പലിശമാറ്റം ഇല്ല, ക്രൂഡ് ഓയില്‍ ഉയര്‍ന്നു തന്നെ, ആല്‍ഫബെറ്റ് റിസല്‍ട്ടില്‍ ടെക് തകര്‍ച്ച, ഏഷ്യന്‍ വിപണികള്‍ ദുര്‍ബലം; സ്വര്‍ണം ചാഞ്ചാടുന്നു

ആല്‍ഫബെറ്റ് (ഗൂഗിള്‍) റിസല്‍ട്ട് മോശമായതോടെ ഓഹരി വലിയ തകര്‍ച്ചയിലായി. ഇതോടെ ടെക് ഓഹരികളുടെ വിപണിയായ നാസ്ഡാക് ഫ്യൂച്ചേഴ്‌സില്‍ ഇടിയുന്നു
Stock Market Morning Analysis
Image courtesy: Canva
Published on: 

ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. ഡിസംബറില്‍ പലിശ കൂട്ടും എന്നു വിപണി കണക്കു കൂട്ടുന്നു. ആല്‍ഫബെറ്റ് (ഗൂഗിള്‍) റിസല്‍ട്ട് മോശമായതോടെ ഓഹരി വലിയ തകര്‍ച്ചയിലായി. ഇതോടെ ടെക് ഓഹരികളുടെ വിപണിയായ നാസ്ഡാക് ഫ്യൂച്ചേഴ്‌സില്‍ ഇടിയുന്നു. ഇതിന്റെ പ്രതികരണം ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാം. എഐ നിക്ഷേപങ്ങളെ പറ്റിയുള്ള ആശങ്കകള്‍ ശരിവയ്ക്കുന്നതായി ആല്‍ഫബെറ്റ് റിസല്‍ട്ട്. ഏഷ്യന്‍ വിപണികള്‍ മിക്കതും താഴ്ന്നാണു നീങ്ങുന്നത്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 22,766.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,727 വരെ താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

നിരക്കു മാറ്റാതെ ഫെഡ്

യുഎസ് ഫെഡറല്‍ റിസര്‍വ് ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി നിരക്കുകള്‍ മാറ്റിയില്ല. വിപണിയുടെ പ്രതീക്ഷ പോലെ തീരുമാനം വന്നു. അതിനാല്‍ വിപണിയില്‍ കാര്യമായ ചലനം ഉണ്ടായില്ല. ഓഹരികള്‍ ഉയര്‍ന്നു ക്ലോസ് ചെയ്തു. മാധ്യമങ്ങളെ അഭിമുഖീകരിച്ച ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാലേ വിലക്കയറ്റഗതി നിര്‍ണയിക്കാനാകൂ എന്നു വിശദീകരിച്ചു. അടുത്ത വര്‍ഷം മുതല്‍ ഫെഡ് കമ്മിറ്റിയുടെ എട്ടു യോഗങ്ങളില്‍ രണ്ടെണ്ണം നിരക്കു തീരുമാനിക്കാത്ത തന്ത്ര ചര്‍ച്ചകള്‍ക്കു വിനിയോഗിക്കും എന്നു വാര്‍ഷ് പറഞ്ഞു. ഇപ്പോള്‍ തന്ത്രചര്‍ച്ച മാത്രമായി ഒരു യോഗമാണുള്ളത്.

യൂറോപ്യന്‍ കേന്ദ്ര ബാങ്ക് നാളെയും ബാങ്ക് ഓഫ് ജപ്പാന്‍ മറ്റന്നാളും നിരക്കു തീരുമാനം അറിയിക്കും. അവയും ഈ മാസം നിരക്കു കൂട്ടില്ല എന്നാണു നിഗമനം. ഡിസംബറില്‍ ഫെഡ് നിരക്കു കൂട്ടും എന്നാണു പൊതുനിഗമനം. ഫെഡ് റേറ്റ് ഇപ്പോള്‍ 3.75-4.00 ശതമാനമാണ്.

ആല്‍ഫബെറ്റ് തകര്‍ച്ച

ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റിന്റെ മൂന്നാം പാദ റിസല്‍ട്ട് വിപണിയെ ആശങ്കയിലാക്കുന്നു. വരുമാനവും ലാഭവും പ്രതീക്ഷ പോലെ വന്നില്ല. ആല്‍ഫബെറ്റ് വരുമാനം 12,822 കോടി പ്രതീക്ഷിച്ച സ്ഥാനത്ത് 12,758 കോടി മാത്രം. പ്രവര്‍ത്തനലാഭം 4319 കോടി ഡോളര്‍ പ്രതീക്ഷിച്ച സ്ഥാനത്ത് 4058 കോടിയായി കുറഞ്ഞു. അറ്റാദായം 3498 കോടി ഡോളറില്‍ നിന്ന് 2617 കോടിയായി ഇടിഞ്ഞു.

കമ്പനിയുടെ ഫ്രീ ക്യാഷ് ഫ്‌ളോയിലെ ഇടിവ് കണക്കാക്കിയതിലും വളരെ കൂടുതലായി. കമ്പനിയുടെ ദീര്‍ഘകാലകടം ഒരു വര്‍ഷം കൊണ്ട് അഞ്ചു മടങ്ങായി. 2160 കോടി ഡോളറില്‍ നിന്ന് 12,510 കോടി ഡോളറിലേക്ക്. കമ്പനി ഈ വര്‍ഷം 20,000 കോടി ഡോളറും അടുത്ത വര്‍ഷം 30,000 കോടി ഡോളറും മൂലധന നിക്ഷേപം നടത്തും. എഐ വളര്‍ച്ചയ്ക്കു വേണ്ടിയുള്ള ഈ ഭീമമായ മുതല്‍ മുടക്കിനെപ്പറ്റി വിപണിക്ക് ആശങ്ക വര്‍ധിക്കുകയാണ്.

പ്രതീക്ഷയിലും മികച്ച വളര്‍ച്ച വരുമാനത്തിലും ലാഭത്തിലും കാഴ്ചവച്ച മൈക്രോസോഫ്റ്റ് ഓഹരി വിപണിസമയത്തിനു ശേഷം മൂന്നു ശതമാനം ഉയര്‍ന്നു. ക്ലൗഡ് ബിസിനസിലാണു വലിയ വളര്‍ച്ച. കമ്പനിക്കും ഫ്രീ ക്യാഷ് ഫ്‌ലോ 27 ശതമാനം കുറഞ്ഞു. വിറ്റുവരവ് 19 ശതമാനം കൂടി 9228 കോടി ഡോളര്‍ ആയി. മൈക്രോസോഫ്റ്റ് ഈ വര്‍ഷം 17,000 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നടത്തും. ഇന്റല്‍ ചിപ്പുകള്‍ക്കും എന്‍വിഡിയ ജിപിയുകള്‍ക്കും വേണ്ടിയാണു മൂലധനച്ചെലവിന്റെ 75 ശതമാനം. ഇത് നല്ല സൂചനയല്ല നല്‍കുന്നത്.

യുഎസ് വിപണിക്കു നേട്ടം

മൂന്നാം ദിവസവും യുഎസ് വിപണി മുന്നേറ്റം തുടര്‍ന്നു. 2030 വരെയുള്ള കടമെടുപ്പിനു പരിധി വയ്ക്കുകയും 2030 ലെ വരുമാന പ്രതീക്ഷ ഉയര്‍ത്തുകയും ചെയ്ത ഓറക്കിള്‍ കോര്‍റേഷന്റെ ഓഹരി 10.73 ശതമാനം കുതിച്ചു. 2030 വരെ പ്രതിവര്‍ഷം 35 ശതമാനം വരുമാനവളര്‍ച്ചയാണു പ്രതീക്ഷ. വിപണി സമയത്തിനു ശേഷം ഓറക്കിള്‍ 2.4 ശതമാനം ഇടിഞ്ഞു.

ദക്ഷിണകൊറിയന്‍ ചിപ്പ് കമ്പനി എസ്‌കെ ഹൈനിക്‌സ് റെക്കോര്‍ഡ് ലാഭവര്‍ധന കാണിച്ചതിനെ തുടര്‍ന്നു കമ്പനിയുടെ എഡിആര്‍ 13 ശതമാനം മുന്നേറി. ഇതു മറ്റു ചിപ് കമ്പനികളെ ഉയര്‍ത്തി.

ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 97.53 പോയിന്റ് (0.19 ശതമാനം) ഉയര്‍ന്ന് 52,475.10ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 21.38 പോയിന്റ് (0.28%) നേട്ടത്തോടെ 7743.98ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 72.04 പോയിന്റ് (0.27%) മുന്നേറി 26,549.85ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് താഴുന്നു

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്നദിശകളിലാണ്. ഡൗ ജോണ്‍സ് 116 പോയിന്റ് (0.22 ശതമാനം) ഉയര്‍ന്നു. എസ്ആന്‍ഡ്പി 28 പോയിന്റും (0.36%) നാസ്ഡാക് 343 പോയിന്റും (1.14%) താഴ്ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ബുധനാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാരസമയത്ത് 0.89 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.09% കൂടി കയറി 21.57 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.76% താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 2.44% കൂടി ഇടിഞ്ഞ് 28.00 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 0.17% താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.08% ഉയര്‍ന്ന് 12.10 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.98% കയറിയ ശേഷം തുടര്‍വ്യാപാരത്തില്‍ 1.46% മുന്നേറി 2.09 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് പിടിച്ചു നിന്നു

യൂറോപ്യന്‍ ഓഹരിവിപണികള്‍ ബുധനാഴ്ച നാമമാത്ര നേട്ടത്തില്‍ അവസാനിച്ചു. ലാഭത്തിലേക്കു തിരിച്ചു വന്ന വാഹന കമ്പനി സ്റ്റെല്ലാന്റിസ് 15.38 ശതമാനം കുതിച്ചു. ഉല്‍പന്ന വ്യാപാര വിഭാഗം (ടികെ ആക്‌സലിസ്) പ്രത്യേക കമ്പനിയാക്കി മാറ്റി ലിസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് തൈസന്‍ക്രുപ്പ് ഗ്രൂപ്പ് ഓഹരി 17 ശതമാനം ഇടിഞ്ഞു.

ഏഷ്യന്‍ വിപണികള്‍ ഭിന്നദിശകളില്‍

പ്രധാന ഏഷ്യന്‍ വിപണികള്‍ ഇന്നു പല ദിശകളിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക 1.8 ശതമാനം താഴ്ന്നു. കൊറിയയിലെ പ്രമുഖ സെമികണ്ടക്ടര്‍ കമ്പനി എസ്‌കെ ഹൈനിക്‌സ് രണ്ടു ശതമാനം ഉയര്‍ന്നു. സാംസംഗ് നാലു ശതമാനം താഴ്ന്നു. സാംസംഗിന്റെ മൂന്നാം പാദ റിസല്‍ട്ട് പ്രതീക്ഷ പോലെ വന്നു റെക്കോര്‍ഡ് ലാഭം ഉണ്ട്. ജപ്പാനിലെ നിക്കൈ സൂചിക 0.90 ശതമാനം കയറി. തായ്വാന്‍ സൂചിക 1.2 ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചിക 0.75 ശതമാനം നഷ്ടത്തിലായി. ഹോങ്കോങ്ങിലെ ഹാങ് സെങ് നാമമാത്ര നേട്ടത്തിലാണ്.

വിപണി ഭിന്നദിശകളില്‍

ബുധനാഴ്ചയും ഇന്ത്യന്‍ വിപണി ഭിന്നദിശകളില്‍ നീങ്ങി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്നലെയും ഉയര്‍ന്നു. മുഖ്യ സൂചികകള്‍ താഴ്ന്നു. ക്രൂഡ് ഓയില്‍ വില കൂടുന്നതാണു വിപണിയെ വിഷമിപ്പിക്കുന്നത്.

രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു നേട്ടത്തിലേക്കു കയറിയെങ്കിലും മുഖ്യസൂചികകള്‍ക്കു നേട്ടം നിലനിര്‍ത്താനായില്ല. ഐടി സേവന കമ്പനികളിലെ വില്‍പനയാണു സൂചികകളെ താഴ്ത്തിയത്. ഐടി സൂചിക 1.98 ശതമാനം ഇടിഞ്ഞു. ഓയില്‍, റിയല്‍റ്റി, എഫ്എംസിജി, മെറ്റല്‍ മേഖലകളും നഷ്ടത്തിലായി. ബാങ്ക്, ധനകാര്യ, ഓട്ടോ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, മീഡിയ മേഖലകള്‍ മുന്നേറി.

റിലയന്‍സിന്റെ ജിയോ പ്ലാറ്റ്‌ഫോംസ് ആവേശകരമായി ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയേക്കാള്‍ 24 ശതമാനം ഉയര്‍ന്നു ലിസ്റ്റ് ചെയ്ത ജിയോ ക്ലോസ് ചെയ്തപ്പോള്‍ നേട്ടം 26.81 ശതമാനം. കമ്പനിയുടെ വിപണിമൂല്യം 13.05 ലക്ഷം കോടി രൂപയില്‍ എത്തി. വിപണിമൂല്യം വച്ചു റിലയന്‍സിനു പിന്നില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയാണു ജിയോ. ഇതോടെ 30 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി റിലയന്‍സ് ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള ഗ്രൂപ്പായി. രണ്ടാം സ്ഥാനത്തേക്കു മാറിയ ടാറ്റാ ഗ്രൂപ്പിന് 25 ലക്ഷം കോടിയാണു മൂല്യം. ഉപകമ്പനികളുടെ മൂല്യം മാതൃകമ്പനിയുടെ വിലയില്‍ നിന്ന് ഒഴിവാക്കിയാല്‍ റിലയന്‍സ് ഗ്രൂപ്പ് ടാറ്റാ ഗ്രൂപ്പിനു താഴെയേ വരൂ.

വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ കയറി. ബിഎസ്ഇയില്‍ 2209 ഓഹരികള്‍ ഉയര്‍ന്നു, 2133 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 1924 ഓഹരികള്‍ കയറിയപ്പോള്‍ 1616 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകര്‍ ബുധനാഴ്ചയും വാങ്ങലുകാരായി. അവര്‍ ക്യാഷ് വിപണിയില്‍ 871.83 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 643.35 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

ബുധനാഴ്ച സെന്‍സെക്സ് 352.64 പോയിന്റ് (0.48%) താഴ്ന്ന് 73,246.03 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50.90 പോയിന്റ് (0.22%) കുറഞ്ഞ് 22,698.85 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 292.50 പോയിന്റ് (0.54%) നേട്ടത്തോടെ 54,267.40 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 244.80 പോയിന്റ് (0.43%) നേട്ടത്തോടെ 57,274.70 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 166.20 പോയിന്റ് (0.90%) കയറി 18,684.90 ല്‍ ക്ലോസ് ചെയ്തു.

സ്വര്‍ണം ചാഞ്ചാടുന്നു

ഫെഡ് തീരുമാനം വിപണിയില്‍ ചലനം ഉണ്ടാക്കിയില്ല. ഡിസംബറില്‍ നിരക്കുകൂട്ടും എന്ന ധാരണ പ്രബലപ്പെട്ടു. സ്വര്‍ണവിപണി ചാഞ്ചാട്ടത്തിലായി. നയപ്രഖ്യാപനം വന്ന ഇന്നലെ സ്വര്‍ണം 7.30 ഡോളര്‍ (0.18%) കയറിയ സ്വര്‍ണം ഔണ്‍സിന് 4068.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4083 ഡോളറില്‍ എത്തിയ ശേഷം 4054 വരെ താണിട്ട് 4064 ഡോളറിലേക്കു കയറി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ബുധനാഴ്ച 480 രൂപ കൂടി 1,05,560 രൂപ ആയി. വെള്ളിവില ഇന്നലെ ഔണ്‍സിന് 54.10 ഡോളറില്‍ ക്ലോസ് ചെയ്തു. പ്ലാറ്റിനം 1535 ഡോളര്‍, പല്ലാഡിയം 1007 ഡോളര്‍, റോഡിയം 8550 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

റബര്‍ വീണ്ടും കയറുന്നു

റബര്‍ വില വിദേശത്തും കേരളത്തിലും കയറ്റം തുടര്‍ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 287.10 ഉം ആര്‍എസ്എസ് മൂന്ന് 283.70 ഉം ഡോളറിലേക്കു കയറി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 29,600 രൂപയില്‍ എത്തി.

ലോഹങ്ങള്‍ ഉയരുന്നു

അലൂമിനിയം ഒഴികെ വ്യാവസായിക ലോഹങ്ങള്‍ ബുധനാഴ്ച ഉയര്‍ന്നു. ചെമ്പ് 0.13 ശതമാനം കയറി ടണ്ണിന് 14,644.15 ഡോളര്‍ ആയി. അലൂമിനിയം 0.04 ശതമാനം താഴ്ന്ന് 3084.00 ഡോളറില്‍ എത്തി. നിക്കലും ടിന്നും ലെഡും സിങ്കും ഉയര്‍ന്നു.

കൊക്കോ താഴ്ന്നു

കൊക്കോ വില 2.17 ശതമാനം താഴ്ന്നു ടണ്ണിന് 5456 ഡോളറില്‍ ക്ലോസ് ചെയ്തു. അറബിക്ക കാപ്പി പൗണ്ടിന് 2.38 ശതമാനം കുറഞ്ഞ് 2.87 ഡോളര്‍ ആയി. പാം ഓയില്‍ 0.72 ശതമാനം താഴ്ന്നു ടണ്ണിന് 4667 മലേഷ്യന്‍ റിംഗിറ്റ് ആയി.

ഡോളര്‍ സൂചിക താഴോട്ട്

യുഎസ് ഡോളര്‍ സൂചിക ബുധനാഴ്ച താഴ്ന്നു 102.19ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.17ലേക്ക് താണു. യൂറോ ഇന്ന് 1.1148 ഡോളറിലും പൗണ്ട് 1.3325 ഡോളറിലും ആണ്. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 157.87 യെന്‍ ആയി.

ചൈനീസ് യുവാന്‍ ഡോളറിന് 6.67 യുവാനില്‍ തുടര്‍ന്നു. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 5.003 ശതമാനമായി താഴ്ന്നു.

രൂപ ദുര്‍ബലം

രൂപ ഇന്നലെ താഴ്ന്നു. ബുധനാഴ്ച ഡോളര്‍ 10 പൈസ കൂടി 95.22 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ 95.20 രൂപയിലാണ്. ചൈനീസ് യുവാന്‍ 14.29 രൂപയും യൂറോ 106.23 രൂപയും ആയി ഉയര്‍ന്നു.

ക്രൂഡ് ഓയില്‍ താഴുന്നു

ക്രൂഡ് ഓയില്‍ ബുധനാഴ്ച 1.26 ശതമാനം ഉയര്‍ന്നു. പക്ഷേ ഇന്ന് താഴുകയാണ്. ബ്രെന്റ് ഇനം ഇന്നലെ 1.44 ഡോളര്‍ കയറി 115.88 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില താഴ്ന്ന് 114.76 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 102.11 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ താഴ്ചയില്‍

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും താഴ്ന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 80,200 ഡോളറിനു താഴെ വന്നു. ഈഥര്‍ 2320 ഡോളറിനും സൊലാന 100.00 ഡോളറിനും താഴെയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com