മുന്നേറ്റം തുടരാന്‍ വിപണി, വ്യാപാരചര്‍ച്ച പ്രതീക്ഷ പകരുന്നു, സംഘര്‍ഷ മേഖലകളില്‍ സ്ഥിതിക്കു മാറ്റമില്ല; ശ്രദ്ധ വിലക്കയറ്റത്തിലേക്ക്

ഇന്നു വരുന്ന ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റത്തിലാണു വിപണിയുടെ ശ്രദ്ധ. പ്രതിമാസം 0.3 ശതമാനം വര്‍ധന (പ്രതിവര്‍ഷം 2.9 ശതമാനം) ആണു പ്രതീക്ഷ
മുന്നേറ്റം തുടരാന്‍ വിപണി, വ്യാപാരചര്‍ച്ച പ്രതീക്ഷ പകരുന്നു, സംഘര്‍ഷ മേഖലകളില്‍ സ്ഥിതിക്കു മാറ്റമില്ല; ശ്രദ്ധ വിലക്കയറ്റത്തിലേക്ക്
Published on

ഇന്ത്യന്‍ വിപണി ഇന്നും മുന്നേറ്റം തുടരാനുള്ള ഉത്സാഹത്തിലാണ്. അമേരിക്കയുമായുളള വ്യാപാര ചര്‍ച്ചയുടെ കാര്യത്തില്‍ ശുഭാപ്തിവിശ്വാസം ഉടലെടുത്തതാണ് പ്രധാന കാരണം.

പശ്ചിമേഷ്യയിലും യുക്രെയ്‌നിലും സ്ഥിതി വഷളാകാത്തത് വിപണിക്കു പ്രതീക്ഷ നല്‍കുന്നു. അടുത്തയാഴ്ച അമേരിക്കയില്‍ പലിശ കുറയും എന്ന ധാരണ അമേരിക്കന്‍ ഓഹരി സൂചികകളെ ഉയര്‍ത്തി. ഏഷ്യയില്‍ ജപ്പാനും കൊറിയയും റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതും ഉത്സാഹം കൂട്ടുന്നു.

ഇന്ന് അമേരിക്കയിലും നാളെ ഇന്ത്യയിലും ചില്ലറവിലക്കയറ്റ കണക്ക് വരുന്നതിനെ വിപണി ശ്രദ്ധാപൂര്‍വം കാത്തിരിക്കുന്നു. ഇന്ത്യയില്‍ ഭക്ഷ്യവില കൂടിയതുമൂലം ചില്ലറ വിലക്കയറ്റം 2.2 ശതമാനം വരെ എത്താം. കഴിഞ്ഞ മാസം 1.55 ശതമാനം ആയിരുന്നു.

അമേരിക്കയുമായി വ്യാപാര ചര്‍ച്ച പുനരാരംഭിക്കാന്‍ സാഹചര്യം ഒരുങ്ങി. ചര്‍ച്ച നടക്കുന്നതായും 'ഫ്രണ്ട്' നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ ഉദ്ദേശിക്കുന്നതായും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിനോട് മോദി അനുകൂലമായി പ്രതികരിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം ചര്‍ച്ചയ്ക്കു യുഎസ് സംഘം എത്തുകയോ ഇന്ത്യന്‍ സംഘം അങ്ങോട്ടു പോകുകയോ ചെയ്യും. ഇന്ത്യക്കു 100 ശതമാനം ചുങ്കം ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്റെ മേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നതായ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യ ആശങ്ക കാണിക്കുന്നില്ല.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,073ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,095 വരെ ഉയര്‍ന്നു. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് സമ്മിശ്രം

യൂറോപ്യന്‍ ഓഹരികള്‍ ബുധനാഴ്ചയും ഭിന്നദിശകളിലായി. ഫ്രഞ്ച് സൂചിക ഉയര്‍ന്നു. മറ്റുള്ളവ താഴ്ന്നു. ഫ്രാന്‍സിലെ പുതിയ പ്രധാനമന്ത്രിക്ക് എതിരെ നടക്കുന്ന പ്രക്ഷോഭത്തെ വിപണി കാര്യമായി കണക്കാക്കുന്നില്ല. വലിയ തോതില്‍ ജീവനക്കാരെ കുറയ്ക്കാന്‍ പോകുന്ന ഡാനിഷ് ഔഷധ കമ്പനി നോവോ നോര്‍ഡിസ്‌കിന്റെ ഓഹരി 3.7 ശതമാനം ഉയര്‍ന്നു.

ഇന്ത്യക്കും ചൈനയ്ക്കും എതിരേ 100 ശതമാനം ചുങ്കം ചുമത്താനുള്ള യുഎസ് സമ്മര്‍ദത്തിനു യൂറോപ്യന്‍ യൂണിയന്‍ വഴങ്ങുകയില്ലെന്നാണു സൂചന. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള തന്ത്രമായാണ് അമേരിക്കയുടെ നിര്‍ദേശം. ഇതിനിടെ യുക്രെയ്‌ന്റെ പടിഞ്ഞാറുള്ള നാറ്റോ സഖ്യരാജ്യമായ പോളണ്ടിലേക്കു റഷ്യന്‍ ഡ്രോണുകള്‍ ചെന്നതും അവയെ വെടിവച്ചിട്ടതും യൂറോപ്പില്‍ സംഘര്‍ഷാന്തരീക്ഷം വര്‍ധിപ്പിച്ചു. എങ്കിലും തുടര്‍ സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.

യുഎസ് വിപണി ഭിന്നദിശകളില്‍

അമേരിക്കന്‍ വിപണി ബുധനാഴ്ച തുടക്കം മുതല്‍ അവസാനം വരെ ഭിന്ന ദിശകളിലായിരുന്നു. ഡൗ ജോണ്‍സും ചെറുകിട കമ്പനികളുടെ സൂചികയായ റസല്‍ 2,000വും നഷ്ടത്തിലായി. എസ്ആന്‍ഡ്പിയും നാസ്ഡാകും പുതിയ റെക്കോര്‍ഡ് കുറിച്ചിട്ട് ചെറിയ നേട്ടത്തോടെ അവസാനിച്ചു.

യുഎസ് മൊത്തവില കഴിഞ്ഞ മാസം പ്രതീക്ഷിച്ചതിനു വിപരീതമായി കുറഞ്ഞു. പ്രതിമാസ വര്‍ധന 0.3 ശതമാനം കണക്കാക്കിയ സ്ഥാനത്ത് 0.1 ശതമാനം കുറവായി.

ഇന്നു വരുന്ന ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റത്തിലാണു വിപണിയുടെ ശ്രദ്ധ. പ്രതിമാസം 0.3 ശതമാനം വര്‍ധന (പ്രതിവര്‍ഷം 2.9 ശതമാനം) ആണു പ്രതീക്ഷ. ഭക്ഷ്യ-ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 3.1 ശതമാനമാകും എന്നു നിരീക്ഷകര്‍ കണക്കാക്കുന്നു.

ഡൗ ജോണ്‍സ് സൂചിക ബുധനാഴ്ച 220.42 പോയിന്റ് (0.48%) താഴ്ന്ന് 45,490.92ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 19.43 പോയിന്റ് (0.30%) നേട്ടത്തോടെ 6532.04ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 6.57 പോയിന്റ് (0.03%) കൂടി 21,886.06ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു കയറുകയാണ്. ഡൗ 0.08 ഉം എസ്ആന്‍ഡ്പി 0.10 ഉം നാസ്ഡാക് 0.14 ഉം ശതമാനം ഉയര്‍ന്നാണു നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനില്‍ നിക്കൈ 0.70 ശതമാനം ഉയര്‍ന്നു റെക്കോര്‍ഡ് കുറിച്ചു ഓസ്‌ട്രേലിയന്‍ വിപണി താഴ്ന്നു. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക റെക്കോര്‍ഡ് തിരുത്തി. ചൈനീസ്, ഹോങ് കോങ് സൂചികകള്‍ താഴ്ന്നു.

ഓറക്കിള്‍ ഞെട്ടിച്ചു

ഓറക്കിള്‍ കോര്‍പറേഷന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ഇന്നലെ യുഎസ് വിപണിയെ ഉയര്‍ത്തിയത്. ഓറക്കിള്‍ ഓഹരി 35.95 ശതമാനം കുതിപ്പോടെ ക്ലോസ് ചെയ്തു. കമ്പനിയുടെ വിപണിമൂല്യം 24,400 കോടി ഡോളര്‍ വര്‍ധിച്ച് 92,200 കോടി ഡോളറില്‍ എത്തി.നിര്‍മിതബുദ്ധി മേഖലയിലെ കമ്പനികള്‍ക്കു ക്ലൗഡ് അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള കരാറുകളാണ് പഴയ തലമുറ ഐടി കമ്പനിയായ ഓറക്കിളിനെ കുതിപ്പിലേക്കു നയിച്ചത്.

81 വയസുള്ള ഓറക്കിള്‍ സ്ഥാപകന്‍ ലാറി എല്ലിസന്റെ സമ്പത്ത് ഇന്നലെ മാത്രം 10,000 കോടി ഡോളര്‍ കണ്ട് ഉയര്‍ന്നു. ഇതോടെ ടെസ്ലയുടെ ഇലോണ്‍ മസ്‌കിനെ പിന്തള്ളി എല്ലിസണ്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി. ബ്ലൂംബര്‍ഗ് പട്ടിക പ്രകാരം പിന്നീടു മസ്‌ക് സ്ഥാനം തിരിച്ചു പിടിച്ചു. മസ്‌കിന്റെ സമ്പത്ത് 38,400 കോടി ഡോളര്‍, എല്ലിസന്റേത് 38,300 കോടി ഡോളര്‍. ഫോബ്‌സ് പട്ടിക പ്രകാരം മസ്‌കിന്റെ സ്ഥാനത്തിനു കോട്ടമില്ല. അതനുസരിച്ച് മസ്‌കിന് 43,610 കോടി ഡോളറും എല്ലിസണ് 38,760 കോടി ഡോളറും ആണു സമ്പത്ത്.

ഇന്ത്യന്‍ വിപണി കയറ്റം തുടരുന്നു

ഇന്ത്യന്‍ വിപണി മുന്നേറ്റം തുടരുകയാണ്. നിഫ്റ്റി തുടര്‍ച്ചയായ ആറാം ദിവസവും ഉയര്‍ന്നു. രാവിലെ 25,000 കടന്ന നിഫ്റ്റിക്ക് ക്ലോസിംഗില്‍ അതു നിലനിര്‍ത്താനായില്ല.

ഐടി കമ്പനികള്‍ വലിയ മുന്നേറ്റം തുടര്‍ന്ന ഇന്നലെ ഓട്ടോ കമ്പനികളില്‍ ലാഭമെടുക്കല്‍ തുടര്‍ന്നു. പൊതുമേഖലാ ബാങ്കുകള്‍ ഇന്നലെ നേട്ടത്തിലായി. പൊതുമേഖലാ ബാങ്കുകളില്‍ പുന:സംഘടനയ്ക്കു സാധ്യത ഉള്ളതായ റിപ്പോര്‍ട്ടുകളാണു പ്രേരണയായത്. റിയല്‍റ്റി, ധനകാര്യ, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍ മേഖലകളും ഇന്നലെ കുതിച്ചു.

ഇന്ത്യയിലെ 102 മത്സ്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് യൂറോപ്യന്‍ യൂണിയനിലേക്കു കയറ്റുമതി അനുമതി ലഭിച്ചു. ഇന്ത്യന്‍ കയറ്റുമതിയുടെ 16 ശതമാനം സമുദ്രോല്‍പന്നങ്ങള്‍ ഈ 102 സ്ഥാപനങ്ങളിലാണു സംസ്‌കരിക്കുന്നത്. അവന്തി ഫീഡ്‌സ്, അപെക്‌സ് ഫ്രോസണ്‍ ഫുഡ്‌സ്, കോസ്റ്റല്‍ കോര്‍പറേഷന്‍, ഐഎഫ്ബിഅഗ്രോ, വാട്ടര്‍ ബേസ് തുടങ്ങിയവ 20 ശതമാനം വരെ ഉയര്‍ന്നു. ഇന്ത്യയുടെ സമുദ്രാേല്‍പന്ന കയറ്റുമതി ഗണ്യമായി കൂടാന്‍ ഈ അംഗീകാരം സഹായിക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വിലയിരുത്തി.

മാതൃകമ്പനിയായ യുഎസിലെ ഓറക്കിള്‍ കമ്പനിയുടെ ഓഹരിയുടെ കുതിപ്പ് ഇന്ത്യന്‍ ഉപകമ്പനി ഓറക്കിള്‍ ഫിനാന്‍ഷ്യലിനെ സഹായിച്ചു. ഓഹരി 10.2 ശതമാനം ഉയര്‍ന്നു.

ഐടി കമ്പനികള്‍ നല്ല മുന്നേറ്റത്തിലായി. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ മൂന്നു ശതമാനത്തോളം കയറി. എംഫസിസ്, പെഴ്‌സിസ്റ്റന്റ്, കോഫോര്‍ജ്, ടാറ്റാ എല്‍ക്‌സി തുടങ്ങിയ മിഡ് ക്യാപ് ഐടി ഓഹരികള്‍ അഞ്ചു ശതമാനത്തിലധികം ഉയര്‍ന്നു.

യുഎസ്- ഇന്ത്യ വ്യാപാരകരാര്‍ ചര്‍ച്ച പുനരാരംഭിക്കുന്നതിന്റെ പേരില്‍ വസ്ത്ര കയറ്റുമതിക്കാരായ ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്‌സ്, അരവിന്ദ് ലിമിറ്റഡ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, ക്വെസ് കോര്‍പറേഷന്‍, ട്രൈഡന്റ്, വര്‍ധമാന്‍, അലോക്, വെല്‍സ്പണ്‍ ലിവിംഗ്, റെയ്മണ്ട്, കെപിആര്‍ മില്‍സ് തുടങ്ങിയവ മൂന്നു മുതല്‍ 10 വരെ ശതമാനം ഉയര്‍ന്നു.

നിഫ്റ്റി ബുധനാഴ്ച 104.50 പോയിന്റ് (0.42%) ഉയര്‍ന്ന് 24,973.10ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 323.83 പോയിന്റ് (0.40%) കയറി 81,425.15ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 319.90 പോയിന്റ് (0.59%) നേട്ടത്തോടെ 54,536.00 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 535.20 പോയിന്റ് (0.93%) ഉയര്‍ന്ന് 57,999.55 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 130.30 പോയിന്റ് (0.73%) വര്‍ധിച്ച് 17,874.60ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ-ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി. ബിഎസ്ഇയില്‍ 2,348 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1,785 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1,833 എണ്ണം. താഴ്ന്നത് 1,209 ഓഹരികള്‍.

എന്‍എസ്ഇയില്‍ 90 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 29 എണ്ണമാണ്. 102 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 66 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ ബുധനാഴ്ച ക്യാഷ് വിപണിയില്‍ 115.69 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 5004.29 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

നിഫ്റ്റിക്ക് 25,000 നിലവാരത്തിലെ തടസം മറികടക്കാനായാല്‍ 25,250-25,400 മേഖല ലക്ഷ്യം വയ്ക്കാന്‍ പറ്റും. മറിച്ചായാല്‍ 24,900-24,800 മേഖലയിലാണു ശക്തമായ പിന്തുണ കിട്ടുക. ഇന്നു നിഫ്റ്റിക്ക് 24,925ലും 24,850ലും പിന്തുണ ലഭിക്കും. 25,025ലും 25,095ലും തടസങ്ങള്‍ ഉണ്ടാകും.

കമ്പനികള്‍, വാര്‍ത്തകള്‍

തലകറക്കം അടക്കമുള്ളവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന സ്റ്റജറോണ്‍ എന്ന ഔഷധ ബ്രാന്‍ഡും വിതരണാവകാശവും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണില്‍ നിന്ന് ഡോ. റെഡ്ഡീസ് വാങ്ങി. അമേരിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിലെ വില്‍പന അവകാശം ഡോ. റെഡ്ഡീസിനു ലഭിച്ചു.

ജൂപ്പിറ്റര്‍ വാഗണ്‍സിന്റെ ഉപകമ്പനിക്ക് 113 കോടി രൂപയുടെ ആക്‌സില്‍ നിര്‍മാണ കരാര്‍ റെയില്‍വേയില്‍ നിന്നു ലഭിച്ചു.

റെയില്‍ വികാസ് നിഗമിന് (ആര്‍വിഎന്‍എല്‍) പശ്ചിമ-മധ്യ റെയില്‍വേയില്‍ നിന്ന് 169.5 കോടി രൂപയുടെ നിര്‍മാണ കരാര്‍ കിട്ടി.

പി-75 (ഐ) അന്തര്‍വാഹിനി നിര്‍മാണ കരാറിനായി മസഗാേണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് നാവിക സേനയുമായി ചര്‍ച്ച തുടങ്ങി.

ഇന്‍ഫോസിസ് ടെക്‌നോളജീസ് ഡയറക്ടര്‍ ബോര്‍ഡ് ഓഹരി തിരിച്ചു വാങ്ങല്‍ നിര്‍ദേശത്തില്‍ ഇന്നു തീരുമാനം എടുക്കും.

സ്വര്‍ണത്തില്‍ ലാഭമെടുപ്പ്

റെക്കോര്‍ഡ് തകര്‍ത്തു കുതിച്ച സ്വര്‍ണത്തില്‍ ലാഭമെടുപ്പു തുടര്‍ന്നു. വില ചെറിയ പരിധിയില്‍ കയറിയിറങ്ങി. അമേരിക്കന്‍ മൊത്തവില സൂചിക പ്രതീക്ഷിച്ചതിലും കുറഞ്ഞ വളര്‍ച്ച കാണിച്ചെങ്കിലും പലിശ കുറയ്ക്കല്‍ തീരുമാനത്തെ അതു ബാധിക്കുകയില്ലെന്നു വിപണി കരുതുന്നു.

ബുധനാഴ്ച സ്‌പോട്ട് വിപണിയില്‍ സ്വര്‍ണം 2.30 ഡോളര്‍ ഉയര്‍ന്ന് ഔണ്‍സിന് 3641.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3,655 ഡോളറിലേക്കു കയറിയിട്ട് അല്‍പം താഴ്ന്നു. വില ഇനിയും കയറും എന്നാണു സംസാരം.

അവധിവില 3696.30 ഡോളര്‍ വരെ കയറിയിട്ട് താഴ്ന്നു. 3700 ഡോളറിലേക്കാണ് അവധിവിലയുടെ നീക്കം.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില ബുധനാഴ്ച 160 രൂപ വര്‍ധിച്ച് 81,040 രൂപ എന്ന റെക്കോര്‍ഡില്‍ എത്തി.

വെള്ളിവില കയറി. ബുധനാഴ്ച ഔണ്‍സിന് 41.23 ഡോളറില്‍ ക്ലോസ് ചെയ്തു.

ബുധനാഴ്ച വ്യാവസായിക ലോഹങ്ങള്‍ ഭിന്ന ദിശകളിലായിരുന്നു ചെമ്പ് 0.25 ശതമാനം ഉയര്‍ന്നു ടണ്ണിന് 9846.85 ഡോളറില്‍ എത്തി. അലൂമിനിയം 0.29 ശതമാനം താഴ്ന്നു 2622.40 ഡോളറില്‍ ക്ലോസ് ചെയ്തു. നിക്കലും ലെഡും താഴ്ന്നപ്പോള്‍ സിങ്കും ടിന്നും ഉയര്‍ന്നു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 2.08 ശതമാനം താഴ്ന്നു കിലോഗ്രാമിന് 174.10 സെന്റ് ആയി. കൊക്കോ ടണ്ണിന് 7303.57 ഡോളറില്‍ എത്തി. കാപ്പി 1.31 ശതമാനം ഉയര്‍ന്നപ്പോള്‍ തേയില താഴ്ന്ന നിലയില്‍ തുടര്‍ന്നു. പാം ഓയില്‍ വില 1.52 ശതമാനം താഴ്ന്നു.

ഡോളര്‍ സൂചിക കയറിയിറങ്ങി

ഡോളര്‍ സൂചിക ഇന്നലെ 97.60- 97.93 പരിധിയില്‍ കയറിയിറങ്ങിയിട്ട് 97.78ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.84 ആയി.

കറന്‍സി വിപണിയില്‍ ഡോളര്‍ ദുര്‍ബലമായി തുടരുന്നു. യൂറോ 1.1702 ഡോളറിലേക്കും പൗണ്ട് 1.3534 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 147.32 യെന്‍ എന്ന നിരക്കിലേക്ക് വന്നു.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില അല്‍പം കയറി. അവയിലെ നിക്ഷേപനേട്ടം 4.049 ശതമാനമായി കുറഞ്ഞു.

ബുധനാഴ്ച ഇന്ത്യയുടെ രൂപ കയറ്റിറക്കങ്ങള്‍ക്കു ശേഷം മാറ്റമില്ലാതെ ക്ലോസ് ചെയ്തു. ഡോളര്‍ 88.10 രൂപയില്‍ നില്‍ക്കുന്നു.

ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.12 യുവാന്‍ എന്ന നിലയില്‍ തുടരുന്നു. യുവാന്റെ നിരക്ക് ക്രമേണ ഉയര്‍ത്താനാണു ചൈനീസ് കേന്ദ്രബാങ്ക് ഒരുങ്ങുന്നതെന്നാണു സൂചന.

ക്രൂഡ് ഓയില്‍ കയറി

ഖത്തറിലെ ഇസ്രേലി ആക്രമണം മൂലം തല്‍ക്കാലം തുടര്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. അതിനിടെ തങ്ങളുടെ അതിര്‍ത്തി കടന്ന മൂന്നു റഷ്യന്‍ ഡ്രോണുകളെ നാറ്റോ അംഗമായ പോളണ്ട് വീഴ്ത്തിയതു യൂറോപ്യന്‍ സംഘര്‍ഷനില ഉയര്‍ത്തി. ഇതോടെ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു. ബ്രെന്റ് ഇനം ഇന്നലെ ഒന്നര ശതമാനം കയറി 67.49 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 67.45 ഡോളറിലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ 63.62 ഡോളറിലും മര്‍ബന്‍ ക്രൂഡ് 71.00 ഡോളറിലും ആണ്. പ്രകൃതിവാതക വില അല്‍പം കൂടി.

ക്രിപ്‌റ്റോ കറന്‍സികള്‍ ചാഞ്ചാട്ടം തുടരുന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 1,13,950 ഡോളറിലേക്കും ഈഥര്‍ 4350 ഡോളറിലേക്കും കയറി. സൊലാന 225 ഡോളറില്‍ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com