

അമേരിക്കയുടെ നശീകരണി കപ്പലിനു നേരേ ഇറാന്‍ മിസൈല്‍ പ്രയോഗിച്ചു. അമേരിക്ക ഇറാന്റെ അഞ്ച് എണ്ണ ടാങ്കറുകളെ ആക്രമിച്ചു. ഇറാന്‍ ജോര്‍ദാനിലെ യുഎസ് താവളം ആക്രമിച്ചു. ഇറാന്‍ പക്ഷ ഹൂതി വിമതസേന യെമനിലും സൗദി അറേബ്യയിലും ആക്രമണം തുടരുന്നു. പ്രത്യാക്രമണവും ശക്തമാണ്. ഇതോടെ ക്രൂഡ് ഓയില്‍ വില 100 ഡോളറിനു തൊട്ടടുത്ത് എത്തി.
അടുത്ത ബുധനാഴ്ച യുഎസ് ഫെഡ് പലിശ കൂട്ടും എന്ന ധാരണയും ക്രൂഡ് വിലക്കയറ്റവും യുഎസ് വിപണിയെ ഇടിവിലാക്കി. ഇന്ന് ഏഷ്യന്‍ വിപണികള്‍ ഉയരുന്നുണ്ടെങ്കിലും ഇന്ത്യന്‍ വിപണി നഷ്ടത്തുടക്കമാണു കാണുന്നത്. യുഎസിലെ എഡിആര്‍ വിപണിയില്‍ ഇന്ത്യന്‍ ബാങ്കുകളും ഐടി കമ്പനികളും നഷ്ടത്തിലായി.
ഇന്നലെ ഒരു ശതമാനം ഇടിഞ്ഞ സ്വര്‍ണവില ഇന്നു രാവിലെ 0.45 ശതമാനം കയറി 4377 ഡോളറില്‍ എത്തി. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,630.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,683 വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നും ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
ക്രൂഡ് ഓയില്‍ വില നൂറു ഡോളറിനെ സമീപിക്കുന്നതും യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതും ചൊവ്വാഴ്ച യുഎസ് വിപണിയെ തകര്‍ച്ചയിലാക്കി. പലിശനിരക്ക് അടുത്തയാഴ്ച വര്‍ധിപ്പിക്കും എന്ന ധാരണയും വിപണിയെ അലട്ടുന്നു. പത്തുവര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.8 ശതമാനം കടന്നു. യുഎസ് -കാനഡ വ്യാപാര യുദ്ധത്തിന്റെ വിഷയങ്ങളും ഡൗവിന്റെ താഴ്ചയ്ക്കു കാരണമായി. മറ്റു രണ്ടു സൂചികകളും കുറഞ്ഞ താഴ്ചയില്‍ അവസാനിച്ചു. ഇന്റല്‍, എഎംഡി, ക്വാല്‍കോം, ബ്രോഡ്‌കോം തുടങ്ങി എഐ അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട കമ്പനികള്‍ ഉയര്‍ന്നത് നാസ്ഡാകിന്റെ ഇടിവ് പിടിച്ചു നിര്‍ത്തി. ഇന്റല്‍ 9.5% ഉയര്‍ന്നു.
ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 628.18 പോയിന്റ് (1.18 ശതമാനം) ഇടിഞ്ഞ് 52,786.07ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 45.08 പോയിന്റ് (0.58%) നഷ്ടത്തോടെ 7673.52ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 85.58 പോയിന്റ് (0.32%) കുറഞ്ഞ് 26,421.41ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സില്‍ എസ്ആന്‍ഡ്പിയും നാസ്ഡാകും ഉയര്‍ന്നു. ഡൗ നാമമാത്ര താഴ്ചയിലാണ്. ഡൗ ജോണ്‍സ് 20 പോയിന്റ് (0.04%) താഴ്ന്നു. എസ്ആന്‍ഡ്പി 6 പോയിന്റും (0.07%) നാസ്ഡാക് 53 പോയിന്റും (0.18%) ഉയര്‍ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ചൊവ്വാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാര സമയത്ത് 3.02 ശതമാനം ഇടിഞ്ഞിട്ടു തുടര്‍വ്യാപാരത്തില്‍ 0.04% ഉയര്‍ന്ന് 22.49 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 2.54% ഇടിഞ്ഞ ശേഷം തുടര്‍ വ്യാപാരത്തില്‍ 1.51% ഉയര്‍ന്ന് 29.98 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 4.87% തകര്‍ച്ച വന്നശേഷം തുടര്‍ വ്യാപാരത്തില്‍ 0.51 ശതമാനം കയറി 11.19 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 4.42% ഇടിഞ്ഞും തുടര്‍ വ്യാപാരത്തില്‍ 1.12 ശതമാനം ഉയര്‍ന്നും 1.749 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ ഓഹരിവിപണികള്‍ ചൊവ്വാഴ്ചയും ഭിന്നദിശകളില്‍ നീങ്ങി. സ്റ്റോക്‌സ് 600 ഉം യുകെ സൂചികയും താഴ്ന്നു. ഫ്രഞ്ച് സൂചിക കയറി. ജര്‍മന്‍ സൂചിക മാറ്റമില്ലാതെ അവസാനിച്ചു. ഇന്ധനവില കൂടുന്നതും ജര്‍മനിയില്‍ തീവ്ര വലതുപക്ഷം മുന്നേറിയതും വിപണികളെ ആശങ്കപ്പെടുത്തുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു പൊതുവേ നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 0.75 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ വിപണി 0.25 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയില്‍ കോസ്പി 1.40 ശതമാനം കുതിച്ചു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.60 ശതമാനം താഴ്ന്നിട്ടു നേട്ടത്തിലേക്കു മാറി. തായ്വാന്‍ സൂചിക 0.80 ശതമാനം ഉയര്‍ന്നു. ഷാങ്ഹായ് സൂചിക 0.15 ശതമാനം നേട്ടത്തിലായി.
ക്രൂഡ് ഓയില്‍ 100 ഡോളറിലേക്കു കയറുന്നതും അമേരിക്കയില്‍ പലിശ കൂട്ടുന്നതും രൂപയെ വീണ്ടും ഇടിവിലാക്കും എന്ന ഭീതി ഇന്ത്യന്‍ വിപണിയെ വല്ലാതെ ഉലയ്ക്കുന്നു. വിദേശികളുടെ വില്‍പന ചെറിയ തോതിലാണെങ്കിലും തുടരുകയാണ്.
ബാങ്കുകളും ധനകാര്യ കമ്പനികളും ഐടി മേഖലയും എണ്ണകമ്പനികളും ഇന്നലെ ഇടിഞ്ഞു. പ്രതിരോധ കമ്പനികളുടെ കുതിപ്പായിരുന്നു ശ്രദ്ധേയം. 1.1 ലക്ഷം കോടി രൂപയുടെ നവീന പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള കരാറുകള്‍ നല്‍കുന്നതു വേഗത്തിലാക്കി. മിശ്രധാതു നിഗം 14 ശതമാനം കുതിച്ചു. ഡാറ്റാ പാറ്റേണ്‍സ്, ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ എം ടാര്‍ ടെക്, അപ്പോളോ മൈക്രോ, ആക്‌സിസ്‌കേഡ്സ് ടെക് തുടങ്ങിയവ നല്ല നേട്ടം ഉണ്ടാക്കി.
വിദേശനിക്ഷേപകര്‍ ഇന്നലെ വില്‍പനക്കാരായി മാറി. അവര്‍ ക്യാഷ് വിപണിയില്‍ 123.19 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശിഫണ്ടുകള്‍ 1349.64 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
ചൊവ്വാഴ്ച സെന്‍സെക്സ് 555.23 പോയിന്റ് (0.73%) ഇടിഞ്ഞ് 75,577.58 ല്‍ക്ലോസ് ചെയ്തു. നിഫ്റ്റി 144.05 പോയിന്റ് (0.61%) താഴ്ചയോടെ 23,635.10ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 310.75 പോയിന്റ് (0.54%) നഷ്ടത്തോടെ 56,777.55ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 129.65 പോയിന്റ് (0.21%) ഉയര്‍ന്ന് 62,915.80ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 33.55 പോയിന്റ് (0.17%) കയറി 20,133.75ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികള്‍ നഷ്ടത്തില്‍ തുടര്‍ന്നു. ബിഎസ്ഇയില്‍ 2009 ഓഹരികള്‍ കയറി, 2384 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1697 എണ്ണം ഉയര്‍ന്നപ്പോള്‍ 1819 എണ്ണം താഴ്ന്നു.
ഐഡിബിഐ ബാങ്കിലെ സര്‍ക്കാരിന്റെയും എല്‍ഐസിയുടെയും 30 ശതമാനം വീതം ഓഹരി കനേഡിയന്‍ നിക്ഷേപ കമ്പനി ഫെയര്‍ഫാക്‌സ് വാങ്ങുന്നത് അന്തിമഘട്ടത്തിലേക്കു നീങ്ങി. ഓഹരിക്ക് 81 രൂപയാണു വില എന്നാണു റിപ്പോര്‍ട്ട്. ഇതു വിപണി വിലയേക്കാള്‍ ഗണ്യമായി കുറവാണ്. ഓഹരി ഇന്നലെ 10.5 ശതമാനം ഇടിഞ്ഞ് 81.22 രൂപയില്‍ എത്തി.
ഫെയര്‍ഫാക്സിന് ഐഐഎഫ്എല്‍ ഫിനാന്‍സില്‍ ഉള്ള നിക്ഷേപം വില്‍ക്കാന്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ട്. പ്രൈവറ്റ് ഇക്വിറ്റിയായ ബ്ലായ്ക്ക്‌സ്റ്റോണ്‍ അതു വാങ്ങാന്‍ ആലോചിക്കുന്നു. ഐഐഎഫ്എല്‍ ഫിനാന്‍സ് ഓഹരി നാലര ശതമാനം താഴ്ന്നു.
ഫെയര്‍ഫാക്‌സിനു സിഎസ്ബി ബാങ്കില്‍ നിര്‍ണായക ഓഹരി ഉണ്ട്. അതു വില്‍ക്കുമോ സിഎസ്ബിയെ ഐഡിബിഐയില്‍ ലയിപ്പിക്കുമോ എന്നു വ്യക്തമല്ല. സിഎസ്ബി ഓഹരി ഇന്നലെ 2.54 ശതമാനം താഴ്ന്നു. ഒരാഴ്ച കൊണ്ടു സിഎസ്ബി ആറു ശതമാനം ഇടിഞ്ഞു.
എന്‍എസ്ഇയുടെ ഐപിഒ ഈ മാസം തന്നെ നടക്കും. അതില്‍ ഗണ്യമായ ഓഹരിയുള്ള ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനികളും ഓഹരി വില്‍ക്കുന്നുണ്ട്. അതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ന്യൂ ഇന്ത്യയുടെയും ഐഎഫ്‌സിഐ യുടെയും ഓഹരികള്‍ ഇന്നലെ ലാഭമെടുക്കലിനെ തുടര്‍ന്നു 12 ശതമാനം വരെ ഇടിഞ്ഞു.
പ്രതിരോധം, ഏറോസ്‌പേസ് മേഖലകളില്‍ വലിയ വളര്‍ച്ച ലക്ഷ്യമിട്ടു വലിയ ധനസമാഹരണത്തിന് ഒരുങ്ങുന്ന റയ്മണ്ട് ലിമിറ്റഡ് ഇന്നലെ 11 ശതമാനം കുതിച്ചു. ലൈഫ് സ്‌റ്റൈലും റിയല്‍റ്റിയും വെവ്വേറെ കമ്പനികളാക്കിയ ശേഷം റയ്മണ്ട് സൂക്ഷ്മസാങ്കേതിക എന്‍ജിനിയറിംഗ്, വാഹന കംപോണന്റ്, ഏറോസ്‌പേസ്, പ്രതിരോധം എന്നിവയിലാണു കേന്ദ്രീകരിക്കുന്നത്.
പലിശപ്പേടിയില്‍ സ്വര്‍ണം ഇടിവ് തുടരുകയാണ്. ചൊവ്വാഴ്ച ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ഇന്നു രാവിലെ വില ചാഞ്ചാടുകയാണ്. വെള്ളിയാഴ്ച യുഎസ് ചില്ലറവിലക്കയറ്റ കണക്കും അടുത്ത ബുധനാഴ്ച ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും അറിയുന്നതു വരെ ചാഞ്ചാട്ടം തുടരും. ഫെഡ് റേറ്റ് കൂട്ടാന്‍ 58 ശതമാനം സാധ്യതയാണു വിപണി കാണുന്നത്.
ഇന്നലെ സ്വര്‍ണം 50.40 ഡോളര്‍ നഷ്ടത്തോടെ ഔണ്‍സിന് 4356.70 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4377 ഡോളര്‍ വരെ കയറിയിട്ട് അല്പം താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ചൊവ്വാഴ്ച 880 രൂപ കൂടി 1,13,920 രൂപ ആയി.
വെള്ളിവില ചൊവ്വാഴ്ച ഔണ്‍സിന് 65.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 66.20 ലേക്കു കയറി.
പ്ലാറ്റിനം 1823 ഡോളര്‍, പല്ലാഡിയം 1334 ഡോളര്‍, റോഡിയം 9050 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
രാജ്യാന്തര വിപണിയില്‍ റബര്‍വില നാമമാത്രമായി താഴ്ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 282.90 ഡോളറിലും ആര്‍എസ്എസ് മൂന്ന് 279.40 ഡോളറിലും ആയി. കേരളത്തില്‍ ക്വിന്റലിന് 27,200 രൂപയില്‍ തുടര്‍ന്നു. ഈ വര്‍ഷം ആഗോള റബര്‍ ഉല്‍പാദനം 152.8 ലക്ഷം ടണ്ണും ഉപയോഗം 153.6 ലക്ഷം ടണ്ണും ആകുമെന്നാണ് സ്വഭാവിക റബര്‍ ഉല്‍പാദക രാജ്യങ്ങളുടെ സംഘടന കണക്കാക്കുന്നത്.
സിങ്കും ലെഡും ഒഴികെ പ്രധാന വ്യാവസായിക ലോഹങ്ങള്‍ ചൊവ്വാഴ്ചയും ഉയര്‍ന്നു. ചെമ്പ് 1.35 ശതമാനം കുതിച്ചു ടണ്ണിന് 14,736.65 ഡോളര്‍ ആയി. ഓഗസ്റ്റില്‍ എത്തിയ 14,851 ഡോളര്‍ ആണു ചെമ്പിന്റെ റെക്കോര്‍ഡ് വില. തീരുവ വര്‍ധന ഭയന്ന് അമേരിക്കന്‍ കമ്പനികളും സ്റ്റോക്കിസ്റ്റുകളും ചെമ്പ് വലിയ തോതില്‍ സ്റ്റോക്ക് ചെയ്യുന്നതാണു വിലക്കയറ്റത്തിനു പ്രേരകം. ചെമ്പിന്റെ ആവശ്യം ഈ വര്‍ഷങ്ങളില്‍ കുതിച്ചുയരും എന്നാണു വിലയിരുത്തല്‍. അലൂമിനിയം 0.35 ശതമാനം കയറി 3319.00 ഡോളറില്‍ എത്തി. ലെഡും സിങ്കും താഴ്ന്നു. നിക്കലും ടിന്നും ഉയര്‍ന്നു.
കൊക്കോ വില 4.22 ശതമാനം ഇടിഞ്ഞു ടണ്ണിന് 5927 ഡോളറില്‍ ക്ലോസ് ചെയ്തു. 2026-27 സീസണില്‍ ഐവറി കോസ്റ്റില്‍ 20 ഉം ഘാനയില്‍ 13 ഉം ശതമാനം കുറവാകും ഉല്‍പാദനം എന്നാണു കണക്കാക്കുന്നത്. എന്നാല്‍ ഓഗസ്റ്റിലെ ഐവറി കോസ്റ്റില്‍ നിന്നുള്ള കയറ്റുമതി 19 ശതമാനം വര്‍ധിച്ചു. ഐസ് എക്‌സ്‌ചേഞ്ചിലെ സ്റ്റോക്കും വര്‍ധിച്ചു.
അറബിക്ക കാപ്പി 1.91 ശതമാനം താഴ്ന്നു പൗണ്ടിന് 2.899 ഡോളറില്‍ എത്തി.
പാം ഓയില്‍ 0.04 ശതമാനം താഴ്ന്ന ടണ്ണിന് 4976 മലേഷ്യന്‍ റിംഗിറ്റ് ആയി.
യുഎസ് ഡോളര്‍ സൂചിക വീണ്ടും താഴ്ന്ന് 98.79 ല്‍ എത്തി. യൂറോ 1.1628 ഡോളറിലേക്കും പൗണ്ട് 1.3542 ഡോളറിലേക്കും നീങ്ങി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 153.79 യെന്നിലേക്ക് എത്തി. ചൈനീസ് യുവാന്‍ ഡോളറിന് 6.71 എന്ന നിരക്കില്‍ തുടര്‍ന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.79 ശതമാനത്തില്‍ തുടരുന്നു.
ചൊവ്വാഴ്ച രൂപ ഗണ്യമായ ഇടിവിലായി. ക്രൂഡ് ഓയില്‍ വിലക്കയറ്റം ആണു രൂപയ്ക്കു ഭീഷണിയായത്. ഡോളര്‍ 33 പൈസ കയറി 94.82 രൂപയില്‍ ക്ലോസ് ചെയ്തു.
വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 94.82 രൂപയിലാണ്. ചൈനീസ് യുവാന്‍ 14.13 രൂപയും യൂറോ 110.28 രൂപയും ആയി ഉയര്‍ന്നു.
യുഎസ്-ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായതും ഹോര്‍മുസിലെ ചരക്കുനീക്കം നിലച്ചതും ക്രൂഡ് ഓയിലിനെ 100 ഡോളറിന് അടുത്തെത്തിച്ചു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ ഒരു ശതമാനത്തോളം ഉയര്‍ന്ന് 97.92 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 99.39 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 94.42 ഡോളറിലാണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ താഴോട്ടു യാത്ര തുടര്‍ന്നു. ബിറ്റ്‌കോയിന്‍ 78,700 ഡോളറിനു താഴെ എത്തി. ഈഥര്‍ ഇന്ന് 2500 ഡോളറിനും സൊലാന 103.50 ഡോളറിനും താഴെ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine