

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ന്യൂയോര്‍ക്കില്‍ നടന്നുവന്ന ചര്‍ച്ചകള്‍ വിഫലമായി. അതേസമയം ചെങ്കടലിലൂടെ സൗദി അറേബ്യ എണ്ണ നീക്കം പുനരാരംഭിച്ചതും ഹോര്‍മുസിലെ എണ്ണകടത്ത് ഗണ്യമായി വര്‍ധിച്ചതും മൂലം ക്രൂഡ് ഓയില്‍ വില താഴ്ന്നു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഒക്ടോബറില്‍ പലിശ കൂട്ടാനുള്ള സാധ്യത കുറഞ്ഞു. എന്നാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളിലും കടപ്പത്രങ്ങളിലും നിന്നു വലിയ തോതില്‍ വിറ്റു മാറുന്നത് ഇന്ത്യന്‍ വിപണിക്കു ക്ഷീണമാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,838.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,787 വരെ ഇടിഞ്ഞിട്ടു കയറി. ഇന്ത്യന്‍ വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
ഖത്തര്‍ ഇടനിലക്കാരായി നടന്ന അമേരിക്ക-ഇറാന്‍ പരോക്ഷചര്‍ച്ച വിഫലമായി. യുദ്ധത്തിനു മുന്‍പ് കടന്നിരുന്നതിന്റെ 80 ശതമാനം ക്രൂഡ് ഓയില്‍ ഇപ്പോള്‍ ഹോര്‍മുസ് വഴി കടത്തുന്നുണ്ട്. ഇറാന്റെ എണ്ണ കയറ്റുമതി പ്രയോഗികമായി മുടങ്ങി. ഈ സാഹചര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് യുഎസ് വിലയിരുത്തല്‍. ഇറാനാണ് ഇപ്പോള്‍ ഹോര്‍മുസ് ഉപരോധം നീക്കേണ്ട ആവശ്യം. ഇറാനില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഐആര്‍ജിസി എന്ന സായുധവിഭാഗം കരാര്‍ സ്വീകരിക്കുമെന്ന ഉറപ്പുമില്ല. യുഎസ് കര്‍ക്കശ നിലപാടിന്റെ കാരണം അതാണ്.
ഹോര്‍മുസിലെ പിടി അയഞ്ഞെങ്കിലും ഗള്‍ഫ് രാജ്യങ്ങളെ പേടിപ്പിച്ചു നിര്‍ത്താനുള്ള കഴിവ് ഇപ്പോഴും ഉണ്ടെന്ന് ഇറാന്‍ കരുതുന്നു. ഉപരോധത്തിനു മുന്‍പ് ടാങ്കറുകളില്‍ കടത്തി ഇന്ത്യാസമുദ്രത്തിലും മറ്റും സൂക്ഷിച്ചിട്ടുള്ള ഇറാന്റെ എണ്ണശേഖരം ഒക്ടോബര്‍ പകുതിയോടെ തീരും എന്നാണു വിലയിരുത്തല്‍. അതിനുശേഷമുള്ള ഞെരുക്കം ഇറാനെ സാഹസിക നടപടികള്‍ക്കു പ്രേരിപ്പിക്കും എന്ന ഭീതി ഉണ്ട്.
ക്രൂഡ് ഓയില്‍ ലഭ്യത കൂടിയതു വിലക്കയറ്റ പ്രതീക്ഷ കുറയ്ക്കുന്നു. ഇന്നലെ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിട്ടു ഗണ്യമായി താഴ്ന്നു. നേരത്തേ 2002 നു ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിക്ഷേപ നേട്ടം എത്തിയിരുന്നു.
പലിശകൂട്ടലിന് തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നു ന്യൂയോര്‍ക്ക് ഫെഡ് പ്രസിഡന്റ് പറഞ്ഞത് വിപണിക്ക് ആശ്വാസമായി. ഒക്ടോബറില്‍ യുഎസ് ഫെഡ് പലിശ കൂട്ടാനുള്ള സാധ്യത ഇതോടെ 71-ല്‍ നിന്ന് 49 ശതമാനമായി കുറഞ്ഞു. ഇന്നു വരുന്ന പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സൂചിക കാര്യമായ വര്‍ധന കാണിക്കുന്നില്ലെങ്കില്‍ പലിശ കൂട്ടല്‍ ഡിസംബറിലേക്കു നീങ്ങും എന്നാണു വിലയിരുത്തല്‍. 3.7 ശതമാനം വിലക്കയറ്റമാണു വിപണി കണക്കു കൂട്ടുന്നത്. പലിശ കൂട്ടല്‍ ഡിസംബറിലേക്കു മാറും എന്നു കരുതുന്നവരുടെ അനുപാതം കൂടി.
