ആക്രമണം മാറ്റിവച്ചെന്ന് ട്രംപ്, ക്രൂഡ് ഓയില്‍ അല്‍പം താഴ്ന്നു, ഏഷ്യന്‍ വിപണികള്‍ കയറ്റത്തില്‍, സ്വര്‍ണം കയറുന്നു; രൂപ ദുര്‍ബലമായി

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്നു ചൈനാ സന്ദര്‍ശനം തുടങ്ങുന്ന സാഹചര്യത്തിലാണ് ഈ നീട്ടിവയ്ക്കല്‍ എന്നും സംസാരമുണ്ട്.
stock market morning
image credit : canva
Published on

ഇറാനെതിരേ ഇന്നു തുടങ്ങാനിരുന്ന ആക്രമണം മാറ്റിവച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത് എണ്ണവില അല്‍പം താഴ്ത്തി. സൗദിഅറേബ്യയും ഖത്തറും യുഎഇയും ആവശ്യപ്പെട്ടിട്ടാണ് നടപടിയെന്നു ട്രംപ് പറഞ്ഞു. ഇറാന്‍ പുതിയ സമാധാനനിര്‍ദേശം വച്ചിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്നു ചൈനാ സന്ദര്‍ശനം തുടങ്ങുന്ന സാഹചര്യത്തിലാണ് ഈ നീട്ടിവയ്ക്കല്‍ എന്നും സംസാരമുണ്ട്. ഏതായാലും ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് നീണ്ടുനിന്നില്ല.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,674.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,732 വരെ കയറിയിട്ട് 23,632 വരെ താഴ്ന്നു. നിഫ്റ്റി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസ് സൂചികകള്‍ പലവഴി

പശ്ചിമേഷ്യന്‍ അനിശ്ചിതത്വവും ടെക്‌നോളജി കമ്പനികളെപ്പറ്റി ഉയരുന്ന പുതിയ ആശങ്കയും യുഎസ് വിപണിയെ ഭിന്നദിശകളിലാക്കി. പുതിയ ഡാറ്റാസെന്ററുകള്‍ വൈകുമെന്നു സീഗേറ്റ് സിഇഒ പറഞ്ഞത് സിഗേറ്റിനെയും മൈക്രോണിനെയും മറ്റു ചിപ് കമ്പനികളെയും താഴ്ത്തി. നാസ്ഡാകും എസ്ആന്‍ഡ്പിയും നഷ്ടത്തിലായി. ഡൗ ഉയര്‍ന്നു.

വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 159.95 പോയിന്റ് (0.32%) ഉയര്‍ന്ന് 49,686.12ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 5.45 പോയിന്റ് (0.07%) നഷ്ടത്തോടെ 7403.05ല്‍ അവസാനിച്ചു. നാസ്ഡാക് 134.41 പോയിന്റ് (0.51%) ഇടിവോടെ 26,090.73ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് നഷ്ടത്തില്‍

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് ചെറിയ നഷ്ടത്തിലാണ്. ഡൗ ജോണ്‍സ് 59 പോയിന്റും (0.12%) എസ്ആന്‍ഡ്പി 11 പോയിന്റും (0.14%) നാസ്ഡാക് 82 പോയിന്റും (0.28%) താഴ്ന്നു നീങ്ങുന്നു.

എഡിആറുകള്‍ ഉയര്‍ന്നു

തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ 0.74 ശതമാനം ഉയര്‍ന്നിട്ട് തുടര്‍വ്യാപാരത്തില്‍ 0.85 ശതമാനം കൂടി കയറി 24.84 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 0.73 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 1.43 ശതമാനം ഉയര്‍ന്ന് 26.23 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് എഡിആര്‍ 4.31 ശതമാനം കുതിച്ചിട്ട് തുടര്‍ വ്യാപാരത്തില്‍ 0.79 ശതമാനം താഴ്ന്ന് 12.49 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ 2.65 ശതമാനം ഉയര്‍ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.49 ശതമാനം താഴ്ന്ന് 1.9305 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ്, ഏഷ്യ

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ തിങ്കളാഴ്ച യൂറോപ്യന്‍ ഓഹരികള്‍ ഉയര്‍ന്നു. ഇന്ധനവിലക്കയറ്റത്തിനിടയിലും ലാഭം 40 ശതമാനം വര്‍ധിപ്പിച്ച ബജറ്റ് വിമാനകമ്പനി റയന്‍ എയര്‍ വലിയ നേട്ടം ഉണ്ടാക്കി. ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 0.70 ശതമാനം കയറി. ജനുവരി-മാര്‍ച്ച് പാദത്തില്‍ ജപ്പാന്റെ ജിഡിപി 2.1 ശതമാനം ഉയര്‍ന്നു. പ്രതീക്ഷയിലും കൂടുതലാണിത്.

ദക്ഷിണ കൊറിയയില്‍ കോസ്പി തുടര്‍ച്ചയായ രണ്ടാം ദിവസവും ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങി. ഓസ്‌ട്രേലിയന്‍ സൂചിക ഒരു ശതമാനം ഉയര്‍ന്നു. ഹോങ്‌കോങ് സൂചിക 0.60 ശതമാനം ഉയര്‍ന്നപ്പോള്‍ ഷാങ്ഹായ് വിപണി 0.10 ശതമാനം നേട്ടത്തിലാണ്.

തിരിച്ചുകയറി ഇന്ത്യന്‍ വിപണി

തിങ്കളാഴ്ച തുടക്കത്തില്‍ വലിയ താഴ്ചയിലായ ഇന്ത്യന്‍ വിപണി വിദേശഫണ്ടുകളുടെ വാങ്ങലിനെ തുടര്‍ന്നു തിരിച്ചുകയറി. ക്രൂഡ് ഓയില്‍ വില 111 ഡോളര്‍ കടന്നതാണു രാവിലെ വിപണിയെ ഒന്നേകാല്‍ ശതമാനത്തിലധികം താഴ്ത്തിയത്.

ഐടി, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ ഉയര്‍ന്നു. ബാങ്ക്, ധനകാര്യ, ഓട്ടോ, മെറ്റല്‍, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മീഡിയ, ഓയില്‍, ടൂറിസം മേഖലകള്‍ വെള്ളിയാഴ്ച ഇടിഞ്ഞു.

സ്വര്‍ണ ഓഹരികള്‍ നഷ്ടം തുടര്‍ന്നു. പിഎന്‍ ഗാഡ്ഗില്‍ അഞ്ചു ശതമാനം ഇടിഞ്ഞു.

വിദേശനിക്ഷേപകര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വാങ്ങലുകാരായി. അവര്‍ ക്യാഷ് വിപണിയില്‍ 2813.69 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശികള്‍ 2682.12 കോടി രൂപയുടെ വാങ്ങലും നടത്തി.

തിങ്കളാഴ്ച സെന്‍സെക്സ് 77.05 പോയിന്റ് (0.10%) കയറി 75,315.04ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 6.45 പോയിന്റ് (0.03%) ഉയര്‍ന്ന് 23,649.95ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 173.35 പോയിന്റ് (0.32%) നഷ്ടത്തോടെ 53,537.00ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 93.35 പോയിന്റ് (0.15%) താഴ്ന്ന് 60,473.80ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 225.85 പോയിന്റ് (1.26%) കുറഞ്ഞ് 17,656.75ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ബിഎസ്ഇയില്‍ 1199 ഓഹരികള്‍ കയറി, 3117 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 936 എണ്ണം ഉയര്‍ന്നപ്പോള്‍ 2368 എണ്ണം ഇടിഞ്ഞു.

കമ്പനികള്‍, വാര്‍ത്തകള്‍

അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് എതിരായ എല്ലാ കേസുകളും അമേരിക്ക പിന്‍വലിച്ചു. അദാനി എന്റര്‍പ്രൈസസിന് എതിരായ കേസ് 2650 കോടി രൂപ (27.5 കോടി ഡോളര്‍) പിഴയടച്ച് ഒത്തുതീര്‍ക്കുകയായിരുന്നു. ഗൗതം അദാനിക്കും മറ്റ് ഏഴു പേര്‍ക്കും എതിരായ കേസും പിന്‍വലിച്ചു. 1.8 കോടി ഡോളര്‍ പിഴയടച്ച് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് കമ്മീഷനിലെ കേസും ഗ്രൂപ്പ് ഒത്തുതീര്‍ത്തു. പ്രസിഡന്റ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകരില്‍ ഒരാളായ റോബര്‍ട്ട് ഗിയൂഫ്രയാണു മൂന്നു കേസിലും ഒത്തുതീര്‍പ്പ് തയാറാക്കിയത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നാലാം പാദത്തില്‍ അറ്റാദായം 56.6 ശതമാനം കുട്ടി. വിറ്റുവരവ് ഏഴു ശതമാനം വര്‍ധിച്ചു. യുദ്ധം മൂലമുള്ള വിലവര്‍ധന മാര്‍ച്ചിലെ അവസാന ദിവസങ്ങളിലേ ബാധിച്ചുള്ളൂ. 2025-26 വര്‍ഷം കമ്പനി അറ്റാദായം 12,962 കോടിയില്‍ നിന്ന് 36,802 കോടിയായി വര്‍ധിപ്പിച്ചു. 184 ശതമാനം വര്‍ധന.

ജിഇ വെര്‍ണോവ വിറ്റുവരവ് ഗണ്യമായി കൂടിയപ്പോള്‍ അറ്റാദായം 89 ശതമാനം വര്‍ധിപ്പിച്ചു. ഐഷര്‍ മോട്ടോഴ്‌സിന് പുതിയ പ്ലാന്റ് തുടങ്ങാന്‍ ആന്ധ്രപ്രദേശില്‍ 215.7 ഏക്കര്‍ ഭൂമി ലഭിച്ചു. 2500 കോടിയുടെ നിക്ഷേപമാണ് അവിടെ ഉദ്ദേശിക്കുന്നത്.

ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന് മാര്‍ച്ച് പാദത്തില്‍ അറ്റാദായം 21 ശതമാനം കുറഞ്ഞു. വാതക വിലവര്‍ധനയും ലഭ്യതയിലെ പ്രശ്‌നങ്ങളുമാണു കാരണം.

സ്വര്‍ണം കയറ്റത്തില്‍

ഇന്നു യുദ്ധം തുടങ്ങാനിരുന്നതു നീട്ടിവച്ചു എന്ന ട്രംപിന്റെ പ്രസ്താവന സ്വര്‍ണത്തെ ഉയര്‍ത്തി. 4480 ഡോളര്‍ വരെ ഇടിഞ്ഞ സ്വര്‍ണം ഇന്നലെ ഔണ്‍സിന് 26.30 ഡോളര്‍ കയറി 4567.40 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അല്‍പം താഴ്ന്ന് 4565 ഡോളറില്‍ എത്തി. യുദ്ധഭീഷണി മാറിനിന്നാല്‍ സ്വര്‍ണം ഇനിയും ഉയരും.

കേരളത്തില്‍ തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണം പവന് 520 രൂപ കുറഞ്ഞ് 1,14,560 രൂപയായി. വെള്ളിവില തിങ്കളാഴ്ച രണ്ടര ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 77.81 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 78.79 ഡോളറിലേക്ക് കയറി. പ്ലാറ്റിനം 1991 ഡോളര്‍, പല്ലാഡിയം 1407 ഡോളര്‍, റോഡിയം 9325 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ താഴ്ചയില്‍

ക്രൂഡ് ഓയില്‍ വിലക്കയറ്റം വീണ്ടും വ്യാവസായിക ലോഹങ്ങളെ താഴ്ത്തി. ചെമ്പ് 0.93 ശതമാനം ഇടിവോടെ 13,427.85 ഡോളറില്‍ നിന്നു. അലൂമിനിയം 0.16 ശതമാനം താഴ്ന്നു 3566.80 ഡോളര്‍ ആയി. നിക്കലും ലെഡും ടിനും താഴ്ചയിലായി. സിങ്ക് ഉയര്‍ന്നു.

റബര്‍ താഴ്ന്നു

രാജ്യാന്തര വിപണിയില്‍ തിങ്കളാഴ്ചയും റബര്‍ വില താഴ്ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ്3 ക്വിന്റലിന് 290.60 ഡോളര്‍ ആയി. ആര്‍എസ്എസ് ഒന്ന് 294.20 ഡോളറില്‍ എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം 26,100 രൂപയിലാണ്.

കൊക്കോ വീണ്ടും താഴ്ന്നു

രാജ്യാന്തര വിപണിയില്‍ കൊക്കോ തുടര്‍ച്ചയായ അഞ്ചാം ദിവസവും താഴ്ന്നു. ഇന്നലെ 5.27 ശതമാനം കുറഞ്ഞ് ടണ്ണിന് 3791.00 ഡോളറില്‍ വില എത്തി. ഐവറി കോസ്റ്റ് 2025-26 സീസണിലെ ഉല്‍പാദന പ്രതീക്ഷ 19 ലക്ഷം ടണ്ണില്‍ നിന്ന് 22 ലക്ഷം ടണ്‍ ആയി വര്‍ധിപ്പിച്ചതാണു വിലയിടിവിനു കാരണം.

ഡോളര്‍ സൂചിക താഴോട്ട്

യുഎസ് ഡോളര്‍ സൂചിക തിങ്കളാഴ്ച അല്‍പം താഴ്ന്ന് 99.19 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.04 ലേക്കു താഴ്ന്നു.സയൂറോ 1.1646 ഡോളറിലേക്കും പൗണ്ട് 1.3416 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 158.95 യെന്‍ എന്ന നിലയിലേക്ക് താണു.

ചൈനീസ് യുവാന്‍ ഡോളറിന് 6.80 യുവാന്‍ എന്ന നിരക്കിലേക്കു കയറി. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.597 ശതമാനമായി.

കുതിച്ചു കയറി ഡോളര്‍

വെള്ളിയാഴ്ച 96 രൂപയ്ക്കു മുകളില്‍ കയറിയ ഡോളര്‍ ഇന്നലെ ഓപ്പണ്‍ ചെയ്തതു 96.20 രൂപയില്‍. 96.39 രൂപ വരെ എത്തിയ ശേഷം താഴ്ന്ന് 96.35 രൂപയില്‍ ക്ലോസ് ചെയ്തു. ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ സൂചികയും താഴ്ന്നെങ്കിലും രൂപയുടെ മേല്‍ സമ്മര്‍ദം തുടരുമെന്നാണു സൂചന.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 96.38 രൂപയിലേക്കു കയറി. ചൈനീസ് യുവാന്‍ 14.17 രൂപയിലേക്ക് ഉയര്‍ന്നു. യൂറോ 112.24 രൂപയിലേക്കു കയറി.

ക്രൂഡ് ഓയില്‍ താഴുന്നു

യുദ്ധം ഉടനെയില്ല എന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് തിങ്കളാഴ്ച വീപ്പയ്ക്ക് 112.10 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 109.54 ഡോളറിലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 102.55 ഡോളറില്‍ എത്തി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 106.62 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ താഴ്ന്നു തന്നെ

ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ന്ന നിലയില്‍ തുടര്‍ന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 76,870 ഡോളറിനു താഴെയാണ്. ഈഥര്‍ 2130 ഡോളറിനും സൊലാന 86.50 ഡോളറിനും താഴെ നില്‍ക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com