

വിപണിക്ക് ആവേശം പകരുന്ന കാര്യങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല. ഗാസയില്‍ പ്രതീക്ഷിച്ചതുപോലെ യുദ്ധവിരാമം ഉണ്ടായില്ല. യുക്രെയ്‌ന് റഷ്യയില്‍ അതിദൂരം കടന്ന് ആക്രമണം നടത്താവുന്ന ടോമഹാേക് മിസൈലുകള്‍ അമേരിക്ക നല്‍കുമെന്നു റിപ്പോര്‍ട്ട് ഉണ്ട്. എങ്കിലും ലഭ്യത കൂടുന്നതിന്റെ പേരില്‍ ക്രൂഡ് ഓയില്‍ വില ഇടിയുകയാണ്. അതേസമയം സ്വര്‍ണം എല്ലാ പ്രവചനങ്ങളും തകര്‍ത്ത് ഔണ്‍സിനു 3850 ഡോളറിന്റെ മുകളില്‍ കയറി.
യുഎസ് മാര്‍ക്കറ്റ് ഇന്നലെ ചാഞ്ചാടിയ ശേഷം ചെറിയ നേട്ടത്തില്‍ അവസാനിച്ചു. ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര ചിത്രമാണു നല്‍കുന്നത്. ഇന്ത്യന്‍ വിപണി ആവേശകരമായ തുടക്കം പ്രതീക്ഷിക്കുന്നില്ല.
റഷ്യന്‍ എണ്ണവാങ്ങുന്ന വിഷയത്തില്‍ തട്ടി ഇന്ത്യ - അമേരിക്ക വ്യാപാര ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണ്.
ഗാസാ ആക്രമണം അവസാനിപ്പിച്ച് അവിടെ പുതിയ ഭരണസംവിധാനം ഉണ്ടാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയാറാക്കിയ ഫോര്‍മുല ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അംഗീകരിച്ചു. ഹമാസ് നിര്‍ദേശം പഠിക്കട്ടെ എന്നാണ് ആദ്യം പ്രതികരിച്ചത്. ഈ നീക്കം സമാധാനം കൈവരുത്തും എന്ന പ്രതീക്ഷ വിപണിയില്‍ ഇല്ല. ഗാസയെ ഭീകരവിമുക്തമാക്കുന്നതും ഒരു ഇടക്കാല പലസ്തീന്‍ ഭരണകൂടത്തെ നിയമിക്കുന്നതും ക്രമേണ പലസ്തീന്‍ രാജ്യം അനുവദിക്കുന്നതും അടക്കം 20 നിര്‍ദേശങ്ങളാണു ട്രംപ് വച്ചിരിക്കുന്നത്.
ഓഗസ്റ്റിലെ വ്യവസായ ഉല്‍പാദന സൂചിക നാലു ശതമാനം മാത്രമേ വളര്‍ന്നുള്ളൂ. ജൂലൈയില്‍ സൂചിക 4.3 ശതമാനം വളര്‍ന്നതാണ്. ഫാക്ടറി ഉല്‍പാദന വളര്‍ച്ച ആറില്‍ നിന്ന് 3.8 ശതമാനമായി കുറഞ്ഞു. കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് ഉല്‍പാദനത്തില്‍ 6.3 ശതമാനം കുറവുണ്ടായി. ഏപ്രില്‍ - ഓഗസ്റ്റ് അഞ്ചു മാസത്തെ ശരാശരി വളര്‍ച്ച 4.3 ല്‍ നിന്നു 2.8 ശതമാനമായി താഴ്ന്നു.
മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ബിഎഎ 3 യില്‍ നിലനിര്‍ത്തി. കാഴ്ചപ്പാട് സുസ്ഥിരം തന്നെ. മറ്റു റേറ്റിംഗ് ഏജന്‍സികളും റേറ്റിംഗ് നിലനിര്‍ത്തുകയോ ഉയര്‍ത്തുകയോ ആണു ചെയ്തിട്ടുള്ളത്.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,688.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,699.50 വരെ കയറിയിട്ട് അല്‍പം താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു നാമമാത്ര നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യന്‍ ഓഹരികള്‍ തിങ്കളാഴ്ച നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങിയിട്ടു ചെറിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. അമേരിക്കയില്‍ പ്ലാന്റ് ഉള്ളതാേ തുടങ്ങുന്നതോ ആയ കമ്പനികളുടെ ഔഷധങ്ങള്‍ക്ക് 100 ശതമാനം തീരുവയില്‍ നിന്ന് ഒഴിവ് നല്‍കും എന്നത് അസ്ട്രാ സെനെക്കയെയും ജിഎസ്‌കെയെയും ഉയര്‍ത്തി. വരുമാനം 10 ശതമാനം വരെ കൂടുമെന്നും 4000 ജീവനക്കാരെ കുറയ്ക്കുമെന്നും അറിയിച്ച ലുഫ്താന്‍സ യുടെ ഓഹരികള്‍ ഉയര്‍ന്നു.
അമേരിക്കന്‍ വിപണി തിങ്കളാഴ്ച വലിയ ചാഞ്ചാട്ടത്തിനു ശേഷം ചെറിയ നേട്ടത്തില്‍ അവസാനിച്ചു. നിര്‍മിതബുദ്ധി ഭീമന്‍ എന്‍വിഡിയ ഓഹരി വീണ്ടും നേട്ടത്തിലായതു ടെക് ഓഹരികള്‍ക്കു പൊതുവേ ഉണര്‍വ് നല്‍കി. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും എന്ന ഭീതി വിപണിയെ ബാധിച്ചു.
ഡൗ ജോണ്‍സ് സൂചിക തിങ്കളാഴ്ച 68.78 പോയിന്റ് (0.15%) ഉയര്‍ന്ന് 46,316.07 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 17.51 പോയിന്റ് (0.26%) നേട്ടത്തോടെ 6661.21 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 107.08 പോയിന്റ് (0.48%) കയറി 22,591.15 ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു നഷ്ടത്തിലാണ്. ഡൗ 0.06 ഉം എസ് ആന്‍ഡ് പി 0.07 ഉം നാസ്ഡാക് 0.08 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ജാപ്പനീസ് വിപണി 0.30 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയന്‍, ഓസ്‌ട്രേലിയന്‍ വിപണികള്‍ ഉയര്‍ന്നു. ഹോങ് കോങ് വിപണി ഉയര്‍ന്നു വ്യാപാരം തുടങ്ങിയപ്പോള്‍ ചൈനീസ് വിപണി ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയിട്ടു നേട്ടത്തിലായി. ചൈനയില്‍ കഴിഞ്ഞ മാസം അല്‍പം ഉണര്‍വ് കാണിച്ചു.
പുതിയ ആഴ്ചയില്‍ ഇന്ത്യന്‍ വിപണി നേട്ടത്തിലേക്കു മാറും എന്ന പ്രതീക്ഷ പാളി. രാവിലെ നേട്ടത്തില്‍ ആരംഭിച്ച വ്യാപാരം ഉച്ചയ്ക്കു ശേഷമാണു താഴ്ചയിലായത്. ഇതോടെ തുടര്‍ച്ചയായ ഏഴു ദിവസത്തെ ഇടിവായി.
വ്യാപാര ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. മാത്രമല്ല കൂടുതല്‍ തീരുവ ആക്രമണങ്ങള്‍ വരുകയുയാണ്. ഇപ്പോള്‍ വിദേശത്തു നിര്‍മിക്കുന്ന ചലച്ചിത്രങ്ങള്‍ക്കു കൂടി അമേരിക്ക കനത്ത 100 ശതമാനം ചുങ്കം പ്രഖ്യാപിച്ചിരിക്കുന്നു. ഔഷധങ്ങളുടെ 100 ശതമാനം ചുങ്കത്തിനും എച്ച് വണ്‍ ബി വീസയ്ക്കു ചുമത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസിനും പിന്നാലെയാണിത്. റഷ്യന്‍ എണ്ണ വാങ്ങല്‍ അവസാനിപ്പിച്ചാലേ പിഴത്തീരുവ (25 ശതമാനം) ഒഴിവാക്കൂ എന്നാണു യുഎസ് നിലപാട്. റഷ്യന്‍ എണ്ണ വാങ്ങുന്നതു നിറുത്താനും കാര്‍ഷിക മേഖലയില്‍ അനിയന്ത്രിത ഇറക്കുമതി അനുവദിക്കാനും ഇന്ത്യ തയാറല്ല.
പൊതുമേഖലാ ബാങ്കുകള്‍, ഓയില്‍ - ഗ്യാസ്, റിയല്‍റ്റി എന്നിവയാണ് ഇന്നലെ ഗണ്യമായ നേട്ടമുണ്ടാക്കിയത്. വാഹനങ്ങളും ഫാര്‍മയും ഹെല്‍ത്ത് കെയറും സ്വകാര്യ ബാങ്കുകളും താഴോട്ടു വലിച്ചു.
അമേരിക്കയ്ക്കു വ്യാപാര കരാര്‍ ഉള്ള രാജ്യങ്ങളില്‍ യൂണിറ്റുകള്‍ ഉള്ള ഔഷധ കമ്പനികള്‍ക്കു 100 ശതമാനം തീരുവ വേണ്ടെന്ന വിശദീകരണം വൊക്കാര്‍ട്ട് ഓഹരിയെ 15.4 ശതമാനം ഉയര്‍ത്തി.
കപ്പല്‍നിര്‍മാണ കമ്പനികള്‍ ഇന്നലെ ഇടിവിലായി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 5.03 ഉം ഗാര്‍ഡന്‍ റീച്ച് 4.09ഉം മസഗോണ്‍ ഡോക്ക് 2.49 ഉം ശതമാനം താഴ്ന്നു.
ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ഓഹരിവില യാഥാര്‍ഥ്യം പ്രതിഫലിപ്പിക്കുന്നില്ലെന്നും വില കൂടണ്ടതാണെന്നും വകുപ്പുമന്ത്രി പറഞ്ഞത് അവയെ 4.6 ശതമാനം വരെ ഉയര്‍ത്തി.
നിഫ്റ്റി 19.80 പോയിന്റ് (0.08%) താഴ്ന്ന് 24,634.90 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 61.52 പോയിന്റ് (0.08%) കുറഞ്ഞ് 80,364.94 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 71.65 പോയിന്റ് (0.13%) നേട്ടത്തോടെ 54,461.00 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 154.60 പോയിന്റ് (0.27%) ഉയര്‍ന്ന് 56,533.15 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 12.25 പോയിന്റ് (0.07%) കുറഞ്ഞ് 17,548.65 ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 1822 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2389 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1497 എണ്ണം. താഴ്ന്നത് 1578 ഓഹരികള്‍.
എന്‍എസ്ഇയില്‍ 98 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 125 എണ്ണമാണ്. 91 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 96 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച ക്യാഷ് വിപണിയില്‍ 2831.59 കാേടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 3845.87 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
വിപണി കൂടുതല്‍ ദുര്‍ബലമായി നില്‍ക്കുകയാണ്. 24,600 ലെ പിന്തുണ നിലനിര്‍ത്തിയതു മാത്രമാണ് ആശ്വാസഘടകം. 24,800 - 24,900 മേഖലയില്‍ തടസം തുടരും. 24,500-ലും 24,400 ലും പിന്തുണ പ്രതീക്ഷിക്കാം. അവ നഷ്ടമായാല്‍ നിഫ്റ്റിക്ക് 24,100 ലാണു പിന്തുണ ഉള്ളത്. ഇന്നു നിഫ്റ്റിക്ക് 24,600 ലും 24,495 ലും പിന്തുണ ലഭിക്കും. 24,750 ലും 24,800 ലും തടസങ്ങള്‍ ഉണ്ടാകും.
ഹരിയാനയിലും മഹാരാഷ്ട്രയിലും ഓരോ താപവൈദ്യുത നിലയങ്ങള്‍ക്കായി 16,489 കോടി രൂപയുടെ വായ്പ ഐആര്‍എഫ്‌സി അനുവദിച്ചു.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ1092 കോടി രൂപയുടെ കരാറുകള്‍ ഭാരത് ഇലക്ട്രോണിക്‌സിനു ലഭിച്ചു.
പണം വകമാറ്റിയെന്ന ആരോപണം തെളിഞ്ഞതിനെ തുടര്‍ന്നു മാന്‍ ഇന്‍ഡസ്ട്രീസിനെയും അതിന്റെ ചെയര്‍മാന്‍ അടക്കം മൂന്നു പേരെയും മൂലധന വിപണിയില്‍ നിന്നു രണ്ടു വര്‍ഷത്തേക്കു സെബി വിലക്കി. കമ്പനിയുടെ യഥാര്‍ഥ നില മറച്ചുവച്ച റിസല്‍ട്ടുകളാണു കമ്പനി അറിയിച്ചിരുന്നത് എന്നു സെബി കണ്ടെത്തി.
ജെഎല്‍ആര്‍ വാഹന നിര്‍മാണം ഒരു മാസം മുടക്കിയ സൈബര്‍ ആക്രമണത്തെ തുടര്‍ന്നു മൂഡീസ് ഏജന്‍സി ടാറ്റാ മോട്ടോഴ്‌സിന്റെ റേറ്റിംഗ് കാഴ്ചപ്പാട് പോസിറ്റീവില്‍ നിന്നു നെഗറ്റീവ് ആക്കി.
ഇനി തിരുത്തലും സമാഹരണവും ഒക്കെയാണ് നടക്കുക എന്ന പ്രവചനങ്ങളെ തെറ്റിച്ചു കൊണ്ട് സ്വര്‍ണം കുതിപ്പ് തുടരുകയാണ്. ബജറ്റ് കാര്യത്തില്‍ റിപ്പബ്ലിക്കന്‍ - ഡെമോക്രാറ്റ് ധാരണ ഇന്ന് ഉണ്ടാകുന്നില്ലെങ്കില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തിന് പണം ഉണ്ടാകില്ല എന്ന ഭീഷണി വില കുതിക്കാന്‍ സാഹചര്യമൊരുക്കി. പാര്‍പ്പിട വില്‍പന പ്രതീക്ഷയിലും കൂടുതല്‍ വര്‍ധിച്ചെങ്കിലും പലിശ കുറയ്ക്കല്‍ പ്രതീക്ഷയ്ക്കു മാറ്റം വന്നിട്ടില്ല. വലിയ തടസമേഖലയായി വിപണിനിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്ന ഔണ്‍സിന് 3800 ഡോളര്‍ ഇന്നലെ അനായാസം കടന്നു. 4,000 ഡോളറിനു മുകളിലേക്ക് ബുള്‍ കുതിപ്പ് തുടരും എന്ന ധാരണ ശക്തിപ്പെട്ടു.
തിങ്കളാഴ്ച സ്വര്‍ണം ഔണ്‍സിന് 76 ഡോളര്‍ കുതിച്ച് 3834.80 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3850.60 ഡോളര്‍ വരെ കുതിച്ചു.
അവധിവില തിങ്കളാഴ്ച 3863.20 വരെ എത്തിയിട്ടു 3857. 50 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3876 ഡോളറിനു മുകളില്‍ കയറി.
കേരളത്തില്‍ 22 കാരറ്റ് പവന്‍വില തിങ്കളാഴ്ച രണ്ടു തവണയായി 1040 രൂപ കൂടി 85,720 രൂപ എന്ന റെക്കോര്‍ഡില്‍ എത്തി.
വെള്ളിവില ഔണ്‍സിന് 47 ഡോളര്‍ വരെ കയറിയിട്ട് 46.81 ല്‍ ക്ലോസ് ചെയ്തു. 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നില്‍ക്കുന്ന വെള്ളി കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 54 ശതമാനം ഉയര്‍ന്നു.
പ്ലാറ്റിനം, പല്ലാഡിയം എന്നിവയും ഈ ദിവസങ്ങളില്‍ നല്ല കയറ്റത്തിലാണ്.
വ്യാവസായിക ലോഹങ്ങള്‍ തിങ്കളാഴ്ച കയറ്റം തുടര്‍ന്നു. ചെമ്പ് 1.06 ശതമാനം ഉയര്‍ന്ന് ടണ്ണിന് 10,232.85 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.51 ശതമാനം കയറി ടണ്ണിന് 2669.25 ഡോളറില്‍ എത്തി. സിങ്ക്, നിക്കല്‍, ടിന്‍ എന്നിവ ഉയര്‍ന്നു. ലെഡ് താഴ്ന്നു.
രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.35 ശതമാനം ഉയര്‍ന്നു കിലോഗ്രാമിന് 173.70 സെന്റ് ആയി. കൊക്കോ 0.56 ശതമാനം കയറി ടണ്ണിന് 6946.65 ഡോളറില്‍ എത്തി. കാപ്പി 1.68 ശതമാനം താഴ്ന്നു. തേയില 0.71 ശതമാനം കയറി. പാം ഓയില്‍ വില 0.27 ശതമാനം കുറഞ്ഞു.
ഡോളര്‍ സൂചിക തിങ്കളാഴ്ച താഴ്ന്ന് 97.91 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.95 ലേക്ക് കയറി.
കറന്‍സി വിപണിയില്‍ ഡോളര്‍ ദൗര്‍ബല്യം തുടരുന്നു. യൂറോ 1.1729 ഡോളറിലേക്കും പൗണ്ട് 1.3433 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 148.52 യെന്‍ എന്ന നിരക്കിലേക്കു കയറി.
യുഎസ് കടപ്പത്രങ്ങളുടെ വില കൂടി. 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.143 ശതമാനമായി കുറഞ്ഞു.
തിങ്കളാഴ്ചയും ഇന്ത്യന്‍ രൂപ അല്‍പം താഴ്ന്നു. ഡോളര്‍ നാലു പൈസ കയറി 88.76 രൂപ എന്ന റെക്കോര്‍ഡില്‍ ക്ലോസ് ചെയ്തു.
ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.12 യുവാന്‍ എന്ന നിലയിലേക്കു കയറി.
ഇറാഖിലെ കുര്‍ദിസ്ഥാനില്‍ നിന്ന് കയറ്റുമതി പുനരാരംഭിച്ചതും ഒപെക് അടുത്ത മാസം ഉല്‍പാദനം കൂട്ടുന്നതും ക്രൂഡ് ഓയില്‍ വിലയെ മൂന്നു ശതമാനം ഇടിച്ചു. ബ്രെന്റ് ഇനം 67.97 ഡോളറില്‍ എത്തി. ഇന്നു രാവിലെ 67.52 ഡോളറിലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ 63.06 ഡോളറിലും മര്‍ബന്‍ ക്രൂഡ് 69.17 ഡോളറിലും ആണ്. പ്രകൃതി വാതക വില 0.2 ശതമാനം കൂടി.
ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും കയറ്റത്തിലായി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 1,14,350 ഡോളറില്‍ എത്തി. ഈഥര്‍ 4220 ഉം സൊലാന 214 ഉം ഡോളറിലാണ്.
(2025 സെപ്റ്റംബര്‍ 29, തിങ്കള്‍)
സെന്‍സെക്‌സ്30 80,364.94 -0.08%
നിഫ്റ്റി50 24,634.90 -0.08%
ബാങ്ക് നിഫ്റ്റി 54,461.00 +0.13%
മിഡ് ക്യാപ്100 56,533.15 +0.27%
സ്‌മോള്‍ക്യാപ്100 17,548.65 -0.07%
ഡൗജോണ്‍സ് 46,316.07 +0.15%
എസ്ആന്‍ഡ്പി 6661.21 +0.26%
നാസ്ഡാക് 22,591.15 +0.48%
ഡോളര്‍($) ₹88.76 +₹0.04
സ്വര്‍ണം(ഔണ്‍സ്) $3834.80 +$76.00
സ്വര്‍ണം(പവന്‍) ₹85,720 +₹1040
ക്രൂഡ്(ബ്രെന്റ്)ഓയില്‍ $67.97 -$2.16
Read DhanamOnline in English
Subscribe to Dhanam Magazine