ശുഭപ്രതീക്ഷയില്‍ ബുള്ളുകള്‍; കമ്പനികളുടെ ലാഭമാര്‍ജിന്‍ കൂടും; വിദേശ സൂചനകള്‍ പോസിറ്റീവ്; സ്വര്‍ണം വീണ്ടും കയറ്റത്തില്‍

ജിഎസ്ടി നിരക്ക് കുറച്ചത് മൂന്നാം പാദത്തില്‍ രാജ്യത്തു വില്‍പനയും കമ്പനികളുടെ ലാഭവും വര്‍ധിപ്പിക്കും എന്ന പ്രതീക്ഷ കൂടുതല്‍ ശക്തമായി
tcm
Published on

ലാഭമെടുക്കലിനു ശേഷം മുന്നേറ്റം തുടരാനുള്ള ഉത്സാഹത്തിലാണ് ഇന്ത്യന്‍ വിപണിയിലെ ബുള്ളുകള്‍. വിദേശ വിപണികള്‍ ഉയര്‍ന്നു നീങ്ങുന്നതു വിപണിയെ സഹായിക്കുന്നു. ജിഎസ്ടി നിരക്ക് കുറച്ചത് മൂന്നാം പാദത്തില്‍ രാജ്യത്തു വില്‍പനയും കമ്പനികളുടെ ലാഭവും വര്‍ധിപ്പിക്കും എന്ന പ്രതീക്ഷ കൂടുതല്‍ ശക്തമായി.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,889.00 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അല്‍പം താഴ്ന്ന ശേഷം 24,910 വരെ ഉയര്‍ന്നു. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് ഉയര്‍ന്നു

ഫ്രാന്‍സിലെ ഒഴികെ യൂറോപ്യന്‍ ഓഹരികള്‍ ഇന്നലെ ഉയര്‍ന്നു. രാഷ്ട്രീയ അരക്ഷിതാവസ്ഥ ഫ്രാന്‍സിനെ ദുര്‍ബലമാക്കി. യൂറോപ്യന്‍ ട്രാവല്‍ കമ്പനികള്‍ ബിസിനസും ലാഭവും കുറയുമെന്നു മുന്നറിയിപ്പ് നല്‍കി. പുതിയ ഔഷധ പരീക്ഷണം വിജയമാകാത്തതു ഫ്രഞ്ച് ഫാര്‍മ കമ്പനി സനോഫിയെ എട്ടു ശതമാനം ഇടിവിലാക്കി.

യുഎസ് വിപണി കുതിച്ചു

തൊഴില്‍ വിപണി ദുര്‍ബലമായി വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് വിപണി സൂചികകളെ ഉയര്‍ത്തി. തൊഴില്‍ വളര്‍ച്ച കുറയുന്നതും തൊഴിലില്ലായ്മ കൂടുന്നതും പലിശ കുറയ്ക്കല്‍ ആവശ്യത്തിനു കരുത്തു പകരും. സെപ്റ്റംബര്‍ 17 നാണ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം അറിയുക. ഇന്നലെ വന്ന കണക്കുകള്‍ അവസരങ്ങള്‍ കുറയുന്നതായി കാണിച്ചു. സ്വകാര്യ മേഖലയിലെ അവസരങ്ങള്‍ പകുതിയായി കുറഞ്ഞെന്ന് ഓഗസ്റ്റിലെ എഡിപി പ്രൈവറ്റ് പേറോള്‍ കണക്കില്‍ പറയുന്നു. ഇന്നാണു സമഗ്ര റിപ്പോര്‍ട്ട് വരിക. അതും മോശം നില കാണിക്കും എന്നാണു വിപണിയുടെ പ്രതീക്ഷ.

നിര്‍മിതബുദ്ധി ഭീമന്‍ എന്‍വിഡിയയുടെ കുതിപ്പിനു വിരാമം വരും എന്നു പല നിക്ഷേപ വിദഗ്ധരും റിപ്പോര്‍ട്ടുകളില്‍ മുന്നറിയിപ്പ് നല്‍കി. എന്‍വിഡിയയ്ക്കു ഭീഷണി ഉയര്‍ത്തി ബ്രോഡ്‌കോമും ചൈനീസ് കമ്പനികളും നിര്‍മിതബുദ്ധി പ്രോസസറുകളുടെ വില്‍പനയില്‍ കുതിപ്പ് കാണിക്കുന്നുണ്ട്.

റീട്ടെയില്‍ ഭീമന്മാരായ ആമസോണും ഗ്യാപ്പും ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. ആമസോണിന്റെ നിര്‍മിത ബുദ്ധി സ്റ്റാര്‍ട്ടപ് ആന്ത്രോപികില്‍ വലിയ നിക്ഷേപത്തിനു ഫണ്ടുകള്‍ തയറായി. ഇത് ആമസോണ്‍ വെബ് സര്‍വീസിന്റെ വരുമാനം ഗണ്യമായി കൂട്ടും എന്നാണു പ്രതീക്ഷ. ഗ്യാപ് കോസ്‌മെറ്റിക്‌സ് വില്‍പനയിലേക്കു പ്രവേശിക്കും എന്ന പ്രഖ്യാപനം വിപണിയെ ഉത്സാഹിപ്പിച്ചു.

വിദേശ വിപണി

ഡൗ ജോണ്‍സ് സൂചിക വ്യാഴാഴ്ച 350.06 പോയിന്റ് (0.77%) ഉയര്‍ന്ന് 45,621.29 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 53.82 പോയിന്റ് (0.83%) നേട്ടത്തോടെ 6502.08 എന്ന റെക്കോര്‍ഡില്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 209.97 പോയിന്റ് (0.98%) കുതിച്ച് 21,707.69 ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.03 ഉം എസ് ആന്‍ഡ് പി 0.15 ഉം നാസ്ഡാക് 0.29 ഉം ശതമാനം ഉയര്‍ന്നാണു നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. രാവിലെ ജപ്പാനിലെ നിക്കൈ സൂചിക 1.30 ശതമാനം കുതിച്ചു. പിന്നീട് നേട്ടം കുറഞ്ഞു.ജാപ്പനീസ് കാറുകള്‍ക്കുള്ള ഇറക്കുമതിച്ചുങ്കം 27.5 ശതമാനത്തില്‍ നിന്നു 15 ശതമാനമായി കുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കി. ദക്ഷിണ കൊറിയന്‍, ഓസ്‌ട്രേലിയന്‍ വിപണികളും ഉയര്‍ന്നു.

ലാഭമെടുപ്പില്‍ ഇന്ത്യന്‍ വിപണി

വ്യാഴാഴ്ച ഇന്ത്യന്‍ വിപണി നികുതിയിളവിന്റെ ആവേശത്തോടെ വ്യാപാരം തുടങ്ങി. എന്നാല്‍ തുടക്കത്തിലെ കുതിപ്പില്‍ നിന്നു ക്രമേണ താഴോട്ടു നീങ്ങി. ലാഭമെടുക്കലിന് നിക്ഷേപകരും ഫണ്ടുകളും ഉത്സാഹിച്ചതാണ് നേട്ടം കുറയാന്‍ കാരണം. മുഖ്യസൂചികകള്‍ ചെറിയ നേട്ടത്തില്‍ അവസാനിച്ചപ്പോള്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഗണ്യമായി താഴ്ന്നു.

ഐടിയും പൊതുമേഖലാ ബാങ്കുകളും ഓയില്‍ - ഗ്യാസും മെറ്റലും റിയല്‍റ്റിയുമാണു കൂടുതല്‍ താഴ്ന്നത്. ഓട്ടോ, ധനകാര്യ മേഖലകള്‍ കുതിച്ചു.

പ്രതിരോധ ഓഹരികള്‍ മിക്കതും താഴോട്ടു നീങ്ങി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 3.79 ഉം ഗാര്‍ഡന്‍ റീച്ച് 3.77ഉം മസഗോണ്‍ ഡോക്ക് 1.12 ഉം ശതമാനം നഷ്ടം കാണിച്ചു. ഭാരത് ഡൈനമിക്‌സും ഇലക്ട്രോണിക്‌സും എച്ച്എഎലും താഴ്ന്നു. പുതുതലമുറ പ്രതിരോധ കമ്പനികളായ ഐഡിയ ഫോര്‍ജ് 3.88ഉം ഡാറ്റാ പാറ്റേണ്‍സ് 3.29 ഉം എം ടാര്‍ 2.39 ഉം സോളര്‍ ഇന്‍ഡസ്ടീസ് 1.70 ഉം ശതമാനം ഇടിഞ്ഞു.

നിഫ്റ്റി വ്യാഴാഴ്ച 19.25 പോയിന്റ് (0.08%) ഉയര്‍ന്ന് 24,734.30 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 150.30 പോയിന്റ് (0.19%) നേട്ടത്തോടെ 80,718.01 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 7.90 പോയിന്റ് (0.01%) കൂടി 54,075.45 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 386.35 പോയിന്റ് (0.67%) താഴ്ന്ന് 56,959.15 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 126.50 പോയിന്റ് (0.71%) ഇടിവോടെ 17,621.95 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയില്‍ 1,715 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2,421 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1,224 എണ്ണം. താഴ്ന്നത് 1,818 ഓഹരികള്‍.

എന്‍എസ്ഇയില്‍ 117 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 44 എണ്ണമാണ്. 105 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 50 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച ക്യാഷ് വിപണിയില്‍ 106.34 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 2233.09 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

നിഫ്റ്റി ഇന്നലെ 24,700 നു മുകളില്‍ ക്ലോസ് ചെയ്തതു ബുള്ളുകള്‍ക്കു പ്രതീക്ഷ പകരുന്നു. 24,700 ന്റെ പിന്തുണ നഷ്ടമായാല്‍ 24,400 വരെ ഇടിയാം. ഇന്നു സൂചിക ഉയര്‍ന്നാല്‍ 25,000 വലിയ കടമ്പയായി വരാം. ഇന്നു നിഫ്റ്റിക്ക് 24,700 ലും 24,630 ലും പിന്തുണ ലഭിക്കും. 24,910 ലും 24,980 ലും തടസങ്ങള്‍ ഉണ്ടാകും.

ഫുഡ് ഡെലിവറി കമ്പനികളുടെ സേവനത്തിനു കൂടുതല്‍ ജിഎസ്ടി ബാധ്യത വരുന്ന രീതിയില്‍ നിയമം പരിഷ്‌കരിച്ചതു സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും ലാഭം കുറയ്ക്കും. 200 കോടിയോളം രൂപയുടെ വാര്‍ഷിക ബാധ്യതയാണു പ്രതീക്ഷിക്കുന്നത്.

സ്വര്‍ണം താഴ്ന്നിട്ടു കയറുന്നു

സ്വര്‍ണക്കുതിപ്പിന് അര്‍ധവിരാമം. ലാഭമെടുക്കലാണ് ഇന്നലെ വില താഴാന്‍ കാരണം. ഇന്നു വരുന്ന കാര്‍ഷികേതര തൊഴിലവസര കണക്കിലാണ് എല്ലാവരുടെയും ശ്രദ്ധ. സ്വകാര്യ തൊഴിലവസരങ്ങള്‍ പ്രതീക്ഷയുടെ പകുതിയില്‍ ഒതുങ്ങിയെന്ന് ഇന്നലെ വന്ന റിപ്പോര്‍ട്ട് കാണിക്കുന്നു. തൊഴിലില്ലായ്മാ ആനുകൂല്യത്തിനുള്ള പുതിയ അപേക്ഷകള്‍ പ്രതീക്ഷയിലധികം കൂടി. തൊഴില്‍വിപണി കൂടുതല്‍ ദുര്‍ബലമായി എന്നാണ് ഇതെല്ലാം കാണിക്കുന്നത്. കടുത്ത യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കാന്‍ സാധ്യത കൂടുന്നു എന്നതാണ് ഫലം. സ്‌പോട്ട് വിപണിയില്‍ സ്വര്‍ണം ഇന്നലെ 14.30 ഡോളര്‍ താഴ്ന്ന് ഔണ്‍സിന് 3546.00 ഡോളറില്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 3602 ഡോളര്‍ എത്തിയിരുന്നു. ഇന്നു രാവിലെ വില 3542 ഡോളറിലേക്ക് താഴ്ന്നിട്ടു 3556 വരെ ഉയര്‍ന്നു. സ്വര്‍ര്‍ണത്തിന്റെ അവധിവില രാവിലെ 3612 ഡോളറിലേക്കു കയറി.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില വ്യാഴാഴ്ച 80 രൂപ കുറഞ്ഞ് 78,360 രൂപയില്‍ എത്തി.

വെള്ളിവിലയും താഴ്ന്നു. വ്യാഴാഴ്ച ഔണ്‍സിന് 40.53 ഡോളറില്‍ ക്ലോസ് ചെയ്തു.

വ്യാഴാഴ്ച വ്യാവസായിക ലോഹങ്ങള്‍ ഇടിഞ്ഞു. ചെമ്പ് 0.62 ശതമാനം താഴ്ന്നു ടണ്ണിന് 9811.50 ഡോളറില്‍ ആയി. അലൂമിനിയം 0.69 ശതമാനം കുറഞ്ഞ് 2600.31 ഡോളറില്‍ എത്തി. നിക്കലും ലെഡും സിങ്കും ടിന്നും താഴ്ന്നു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.34 ശതമാനം ഉയര്‍ന്നു കിലോഗ്രാമിന് 174.90 സെന്റ് ആയി. കൊക്കോ 3.99 ശതമാനം ഇടിഞ്ഞു ടണ്ണിന് 7177.08 ഡോളറില്‍ എത്തി. കാപ്പി 0.08 ഉ തേയില 3.18 ഉം ശതമാനം താഴ്ന്നു. പാം ഓയില്‍ വില 0.18 ശതമാനം ഉയര്‍ന്നു.

ഡോളര്‍ സൂചിക ഉയര്‍ന്നു

ഡോളര്‍ സൂചിക ഇന്നലെ നാമമാത്രമായി ഉയര്‍ന്ന് 98.26 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.24 ആയി.

കറന്‍സി വിപണിയില്‍ ഡോളര്‍ കാര്യമായ മാറ്റം കാണിച്ചില്ല. യൂറോ 1.1652 ഡോളറിലേക്കും പൗണ്ട് 1.3435 ഡോളറിലും നിന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 148.37 യെന്‍ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില വര്‍ധിച്ചു. അവയിലെ നിക്ഷേപനേട്ടം 4.155 ശതമാനമായി കുറഞ്ഞു.

വ്യാഴാഴ്ച രൂപ ദുര്‍ബലമായി. ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ഡോളര്‍ എട്ടു പൈസ കൂടി 88.15 രൂപയില്‍ ക്ലോസ് ചെയ്തു.

ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.14 യുവാന്‍ എന്ന നിലയില്‍ തുടര്‍ന്നു.

ക്രൂഡ് ഓയില്‍ താഴ്ന്നു

ഉല്‍പാദനം കൂട്ടാന്‍ ഒപെക് ആലോചിക്കുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്നു ക്രൂഡ് ഓയില്‍ വില സാവധാനം താഴുകയാണ്. ബ്രെന്റ് ഇനം ഇന്നു രാവിലെ 66.99 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ 63.31 ഡോളറിലും മര്‍ബന്‍ ക്രൂഡ് 69.26 ഡോളറിലും ആണ്. പ്രകൃതിവാതക വില വീണ്ടും ഉയര്‍ന്നു.

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും താഴ്ന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 1,10,910 ഡോളറിലേക്കും ഈഥര്‍ 4325 ഡോളറിലേക്കും വീണു. സൊലാനോ 263 ലേക്ക് താഴ്ന്നു.

വിപണിസൂചനകള്‍

(2025 സെപ്റ്റംബര്‍ 04, വ്യാഴം)

സെന്‍സെക്‌സ്30 80,718.01 +0.19%

നിഫ്റ്റി50 24,734.30 +0.08%

ബാങ്ക് നിഫ്റ്റി 54,075.45 +0.01%

മിഡ് ക്യാപ്100 56,959.15 -0.67%

സ്‌മോള്‍ക്യാപ്100 17,621.95 -0.71%

ഡൗജോണ്‍സ് 45,621.29 +0.77%

എസ്ആന്‍ഡ്പി 6502.08 +0.83%

നാസ്ഡാക് 21,707.69 +0.98%

ഡോളര്‍($) ?88.15 +?0.08

സ്വര്‍ണം(ഔണ്‍സ്) $3546.00 -$14.30

സ്വര്‍ണം(പവന്‍) ₹78,360 -₹80

ക്രൂഡ്(ബ്രെന്റ്)ഓയില്‍ $66.99 -$0.61

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com