്ഇ സൂചികയെ താഴ്ത്തി.

ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍

പ്രധാന ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക അഞ്ചു ശതമാനം ഉയര്‍ന്നു. കൊറിയയിലെ പ്രമുഖ സെമികണ്ടക്ടര്‍ കമ്പനിയായ എസ്‌കെ ഹൈനിക്‌സ് റെക്കോര്‍ഡ് നേട്ടങ്ങളോടെ മൂന്നാം പാദ റിസല്‍ട്ട് പുറത്തിറക്കി. വരുമാനം 32 ഉം ലാഭം 38 ഉം ശതമാനം കൂടി. ഓഹരി അഞ്ചു ശതമാനം കയറി. സാംസങ് ഓഹരി 6.5% ഉയര്‍ന്നു. ജപ്പാനിലെ നിക്കൈ സൂചിക 1.4 ശതമാനം കയറി. തായ്വാന്‍ സൂചിക 1.6 ശതമാനം നേട്ടത്തിലായി. ഷാങ്ഹായ് സൂചിക 0.80 ശതമാനം കയറി.

വിപണി ദുര്‍ബലം, സ്‌മോള്‍ ക്യാപ്പുകള്‍ കുതിച്ചു

ചൊവ്വാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം നാമമാത്ര നേട്ടത്തില്‍ അവസാനിച്ചു. എന്നാല്‍ സ്‌മോള്‍ ക്യാപ് 100 സൂചികയുടെ 2.7 ശതമാനം കുതിപ്പും മിഡ് ക്യാപ് 100 സൂചികയുടെ ഒരു ശതമാനം കയറ്റവും വിശാലവിപണിയുടെ മാറിയ സമീപനം കാണിക്കുന്നു. ഐടി സേവനമേഖല വലിയ ഇടിവിലായി.

2.12 ലക്ഷം കോടി രൂപയുടെ പ്രതിരോധ വാങ്ങല്‍ തീരുമാനം പ്രതിരോധ ഓഹരി സൂചികയെ 1.82 ശതമാനം ഉയര്‍ത്തി. മീഡിയ, ഓട്ടോ, ഫാര്‍മ, റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍, കാപ്പിറ്റല്‍ മാര്‍ക്കറ്റ്, ടൂറിസം, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് തുടങ്ങിയവ നല്ല മുന്നേറ്റം നടത്തി. ബാങ്ക്, ധനകാര്യ മേഖലകള്‍ നഷ്ടത്തിലായി.

വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ കയറി. ബിഎസ്ഇയില്‍ 2904 ഓഹരികള്‍ ഉയര്‍ന്നു, 1427 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 2451 ഓഹരികള്‍ കയറിയപ്പോള്‍ 1092 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകര്‍ ചൊവ്വാഴ്ച വലിയ വാങ്ങലുകാരായി. അവര്‍ ക്യാഷ് വിപണിയില്‍ 4240.39 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1250.03 കോടി രൂപയുടെ അറ്റ വില്പന നടത്തി.

ചൊവ്വാഴ്ച സെന്‍സെക്സ് 8.08 പോയിന്റ് (0.01%) താഴ്ന്ന് 73,598.67 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 3.45 പോയിന്റ് (0.02%) കുറഞ്ഞ് 22,749.75 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 391.80 പോയിന്റ് (0.72%) നഷ്ടത്തോടെ 53,974.90ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 564.50 പോയിന്റ് (1.00%) നേട്ടത്തോടെ 57,029.90ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 483.70 പോയിന്റ് (2.69%) കുതിച്ച് 18,468.70ല്‍ ക്ലോസ് ചെയ്തു.

കമ്പനികള്‍, വാര്‍ത്തകള്‍

ജിയോ പ്ലാറ്റ് ഫോംസ് റെക്കോര്‍ഡ് ഐപിഒയ്ക്കു ശേഷം ഇന്നു ലിസ്റ്റ് ചെയ്യും. ഗ്രേ മാര്‍ക്കറ്റില്‍ 250 രൂപ പ്രീമിയം നിലനിര്‍ത്തുന്ന ഓഹരി ഇഷ്യൂ വിലയേക്കാള്‍ ഉയര്‍ന്നാകും ലിസ്റ്റ് ചെയ്യുക എന്നാണു നിഗമനം. ഇന്ത്യയുടെ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വിപണിയുടെ 50 ശതമാനത്തോളം ജിയോയുടെ കൈയിലാണ്. അനാലിസ്റ്റുകള്‍ ഓഹരിക്കു മികച്ച ദീര്‍ഘകാല നേട്ടം പ്രവചിക്കുന്നു.

വെള്ളിയാഴ്ച ചേരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡ് നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചര്‍ (എന്‍സിഡി) ഇറക്കുന്ന കാലയം ആലോചിക്കും. സെപ്റ്റംബര്‍ പാദത്തിലെ റിസല്‍ട്ടും അന്നു പ്രസിദ്ധപ്പെടുത്തും.

പ്രീമിയം ഇനങ്ങളുടെ വില്‍പന കൂടിയതു യുനൈറ്റഡ് ബ്രൂവറീസിന്റെ ലാഭത്തില്‍ 190 ശതമാനം കുതിപ്പുണ്ടാക്കി. വില്‍പന അളവില്‍ 16 ശതമാനം കൂടിയപ്പോള്‍ പ്രീമിയം ഇനങ്ങളുടെ വില്‍പന 38% വര്‍ധിച്ചു. ഹൈനക്കന്‍ സില്‍വറും കിംഗ് ഫിഷര്‍ അള്‍ട്രായുമാണു വില്‍പനയില്‍ കുതിച്ചത്. വിറ്റുവരവിലെ വര്‍ധന 24 ശതമാനം. ലാഭമാര്‍ജിന്‍ 4.8% കൂടി.

സ്റ്റീല്‍ ഭീമന്‍ സെയിലിന്റെ വിറ്റുവരവ് 19.8% വര്‍ധിച്ചപ്പോള്‍ അറ്റാദായം 318.1 ശതമാനം കുതിച്ചു. എന്നാല്‍ അനാലിസ്റ്റുകളുടെ പ്രതീക്ഷയിലും കുറവായി ലാഭം. ലാഭമാര്‍ജിന്‍ ഗണ്യമായി കൂടി.

റെയ്മണ്ട് റിയല്‍റ്റി രണ്ടാം പാദത്തില്‍ വരുമാനം 7.4% കൂട്ടിയപ്പോള്‍ അറ്റാദായം 11.8% കുറഞ്ഞു. പ്രവര്‍ത്തന ലാഭവും മാര്‍ജിനും മെച്ചപ്പെട്ടിട്ടുണ്ട്. ബുക്കിംഗ് വില 98% കൂടി.

ഇന്‍ഡസ് ടവേഴ്സിനു രണ്ടാം പാദത്തില്‍ വരുമാനം നാലു ശതമാനം ഉയര്‍ന്നപ്പോള്‍ അറ്റാദായം2.5 ശതമാനം താഴ്ന്നു.

ടാറ്റാ കാപ്പിറ്റലിന് രണ്ടാം പാദത്തില്‍ വരുമാനം 20.7% കൂടിയപ്പോള്‍ അറ്റാദായം 51.32% കുതിച്ചു. കമ്പനി നല്‍കിയ വായ്പകളുടെ തുക 26 ശതമാനം വര്‍ധിച്ച് 3.08 ലക്ഷം കോടി രൂപയായി.

സ്വര്‍ണം ഉയര്‍ന്നു

പലിശപ്പേടി മാറുകയും ക്രൂഡ് ഓയില്‍ വില താഴുകയും ചെയ്ത ഇന്നലെയും സ്വര്‍ണം നേട്ടമുണ്ടാക്കി. ചൊവ്വാഴ്ച 43.10 ഡോളര്‍ (1.07%) കയറിയ സ്വര്‍ണം ഔണ്‍സിന് 4061.30 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4071 ഡോളറിലേക്കു കയറിയ ശേഷം 4054 ലേക്കു താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ചൊവ്വാഴ്ച 400 രൂപ കൂടി 1,05,080 രൂപ ആയി. വെള്ളിവില ഇന്നലെ ഔണ്‍സിന് 54.55 ഡോളറില്‍ ക്ലോസ് ചെയ്തു. പ്ലാറ്റിനം 1538 ഡോളര്‍, പല്ലാഡിയം 1019 ഡോളര്‍, റോഡിയം 8625 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

റബര്‍: വിദേശത്തു താഴ്ന്നു, കേരളത്തില്‍ കയറി

റബര്‍ വില വിദേശത്തു താഴ്ന്നു. ഡോളറിന്റെ കരുത്താണു കാരണം. എന്നാല്‍ കേരളത്തില്‍ വില കയറ്റം തുടര്‍ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 286.75 ഉം ആര്‍എസ്എസ് മൂന്ന് 283.35 ഉം ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 29,500 രൂപയിലേക്കു കയറി.

ലോഹങ്ങള്‍ കുതിച്ചു

നിക്കല്‍ ഒഴികെ വ്യാവസായിക ലോഹങ്ങള്‍ ചൊവ്വാഴ്ച ഉയര്‍ന്നു. ചെമ്പ് 0.86 ശതമാനം കയറി ടണ്ണിന് 14,625.00 ഡോളര്‍ ആയി. അലൂമിനിയം 1.53 ശതമാനം കുതിച്ച് 3087.00 ഡോളറില്‍ എത്തി. നിക്കല്‍ താഴ്ന്നു. ടിന്നും ലെഡും സിങ്കും ഉയര്‍ന്നു.

കൊക്കോ ഉയര്‍ന്നു

കൊക്കോ വില 1.35 ശതമാനം ഉയര്‍ന്ന് ടണ്ണിന് 5564.18 ഡോളറില്‍ ക്ലോസ് ചെയ്തു. അറബിക്ക കാപ്പി പൗണ്ടിന് 2.27 ശതമാനം കുറഞ്ഞ് 2.94 ഡോളര്‍ ആയി. പാം ഓയില്‍ 1.84 ശതമാനം താഴ്ന്നു ടണ്ണിന് 4701 മലേഷ്യന്‍ റിംഗിറ്റ് ആയി.

ഡോളര്‍ സൂചിക കയറ്റത്തില്‍

യുഎസ് ഡോളര്‍ സൂചിക ചൊവ്വാഴ്ചയും ഉയര്‍ന്നു 102.32 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.38 ലേക്ക് കയറി. യൂറോ ഇന്ന് 1.1123 ഡോളറിലും പൗണ്ട് 1.3301 ഡോളറിലും ആണ്. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 157.91 യെന്‍ ആയി താണു.

ചൈനീസ് യുവാന്‍ ഡോളറിന് 6.67 യുവാനില്‍ തുടര്‍ന്നു. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 5.02 ശതമാനമായി ഉയര്‍ന്നു.

രൂപയ്ക്കു നേട്ടം

രൂപ അല്‍പം കയറി. ചൊവ്വാഴ്ച ഡോളര്‍ 8 പൈസ കുറഞ്ഞ് 95.11 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിപണിയില്‍ സജീവമായിരുന്നു.

ഇന്നു രാവിലെ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ 95.23 രൂപയില്‍ എത്തിയിട്ടു 95.11 ലേക്കു താഴ്ന്നു. ഡോളര്‍ സൂചിക കയറുമ്പോള്‍ രൂപയുടെ നിരക്കില്‍ സമ്മര്‍ദം ഉണ്ടാകും.

ചൈനീസ് യുവാന്‍ 14.26 രൂപയായും യൂറോ 105.87 രൂപയായും താഴ്ന്നു.

ക്രൂഡ് ഓയില്‍ കയറുന്നു

ക്രൂഡ് ഓയില്‍ ചൊവ്വാഴ്ച 1.67 ശതമാനം താഴ്ന്നു. പക്ഷേ ഇന്ന് അതത്രയും തിരിച്ചുകയറി. ബ്രെന്റ് ഇനം ഇന്നലെ താഴ്ന്ന് 113.88 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഉയര്‍ന്ന് 115.59 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 101.13 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ നേട്ടത്തില്‍

ക്രിപ്‌റ്റോ കറന്‍സികള്‍ തിരിച്ചു കയറ്റത്തിലായി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 80,650 ഡോളറിനു മുകളില്‍ കയറി. ഈഥര്‍ 2340 ഡോളറിനും സൊലാന 101.00 ഡോളറിനും മുകളിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com