

അമേരിക്ക-ചൈന വ്യാപാര ഒത്തുതീര്‍പ്പിലും യുഎസ് ഫെഡിന്റെ നയം മാറ്റത്തിലും ഉണ്ടായ ആശങ്കകള്‍ കുറെയൊക്കെ മാറി. വിപണികള്‍ ആ മാറ്റം കാണിക്കുന്നുണ്ട്. ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ കുതിച്ചു. ആമസോണിന്റെയും ആപ്പിളിന്റെയും മികച്ച റിസല്‍ട്ടുകള്‍ക്കു പിന്നാലെ യുഎസ് ഫ്യൂച്ചേഴ്‌സ് നല്ല മുന്നേറ്റത്തിലാണ്. ഇതെല്ലാം ഇന്ന് ഇന്ത്യന്‍ വിപണിയെ സഹായിക്കും.
ഇന്ത്യ-അമേരിക്ക വ്യാപാരകരാര്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്രഖ്യാപിക്കും എന്ന സൂചന ഉണ്ട്. കയറ്റുമതിമേഖലയെ സഹായിക്കാന്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ മിഷനും ഉടനേ പ്രഖ്യാപിക്കും. ചൈന നാല് ഇന്ത്യന്‍ കമ്പനികള്‍ക്കു കൂടി അപൂര്‍വധാതു കാന്തങ്ങള്‍ നല്‍കാന്‍ സമ്മതിച്ചതും വിപണിക്ക് അനുകൂല ഘടകമാണ്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും നടത്തിയ ചര്‍ച്ച വിജയമായെന്നാണ് ഇരുരാജ്യങ്ങളും പറയുന്നത്. ചൈനീസ് സാധനങ്ങള്‍ക്കുള്ള ഇറക്കുമതിച്ചുങ്കം 57ല്‍ നിന്നു 47 ശതമാനമായി കുറച്ചു. അപൂര്‍വധാതു കാന്ത കയറ്റുമതി നിയന്ത്രണം ഒരു വര്‍ഷം കഴിഞ്ഞേ ചൈന നടപ്പാക്കു. ട്രംപ് ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കാനും തീരുമാനിച്ചു.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 26,042.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,070 വരെ കയറി. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യന്‍ ഓഹരികള്‍ വ്യാഴാഴ്ചയും നഷ്ടത്തില്‍ അവസാനിച്ചു. യുകെ വിപണി മാത്രം നാമമാത്രമായി കയറി. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് തുടര്‍ച്ചയായ മൂന്നാം യോഗത്തിലും പലിശ നിരക്ക് മാറ്റിയില്ല. യൂറോ മേഖലയുടെ മൂന്നാം പാദ വളര്‍ച്ച 0.2 ശതമാനമായി ഉയര്‍ന്നെന്നു പ്രാഥമിക കണക്ക് കാണിച്ചു. 0.1% ആയിരുന്നു പ്രതീക്ഷ. നിഗമനങ്ങളേക്കാള്‍ മികച്ച റിസല്‍ട്ടില്‍ സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ്, ഐഎന്‍ജി എന്നീ ബാങ്കുകളും എയര്‍ബസ് ഇന്‍ഡസ്ട്രീയും ഉയര്‍ന്നു.
മെറ്റാ പ്ലാറ്റ്‌ഫോംസും മൈക്രോസോഫ്റ്റും നിര്‍മിതബുദ്ധിയില്‍ നടത്തുന്ന നിക്ഷേപം അമിതമാണെന്ന കാഴ്ചപ്പാടിലേക്കു വിപണി മാറിയപ്പോള്‍ ഇന്നലെ യുഎസ് വിപണികള്‍ ഇടിഞ്ഞു. മെറ്റാ 11 ഉം മൈക്രോസോഫ്റ്റ് മൂന്നും ശതമാനം നഷ്ടത്തിലായി. ലാഭമെടുക്കലിനെ തുടര്‍ന്ന് എന്‍വിഡിയ രണ്ടു ശതമാനം താഴ്ന്നു. മികച്ച ലാഭവര്‍ധനയില്‍ എലൈ ലിലി നാലു ശതമാനം കുതിച്ചു. മൂന്നാം പാദ വില്‍പന കുറഞ്ഞതും ഭാവിപ്രതീക്ഷ താഴ്ത്തിയതും ചിപോട്ലെ ഭക്ഷ്യ ശൃംഖലയെ 19 ശതമാനം ഇടിവിലാക്കി.
രാവിലെ ഉയര്‍ന്ന വിപണി സൂചികകള്‍ ഉച്ചയ്ക്കു ശേഷമാണു താഴ്ന്നു നഷ്ടത്തിലായത്. ഡൗ ഉയരത്തില്‍ നിന്നു 500 പോയിന്റ് താഴ്ന്നു. ഡൗ ജോണ്‍സ് സൂചിക വ്യാഴാഴ്ച 109.88 പോയിന്റ് (0.23%) താഴ്ന്ന് 47,522.12ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 68.25 പോയിന്റ് (0.99%) നഷ്ടത്തോടെ 6822.34ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 377.33 പോയിന്റ് (1.58%) ഇടിഞ്ഞ് 23,581.14ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു കയറി. ഡൗ 0.00 ഉം എസ്ആന്‍ഡ്പി 0.64 ഉം നാസ്ഡാക് 1.18 ഉം ശതമാനം ഉയര്‍ന്നാണു നീങ്ങുന്നത്. ഇന്നലെ വ്യാപാരസമയത്തിനു ശേഷം വന്ന ടെക്നോളജി കമ്പനി റിസല്‍ട്ടുകളാണു നേട്ടത്തിനു പിന്നില്‍.
ആമസാണിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ് യൂണിറ്റ് മൂന്നാം പാദത്തില്‍ 20 ശതമാനം വരുമാനവര്‍ധന ഉണ്ടാക്കി. കമ്പനിയുടെ മൊത്തം വരുമാനം കാര്യമായി വര്‍ധിച്ചില്ലെങ്കിലും പ്രതിഓഹരി വരുമാനം 1.95 ഡോളറായി ഉയര്‍ന്നു. വ്യാപാരസമയത്ത് താഴ്ചയിലായ ആമസോണ്‍ ഓഹരി വ്യാപാരാനന്തരം 13 ശതമാനം കുതിച്ചു.
ഐഫോണ്‍ വ്യാപാരത്തിലെ മുന്നേറ്റവും ഡിസംബര്‍ പാദത്തിലേക്ക് ഉയര്‍ന്ന ലക്ഷ്യമിട്ടതും ആപ്പിളിന് നേട്ടമായി. പ്രതീക്ഷയിലും മെച്ചപ്പെട്ട പ്രതിഓഹരി വരുമാനം കമ്പനി ഉണ്ടാക്കി. ഐഫോണ്‍ വരുമാനം 4903 കോടി ഡോളര്‍ ആയി.
ട്രംപ്-ഷി ഒത്തുതീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഏഷ്യന്‍ വിപണികള്‍ കുതിച്ചു കയറി. ജപ്പാനില്‍ നിക്കൈ 52,391.45 എന്ന റെക്കോര്‍ഡ് കുറിച്ചു.
ഓസ്‌ട്രേലിയന്‍, ദക്ഷിണ കൊറിയന്‍ വിപണികളും കയറി. ചൈനയിലെ ഫാക്ടറി ഉല്‍പാദന തകര്‍ച്ച രൂക്ഷമായി. ഒക്ടോബറിലെ ഉല്‍പാദനം ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഹോങ് കോങ്, ചൈനീസ് ഓഹരി സൂചികകള്‍ ഇടിവിലായി.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ കാഴ്ചപ്പാട് ഇന്ത്യക്കു നെഗറ്റീവ് ആകുമെന്ന ആശങ്കയില്‍ വിപണി ഇന്നലെ ഇടിഞ്ഞു. യുഎസ് പലിശ നിരക്കു കൂടിയേക്കും എന്നാണു ഫെഡ് ചെയര്‍മാന്‍ സൂചിപ്പിച്ചത്. ആ വര്‍ധന ഇന്ത്യയിലേക്കുള്ള വിദേശ ഫണ്ടുകളുടെ വരവ് കുറയ്ക്കും അങ്ങനെ പോയി ആശങ്ക. റെക്കോര്‍ഡ് ഉയരത്തിനടുത്തു നിന്ന് നിഫ്റ്റി 25,900 നു താഴേക്കു വീണു.
നാമമാത്ര നേട്ടം കുറിച്ച റിയല്‍റ്റി ഒഴികെ എല്ലാ മേഖലകളും താഴ്ന്നു. ഫാര്‍മ, സ്വകാര്യ ബാങ്ക്, ഹെല്‍ത്ത് കെയര്‍, ഐടി, എഫ്എംസിജി, മെറ്റല്‍, ഓട്ടാേ തുടങ്ങിയ മേഖലകള്‍ കൂടുതല്‍ ക്ഷീണത്തിലായി.
വ്യാഴാഴ്ച നിഫ്റ്റി 176.05 പോയിന്റ് (0.68%) താഴ്ന്ന് 25,877.85ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 592.67 പോയിന്റ് (0.70%) ഇടിഞ്ഞ് 84,404.46ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 354.15 പോയിന്റ് (0.61%) നഷ്ടത്തോടെ 58,031.10ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 52.80 പോയിന്റ് (0.09%) കുറഞ്ഞ് 60,096.25 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 17.85 പോയിന്റ് (0.10%) താഴ്ന്ന് 18,469.70ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിനൊപ്പം ആയി. ബിഎസ്ഇയില്‍ 1807 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2363 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1320 എണ്ണം. താഴ്ന്നത് 1745 ഓഹരികള്‍.
എന്‍എസ്ഇയില്‍ 97 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 47 എണ്ണമാണ്. 76 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 46 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
വിദേശനിക്ഷേപകര്‍ വില്‍പന തുടര്‍ന്നു. വ്യാഴാഴ്ച അവര്‍ ക്യാഷ് വിപണിയില്‍ 3077.59 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 2469.34 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
നിഫ്റ്റി ബെയറിഷ് സൂചന നല്‍കുന്നതായി സാങ്കേതിക വിശകലനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ജാഗ്രത വേണം എന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 26,000ല്‍ നിന്നു പിന്നോട്ടു പോന്ന നിഫ്റ്റി സമാഹരണത്തിനു ശ്രമിക്കും എന്നാണ് അവരുടെ വിലയിരുത്തല്‍. ഇന്നു നിഫ്റ്റിക്ക് 25,850 ലും 25,800 ലും പിന്തുണ ലഭിക്കും. 26,000 ലും 26,100 ലും തടസങ്ങള്‍ ഉണ്ടാകും.
ഐടിസിയുടെ രണ്ടാംപാദ വരുമാനം 3.4 ശതമാനം കുറഞ്ഞെങ്കിലും പ്രവര്‍ത്തന ലാഭം 2.1ഉം അറ്റാദായം രണ്ടും ശതമാനം വര്‍ധിച്ചു. ലാഭമാര്‍ജിന്‍ 34.7 ശതമാനമായി വര്‍ധിച്ചു. വിപണിയുടെ പ്രതീക്ഷയേക്കാള്‍ മെച്ചമായി റിസല്‍ട്ട്.
സെപ്റ്റംബര്‍ പാദത്തില്‍ ഭക്ഷ്യവിതരണ കമ്പനി സ്വിഗ്ഗി നഷ്ടം 626 കോടിയില്‍ നിന്ന് 1092 കോടി രൂപയിലേക്കു വര്‍ധിപ്പിച്ചു. വരുമാനം 54 ശതമാനം വര്‍ധിച്ചപ്പോഴാണിത്.
വരുമാനം 5.4 ശതമാനം കൂടിയപ്പോള്‍ ഡാബര്‍ ഇന്ത്യ സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായം 6.5 ശതമാനം ഉയര്‍ത്തി. വിപണിയുടെ പ്രതീക്ഷയിലും താഴെയാണിത്.
ജിയോ ഉപയോക്താക്കള്‍ക്ക് ഗൂഗിളിന്റെ പ്രീമിയം ജമിനി പ്രോ പ്ലാന്‍ 18 മാസം സൗജന്യമായി നല്‍കാന്‍ റിലയന്‍സ് തീരുമാനിച്ചു. 35,100 രൂപ വിലയുള്ള പാക്കേജാണ് നല്‍കുന്നത്. നിരവധി എഐ സേവനങ്ങളും എന്റര്‍ടെയ്ന്‍മെന്റും ഇതിലൂടെ ലഭിക്കും.
വരുമാനം 15.2 ശതമാനം വര്‍ധിച്ചപ്പോള്‍ നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്റ് അറ്റാദായത്തില്‍ 4.2 ശതമാനം ഇടിവ് കാണിച്ചു. പ്രവര്‍ത്തന ലാഭം 15 ശതമാനം വര്‍ധിച്ച് റെക്കോര്‍ഡ് തിരുത്തി.
വെല്‍സ്പണ്‍ കോര്‍പറേഷന്റെ വരുമാനം 32.5 ശതമാനം വര്‍ധിച്ചപ്പോള്‍ പ്രവര്‍ത്തനലാഭം 47.7 ഉം അറ്റാദായം 53.2 ഉം ശതമാനം കുതിച്ചു കയറി.
ജില്ലറ്റ് ഇന്ത്യ വരുമാനം 3.7 ശതമാനം ഉയര്‍ന്നപ്പോള്‍ അറ്റാദായം 11 ശതമാനം വര്‍ധിപ്പിച്ചു.
മണപ്പുറം ഫിനാന്‍സിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റ പലിശ വരുമാനവും അറ്റാദായവും കുത്തനേ താഴ്ന്നു. അറ്റ പലിശ വരുമാനം 18.5 ശതമാനം കുറഞ്ഞ് 1,408 കോടി രൂപയായി. അറ്റാദായം 62 ശതമാനം ഇടിഞ്ഞ് 217.3 കോടി രൂപയില്‍ ഒതുങ്ങി.
എന്‍ടിപിസിയുടെ മൂന്നാം പാദ വളര്‍ച്ച തീരെ കുറവായി. വരുമാനം 2.9ഉം പ്രവര്‍ത്തന ലാഭം 3.4 ഉം ശതമാനം കൂടി. അറ്റാദായ വര്‍ധന നാമമാത്രമായി.
ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് പ്രതിരോധ ഗവേഷണ വികസന സംഘടനയില്‍ നിന്ന് 732 കോടി രൂപയുടെ കരാര്‍ ലഭിച്ചു.
മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യലിനു മൂന്നാം പാദ വരുമാനം 35 ശതമാനം കുറഞ്ഞപ്പോള്‍ അറ്റാദായം 68 ശതമാനം ഇടിഞ്ഞു. കമ്പനി മാനേജ് ചെയ്യുന്ന ആസ്തി 46 ശതമാനം കുതിച്ചു.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയം മാറ്റം ആദ്യം സ്വര്‍ണവിലയെ താഴ്ത്തിയെങ്കിലും ഇന്നലെ വില തിരിച്ചു കയറി. കരടി വിപണിയിലെ ആശ്വാസറാലി എന്നാണു നിരീക്ഷകര്‍ ഇതിനെ വിശേഷിപ്പിച്ചത്. വ്യാഴാഴ്ച സ്വര്‍ണം ഔണ്‍സിനു 4,028 ഡോളര്‍ വരെ കയറിയിട്ട് ഔണ്‍സിന് 94.50 ഡോളര്‍ നേട്ടത്തോടെ 4,025.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4,040 ഡോളര്‍ വരെ കയറിയിട്ടു 4020 ലേക്കു താഴ്ന്നു. സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരും എന്നാണു നിഗമനം.
സ്വര്‍ണം അവധിവില 4,060 ഡോളര്‍ വരെ ഉയര്‍ന്നു.
കേരളത്തില്‍ 22 കാരറ്റ് പവന്‍വില വ്യാഴാഴ്ച രാവിലെ 1400 രൂപ കുറഞ്ഞ് 88,360 രൂപയില്‍ എത്തി എന്നാല്‍ ഉച്ചയ്ക്കു ശേഷം 720 രൂപ കൂടി 89,080 രൂപയില്‍ ക്ലോസ് ചെയ്തു.
2026ല്‍ സ്വര്‍ണത്തിന്റെ ശരാശരി വില 3,575 ഡോളര്‍ ആയിരിക്കും എന്നു ലോക ബാങ്ക് വിലയിരുത്തി. ഈ വര്‍ഷത്തെ ശരാശരി വിലയേക്കാള്‍ അഞ്ചു ശതമാനം കൂടുതലാണത്. 2027 ല്‍വില 3,375 ഡോളറിലേക്കു താഴും എന്നാണു നിഗമനം. വെള്ളിവില 2026ല്‍ 41 ഉം 2027 ല്‍ 37 ഉം ഡോളര്‍ ആകുമെന്നാണു ലോകബാങ്ക് പറയുന്നത്.
ആഗോള വിപണിയില്‍ വെള്ളിയുടെ വിലയും ഉയര്‍ന്നു. വെള്ളിയുടെ സ്‌പോട്ട് വില 49.21 ഡോളറിലേക്കു കയറി. അവധിവില 48.96 ഡോളര്‍ ആണ്.
പ്ലാറ്റിനം 1621 ഡോളര്‍, പല്ലാഡിയം 1456 ഡോളര്‍, റോഡിയം 7900 ഡോളര്‍ എന്നിങ്ങനെയാണു വില.
രണ്ടു ദിവസത്തെ കയറ്റത്തിനു ശേഷം വ്യാവസായിക ലോഹങ്ങള്‍ വ്യാഴാഴ്ച ഇടിവിലായി. ചെമ്പ് 1.07 ശതമാനം ഇടിഞ്ഞു ടണ്ണിന് 10,949.00 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.79 ശതമാനം താഴ്ന്ന് 2866.09 ഡോളറില്‍ എത്തി. ലെഡും സിങ്കും ടിന്നും നിക്കലും താഴ്ന്നു.
രാജ്യാന്തര വിപണിയില്‍ റബര്‍ വില 1.32 ശതമാനം കയറി കിലോഗ്രാമിന് 176.30 സെന്റ് ആയി. കൊക്കോ 0.48 ശതമാനം കയറി ടണ്ണിന് 6073.00 ഡോളറില്‍ എത്തി. കാപ്പി 0.36 ഉം തേയില 2.40 ശതമാനവും ഉയര്‍ന്നു. പാം ഓയില്‍ വില 0.19 ശതമാനം കയറി.
ഫെഡ് നയം ഡോളറിനു കരുത്തായി. ഡോളര്‍ സൂചിക ഇന്നലെ 0.35 ശതമാനം നേട്ടത്തോടെ 99.53ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.46 ലേക്കു താഴ്ന്നു.
കറന്‍സി വിപണിയില്‍ ഡോളര്‍ കരുത്തനായി. യൂറോ 1.157 ഡോളറിലേക്കും പൗണ്ട് 1.316 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 153.77 യെന്‍ എന്ന നിരക്കിലേക്ക് താഴ്ന്നു. യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.097 ശതമാനത്തിലേക്ക് കയറി.
രൂപ വ്യാഴാഴ്ച വലിയ വീഴ്ചയിലായി ഒരവസരത്തില്‍ ഡോളര്‍ 0.61 ശതമാനം കയറി 88.73 രൂപയില്‍ എത്തി. പിന്നീടു ഡോളര്‍ 50 പൈസ കൂട്ടി 88.70 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ വീണ്ടും കരുത്താര്‍ജിക്കുന്നതാണു കാരണം. ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.11 യുവാന്‍ എന്ന നിലയിലേക്കു താഴ്ന്നു.
ക്രൂഡ് ഓയില്‍ വില കയറിയിട്ട് ഇറങ്ങി. ബ്രെന്റ് ഇനം നാമമാത്രമായി ഉയര്‍ന്ന് വീപ്പയ്ക്ക് 65.00 ഡോളറില്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 64.76 ഡോളറിലേക്കു താണു. ഡബ്‌ള്യുടിഐ 60.32 ഡോളറിലും മര്‍ബന്‍ ക്രൂഡ് 66.51 ഡോളറിലും ആണ്. പ്രകൃതിവാതകവില 2.7 ശതമാനം ഉയര്‍ന്നു.
ഫെഡ് തീരുമാനത്തെ തുടര്‍ന്നു ക്രിപ്‌റ്റോ കറന്‍സികള്‍ കൂടുതല്‍ താഴ്ചയിലായി. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 1,07,600 ഡോളറിനു താഴെ എത്തിയിട്ട് 109,600 ലേക്കു കയറി. ഈഥര്‍ 3770 ഡോളറിനു താഴെയായ ശേഷം 3845 ല്‍ എത്തി. സൊലാന 186 ഡോളറിനു മുകളില്‍ വന്നു.
Read DhanamOnline in English
Subscribe to Dhanam Magazine