

വിപണികള്‍ പൊതുവേ നേട്ടത്തിലാണ്. യുഎസ്, ജാപ്പനീസ് വിപണികളിലെ മുന്നേറ്റം ഇന്ത്യന്‍ വിപണിയെയും സഹായിക്കാം. വിദേശനിക്ഷേപകര്‍ ഇന്നലെ
വലിയ വാങ്ങലുകാരായതും സഹായകമാണ്. ഇന്നുരാത്രി യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ കുറയ്ക്കല്‍ വരും ദിവസങ്ങളിലെ വിപണിഗതിയെ നിര്‍ണയിക്കും.
ഏഷ്യയില്‍ പര്യടനം തുടരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് റെയ്ഗന്‍ നാളെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും. യുഎസ്-ചൈന വ്യാപാര കരാറിന്റെ രൂപരേഖയും നാളെ പരസ്യമാകും.
ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ചയില്‍ പുതിയ സംഭവങ്ങള്‍ ഇല്ല. ഏഷ്യന്‍ പര്യടനം കഴിഞ്ഞേ ട്രംപ് ഇതില്‍ ശ്രദ്ധിക്കാന്‍ ഇടയുള്ളൂ.
സ്വര്‍ണവില ഇനിയും സ്ഥിരത ആര്‍ജിച്ചിട്ടില്ല. ചാഞ്ചാട്ടം തുടരുന്നു. ക്രൂഡ് ഓയില്‍ ഗണ്യമായി താഴ്ന്നിട്ട് അല്‍പം തിരിച്ചു കയറി.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച 26,156.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,148 ലേക്കു നീങ്ങി. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ചൈനയുമായി വ്യാപാരധാരണ ഉണ്ടാകുന്നതിന്റെ ആവേശത്തില്‍ യുഎസ് വിപണികള്‍ ഇന്നലെയും റെക്കോര്‍ഡ് കുറിച്ചു. ഇന്ന് യുഎസ് സമയം ഉച്ചയ്ക്കു ശേഷം ഫെഡിന്റെ പലിശ കുറയ്ക്കലും നാളെ ട്രംപ്-ഷി കൂടിക്കാഴ്ചയും വിപണിയെ കയറ്റം തുടരാന്‍ സഹായിക്കും.
5 ജി ടെലികോം ഉപകരണങ്ങള്‍ നിര്‍മിക്കുന്ന നോകിയയില്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് എന്‍വിഡിയ പ്രഖ്യാപിച്ചത് നോകിയ ഓഹരിയെ 22 ശതമാനം ഉയര്‍ത്തി. എഐ മേഖലയില്‍ കടക്കാന്‍ ഈ പണം നോകിയയെ സഹായിക്കും.
എന്‍വിഡിയ ഓഹരി 4.98 ശതമാനം കുതിച്ചു. കമ്പനിയുടെ വിപണിമൂല്യം 4.89 ട്രില്യണ്‍ (ലക്ഷം കോടി) ഡോളര്‍ ആയി. വിപണിമൂല്യം അഞ്ചു ട്രില്യണിലെത്തുന്ന ആദ്യ കമ്പനിയാകാന്‍ എന്‍വിഡിയ ഒരുങ്ങുകയാണ്. വിപണി അടച്ച ശേഷമുള്ള വ്യാപാരത്തില്‍ ഓഹരി ഒന്നര ശതമാനം കയറി.
എന്‍വിഡിയയ്ക്കും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്നലെ ആപ്പിള്‍ കമ്പനിയും നാലു ട്രില്യണ്‍ ക്ലബില്‍ പ്രവേശിച്ചു.
എന്‍വിഡിയ നിര്‍മിക്കുന്ന എഐ ഡാറ്റാ സെന്റര്‍ സെര്‍വറുകള്‍ക്കു വേണ്ട മെമ്മറി നിര്‍മിച്ചു നല്‍കുന്ന കൊറിയന്‍ കമ്പനി എസ്‌കെ ഹൈനിക്‌സ് മൂന്നാം പാദത്തില്‍ വരുമാനം 39 ഉം അറ്റാദായം 62 ഉം ശതമാനം വര്‍ധിപ്പിച്ചു. വിപണിസമയം കഴിഞ്ഞാണ് റിസല്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഡൗ ജോണ്‍സ് സൂചിക ചൊവ്വാഴ്ച 161.78 പോയിന്റ് (0.34%) ഉയര്‍ന്ന് 47,706.37ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 15.73 പോയിന്റ് (0.23%) നേട്ടത്തോടെ 6890.89ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 190.04 പോയിന്റ് (0.80%) കയറി 23,827.49ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഡൗ 47,943.16ലും എസ്ആന്‍ഡ്പി 6911.30 ലും നാസ്ഡാക് 23,901.36 ലും കയറി റെക്കോര്‍ഡ് കുറിച്ചിരുന്നു.
യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു ഭിന്ന ദിശകളിലായി. ഡൗ 0.10 ശതമാനം താണു. എസ്ആന്‍ഡ്പി 0.06 ഉം നാസ്ഡാക് 0.09 ഉം ശതമാനം ഉയര്‍ന്നാണു നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനില്‍ നിക്കൈ 1.70 ശതമാനം കയറി 51,000 കടന്ന് റെക്കോര്‍ഡ് തിരുത്തി. ദക്ഷിണ കൊറിയന്‍ വിപണി നേരിയ ഉയര്‍ച്ചയിലാണ്. വിലക്കയറ്റം കൂടിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സൂചിക 0.70 ശതമാനം താഴ്ന്നു. ഹോങ് കോങ് വിപണി അവധിയിലാണ്. ചൈനീസ് ഓഹരി സൂചികകള്‍ നേരിയ കയറ്റം കാണിക്കുന്നു.
കുതിപ്പ് നടത്തും എന്നു പ്രതീക്ഷിച്ചെങ്കിലും ഇന്നലെ ഇന്ത്യന്‍ വിപണി ഫ്‌ളാറ്റ് ആയി അവസാനിച്ചു. നിഫ്റ്റി രാവിലെ 26,041.70 വരെ കയറിയെങ്കിലും പിന്നീടു നഷ്ടത്തിലായി. മുഖ്യ സൂചികകള്‍ ചെറിയ നഷ്ടം കുറിച്ചപ്പോള്‍ ബാങ്ക് നിഫ്റ്റി ഉയര്‍ന്നു ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകളും മെറ്റലുമാണ് ഇന്നലെ നേട്ടമുണ്ടാക്കിയ മേഖലകള്‍. റിയല്‍റ്റി, ഐടി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ഓയില്‍, എഫ്എംസിജി, ഓട്ടോ തുടങ്ങിയവ നഷ്ടം കുറിച്ചു.
ചൊവ്വാഴ്ച നിഫ്റ്റി 29.85 പോയിന്റ് (0.11%) താഴ്ചയോടെ 25,936.20ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 150.68 പോയിന്റ് (0.18%) താഴ്ന്ന് 84,628.16ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 99.85 പോയിന്റ് (0.17%) ഉയര്‍ന്ന് 58,214.10 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 14.80 പോയിന്റ് (0.02%) കുറഞ്ഞ് 59,765.35 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 4.55 പോയിന്റ് (0.02%) കയറി 18,407.60ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിനൊപ്പം ആയി. ബിഎസ്ഇയില്‍ 1801 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2359 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1385 എണ്ണം. താഴ്ന്നത് 1728 ഓഹരികള്‍.
എന്‍എസ്ഇയില്‍ 77 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 54 എണ്ണമാണ്. 64 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 56 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
വിദേശനിക്ഷേപകര്‍ ചൊവ്വാഴ്ച ക്യാഷ് വിപണിയില്‍ 10,339.80 കാേടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സമീപകാലത്തു വിദേശഫണ്ടുകള്‍ നടത്തിയ ഏറ്റവും വലിയ ഏകദിന വാങ്ങലാണിത്. സ്വദേശി ഫണ്ടുകള്‍ 1081.55 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
വിപണി മുന്നേറ്റം തുടരാനുള്ള മൂഡ് ആണു കാണിക്കുന്നത്. ലാഭമെടുക്കാനുള്ള വില്‍പന സമ്മര്‍ദമാണ് ഓഹരികളെ താഴ്ത്തിയത്. 26,000 വീണ്ടും കടക്കാന്‍ കഴിഞ്ഞാല്‍ നിഫ്റ്റി 26,100-26,300 ലെ തടസമേഖല കടക്കാന്‍ ശ്രമിക്കും. താഴ്ചയില്‍ 25,850-25,800 പിന്തുണയാകും. ഇന്നു നിഫ്റ്റിക്ക് 25,840 ലും 25,790 ലും പിന്തുണ ലഭിക്കും. 26,015 ലും 26,075 ലും തടസങ്ങള്‍ ഉണ്ടാകും.
മേക്ക് മൈ ട്രിപ്പ് സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 8.7 ശതമാനം വര്‍ധിപ്പിച്ചെങ്കിലും 57 ലക്ഷം ഡോളര്‍ നഷ്ടത്തിലായി. നാസ്ഡാകില്‍ ലിസ്റ്റ് ചെയ്തതാണു ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി.
മ്യൂച്വല്‍ ഫണ്ടുകള്‍ ബ്രോക്കറേജ് ഫീസും മറ്റും കുറയ്ക്കാനുള്ള സെബിയുടെ പുതിയ നിര്‍ദേശം അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ ലാഭം കുറയ്ക്കും. എച്ച്ഡിഎഫ്‌സി, ആദിത്യ ബിര്‍ല സണ്‍, യുടിഐ, നിപ്പണ്‍ ഇന്ത്യ, ശ്രീറാം തുടങ്ങിയ എഎംസി ഓഹരികളെ ഇന്നു ശ്രദ്ധിക്കണം.
ജനറേറ്റീവ് എഐ ഉല്‍പന്നങ്ങള്‍ ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസിനു ലാഭം വര്‍ധിപ്പിച്ചു. വരുമാനം 9.95 ശതമാനവും അറ്റാദായം ഒമ്പതു ശതമാനവും കൂടി. എന്നാല്‍ കഴിഞ്ഞ പാദത്തെ അപേക്ഷിച്ചു ലാഭം കുറഞ്ഞു.
അദാനി ടോട്ടല്‍ ഗ്യാസിന് രണ്ടാം പാദത്തില്‍ വരുമാനം 19.6 ശതമാനം വര്‍ധിച്ചെങ്കിലും അറ്റാദായം 11.9 ശതമാനം ഇടിഞ്ഞു. പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 23.2ല്‍ നിന്ന് 18.7 ശതമാനമായി കുറഞ്ഞു. അദാനി ഗ്രീന്‍ എനര്‍ജി വരുമാനം നാമമാത്രമായേ വര്‍ധിപ്പിച്ചുളളൂ. എന്നാല്‍ അറ്റാദായം 25 ശതമാനം കുതിച്ചു.
ജിന്‍ഡല്‍ സ്റ്റീല്‍ റിസല്‍ട്ട് അനാലിസ്റ്റുകളുടെ നിഗമനത്തിന് ഒപ്പം വന്നു. വരുമാനം 4.2 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 25.9 ശതമാനം ഇടിഞ്ഞു.
ശ്രീസിമന്റ് അറ്റാദായം മൂന്നിരട്ടി ആക്കിയെങ്കിലും അനാലിസ്റ്റ് പ്രതീക്ഷയേക്കാള്‍ മോശമായി. വിറ്റുവരവില്‍ 15.5 ശതമാനം വര്‍ധന ഉണ്ട്.
ഡ്രോണ്‍ സാങ്കേതികവിദ്യ നല്‍കുന്ന ഐഡിയാ ഫോര്‍ജ് ടെക്‌നോളജി വരുമാനം 10 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ അറ്റാദായം 41.3 ശതമാനം കുതിച്ചു.
യുഎസ്-ചൈന വ്യാപാരധാരണ ഉറപ്പായതോടെ താഴ്ന്നു തുടങ്ങിയ സ്വര്‍ണം ഇനിയും പിന്തുണ നിലവാരം കണ്ടെത്തിയില്ല. ചൊവ്വാഴ്ച സ്വര്‍ണം ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ഔണ്‍സിന് 29 ഡോളര്‍ നഷ്ടപ്പെടുത്തി 3953.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3928 വരെ താഴ്ന്നിട്ടു കയറി 3983 ഡോളര്‍ വരെ എത്തി. പിന്നീടു താഴ്ന്നു. സ്വര്‍ണ വിലയിലെ വലിയ ചാഞ്ചാട്ടം ഏതാനും ദിവസം കൂടി തുടരും എന്നാണു നിഗമനം.
സ്വര്‍ണം തിരിച്ചുകയറി ബുള്‍ കുതിപ്പ് തുടരും എന്ന വിശ്വാസത്തിലാണ് ബുള്ളിയന്‍ വ്യാപാരികള്‍. ലണ്ടന്‍ ബുള്ളിയന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എല്‍ബിഎംഎ) വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വ്യാപാരികള്‍ക്കിടയില്‍ നടത്തിയ സര്‍വേ പറയുന്നത് 2026 അവസാനം വില ഔണ്‍സിന് 5000 ഡോളറിനടുത്ത് എത്തുമെന്നാണ്. സര്‍വേയിലെ നിഗമനം 4980.30 ഡോളര്‍. നിലവിലെ വിലയേക്കാള്‍ 25 ശതമാനം കയറ്റം.കഴിഞ്ഞ വര്‍ഷം ഇതേ സര്‍വേയില്‍ നിഗമനം 2941 ഡോളര്‍ ആയിരുന്നു. ഇപ്പോള്‍ വില അതിനേക്കാള്‍ 33 ശതമാനം അധികമാണ്.
ആഗോള വിപണിയില്‍ വെള്ളിയുടെ വില താഴ്ന്നു. വെള്ളിയുടെ സ്‌പോട്ട് വില 47.30 ഡോളറില്‍ നില്‍ക്കുന്നു. അവധിവില 47.50 ഡോളര്‍ ആണ്. പ്ലാറ്റിനം 1600 ഡോളര്‍, പല്ലാഡിയം 1442 ഡോളര്‍, റോഡിയം 7800 ഡോളര്‍ എന്നിങ്ങനെയാണു വില. എല്‍ബിഎംഎ സര്‍വേ പറയുന്നതു 2026 അവസാനം വെള്ളി ഔണ്‍സിന് 59.10 ഡോളര്‍ ആകുമെന്നാണ്. 25 ശതമാനം വര്‍ധന.
വ്യാവസായിക ലോഹങ്ങള്‍ ചൊവ്വാഴ്ച താഴ്ന്നു. ചെമ്പ് 0.64 ശതമാനം താഴ്ന്നു ടണ്ണിന് 10,917.00 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.40 ശതമാനം ഉയര്‍ന്ന് 2889.00 ഡോളറില്‍ എത്തി. ലെഡും സിങ്കും ടിന്നും നിക്കലും താഴ്ന്നു.
രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.11 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 174.40 സെന്റ് ആയി. കൊക്കോ 2.94 ശതമാനം താഴ്ന്നു ടണ്ണിന് 6000.22 ഡോളറില്‍ എത്തി. കാപ്പി 0.25 ശതമാനം ഉയര്‍ന്നപ്പോള്‍ തേയില മാറ്റമില്ലാതെ തുടര്‍ന്നു. പാം ഓയില്‍ വില 1.30 ശതമാനം താഴ്ന്നു.
ക്രൂഡ് ഓയില്‍ വില താഴോട്ടു നീങ്ങി. ബ്രെന്റ് ഇനം വീപ്പയ്ക്ക് 64.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 64.61 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ 60.32 ഡോളറിലും മര്‍ബന്‍ ക്രൂഡ് 65.95 ഡോളറിലും ആണ്.
വാരാന്ത്യത്തില്‍ കുതിച്ച ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നലെയും താഴ്ന്നു. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 1,12,300 ഡോളറിനു താഴെ എത്തി. ഈഥര്‍ 3975 ഡോളറിനു താഴെയായി. സൊലാന 195 ഡോളറിനു താഴെ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine