

അമേരിക്കയിലെ തൊഴില്‍ വര്‍ധന പ്രതീക്ഷയിലും കൂടുതലായത് വിപണികളെ വീണ്ടും അനിശ്ചിതത്വത്തിലാക്കി. പലിശ കുറയ്ക്കല്‍ വൈകും എന്ന ആശങ്ക ഓഹരിവിലകള്‍ താഴ്ത്തി. കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഉയര്‍ന്നു, സ്വര്‍ണവില കൂടി.
എന്നാല്‍ ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ അത്തരം ആശങ്കകള്‍ ഒന്നും കാണിക്കുന്നില്ല. ജപ്പാനില്‍ ചരിത്രവിജയം നേടിയ സനേ തകായിച്ചിക്ക് ആവേശം പകര്‍ന്ന് വിപണികള്‍ ഉയര്‍ന്നു.
ഇന്ത്യന്‍ വിപണി ഇന്നലെ ചെറിയ പരിധിയില്‍ കയറിയിറങ്ങിയിട്ടു നാമമാത്ര നേട്ടത്തിലാണ് അവസാനിച്ചത്. 26,000 മറികടക്കാനുള്ള പരിശ്രമം നിഫ്റ്റി ഇന്നും തുടരും.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി രാത്രി 25,964.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,998 ലേക്കു കയറിയിട്ട് അല്‍പം താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ഇന്‍ഫോസിസ് 5.12 ശതമാനം ഇടിഞ്ഞു. വിപ്രോ 4 .40 ശതമാനം താഴ്ന്നിട്ട് വ്യാപാരാനന്തരം 1.67 ശതമാനം കയറി.
ജനുവരിയില്‍ കാര്‍ഷികേതര തൊഴിലുകള്‍ പ്രതീക്ഷയുടെ ഇരട്ടിയിലധികം വര്‍ധിച്ചു. (വര്‍ധന 1.3 ലക്ഷം, പക്ഷേ, അതില്‍ 1.24 ലക്ഷവും മെഡിക്കല്‍ ജോലികള്‍). തൊഴിലില്ലായ്മ നേരിയ തോതില്‍ കുറഞ്ഞു. 4.4 ല്‍ നിന്നു 4.3 ശതമാനമായി. യുഎസ് ഫെഡ് ജൂണില്‍ പലിശ നിരക്കു കുറയ്ക്കാനുള്ള സാധ്യത കുറയ്ക്കുന്നതായി ഈ കണക്കുകള്‍. (ജെറോം പവല്‍ വിരമിച്ച് കെവിന്‍ വാര്‍ഷ് മേയില്‍ ഫെഡ് ചെയര്‍മാന്‍ ആകും). യുഎസ് ഓഹരി വിപണി ഇതോടെ അനിശ്ചിതത്വത്തിലായി. മൂന്നു സൂചികകളും നേരിയ നഷ്ടത്തില്‍ അവസാനിച്ചു. വെള്ളിയാഴ്ച വരുന്ന ചില്ലറ വിലക്കയറ്റ കണക്കിലാണ് വിപണി ഇനി ശ്രദ്ധ വയ്ക്കുക.
ഡൗ ജോണ്‍സ് ബുധനാഴ്ച 66.74 പോയിന്റ് (0.13%) താഴ്ന്ന് 50,121.40 ല്‍ അവസാനിച്ചു. എസ് ആന്‍ഡ് പി 0.34 പോയിന്റ് (0.00%) നഷ്ടത്തോടെ 6941.47 ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 36.01 പോയിന്റ് (0.16%) കുറഞ്ഞ് 23,066.47 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ചയില്‍ നിന്നു കയറ്റത്തിലേക്കു മാറി. ഡൗ ജോണ്‍സ് 0.15 ഉം എസ് ആന്‍ഡ് പി 0.16 ഉം നാസ്ഡാക് 0.08 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.
യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച ഭിന്ന ദിശകളില്‍ ക്ലോസ് ചെയ്തു. ബ്രിട്ടനില്‍ പ്രധാനമന്ത്രി സ്റ്റാര്‍മറുടെ കസേര തെറിക്കില്ലെന്നു വന്നതിനാല്‍ എഫ്ടിഎസ്ഇ 1.14 ശതമാനം ഉയര്‍ന്നു. ജര്‍മന്‍, ഫ്രഞ്ച് സൂചികകള്‍ താഴ്ന്നു. വരുമാനം കുറഞ്ഞ ഫ്രഞ്ച് സോഫ്റ്റ്വേര്‍ ഭീമന്‍ ദസോ സിസ്റ്റംസ് 20.81 ശതമാനം ഇടിഞ്ഞു. ലാഭം മൂന്നിരട്ടിയാക്കിയ സീമന്‍സ് എനര്‍ജി 8.4 ശതമാനം ഉയര്‍ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നും നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ 58,000 കടന്ന് ''തകായിച്ചി വ്യാപാരം'' തുടര്‍ന്നു. പിന്നീടു നിക്കൈ നേട്ടം നാമമാത്രമാക്കി. ഓസ്‌ട്രേലിയന്‍ സൂചിക 0.70 ഉം ദക്ഷിണ കൊറിയന്‍ സൂചിക 2.1 ഉം ശതമാനം കയറി. സിംഗപ്പുര്‍ സൂചിക ആദ്യമായി 5000 കടന്നു. ഹോങ് കോങ് സൂചിക 0.25 ശതമാനം താഴ്ന്നും ചൈനീസ് സൂചിക 0.15 ശതമാനം താഴ്ന്നും വ്യാപാരം തുടങ്ങി.
നിഫ്റ്റി ഇന്നലെ തുടക്കത്തില്‍ 26,000 കടന്നെങ്കിലും മുന്‍ ദിവസങ്ങളിലെ ആക്കം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. വിപണി താഴ്ന്നു ചാഞ്ചാട്ടത്തിലായി. ഒടുവില്‍ നാമമാത്ര നഷ്ടത്തില്‍ മുഖ്യസൂചികകളും നാമമാത്ര നേട്ടത്തില്‍ വിശാലവിപണി സൂചികകളും ക്ലോസ് ചെയ്തു. ഐടി കമ്പനികള്‍ ഇടിഞ്ഞതാണ് സൂചികയെ പിടിച്ചു നിര്‍ത്തിയത്.
ഓട്ടോ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, പൊതുമേഖലാ ബാങ്ക് ഓഹരികള്‍ ഗണ്യമായി ഉയര്‍ന്നു. കേന്ദ്ര ഗവണ്മെന്റിന്റെ മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് നിരക്കുകള്‍ വര്‍ധിപ്പിക്കും എന്ന സൂചന ഹോസ്പിറ്റല്‍ ശൃംഖലകളെ ഉയര്‍ത്തി. വരുമാനത്തില്‍ ഗണ്യമായ വര്‍ധന അവ പ്രതീക്ഷിക്കുന്നു.
മികച്ച റിസല്‍ട്ടില്‍ ഐഷര്‍ മോട്ടോഴ്‌സ് ഓഹരി 6.45 ശതമാനം കുതിച്ചു കയറി 7805 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു.
മൂന്നു ദിവസം കൊണ്ട് 10 ശതമാനത്തിലധികം ഉയര്‍ന്ന എസ്ബിഐ 1187.50 എന്ന റെക്കോര്‍ഡ് എഴുതി. ബാങ്ക് 10.9 ലക്ഷം കോടി രൂപയുടെ വിപണിമൂല്യത്തോടെ ടിസിഎസിനെ പിന്തള്ളി ഇന്ത്യയിലെ നാലാമത്തെ വിപണിമൂല്യമുള്ള കമ്പനിയായി. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് മുന്നില്‍.
വ്യാപാര ഉടമ്പടി കാര്യത്തില്‍ അമേരിക്ക വീണ്ടും മാറ്റം വരുത്തി. 50,000 കോടി ഡോളറിന്റെ ഇറക്കുമതി ഇന്ത്യ സമ്മതിച്ചു എന്നതിനു പകരം ഇന്ത്യ ലക്ഷ്യമിടുന്നു എന്നാക്കി. ഡ്യൂട്ടി ഇല്ലാതെ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പട്ടികയില്‍ കൃഷിയും പയര്‍ വര്‍ഗങ്ങളും ഒഴിവാക്കി. ടെക്‌നോളജി ഭീമന്മാര്‍ക്കു ഡിജിറ്റല്‍ ടാക്‌സ് ഒഴിവാക്കും എന്ന പരാമര്‍ശവും മാറ്റി. ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇവ മാറ്റി വൈറ്റ് ഹൗസ് പ്രസ്താവന ഇറക്കിയത്. മാര്‍ച്ചില്‍ ഇടക്കാല കരാര്‍ ഉണ്ടാകുമ്പോള്‍ എന്താകും യുഎസ് നിലപാട് എന്ന സംശയം ജനിപ്പിക്കുന്നതാണ് ഇക്കാര്യങ്ങള്‍. കാഷ്മീരിനെ ശരിയായി ചിത്രീകരിച്ച ഇന്ത്യന്‍ ഭൂപടം പാക്കിസ്ഥാന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസ്താവനയില്‍ നിന്നു പിന്‍വലിക്കുകയും ചെയ്തു.
സെന്‍സെക്‌സ് 40.28 പോയിന്റ് (0.05%) താഴ്ന്ന് 84,233.64ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 18.70 പോയിന്റ് (0.07%) കുറഞ്ഞ് 25,953.85ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 118.95 പോയിന്റ് (0.20%) ഉയര്‍ന്ന് 60,745.55ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 18.65 പോയിന്റ് (0.03%) ഉയര്‍ന്ന് 60,754.55ലും സ്‌മോള്‍ ക്യാപ് 100 സൂചിക 3.80 പോയിന്റ് (0.02%) കയറി 17,455.00ലും വ്യാപാരം അവസാനിപ്പിച്ചു.
വിപണിയില്‍ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയില്‍ 1913 ഓഹരികള്‍ കയറിയപ്പോള്‍ 2316 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1477 എണ്ണം ഉയര്‍ന്നു, 1672 എണ്ണം ഇടിഞ്ഞു.
എന്‍എസ്ഇയില്‍ 93 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍ എത്തിയപ്പോള്‍ 49 എണ്ണം 52 ആഴ്ചയിലെ താഴ്ന്ന നിലയിലായി. മൂന്നെണ്ണം അപ്പര്‍ സര്‍കീട്ടിലും ആറെണ്ണം ലോവര്‍ സര്‍കീട്ടിലും എത്തി.
വിദേശനിക്ഷേപകര്‍ ബുധനാഴ്ചയും വാങ്ങല്‍ തുടര്‍ന്നു. വിദേശ ഫണ്ടുകള്‍ ക്യാഷ് വിപണിയില്‍ 943.81 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 125.36 കോടി രൂപയുടെ അറ്റ വില്‍പനയും നടത്തി.
നിഫ്റ്റി ഇന്നലെ 26,000 കടന്നെങ്കിലും അതു നിലനിര്‍ത്താന്‍ സാധിച്ചില്ല. ബുള്ളുകള്‍ ആക്കം വീണ്ടെടുത്താലേ ഇന്നു ലക്ഷ്യം സാധിക്കൂ. മുഖ്യ തടസമായ 26,000 കടന്നാല്‍ 26,400-26,500 ലേക്കുള്ള മുന്നേറ്റത്തിനു വേഗം കൂടും. ഇന്നും കടക്കാനായില്ലെങ്കില്‍ സമാഹരണത്തിലേക്കു മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. 25,910 ഉം 25,845 ഉം ഇന്നു നിഫ്റ്റിക്കു പിന്തുണയാകാം. 26,000 ലും 26,060 ലും തടസം ഉണ്ടാകാം.
പതഞ്ജലി ഫുഡ്‌സിന്റെ മൂന്നാം പാദ വരുമാനം 16.5% കൂടിയെങ്കിലും അറ്റാദായം 26% ഇടിഞ്ഞു. ലാഭമാര്‍ജിന്‍ 6.2% ല്‍ നിന്നു 4.1% ആയി താഴ്ന്നു.
കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സിന്റെ മൂന്നാം പാദ വരുമാനം 29.2% വര്‍ധിച്ചപ്പോള്‍ പ്രവര്‍ത്തന ലാഭം 31.3 ഉം അറ്റാദായം 56.2 ഉം ശതമാനം കുതിച്ചു. ലാഭമാര്‍ജിന്‍ 17.4 ല്‍ നിന്ന് 17.7 ശതമാനമായി.
ഇര്‍കോണിനു മൂന്നാം പാദ വരുമാനം 18.9% ഇടിഞ്ഞെങ്കിലും അറ്റാദായം 15.97% വര്‍ധിച്ചു.
ഈസ്റ്റേണ്‍, എംടിആര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമകളായ ഓര്‍ക്ല ഇന്ത്യയുടെ മൂന്നാം പാദ വരുമാനം 3.4 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 13.98 ശതമാനം ഇടിഞ്ഞു.
എല്‍ജി ഇലക്ട്രോണിക്‌സിന്റെ മൂന്നാം പാദം നിരാശപ്പെടുത്തി. വിറ്റുവരവ് 6.4% താഴ്ന്നപ്പോള്‍ പ്രവര്‍ത്തന ലാഭം 42.6 ഉം അറ്റാദായം 61.6 ഉം ശതമാനം ഇടിഞ്ഞു. ലാഭമാര്‍ജിന്‍ 7.8 ല്‍ നിന്നു 4.8 ശതമാനമായി.
ഗോദ്റെജ് ഇന്‍ഡസ്ട്രീസ് മൂന്നാം പാദ വരുമാനം 4.7% കൂടിയപ്പോള്‍ അറ്റാദായം 8.7% വര്‍ധിച്ചു. ലാഭമാര്‍ജിന്‍ 12.4 ല്‍ നിന്ന് 10.8% ആയി കുറഞ്ഞു.
സ്വര്‍ണവും വെള്ളിയും ചാഞ്ചാട്ടം തുടരുകയാണ്. തുടര്‍ച്ചയായ അഞ്ചു ദിവസം 5000 ഡോളറിനു മുകളില്‍ നിന്ന സ്വര്‍ണം ഇന്നലെ 5100 കടന്നു. പക്ഷേ വേഗം തിരിച്ചു പോന്നു. ബുധനാഴ്ച ഔണ്‍സിന് 5117.80 ഡോളര്‍ വരെ കയറിയ സ്വര്‍ണം 5085.10 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 5055 ഡോളറിലേക്കു താഴ്ന്നിട്ട് വീണ്ടും 5064 ലേക്കു കയറി.
വെള്ളി ഇന്നലെയും ഏഴു ശതമാനത്തിലധികം കയറി ഔണ്‍സിന് 86.36 ഡോളറില്‍ എത്തിയിട്ട് 84.41 ല്‍ ക്ലോസ് ചെയ്തു. വെള്ളി ഇന്നുരാവിലെ 82.37 ലാണ്.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ബുദ്ധനാഴ്ച രാവിലെ 200 രൂപ കുറഞ്ഞു. ഉച്ചയ്ക്കുശേഷം 800 രൂപ കൂടി 1,17,040 രൂപയില്‍ ക്ലോസ് ചെയ്തു.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) ബുധനാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാം 1,60,250 വരെ കയറിയിട്ട് 1,58,650 രൂപയില്‍ ക്ലോസ് ചെയ്തു.
ബുധനാഴ്ച എംസിഎക്‌സില്‍ വെള്ളി കിലോഗ്രാമിന് 2,62,701 രൂപയില്‍ അവസാനിച്ചു.
പ്ലാറ്റിനം 2110 ഉം പല്ലാഡിയം 1689 ഉം റോഡിയം 10,200 ഉം ഡോളറിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine