പാശ്ചാത്യ സൂചനകള്‍ നെഗറ്റീവ്, വിദേശികള്‍ വില്‍പന തുടരുന്നു, ഏഷ്യന്‍ വിപണികള്‍ ഭിന്നദിശകളില്‍; ഡോളര്‍ കയറുന്നു

യൂറോപ്യന്‍ ഓഹരികള്‍ ബുധനാഴ്ച ഭിന്ന ദിശകളിലായി. ജര്‍മന്‍, യുകെ സൂചികകള്‍ ചെറുതായി ഉയര്‍ന്നപ്പോള്‍ ഫ്രഞ്ച് സൂചിക താഴ്ന്നു. യൂറോപ്യന്‍ വിപണിയും താഴ്ചയിലാണ്
പാശ്ചാത്യ സൂചനകള്‍ നെഗറ്റീവ്, വിദേശികള്‍ വില്‍പന തുടരുന്നു, ഏഷ്യന്‍ വിപണികള്‍ ഭിന്നദിശകളില്‍; ഡോളര്‍ കയറുന്നു
Published on

വിപണി കൂടുതല്‍ ദുര്‍ബലമായി വരുകയാണ്. വീസ, വ്യാപാര വിഷയങ്ങളില്‍ പരിഹാരം കാണാത്തതും ജിഎസ്ടി ഇളവ് വലിയ വ്യാപാരക്കുതിപ്പിനു വഴി തുറക്കാത്തതും വിപണിയെ വിഷമിപ്പിക്കുന്നു. വിദേശ നിക്ഷേപകര്‍ വില്‍പന തുടരുകയാണ്. ക്രൂഡ് ഓയില്‍ വില 69 ഡോളര്‍ കടന്നതും നെഗറ്റീവ് ഘടകമാണ്. സ്വര്‍ണവില ഗണ്യമായി താഴ്ന്നു. ഡോളര്‍ സൂചിക കയറിയതു രൂപയ്ക്കു ക്ഷീണം വരുത്തും.

ഇന്ത്യ - അമേരിക്ക വ്യാപാര ചര്‍ച്ച വാഷിംഗ്ടണിലും ന്യൂയോര്‍ക്കിലുമായി തുടര്‍ന്നെങ്കിലും ആശാവഹമായ ഫലം കാണാനില്ല. വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ഇന്ത്യയിലേക്കുള്ള മടക്കം വാരാന്ത്യത്തിലേക്കു മാറ്റി. ഉല്‍പന്ന വ്യാപാരത്തിനും റഷ്യന്‍ എണ്ണ വിഷയത്തിനും പുറമേ എച്ച് വണ്‍ ബി വീസ വിഷയം കൂടി വന്നതു ചര്‍ച്ചകളെ സങ്കീര്‍ണമാക്കി.

എച്ച് വണ്‍ ബി വീസ നറുക്കിട്ടു നിശ്ചയിക്കുന്നതു മാറ്റി കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതി കൊണ്ടുവരാന്‍ അമേരിക്ക ഉദ്ദേശിക്കുന്നുണ്ട്. കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതി വാതകവും അമേരിക്കയില്‍ നിന്നു വാങ്ങാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനിടെ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇന്നു ന്യൂയോര്‍ക്കില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുന്നുണ്ട്. ന്യൂയോര്‍ക്കിലുള്ള വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു ട്രംപ് ഇനിയും കൂടിക്കാഴ്ച അനുവദിച്ചിട്ടില്ല.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,063.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,046 വരെ താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് പല വഴി

യൂറോപ്യന്‍ ഓഹരികള്‍ ബുധനാഴ്ച ഭിന്ന ദിശകളിലായി. ജര്‍മന്‍, യുകെ സൂചികകള്‍ ചെറുതായി ഉയര്‍ന്നപ്പോള്‍ ഫ്രഞ്ച് സൂചിക താഴ്ന്നു. യൂറോപ്യന്‍ വിപണിയും താഴ്ചയിലാണ്. ഓഹരികള്‍ അമിതവിലയിലാണ് എന്ന ഫെഡ് ചെയര്‍മാന്റെ വിലയിരുത്തല്‍ വിപണിയെ സ്വാധീനിച്ചു. യുക്രെയ്‌ന് നഷ്ടപ്പെട്ട സ്ഥലം മുഴുവന്‍ തിരിച്ചു പിടിക്കും എന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന്റെ പേരില്‍ പ്രതിരോധ ഓഹരികള്‍ ഇന്നലെ കുതിച്ചു.

യുഎസ് വിപണി വീണ്ടും താഴ്ന്നു

അമേരിക്കന്‍ വിപണി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്നു. നിര്‍മിതബുദ്ധി മേഖലയിലെ പുതിയ വമ്പന്‍ നിക്ഷേപ പ്രഖ്യാപനങ്ങളില്‍ വിപണി അസ്വസ്ഥത പ്രകടിപ്പിച്ചു. എന്‍വിഡിയയും ഓറക്കിളും ചില ചിപ്പ് കമ്പനികളും താഴ്ന്നു. എന്നാല്‍ വലിയ നിര്‍മിതബുദ്ധി നിക്ഷേപം പ്രഖ്യാപിച്ച ചൈനീസ് കമ്പനി ആലിബാബ എട്ടു ശതമാനം വരെ ഉയര്‍ന്നു. ആപ്പിളില്‍ നിന്നു ഗണ്യമായ നിക്ഷേപം ലഭിക്കാന്‍ ചര്‍ച്ച തുടങ്ങിയത് ഇന്റല്‍ ഓഹരിയെ ആറര ശതമാനം ഉയര്‍ത്തി. ലിഥിയം അമേരിക്ക എന്ന കനേഡിയന്‍ കമ്പനിയില്‍ ഓഹരി എടുക്കാന്‍ അമേരിക്കന്‍ ഭരണകൂടം ആലോചിക്കുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആ കമ്പനിയുടെ ഓഹരിവില ഇരട്ടിച്ചു.

ഡൗ ജോണ്‍സ് സൂചിക ബുധനാഴ്ച 171.50 പോയിന്റ് (0.37%) താഴ്ന്ന് 46,121.28ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 18.95 പോയിന്റ് (0.28%) നഷ്ടത്തോടെ 6637.97ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 75.62 പോയിന്റ് (0.34%) താഴ്ന്ന് 22,497.86ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.18 ശതമാനം താഴ്ന്നു. എസ് ആന്‍ഡ് പി 0.13 ഉം നാസ്ഡാക് 0.12 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ജാപ്പനീസ് വിപണി 0.20 ശതമാനം ഉയര്‍ന്നു. ദക്ഷിണ കൊറിയന്‍ വിപണി നാമമാത്രമായി കയറി. ഓസ്‌ട്രേലിയന്‍ വിപണി താഴ്ന്നു. ഹോങ് കോങ് വിപണി താഴ്ന്നു. എന്നാല്‍ ചൈനീസ് വൈദ്യുത വാഹന കമ്പനി ചെറി 11 ശതമാനം ഉയര്‍ന്നു ലിസ്റ്റ് ചെയ്തു. ചൈനീസ് വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി.

വീണ്ടും താഴ്ന്ന് ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ നാലാം ദിവസവും താഴ്ന്നു. എച്ച് വണ്‍ ബി വീസ വിഷയവും വിദേശ നിക്ഷേപകരുടെ വില്‍പനയും വ്യാപാര ചര്‍ച്ചയിലെ അനിശ്ചിതത്വവും വിപണിയെ ദുര്‍ബലമാക്കി. ഒരു വിഷയത്തിലും പ്രതീക്ഷ നല്‍കുന്ന മാറ്റം ഉണ്ടായിട്ടില്ല. എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും ഇടിവിലായി. മുന്‍ ദിവസങ്ങളില്‍ കുതിച്ച അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നലെ താഴ്ന്നു.

നിഫ്റ്റി 112.60 പോയിന്റ് (0.45%) താഴ്ന്ന് 25,056.90ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 386.47 പോയിന്റ് (0.47%) ഇടിഞ്ഞ് 81,715.63ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 388.25 പോയിന്റ് (0.70%) നഷ്ടത്തോടെ 55,121.50ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 572.15 പോയിന്റ് (0.98%) ഇടിഞ്ഞ് 57,924.45ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 122.20 പോയിന്റ് (0.67%) താഴ്ന്ന് 18,069.55ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 1540 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2651 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 992 എണ്ണം. താഴ്ന്നത് 2053 ഓഹരികള്‍.

എന്‍എസ്ഇയില്‍ 118 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 61 എണ്ണമാണ്. 84 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 63 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ ബുധനാഴ്ച ക്യാഷ് വിപണിയില്‍ 2425.75 കാേടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 1211.68 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

വിപണി കൂടുതല്‍ ദുര്‍ബലമായി. ഈ പ്രവണത തുടരും എന്നാണു നിരീക്ഷകര്‍ കരുതുന്നത്. നിഫ്റ്റിയുടെ പിന്തുണനില 24,900 ലേക്കു താഴ്ന്നു എന്നാണു സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. ഇന്നു നിഫ്റ്റിക്ക് 25,025 ലും 24,955 ലും പിന്തുണ ലഭിക്കും. 25,120 ലും 25,200 ലും തടസങ്ങള്‍ ഉണ്ടാകും.

കമ്പനികള്‍, വാര്‍ത്തകള്‍

എച്ച്‌ഐവി തടയുന്നതില്‍ ഫലപ്രദമായ ലെനാകപാവിര്‍ അഥവാ യെസ്ടുഗോ എന്ന ഔഷധത്തിന്റെ വില്‍പന അവകാശം ഡോ. റെഡ്ഡീസ് ലബോറട്ടറീസും ഹെറ്റെറോ ലാബ്‌സും കൂടി വാങ്ങി. ഒരു വര്‍ഷം 40 ഡോളറിന്റെ രണ്ടു കുത്തിവയ്പ് കൊണ്ട് രോഗപ്രതിരോധം ഉറപ്പാക്കുന്ന മരുന്ന് 2027ല്‍ വിപണിയില്‍ എത്തും. ഗിലയാഡ് സയന്‍സസാണ് ഇത് കണ്ടെത്തിയത്.

ഗിലയാഡിന്റെ ബിക്ടാര്‍വി എന്ന എച്ച്‌ഐവി മരുന്നിന്റെ ജനറിക് പതിപ്പ് ഇറക്കുന്നതിനു ലൂപിന്‍ ലിമിറ്റഡിന് യുഎസ് എഫ്ഡിഎയുടെ അംഗീകാരം ലഭിച്ചു.

സജ്ജന്‍ ജിന്‍ഡലിന്റെ പുതിയ കമ്പനി ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ഇലക്ട്രിക് കാര്‍ നിര്‍മാണത്തിന് ഒരുങ്ങുന്നു. ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനി ബിവൈഡിയുമായും മറ്റു കമ്പനികളുമായും ഘടകങ്ങളും പ്ലാറ്റ് ഫോമും സംബന്ധിച്ച് ചര്‍ച്ച നടത്തി വരികയാണ്. അടുത്ത വര്‍ഷം ആദ്യ മോഡല്‍ വിപണിയില്‍ എത്തും. 2030 ഓടെ 25 മോഡുകളാണു ലക്ഷ്യം. 26,000 കോടി രൂപയുടെ നിക്ഷേപമാണു കമ്പനി ഉദ്ദേശിക്കുന്നത്.

ജിന്‍ഡല്‍ ഇന്ത്യ തെര്‍മല്‍ പവര്‍ പ്ലാന്റ്, ജിന്‍ഡല്‍ പോളി ഫിലിംസ് തുടങ്ങിയവ നടത്തുന്ന ബി സി ജിന്‍ഡല്‍ ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ഇഡി കള്ളപ്പണ പരിശോധന നടത്തി.

സ്വര്‍ണം താഴോട്ട്

സ്വര്‍ണം വലിയ കുതിപ്പ് നിര്‍ത്തിയിട്ടു താഴോട്ടു നീങ്ങുകയാണ്. ഉയര്‍ന്ന വിലയിലെ വില്‍പന സമ്മര്‍ദവും ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കല്‍ വൈകിക്കുമോ എന്ന ആശങ്കയും ആണു വിപണിഗതിയെ മാറ്റിയത്. നാളെ പുറത്തുവരുന്ന പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (പിസിഇ) സൂചിക മൂന്നു ശതമാനത്തിലധികം ഉയര്‍ന്നാല്‍ ഫെഡ് നിരക്കു കുറയ്ക്കല്‍ വൈകിക്കും. കഴിഞ്ഞ മാസം 2.9 ശതമാനം ആയിരുന്നു പിസിഇ. ഈ മാസവും 2.9 ശതമാനമാകും എന്നാണു നിഗമനം.

പിസിഇ മാറ്റം എന്തായാലും സ്വര്‍ണത്തിന്റെ താഴ്ച താല്‍ക്കാലികമാണെന്നും വില മുന്നേറ്റം തുടരുമെന്നും ആണു വിപണി കണക്കാക്കുന്നത്. ക്രൂഡ് ഓയില്‍ 70 ഡോളറിലേക്കു നീങ്ങുന്നതും ഓഹരിവിപണി ദുര്‍ബലമാകുന്നതും സ്വര്‍ണത്തെ കയറ്റും.

ഇന്നലെ ലോകവിപണിയില്‍ സ്‌പോട്ട് സ്വര്‍ണം 0.70 ശതമാനം താഴ്ന്ന് ഔണ്‍സിന് 3741.2 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3735 ഡോളറിലേക്കു വീണു.

അവധിവില ഇന്നലെ 3768 ഡോളറില്‍ ക്ലോസ് ചെയ്തു.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില ബുധനാഴ്ച 240 രൂപ കുറഞ്ഞ് 84,600 രൂപയില്‍ എത്തി.

വെള്ളിവില ഔണ്‍സിന് 43.8 ഡോളറില്‍ നിന്നു. ചെമ്പുവില ഉയരാം.

വ്യാവസായിക ലോഹങ്ങള്‍ ബുധനാഴ്ച ഭിന്ന ദിശകളില്‍ നീങ്ങി. ചെമ്പ് 0.37 ശതമാനം താഴ്ന്നു ടണ്ണിന് 9860.80 ഡോളറില്‍ എത്തി. ഇന്തോനേഷ്യയിലെ അലൂമിനിയം 0.34 ശതമാനം ഉയര്‍ന്ന് 2649.20 ഡോളറില്‍ അവസാനിച്ചു. ലെഡും സിങ്കും ടിന്നും ഉയര്‍ന്നു. നിക്കല്‍ താഴ്ന്നു.

ഇന്തോനീഷ്യയില്‍ ഗ്രാസ്‌ബെര്‍ഗ് ചെമ്പു ഖനിയില്‍ ഏതാനും ജീവനക്കാര്‍ മരിച്ച അപകടം ആ ഖനിയുടെ പ്രവര്‍ത്തനം കുറേ കാലത്തേക്കു മുടക്കും. ലോകത്തിലെ രണ്ടാമത്തെ വലിയ ഖനിയാണിത്. ഇതേ തുടര്‍ന്ന് യുഎസ് വിപണിയില്‍ ചെമ്പ് അവധിവില ടണ്ണിനു 11,000 ഡോളര്‍ കടന്നു. മറ്റു വിപണികളില്‍ ഇന്നു പ്രതികരണം പ്രതീക്ഷിക്കാം. ആ ഖനിയിലെ പ്രവര്‍ത്തനം മുടങ്ങുന്നതു സ്വര്‍ണലഭ്യതയെയും ബാധിക്കും. ഫ്രീ പോര്‍ട്ട് എന്ന കമ്പനിയുടേതാണ് ഖനി. കമ്പനിയുടെ ഓഹരി 18 ശതമാനം ഇടിഞ്ഞു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.23 ശതമാനം താഴ്ന്നു കിലോഗ്രാമിന് 171.50 സെന്റ് ആയി. കൊക്കോ 0.53 ശതമാനം കയറി ടണ്ണിന് 7028.85 ഡോളറില്‍ എത്തി. കാപ്പി 4.65 ശതമാനം ഉയര്‍ന്നു. തേയില 2.39 ശതമാനം താഴ്ന്നു. പാം ഓയില്‍ വില 0.90 ശതമാനം കയറി.

ഡോളര്‍ സൂചിക കയറി

ഡോളര്‍ സൂചിക ബുധനാഴ്ച 0.70 ശതമാനം ഉയര്‍ന്ന് 97.87ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.83ലേക്ക് താഴ്ന്നു. പലിശ കുറയ്ക്കല്‍ വൈകുമെന്ന നിഗമനമാണു സൂചികയെ ഉയര്‍ത്തുന്നത്.

കറന്‍സി വിപണിയില്‍ ഡോളര്‍ തിരിച്ചു കയറി. യൂറോ 1.1743 ഡോളറിലേക്കും പൗണ്ട് 1.345 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 148.77 യെന്‍ എന്ന നിരക്കിലേക്കു വീണു.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില അല്‍പം താഴ്ന്നു. അവയിലെ നിക്ഷേപനേട്ടം 4.141 ശതമാനമായി ഉയര്‍ന്നു.

രൂപ അല്‍പം കയറി

ബുധനാഴ്ച ഇന്ത്യന്‍ രൂപ അല്‍പം നേട്ടം ഉണ്ടാക്കി. ഡോളര്‍ ഏഴു പൈസ താഴ്ന്ന് 88.69 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്നു ഡോളര്‍ സൂചിക കയറിയാല്‍ രൂപ ദുര്‍ബലമാകും.

ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.13 യുവാന്‍ എന്ന നിലയിലേക്കു താഴ്ന്നു. തലേന്ന് ഡോളറിന് 7.11 യുവാന്‍ ആയിരുന്നു.

ക്രൂഡ് ഓയില്‍ 70 ഡോളറിലേക്ക്

ക്രൂഡ് ഓയില്‍ വില കയറ്റം തുടരുന്നു. അമേരിക്കന്‍ ക്രൂഡ് ശേഖരം ഗണ്യമായി കുറഞ്ഞതും റഷ്യന്‍ ക്രൂഡ് വാങ്ങുന്നതിന് എതിരായ സമ്മര്‍ദം യുഎസ് പ്രസിഡന്റ് വര്‍ധിപ്പിച്ചതും ആണു വില കൂട്ടുന്നത്. ബാരലിന് 70 ഡോളറിലേക്കാണ് ക്രൂഡിന്റെ യാത്ര.

ബുധനാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 69.31 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു ബ്രെന്റ് ഇനം 69.11 ഡോളറിലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ 64.77 ഡോളറിലും മര്‍ബന്‍ ക്രൂഡ് 71.66 ഡോളറിലും ആണ്. പ്രകൃതി വാതക വില 0.7 ശതമാനം ഉയര്‍ന്നു.

ക്രിപ്‌റ്റോ കറന്‍സികള്‍ നേരിയ തോതില്‍ ഉയര്‍ന്നു. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 1,12,750 ഡോളറിലേക്കു കയറി. ഈഥര്‍ 4090 ഡോളറിലും സൊലാന 208 ഡോളറിലും തുടരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com