യുദ്ധവും സാമ്പത്തിക ആശങ്കകളും ഇന്നലെയും യുഎസ് വിപണികളെ നഷ്ടത്തിലാക്കി. സൗദി അറേബ്യ ചെങ്കടലിലൂടെയുള്ള എണ്ണ കയറ്റുമതി പുനരാരംഭിച്ചതു വിപണിയുടെ ആശങ്കകള്‍ കുറച്ചിട്ടുണ്ട്.
ഓഗസ്റ്റില്‍ യുഎസ് തൊഴിലവസരങ്ങള്‍ 70.8 ലക്ഷമായി കുറഞ്ഞതും പലിശപ്പേടി കുറയ്ക്കാന്‍ സഹായിച്ചു. 72.3 ലക്ഷം അവസരങ്ങള്‍ പ്രതീക്ഷിച്ചതാണ്. ജൂലൈയില്‍ 73.4 ലക്ഷം അവസരങ്ങള്‍ ഉണ്ടായിരുന്നു.
ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 131.59 പോയിന്റ് (0.20 ശതമാനം) താഴ്ന്ന് 51,349.92ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 12.85 പോയിന്റ് (0.17%) നഷ്ടത്തോടെ 7670.84ല്‍ എത്തി. നാസ്ഡാക് കോംപസിറ്റ് 22.84 പോയിന്റ് (0.09%) താഴ്ന്ന് 26,797.54ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ ജോണ്‍സ് 99 പോയിന്റും (0.19%) എസ്ആന്‍ഡ്പി 10 പോയിന്റും (0.13%) നാസ്ഡാക് 27 പോയിന്റും (0.09%) ഉയര്‍ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ചൊവ്വാഴ്ച വ്യാപാര സമയത്ത് 1.03 ശതമാനം ഉയര്‍ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.71 ശതമാനം കയറി 22.80 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.18% താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 27.25 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 1.14% കയറിയ ശേഷം തുടര്‍വ്യാപാരത്തില്‍ 0.19% താഴ്ന്നു 10.62 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 0.62 ശതമാനം താഴ്ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ 0.52% ഉയര്‍ന്ന് 1.6183 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ ഓഹരിവിപണികള്‍ ചൊവ്വാഴ്ചയും ഭിന്നദിശകളില്‍ നീങ്ങി. ഫ്രഞ്ച്, ബ്രിട്ടീഷ്, സ്പാനിഷ് വിപണികള്‍ താഴ്ന്നു. ജര്‍മന്‍ സൂചികയും സ്റ്റോക്‌സ് 600 ഉം നാമമാത്രമായി ഉയര്‍ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 1.25 ശതമാനം കയറി. ദക്ഷിണ കൊറിയന്‍ കോസ്പി ഒരു ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.15 ശതമാനം കയറി. തായ്വാന്‍ സൂചിക 1.40 ശതമാനം നേട്ടത്തിലായി. ഹോങ് കോങ്ങിലെ ഹാങ്‌സെങ് 0.40 ശതമാനം താഴ്ന്നു. ചൈനയിലെ ഷാങ്ഹായ് സൂചിക 0.22 ശതമാനം ഉയര്‍ന്നു. ചൈനീസ് ഫാക്ടറി ഉല്‍പാദന സൂചിക സെപ്റ്റംബറില്‍ വര്‍ധിച്ചു. മൂന്നു മാസത്തിനു ശേഷമാണ് ഈ സൂചിക ഉയര്‍ന്നത്.
ഇന്ത്യന്‍ വിപണി ഇന്നലെ വലിയ താഴ്ചയിലേക്കു വീണിട്ടു നഷ്ടം അല്‍പം കുറച്ചു. രാവിലെ സെന്‍സെക്‌സ് 72,064 വരെയും നിഫ്റ്റി 22,569 വരെയും താഴ്ന്നിരുന്നു. ക്ലോസിംഗ് ഓക്ഷന്‍ വേളയില്‍ സൂചികകള്‍ വല്ലാത്ത ചാഞ്ചാട്ടം കാണിച്ചു ഡെറിവേറ്റീവ് സെറ്റില്‍മെന്റിന്റെ സമ്മര്‍ദവും ഉണ്ടായി.
ക്രൂഡ് ഓയില്‍ വില, പലിശ എന്നീ ആഗോള ആശങ്കകളും കാര്‍ഷികോല്‍പാദന നഷ്ടവും വിദേശനിക്ഷേപകരുടെ പിന്മാറ്റവും വിപണിയെ ആശങ്കയില്‍ നിര്‍ത്തുന്നു. വിദേശനിക്ഷേപകര്‍ ഓഹരിക്കു പുറമേ കടപ്പത്രങ്ങളും വിറ്റൊഴിയുകയാണ്. രൂപയുടെ ഇടിവിന് ഇതു കാരണമായി.
മിക്ക ബിസിനസ് മേഖലകളിലും ഓഹരികള്‍ ഇടിഞ്ഞു. മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ എന്നിവ മാത്രമാണ് ഉയര്‍ന്നത്. റിയല്‍റ്റി, ഐടി, കാപ്പിറ്റല്‍ മാര്‍ക്കറ്റ്, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, എഫ്എംസിജി, ഓയില്‍, പ്രതിരോധ മേഖലകള്‍ ഇടിഞ്ഞു.
എന്‍എസ്ഇ ഓഹരി 0.37 ശതമാനം ഉയര്‍ന്നെങ്കിലും ഐപിഒ വിലയിലും താഴെ 1769.30 രൂപയില്‍ ക്ലോസ് ചെയ്തു.
ബിഎസ്ഇ ലിമിറ്റഡ് ഓഹരി ഇന്ന് നിഫ്റ്റി 50 സൂചികയില്‍ ഉള്‍പ്പെടും. വിപ്രോയ്ക്കു പകരമാണിത്. ഓഹരി 3.31 ശതമാനം ഉയര്‍ന്നു. വിപ്രോ 2.33 ശതമാനം താഴ്ന്നു.
ടാറ്റാ സണ്‍സ് ലിസ്റ്റിംഗ് ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു നിര്‍ദേശം ടാറ്റാ ട്രസ്റ്റുകള്‍ മുന്നോട്ടു വച്ചത് വിപണിയില്‍ ടാറ്റാ കമ്പനികളെ താഴ്ത്തി. ടാറ്റാ സണ്‍സ് ലിസ്റ്റ് ചെയ്താല്‍ അതില്‍ ഓഹരിയുള്ള ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം ഗണ്യമായി കൂടും.
ബിഎസ്ഇയില്‍ ഇന്നലെ ഭൂരിപക്ഷം ഓഹരികള്‍ താഴ്ന്നു. 1925 ഓഹരികള്‍ കയറി, 2462 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 1515 ഓഹരികള്‍ കയറിയപ്പോള്‍ 2024 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകര്‍ ഇന്നലെയും കനത്ത വില്‍പനക്കാരായി. അവര്‍ ക്യാഷ് വിപണിയില്‍ 9980.22 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 6952.71 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.
ചൊവ്വാഴ്ച സെന്‍സെക്സ് 242.65 പോയിന്റ് (0.33%) താഴ്ന്ന് 72,529.07ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 64.05 പോയിന്റ് (0.28%) നഷ്ടത്തോടെ 22,716.20ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 211.70 പോയിന്റ് (0.39%) താഴ്ന്ന് 54,259.95ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 594.80 പോയിന്റ് (0.99%) ഇടിഞ്ഞ് 59,319.40ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 151.55 പോയിന്റ് (0.81%) താഴ്ന്ന് 19,193.55ല്‍ ക്ലോസ് ചെയ്തു.
പലിശവര്‍ധനയുടെ ഭയം കുറഞ്ഞത് സ്വര്‍ണത്തെ ഇന്നലെ ചെറിയ നേട്ടത്തിലാക്കി. ചൊവ്വാഴ്ച 1.63 ശതമാനം (67 ഡോളര്‍) ഉയര്‍ന്ന സ്വര്‍ണം ഔണ്‍സിന് 4183.10 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ചെറിയ നഷ്ടത്തോടെ 4170 ഡോളറില്‍ എത്തി.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ഇന്നലെ 200 രൂപ കുറഞ്ഞ് 1,09,120 രൂപ ആയി.
വെള്ളിവിലയും കയറി. ചൊവ്വാഴ്ച 1.35 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 61.59 ഡോളറില്‍ ക്ലോസ് ചെയ്തു. പ്ലാറ്റിനം 1702 ഡോളര്‍, പല്ലാഡിയം 1211 ഡോളര്‍, റോഡിയം 8400 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
രാജ്യാന്തര വിപണിയില്‍ റബര്‍ വില വീണ്ടും താഴ്ന്നു. എന്നാല്‍ കേരളത്തില്‍ റബര്‍വില ഉയര്‍ന്നനിലയില്‍ തുടര്‍ന്നു. ചൊവ്വാഴ്ച ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 280.70 ഡോളറിലും ആര്‍എസ്എസ് മൂന്ന് 277.30 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 27,900 രൂപയില്‍ തുടര്‍ന്നു. റബര്‍ ഉല്‍പാദനം കുറവാണെങ്കിലും ചൈനീസ് ഡിമാന്‍ഡ് കുറഞ്ഞതാണ് വില താഴാന്‍ കാരണം.
സിങ്കും ടിന്നും ഒഴികെ വ്യാവസായിക ലോഹങ്ങള്‍ താഴ്ന്നു. ചെമ്പ് 0.48 ശതമാനം ഇടിഞ്ഞു ടണ്ണിന് 14,474.35 ഡോളര്‍ ആയി. അലൂമിനിയം 0.66 ശതമാനം താഴ്ന്ന് 3230.50 ഡോളറില്‍ എത്തി. ലെഡും നിക്കലും താഴ്ന്നു. സിങ്കും ടിന്നും ഉയര്‍ന്നു.
കൊക്കോ വില 4.20 ശതമാനം ഇടിഞ്ഞു ടണ്ണിന് 5354 ഡോളറില്‍ ക്ലോസ് ചെയ്തു. എന്നാല്‍ അവധി വില 5600 ഡോളറിനു മുകളിലാണ്. ഐവറി കോസ്റ്റില്‍ 20 ഉം ഘാനയില്‍ 17 ഉം ശതമാനം ഉല്‍പാദനം കുറയും എന്നാണു വിലയിരുത്തല്‍.
അറബിക്ക കാപ്പി 1.37 ശതമാനം കയറി പൗണ്ടിന് 2.927 ഡോളര്‍ ആയി. ബ്രസീലിലെ 2026 സീസണ്‍ കാപ്പി ഉല്‍പാദനം 19.6 ശതമാനം കൂടി. പാം ഓയില്‍ 0.86 ശതമാനം താഴ്ന്നു ടണ്ണിന് 4624 മലേഷ്യന്‍ റിംഗിറ്റ് ആയി.
യുഎസ് ഡോളര്‍ സൂചിക ചൊവ്വാഴ്ച ഉയര്‍ന്ന് 101.37ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.43 ലേക്കു കയറി. യൂറോ 1.1339 ഡോളറിലേക്കും പൗണ്ട് 1.3228 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 156.91 യെന്‍ വരെ കയറി. ചൈനീസ് യുവാന്‍ ഡോളറിന് 6.70 എന്ന നിരക്കിലേക്കു കയറി.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 5.555 ല്‍ നിന്ന് 5.243 ശതമാനമായി കുറഞ്ഞു.
ചൊവ്വാഴ്ച റിസര്‍വ് ബാങ്കിന്റെ ശക്തമായ സഹായത്തോടെ രൂപ പിടിച്ചുനിന്നു. രാവിലെ ഡോളര്‍ 96.08 രൂപ വരെ ഉയര്‍ന്നു. പിന്നീട് റിസര്‍വ് ബാങ്ക് ഇടപെട്ട് രൂപയെ തിരിച്ചു കയറ്റി. തലേദിവസത്തെ നിലയായ 95.98 രൂപയില്‍ ഡോളര്‍ ക്ലോസ് ചെയ്തു. വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ ഇന്നലെ 95.88 രൂപ വരെ താഴ്ന്നിട്ട് ഇന്നു രാവിലെ 95.98 രൂപയില്‍ നില്‍ക്കുന്നു. ചൈനീസ് യുവാന്‍ 14.32 രൂപയിലേക്കു കയറി. യൂറോ 108.81 രൂപയായി താഴ്ന്നു.
കഴിഞ്ഞ ദിവസം 107 ഡോളറിനു മുകളിലെത്തിയ ക്രൂഡ് ഓയില്‍ ഇന്നലെ താഴ്ന്നു. ബ്രെന്റ് ഇനം 2.6 ശതമാനം താഴ്ന്ന് 102.59 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.32 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ ഇനം 89.52 ഡോളറിലാണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നലെ ഉയര്‍ന്ന ശേഷം താഴ്ചയിലായി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 83,400 ഡോളറിനു താഴെ വന്നു. ഈഥര്‍ 2675 ഡോളറിനും സൊലാന 119 ഡോളറിനും താഴെ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine