

ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്യൂറോപ്പുമായി ധാരണയിലെത്തി. എല്ലായ്‌പോഴും ചെയ്തിരുന്നതു പോലെ ട്രംപ് പിന്‍വാങ്ങി. ആക്രമണ ഭീഷണിയും തീരുവ ഭീഷണിയും ഒഴിവായി. ഇത് ഇന്നു ലോകവിപണികളെ തിരിച്ചുകയറ്റും.
ഇന്ത്യയുമായി നല്ല വ്യാപാര കരാര്‍ഉണ്ടാക്കും എന്നു ട്രംപ് ദാവോസില്‍ വച്ച് ഒരു ഇന്ത്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നരേന്ദ്ര മോദി നല്ല സുഹൃത്തും അസാധാരണ വ്യക്തിയുമാണെന്നു പ്രശംസിക്കുകയും ചെയ്തു. ഇത് ഇന്നു വിപണിയെ സഹായിക്കും.
സ്വര്‍ണത്തിന്റെ വലിയ കുതിപ്പിന് ഇന്നലെ വേഗം കുറഞ്ഞു. ഉയര്‍ന്ന നിലയില്‍ നിന്ന് ഒരു ശതമാനം താഴ്ന്നാണു സ്വര്‍ണം ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും ഇടിഞ്ഞ സ്വര്‍ണം ഔണ്‍സിനു 4800 ഡോളറിനു താഴെ വന്നു. വെള്ളിവില ഉയരത്തില്‍ നിന്നു മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന വെള്ളി 90 ഡോളറിനു താഴേക്കു നീങ്ങുകയാണ്.
ഇന്ത്യന്‍ വിപണി ഇന്നലെ ചാഞ്ചാട്ടത്തിനു ശേഷം ചെറിയ നഷ്ടത്തില്‍ അവസാനിച്ചു. മുഖ്യസൂചികകള്‍ 0.3 ശതമാനം താഴ്ന്നപ്പോള്‍ വിശാലവിപണി ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ഗിഫ്റ്റ് സിറ്റിയില്‍ ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 25,390 വരെ കയറിയിട്ട് 25,360 ലേക്കു താഴ്ന്നു. നിഫ്റ്റി വലിയ കുതിപ്പോടെ ഇന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ഗ്രീന്‍ലാന്‍ഡ് പിടിക്കാന്‍ ആക്രമണം നടത്തില്ല എന്ന് ഇന്നലെ ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് പറഞ്ഞിരുന്നു ഇതു യുഎസ് വിപണിയെ ഒരു ശതമാനത്തിലധികം തിരിച്ചുകയറ്റി. വിപണി ക്ലോസ് ചെയ്ത ശേഷമാണ് ട്രംപ് 'ട്രൂത്ത് സോഷ്യലി'ല്‍ ഗ്രീന്‍ലാന്‍ഡ് ധാരണ പ്രഖ്യാപിച്ചത്. വിശദാംശങ്ങള്‍ അദ്ദേഹം പറഞ്ഞില്ല.
ഗ്രീന്‍ലാന്‍ഡിലും ഡെന്മാര്‍ക്കിന്റെ വക ചില ആര്‍ക്ടിക് ദ്വീപുകളിലും അമേരിക്കന്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാന്‍ ഭൂമി നല്‍കുന്നതാണു പ്രധാന ധാരണയെന്നു ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആ സ്ഥലങ്ങള്‍ ഇനി അമേരിക്കയുടേതായിരിക്കും. യുഎസ് പ്രതിനിധികളും നാറ്റോ തലവന്‍ മാര്‍ക്ക് റുട്ടെയുമായി നടന്ന ചര്‍ച്ചയിലെ ധാരണ ഡെന്മാര്‍ക്കും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും അംഗീകരിച്ചു.
ട്രംപിന്റെ പ്രതിനിധികള്‍ ഇന്നു യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും ചര്‍ച്ച നടത്തുന്നുണ്ട്. യുക്രെയ്‌ന്റെ ഏതേതു ഭാഗങ്ങള്‍ റഷ്യക്കു നല്‍കാം എന്ന കാര്യത്തിലാണു ചര്‍ച്ച. ഇതു വിജയകരമാകാന്‍ സാധ്യത ഉള്ളതായാണു റിപ്പോര്‍ട്ടുകള്‍. അതുണ്ടായാല്‍ ആഗോള രംഗത്തു വലിയ മാറ്റം വരും. വിപണികള്‍ പറക്കും.
ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ ഗണ്യമായി ഉയര്‍ന്നു വ്യാപാരം തുടങ്ങി. ദക്ഷിണകൊറിയയുടെ ഡിസംബര്‍ പാദ ജിഡിപി വളര്‍ച്ച 1.5 ശതമാനം മാത്രമായിരുന്നു. 1.9 ശതമാനം പ്രതീക്ഷിച്ചതാണ്. നിര്‍മാണ മേഖലയില്‍ നിക്ഷേപം കുറഞ്ഞതും കയറ്റുമതി തളര്‍ന്നതുമാണു കാരണം. എങ്കിലും കൊറിയന്‍ കോസ്പി സൂചിക റെക്കോര്‍ഡ് കുറിച്ചു. ജപ്പാന്റെ ഡിസംബറിലെ കയറ്റുമതി വളര്‍ച്ച 5.1 ശതമാനമായി കുറഞ്ഞെങ്കിലും നിക്കൈ സൂചിക 1.6 ശതമാനം കുതിച്ചു. ചൈനീസ്, ഹോങ്കോങ് വിപണികള്‍ അര ശതമാനം നേട്ടത്തില്‍ വ്യാപാരം തുടങ്ങി.
യൂറോപ്യന്‍ വിപണികള്‍ ഇന്നലെ നേരിയ താഴ്ചയില്‍ വ്യാപാരം അവസാനിപ്പിച്ചു. ട്രംപിന്റെ ദാവോസ് പ്രസംഗത്തിനു മുന്‍പായിരുന്നു ക്ലോസിംഗ്.
ചൊവ്വാഴ്ച രണ്ടു ശതമാനം ഇടിഞ്ഞ യുഎസ് വിപണി ഇന്നലെ ഒരു ശതമാനത്തിലധികം കയറി. ഗ്രീന്‍ലാന്‍ഡില്‍ സൈനിക നടപടി ഇല്ലെന്ന ട്രംപിന്റെ ദാവോസ് പ്രഖ്യാപനമാണു സഹായിച്ചത്. ഡൗ ജോണ്‍സ് സൂചിക 588.64 പോയിന്റും (1.21%) എസ് ആന്‍ഡ് പി 78.76 പോയിന്റും (1.16%) നാസ്ഡാക് 270.50 പോയിന്റും (1.18%) ഉം ഉയര്‍ന്നു ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു രാവിലെ നേട്ടത്തിലാണ്. ഡൗ 0.16 ഉം എസ് ആന്‍ഡ് പി 0.32 ഉം നാസ്ഡാക് 0.47 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.
ആഗോള വിഷയങ്ങളും കമ്പനി ഫലങ്ങളും രൂപയുടെ വന്‍ ഇടിവും ഇന്നലെ ഇന്ത്യന്‍ വിപണിയെ ചാഞ്ചാട്ടത്തിലാക്കി. രാവിലെ കുത്തനേ ഇടിഞ്ഞ വിപണി ഉച്ചയോടെ തിരിച്ചു കയറി നേട്ടത്തിലായെങ്കിലും പിടിച്ചു നില്‍ക്കാനാവാതെ വീണ്ടും താഴ്ന്നു. സെന്‍സെക്‌സ് 1300 പോയിന്റും നിഫ്റ്റി 380 പോയിന്റും കയറിയിറങ്ങി. നിഫ്റ്റി 25,000 നു താഴെ പോയിട്ട് തിരിച്ചു കയറി.
മുഖ്യസൂചികകള്‍ ചെറിയ നഷ്ടത്തിലും മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ വലിയ നഷ്ടത്തിലും അവസാനിച്ചു. മെറ്റലും ഓയിലും ഒഴികെ എല്ലാ വ്യവസായ മേഖലകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സും ബാങ്കുകളും വലിയ താഴ്ചയിലായി.
ഇന്നലെ സെന്‍സെക്‌സ് 270.80 പോയിന്റ് (0.33%) താഴ്ന്ന് 81,909.63 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 75.00 പോയിന്റ് (0.30%) കുറഞ്ഞ് 25,157.50 പോയിന്റില്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 603.90 പോയിന്റ് (1.02%) താഴ്ന്ന് 58,800.30 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 661.70 പോയിന്റ് (1.14%) ഇടിഞ്ഞ് 57,423.65 ലും സ്‌മോള്‍ ക്യാപ് 100 സൂചിക 149.85 പോയിന്റ് (0.90%) താഴ്ന്ന് 16,551.20 ലും വ്യാപാരം അവസാനിപ്പിച്ചു.
വിപണിയിലെ കയറ്റ ഇറക്ക അനുപാതം ഇറക്കത്തിന്. അനുകുലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 1317 ഓഹരികള്‍ കയറിയപ്പോള്‍ 2968 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1076 എണ്ണം ഉയര്‍ന്നു, 2129 എണ്ണം ഇടിഞ്ഞു.
എന്‍എസ്ഇയില്‍ 59 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍ എത്തിയപ്പോള്‍ 817 എണ്ണം 52 ആഴ്ചയിലെ താഴ്ന്ന നിലയിലായി. 12 എണ്ണം അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ അഞ്ചെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
വിദേശനിക്ഷേപകര്‍ ഇന്നലെയും വില്‍പനക്കാരായി. വിദേശ ഫണ്ടുകള്‍ ക്യാഷ് വിപണിയില്‍ 1787.66 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 4520.47 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
നിഫ്റ്റി താഴ്ന്ന ശേഷം ഗണ്യമായി തിരിച്ചു കയറിയത് പോസിറ്റീവ് ആയി കരുതപ്പെടുന്നു. എങ്കിലും ഇന്ന് മികച്ച മുന്നേറ്റം ഉണ്ടായാലേ ട്രെന്‍ഡ് മാറി എന്ന് ഉറപ്പിക്കാനാകൂ. ഇനിയും താഴ്ന്ന് 24,900 നു താഴെ പോയാല്‍ 24,400 വരെ നിഫ്റ്റി പോയെന്നു വരും. 25,300 നു മുകളിലേക്കു കടന്നാല്‍ 25,500-25,600 മേഖലയിലേക്ക് യാത്ര തുടരാനാകും. ഇന്നു നിഫ്റ്റിക്ക് 24,980 ലും 24,900 ലും പിന്തുണ പ്രതീക്ഷിക്കാം. 25,270 ലും 25,360 ലും പ്രതിരോധം കാണാം.
എറ്റേണല്‍ (പഴയ സൊമാറ്റോ) മികച്ച മൂന്നാം പാദ റിസല്‍ട്ട് പുറത്തിറക്കി. വരുമാനം തലേ പാദത്തെക്കാള്‍ 20 ശതമാനം കൂടി 16,315 കോടി രൂപയായി. അറ്റാദായം തലേ പാദത്തേക്കാള്‍ 56.9 ശതമാനം വര്‍ധിച്ച് 102 കോടി രൂപയില്‍ എത്തി ലാഭമാര്‍ജിന്‍ 1.8ല്‍ നിന്നു 2.3 ശതമാനമായി.
കമ്പനിയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ സിഇഒ സ്ഥാനം ഫെബ്രുവരി ഒന്നിന് ഒഴിയും. പകരം ബ്ലിങ്കിറ്റിന്റെ മേധാവി അല്‍ബീന്ദര്‍ സിംഗ് ധിന്‍സ സിഇഒ ആകും. 18 വര്‍ഷം കമ്പനിയെ നയിച്ച ഗോയല്‍ ഇനി വൈസ് ചെയര്‍മാനും ഡയറക്ടറുമായിരിക്കും. മസ്തിഷ്‌കത്തെ മോണിറ്റര്‍ ചെയ്യുന്ന വെയറബിള്‍സ് നിര്‍മിക്കുന്ന ഒരു കമ്പനിയില്‍ ആകും ഇനി ഗോയലിന്റെ പ്രധാന ശ്രദ്ധ.
വാരീ എന്‍ജിന്‍സിന്റെ മൂന്നാം പാദ പ്രകടനം തലേ പാദത്തെ അപേക്ഷിച്ചു മികച്ചതായി. വരുമാനം 24.7 ഉം പ്രവര്‍ത്തനലാഭം 37.2 ഉം അറ്റാദായം 26 ഉം ശതമാനം വര്‍ധിച്ചു. ലാഭമാര്‍ജിന്‍ 23.2 ല്‍ നിന്ന് 25.5 ശതമാനമായി.
വരുമാനം 6.2 ശതമാനം വാര്‍ഷിക വളര്‍ച്ച കാണിച്ചപ്പോള്‍ ജിന്‍ഡല്‍ സ്റ്റെയിന്‍ലെസിന്റെ അറ്റാദായം 26.6 ശതമാനം കുതിച്ചു. ലാഭമാര്‍ജിന്‍ 122ല്‍ നിന്ന് 13.4 ശതമാനമായി.
ഡോ. റെഡ്ഡീസ് ലബോറട്ടറീസ് തിളക്കം കുറഞ്ഞ മൂന്നാം പാദ ഫലം പുറത്തിറക്കി. വരുമാനം 4.4 ശതമാനം കൂടി. അറ്റാദായം തലേ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് 14.5 ശതമാനം കുറഞ്ഞെങ്കിലും അനാലിസ്റ്റ് പ്രതീക്ഷയേക്കാള്‍ ഉയര്‍ന്നതായി. പ്രവര്‍ത്തനലാഭവും ലാഭ മാര്‍ജിനും മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞു.
ക്രൂഡ് ഓയില്‍ വിലയിടിവിനിടയിലും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനു മികച്ച മൂന്നാം പാദ റിസല്‍ട്ട് ഉണ്ടായില്ല. വരുമാനം 14.2 ശതമാനം കൂടിയപ്പോള്‍ അറ്റാദായം തലേ പാദത്തെക്കാള്‍ 6.3 ശതമാനം മാത്രം കൂടി. പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 6.8 ല്‍ നിന്ന് 6.1 ശതമാനമായി കുറഞ്ഞു.
അറ്റ പലിശ വരുമാനം 6.5 ശതമാനം കൂടിയപ്പോള്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 7.5 ശതമാനം ഉയര്‍ന്നു. നിഷ്‌ക്രിയ ആസ്തിയില്‍ നേരിയ കുറവുണ്ട്.
അറ്റ പലിശ വരുമാനം12.8 ശതമാനം കൂടിയപ്പോള്‍ പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിന് അറ്റാദായം 10.6 ശതമാനം വര്‍ധിച്ചു.
ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ധാരണ ഉണ്ടായെന്ന ട്രംപിന്റെ പ്രഖ്യാപനം സ്വര്‍ണവും വെള്ളിയും അടക്കം വിശിഷ്ട ലോഹങ്ങളെ താഴ്ത്തി. എങ്കിലും ധാരണയില്‍ വ്യക്തത വരാത്തതും രാജ്യാന്തര സംഘര്‍ഷങ്ങള്‍ തുടരുന്നതും സ്വര്‍ണം, വെള്ളി വിലകളെ അധികം താഴാന്‍ അനുവദിക്കുന്നില്ല.
സ്വര്‍ണം ഇന്നലെ ഔണ്‍സിന് 5000 ഡോളര്‍ ലക്ഷ്യമിട്ടു 4,888.80 ഡോളറില്‍ എത്തിയതാണ്. ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്നു വില 100 ഡോളറിലധികം താഴ്ന്നു. ഇന്നലെ 4833.40 ഡോളറില്‍ ക്ലോസ് ചെയ്ത സ്വര്‍ണം ഇന്നു രാവിലെ 4780 ഡോളര്‍ വരെ ഇടിഞ്ഞു. പിന്നീടു 4804 ഡോളറിലേക്കു കയറിയിട്ടു താഴ്ന്നു.
കഴിഞ്ഞ ദിവസം ഔണ്‍സിന് 95.99 ഡോളര്‍ വരെ കയറിയ വെള്ളി ഇന്നലെ 93.23 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 91.27 ഡോളറിലേക്കു വില ഇടിഞ്ഞു. പിന്നീട് 92.43 ഡോളറിലേക്ക് ഉയര്‍ന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ഇന്നലെ രണ്ടു ഘട്ടമായി 5480 രൂപ വര്‍ധിച്ച് 1,15, 320 രൂപ വരെ എത്തി. പിന്നീടു വില 1,14,840 രൂപയില്‍ ക്ലോസ് ചെയ്തു. ഏകദിന കയറ്റം പവന് 5000 രൂപ. രാജ്യാന്തര വില താഴ്ന്നതിനാല്‍ ഇന്നു കേരളത്തില്‍ വില ഇടിയും.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് ഇന്നലെ 1,58,475 രൂപ വരെ എത്തിയിട്ട് താഴ്ന്നു.
എംസിഎക്‌സില്‍ വെള്ളി കിലോഗ്രാമിന് 3,35,521 രൂപ വരെ കയറിയിട്ട് 3,16,501 രൂപയിലേക്ക് ഇടിഞ്ഞു.
പ്ലാറ്റിനം 2420 ഉം പല്ലാഡിയം 1815 ഉം റോഡിയം 9850 ഉം ഡോളറിലേക്ക് താഴ്ന്നു.
വ്യാവസായിക ലോഹങ്ങള്‍ ഇന്നലെയും ഭിന്നദിശകളില്‍ നീങ്ങി. അലൂമിനിയം 0.08 ശതമാനം കയറി ടണ്ണിന് 3119.10 ഡോളറില്‍ ക്ലോസ് ചെയ്തു. ചെമ്പ് 1.24 ശതമാനം ഇടിഞ്ഞു ടണ്ണിന് 12,897.15 ഡോളര്‍ ആയി. ലെഡും നിക്കലും ടിന്നും ഉയര്‍ന്നപ്പോള്‍ സിങ്ക് താഴ്ന്നു.
റബര്‍ രാജ്യാന്തര വിപണിയില്‍ 0.50 ശതമാനം താഴ്ന്നു കിലോഗ്രാമിന് 179.90 സെന്റ് ആയി. കൊക്കോ 4.26 ശതമാനം കൂടി ഇടിഞ്ഞ് ടണ്ണിനു 4450.00 ഡോളറില്‍ എത്തി. കാപ്പി 0.14 ശതമാനം കയറി. പാം ഓയില്‍ 1.44 ശതമാനം ഉയര്‍ന്നു.
ഗ്രീന്‍ലാന്‍ഡ് വിഷയം മൂലം അമേരിക്കന്‍ ആസ്തികള്‍ വില്‍ക്കുന്നതിലേക്കു തിരിഞ്ഞ വിപണികള്‍ നിലപാടു മാറ്റി. ഇതോടെ ഡോളര്‍ നിരക്ക് ഉയര്‍ന്നു. അമേരിക്കന്‍ കടപ്പത്രങ്ങളിലെ വില്‍പനസമ്മര്‍ദം കുറഞ്ഞു, അവയുടെ വില കൂടി, അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു.
ഡോളര്‍ സുചിക ഇന്നലെ ഉയര്‍ന്ന് 98.76 ല്‍ ക്ലോസ് ചെയ്തു. പ്രധാനപ്പെട്ട ആറു കറന്‍സികളുമായുള്ള ഡോളര്‍ വിനിമയനിരക്ക് പരിഗണിച്ചാണു സൂചിക കണക്കാക്കുന്നത്. ഇന്നുരാവിലെ സൂചിക 98.79 ലേക്ക് കയറി.
ഇന്നു രാവിലെ യൂറോ 1.1686 ഡോളറിലേക്കും പൗണ്ട് 1.3426 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 158.24 യെന്നിലേക്കു താഴ്ന്നു. സ്വിസ് ഫ്രാങ്ക് 0.795 ഡോളറിലേക്കു കയറി. ചൈനീസ് യുവാന്‍ ഡോളറിന് 6.96 യുവാനില്‍ തുടരുന്നു.
അമേരിക്കന്‍ കടപ്പത്ര വില്‍പന കുറഞ്ഞതോടെ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.247 ശതമാനമായി കുറഞ്ഞു. 30 വര്‍ഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 4.87 ശതമാനമായി താഴ്ന്നു.
ഇന്ത്യന്‍ രൂപ ഇന്നലെ റെക്കോര്‍ഡ് താഴ്ചയിലായി. വാണിജ്യകമ്മി വര്‍ധിക്കുന്നതും വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്നു വിറ്റുമടങ്ങുന്നതുമാണു കാരണം. ഇന്നലെ ഡോളര്‍ 72 പൈസ നേട്ടത്തില്‍ 91.70 രൂപ എന്ന സര്‍വകാല റെക്കോര്‍ഡ് കുറിച്ചു. വ്യാപാരത്തിനിടെ ഡോളര്‍ 91.74 രൂപ വരെ കയറി. റിസര്‍വ് ബാങ്ക് വിപണിയില്‍ കാര്യമായ ഇടപെടല്‍ നടത്തിയിരുന്നു.
ചൈനീസ് യുവാന്‍ ഇന്നലെ 13.15 രൂപയിലേക്കു കയറി. അമേരിക്കയുമായി വ്യാപാരകരാര്‍ ഉണ്ടാകും വരെ വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിപണിയിലേക്കു മടങ്ങിവരില്ല എന്നാണു നിഗമനം. അടുത്തയാഴ്ച ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഉണ്ടാകുമെങ്കിലും അതു രൂപയെ പെട്ടെന്നു സഹായിക്കില്ല. വ്യാപാര കരാര്‍ ഉടനെ ഉണ്ടാകും എന്ന ട്രംപിന്റെ പ്രസ്താവന ഇന്നു രൂപയെ സഹായിക്കേണ്ടതാണ്.
ക്രൂഡ് ഓയില്‍ വില ഇന്നലെ വീണ്ടും കയറിയെങ്കിലും ഇന്നു രാവിലെ അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം ബാരലിന് 65.38 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 65.24 ഡോളര്‍ ആയി. ഡബ്‌ള്യുടിഐ ഇനം 60.67 ഉം യുഎഇയുടെ മര്‍ബന്‍ 66.24 ഉം ഡോളറിലാണ്. പ്രകൃതി വാതക വില വീണ്ടും 30 ശതമാനം കുതിച്ച് 5.2 ഡോളറില്‍ എത്തി. യൂറോപ്പിലും വടക്കേ അമേരിക്കയിലും ശൈത്യം കടുക്കുന്നതാണു വാതകവിലയെ ഉയര്‍ത്തുന്നത്. മൂന്നു ദിവസം കൊണ്ടു വില 65 ശതമാനം കയറി.
Read DhanamOnline in English
Subscribe to Dhanam Magazine