

നിര്‍മിതബുദ്ധി (എഐ) ഐടി സേവന, സോഫ്റ്റ്വേര്‍ കമ്പനികള്‍ക്കു പുറമേ മറ്റു വ്യവസായ-സേവന മേഖലകളെയും ബാധിക്കും എന്ന ആശങ്ക പടര്‍ന്നു. ഓഹരികള്‍ ഇടിഞ്ഞു. ധനകാര്യ, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ വരെ ഇടിവുണ്ടായി. ഈ ആശങ്ക ഇന്നും തുടരാം.
ഇന്നലെ അപ്രതീക്ഷിതമായി ഇടിഞ്ഞ സ്വര്‍ണം, വെള്ളി വിലകള്‍ ഇന്നു തിരിച്ചു കയറ്റത്തിലാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി രാത്രി 25,677.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,651ല്‍ ഓപ്പണ്‍ ചെയ്തിട്ട് 25,730 ലേക്കു കയറി. പിന്നീടു താണു. ഇന്ത്യന്‍ വിപണി ഇന്നു ഗണ്യമായ താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ഇന്‍ഫോസിസ് 9.84 ശതമാനവും വിപ്രോ 4.60 ശതമാനവും ഇടിഞ്ഞു. എഐ ആശങ്ക തുടരുന്നതാണു കാരണം.
നിര്‍മിത ബുദ്ധി (എഐ) യിലെ പുതിയ ആവിഷ്‌കാരങ്ങള്‍ പല വ്യവസായങ്ങളെയും അപ്രസക്തമാക്കുന്നതും പല മേഖലകളിലും തൊഴില്‍ കുറയ്ക്കുന്നതും സംബന്ധിച്ച ആശങ്കകള്‍ ഇന്നലെ യുഎസ് വിപണിയെ വലിച്ചു താഴ്ത്തി. ഡൗ 50,000നും നാസ്ഡാക് 23,000നും താഴേക്കു വീണു.
വെല്‍ത്ത് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് മേഖലകളിലെ ബിസിനസ് ഉടച്ചുവാര്‍ക്കാന്‍ എഐക്കു കഴിയും എന്നത് ധനകാര്യ, ലോജിസ്റ്റിക്‌സ് ഓഹരികളെ താഴ്ത്തി. തൊഴിലുകള്‍ കുറയുന്നതോടെ റിയല്‍ എസ്റ്റേറ്റിന് ആവശ്യം കുറയും എന്ന നിഗമനത്തില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളും ഇടിഞ്ഞു. ആദ്യം ഇടിവിലായ സോഫ്റ്റ്വേര്‍ കമ്പനികള്‍ കൂടുതല്‍ താഴ്ന്നു.
ആപ്പിള്‍ ന്യൂസ് ഇടതുപക്ഷ ചായ്വ് കാണിക്കുന്നെന്ന ട്രംപ് ഭരണകൂടത്തിന്റെ പരാതിയും സിരി വര്‍ച്വല്‍ അസിസ്റ്റന്റിന്റെ പുതിയ പതിപ്പിനു തകരാര്‍ കണ്ടെന്ന റിപ്പോര്‍ട്ടും ആപ്പിള്‍ ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി.
ഇന്നു ജനുവരിയിലെ ചില്ലറ വിലക്കയറ്റ കണക്ക് വരുന്നുണ്ട്. 2.5 ശതമാനം വാര്‍ഷിക വളര്‍ച്ചയും 0.3 ശതമാനം പ്രതിമാസ വളര്‍ച്ചയുമാണു പ്രതീക്ഷിക്കുന്നത്. ഡിസംബറില്‍ 2.7 ഉം 0.3 ഉം ആയിരുന്നു നിരക്ക്.
ഡൗ ജോണ്‍സ് സൂചിക വ്യാഴാഴ്ച 669.42 പോയിന്റ് (1.34%) താഴ്ന്ന് 49,451.98 ല്‍ അവസാനിച്ചു. എസ് ആന്‍ഡ് പി 108.71 പോയിന്റ് (1.57%) നഷ്ടത്തോടെ 6832.76 ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 469.32 പോയിന്റ് (2.04%) ഇടിഞ്ഞ് 22,597.15 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നാമമാത്ര നേട്ടത്തിലാണ്. ഡൗ ജോണ്‍സ് 0.05 ഉം എസ് ആന്‍ഡ് പി 0.12 ഉം നാസ്ഡാക് 0.17 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.
യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ചയും ഭിന്നദിശകളില്‍ ക്ലോസ് ചെയ്തു. അമേരിക്കന്‍ നിക്ഷേപ ബാങ്ക് നുവീന്‍ യുകെയിലെ ഫണ്ട് മാനേജ്‌മെന്റ് കമ്പനി ഷ്രോഡേഴ്സിനെ വാങ്ങുന്നതായ റിപ്പോര്‍ട്ട് ഷ്രോഡേഴ്സ് ഓഹരിയെ 28.5 ശതമാനം ഉയര്‍ത്തി.
ഏഷ്യന്‍ വിപണികള്‍ ഇന്നു നഷ്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ ഒരു ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 1.3 ഉം ദക്ഷിണ കൊറിയന്‍ സൂചിക 0.4 ഉം ശതമാനം കയറി. ഹോങ് കോങ് സൂചിക 1.25 ശതമാനവും ചൈനീസ് സൂചിക 0.50 ശതമാനവും താഴ്ന്നു.
നിര്‍മിതബുദ്ധി ഐടി സേവന കമ്പനികളുടെ വരുമാനം കുറയ്ക്കും എന്ന ഭീതി ഇന്നലെ ഇന്ത്യന്‍ വിപണിയെ വീഴ്ത്തി. ഐടി സേവന കമ്പനികളില്‍ വലിയ പിരിച്ചുവിടീലിനു സാധ്യത ഉണ്ടെന്ന വിലയിരുത്തല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെയും താഴ്ത്തി. ആഴ്ചകളായി ഈ ദിശയില്‍ ചര്‍ച്ച നടക്കുകയാണ്.
ഇന്ത്യന്‍ കമ്പനികള്‍ക്കു കാര്യമായ ക്ഷീണം വരില്ലെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍ ഇന്നലെ കാര്യങ്ങള്‍ മറിച്ചായി. ഐടി സേവന കമ്പനികള്‍ക്കു വലിയ ക്ഷീണവും വിദേശകമ്പനികള്‍ ഇന്ത്യയില്‍ നടത്തുന്ന ഗ്ലോബല്‍ കേപ്പേബിലിറ്റി സെന്ററു (ജിസിസി) കള്‍ക്ക് ചെറിയ ക്ഷീണവും വരും എന്നു വിപണി ഇപ്പോള്‍ കണക്കാക്കുന്നു.
ഐടി കമ്പനികളുടെ പല വലിയ വരുമാന ഇനങ്ങളും നാമമാത്ര ചെലവില്‍ എഐ ഉപയോഗിച്ചു ചെയ്യാം. ഇതേ തുടര്‍ന്ന് ഐടി സേവന കമ്പനികള്‍ കുത്തനേ ഇടിഞ്ഞു. എന്‍എസ്ഇ ഐടി സൂചിക 5.5 ശതമാനത്തിലധികം താണു. ഐടി സൂചകയിലെ ഓഹരികളെല്ലാം 4.7 മുതല്‍ 6.61 വരെ ശതമാനം ഇടിവിലായി. നിഫ്റ്റി 50 യിലെ അഞ്ച് ഐടി ഓഹരികളും 4.79 മുതല്‍ 6.4 വരെ ശതമാനം താഴ്ന്നു. ഒരാഴ്ച കൊണ്ട് ഐടി സൂചിക 14.1 ശതമാനം ഇടിഞ്ഞു. വിപണിമൂല്യം 5200 കോടി ഡോളര്‍ (4.7 ലക്ഷം കോടി രൂപ) നഷ്ടമായി.
എന്‍എസ്ഇ റിയല്‍റ്റി സൂചികയിലെ 10 കമ്പനികളില്‍ ഒന്‍പതും നഷ്ടത്തിലായി.
സെന്‍സെക്‌സ് 558.72 പോയിന്റ് (0.66%) ഇടിഞ്ഞ് 83,674.92ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 146.65 പോയിന്റ് (0.57%) കുറഞ്ഞ് 25,807.20ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 5.60 പോയിന്റ് (0.01%) കുറഞ്ഞ് 60,739.75 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 283.70 പോയിന്റ് (0.47%) താഴ്ന്ന് 60,470.85 ലും സ്‌മോള്‍ ക്യാപ് 100 സൂചിക 110.90 പോയിന്റ് (0.64%) കുറഞ്ഞ് 17,344.10 ലും വ്യാപാരം അവസാനിപ്പിച്ചു.
വിപണിയില്‍ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 1634 ഓഹരികള്‍ കയറിയപ്പോള്‍ 2582 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1147 എണ്ണം ഉയര്‍ന്നു, 2003 എണ്ണം ഇടിഞ്ഞു.
എന്‍എസ്ഇയില്‍ 98 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍ എത്തിയപ്പോള്‍ 87 എണ്ണം 52 ആഴ്ചയിലെ താഴ്ന്ന നിലയിലായി. നാലെണ്ണം അപ്പര്‍ സര്‍കീട്ടിലും മൂന്നെണ്ണം ലോവര്‍ സര്‍കീട്ടിലും എത്തി.
വിദേശനിക്ഷേപകര്‍ വ്യാഴാഴ്ചയും അറ്റവാങ്ങലുകാരായി. വിദേശ ഫണ്ടുകള്‍ ക്യാഷ് വിപണിയില്‍ 108.42 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 276.85 കോടി രൂപയുടെ അറ്റവില്‍പന നടത്തി.
നിഫ്റ്റി ഇന്നലെ തുടക്കം മുതല്‍ ദുര്‍ബല നിലയിലായിരുന്നു. 25,907-ല്‍ നിന്ന് കുത്തനേ ഇടിഞ്ഞെങ്കിലും 25,750 ലെ പിന്തുണ നിലനിര്‍ത്താനായി. 25,700-25,500 മേഖലയില്‍ പിന്തുണ ഉണ്ട്. അതു നിലനിര്‍ത്താനായാല്‍ വിപണി സമാഹരണം തുടരും. 25,760 ഉം 25,670 ഉം ഇന്നു നിഫ്റ്റിക്കു പിന്തുണയാകാം. 25,880 ലും 25,920 ലും തടസം ഉണ്ടാകാം.
ഐആര്‍സിടിസി മൂന്നാം പാദത്തില്‍ വരുമാനം 18.4 ശതമാനം വര്‍ധിപ്പിച്ചു. പ്രവര്‍ത്തന ലാഭം 12 ഉം അറ്റാദായം 15.6 ഉം ശതമാനം ഉയര്‍ന്നു. ലാഭമാര്‍ജിന്‍ 34 ല്‍ നിന്നു 32.1 ശതമാനമായി കുറഞ്ഞു.
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി മൂന്നാം പാദത്തില്‍ വരുമാനം 12.2 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 50.2 ശതമാനം വര്‍ധിപ്പിച്ചു. ഒരു സംയുക്ത സംരംഭത്തിലെ പങ്കാളിത്തം വിറ്റതിലെ ലാഭമാണ് അറ്റാദായത്തിലെ കുതിപ്പിനു കാരണം. പ്രവര്‍ത്തനലാഭം 11.9 ഉം ലാഭമാര്‍ജിന്‍ 37.9 ഉം ശതമാനമായി.
റിയല്‍റ്റി കമ്പനി പുറവങ്കര ലിമിറ്റഡ് വരുമാനം മൂന്നു മടങ്ങായി ഉയര്‍ത്തിയപ്പോള്‍ കമ്പനി നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക മാറി.
കോള്‍ ഇന്ത്യയുടെ വിറ്റുവരവും അറ്റാദായവും പ്രതീക്ഷയെ മറികടന്നു. എന്നാല്‍ പ്രവര്‍ത്തനലാഭവും ലാഭമാര്‍ജിനും പ്രതീക്ഷയേക്കാള്‍ കുറവായി.
ബയോകോണ്‍ മൂന്നാം പാദത്തില്‍ വരുമാനം, പ്രവര്‍ത്തനലാഭം, അറ്റാദായം എന്നിവയിലെല്ലാം പ്രതീക്ഷയേക്കാള്‍ താഴെയായി. 293.4 കോടി രൂപയുടെ ഒറ്റത്തവണ നഷ്ടവും ഉണ്ടായി.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മൂന്നാം പാദത്തില്‍ വിറ്റുവരവ് 5.7 ശതമാനം കൂട്ടിയപ്പോള്‍ അറ്റാദായം 30 ശതമാനം കുറഞ്ഞു. പുതിയ ലേബര്‍ കോഡ് മൂലം വലിയ വകയിരുത്തല്‍ വേണ്ടി വന്നതാണ് പ്രധാന കാരണം.
അമേരിക്കന്‍ പ്ലാന്റിലെ അപകടവും ഉല്‍പാദന നഷ്ടവും മൂലം ഹില്‍ഡാല്‍കോയുടെ അറ്റാദായം മൂന്നാം പാദത്തില്‍ 45 ശതമാനം ഇടിഞ്ഞു. വിറ്റുവരവ് 14 ശതമാനം കൂടി.
സ്വര്‍ണവും വെള്ളിയും ഇന്നലെ കുത്തനേ ഇടിഞ്ഞു. സ്വര്‍ണം 3.19 ശതമാനവും വെള്ളി 10.65 ശതമാനവും താഴ്ചയിലായി. എന്നാല്‍ ഇന്നു രാവിലെ വിലകള്‍ ഉയര്‍ന്നു. ഇന്നലെ കനത്ത വില്‍പന സമ്മര്‍ദം ഉണ്ടായതിനു വ്യക്തമായ കാരണം ആരും നല്‍കുന്നില്ല. ഒന്നോ അതിലധികമോ ഫണ്ടുകളോ നിക്ഷേപ ബാങ്കുകളോ ലോംഗ് പൊസിഷന്‍ വിറ്റഴിച്ചതു മൂലമുള്ള കോളിളക്കമാകാം സംഭവിച്ചതെന്ന് കരുതപ്പെടുന്നു. മറ്റു വിശിഷ്ട ലോഹങ്ങളും ചെമ്പ് അടക്കം വ്യാവസായിക ലോഹങ്ങളും ക്രൂഡ് ഓയിലും ഇടിഞ്ഞു.
വ്യാഴാഴ്ച ഔണ്‍സിന് 5101-4879 ഡോളര്‍ പരിധിയില്‍ കയറിയിറങ്ങിയ സ്വര്‍ണം 4922.80 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഒരു ശതമാനത്തിലധികം കയറി 4980 ഡോളര്‍ വരെ എത്തി.
വെള്ളി ഇന്നലെ ഔണ്‍സിന് 85.10 ഡോളറില്‍ നിന്ന് 74.32 വരെ ഇടിഞ്ഞു. പിന്നീട് 75.44 ഡോളറില്‍ ക്ലോസ് ചെയ്തു. വെള്ളി ഇന്നുരാവിലെ 76.80 ഡോളറിലേക്കു കയറി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വ്യാഴാഴ്ച 880 രൂപ കുറഞ്ഞ് 1,16,160 രൂപയില്‍ ക്ലോസ് ചെയ്തു.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) വ്യാഴാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാം 1,58,747 വരെ കയറിയിട്ട് 1,52,300 രൂപയില്‍ ക്ലോസ് ചെയ്തു. വ്യാഴാഴ്ച എംസിഎക്‌സില്‍ വെള്ളി കിലോഗ്രാമിന് 2,62,775 രൂപയില്‍ നിന്ന് ഇടിഞ്ഞ് 2,37,136 രൂപയില്‍ അവസാനിച്ചു. പ്ലാറ്റിനം 2009 ഉം പല്ലാഡിയം 1607 ഉം റോഡിയം 10,300 ഉം ഡോളറിലാണ്.
അലൂമിനിയവും ലെഡും ഒഴികെ വ്യാവസായിക ലോഹങ്ങള്‍ വ്യാഴാഴ്ച ഇടിഞ്ഞു. ചെമ്പ് 1.17 ശതമാനം താഴ്ന്ന് ടണ്ണിനു 13,170.85 ഡോളറില്‍ എത്തി. അലൂമിനിയം 0.94 ശതമാനം ഉയര്‍ന്നു ടണ്ണിന് 3154.94 ഡോളറില്‍ ക്ലോസ് ചെയ്തു. നിക്കലും ടിന്നും സിങ്കും ഇടിഞ്ഞു.
റബര്‍ രാജ്യാന്തര വിപണിയില്‍ 0.73 ശതമാനം ഉയര്‍ന്നു കിലോഗ്രാമിന് 192.90 സെന്റില്‍ എത്തി. കൊക്കോ 4.07 ശതമാനം ഇടിഞ്ഞു ടണ്ണിനു 3699 ഡോളറില്‍ എത്തി. 2023 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ഐവറി കോസ്റ്റിലും മറ്റും ഉല്‍പാദനം ഗണ്യമായി വര്‍ധിച്ചു. ഡിമാന്‍ഡ് കുറഞ്ഞു. കാപ്പി 2.12 ശതമാനം ഉയര്‍ന്നു. തേയില മാറ്റമില്ലാതെ തുടര്‍ന്നു. പാം ഓയില്‍ 0.10 ശതമാനം കയറി.
എണ്ണ ആവശ്യത്തിലെ വളര്‍ച്ച കുറവാകും എന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ) വിലയിരുത്തിയതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഇന്നലെ മൂന്നു ശതമാനം ഇടിഞ്ഞു. ഇന്നു രാവിലെ വില കയറ്റത്തിലായി. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വ്യാഴാഴ്ച ബാരലിന് 67.49 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 67.57 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 62.86 ഉം യുഎഇയുടെ മര്‍ബന്‍ 68.07 ഉം ഡോളറിലാണ്. പ്രകൃതിവാതകവില താഴ്ന്നു 3.218 ഡോളറില്‍ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine