യുദ്ധത്തിനു വിരാമം, വിപണികളില്‍ ആവേശലഹരി, ഇന്ത്യന്‍ വിപണി ഉത്സാഹത്തില്‍, ക്രൂഡ് ഓയില്‍ ഇടിയുന്നു; സ്വര്‍ണം കുതിക്കുന്നു

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഹോര്‍മുസ് കപ്പല്‍ച്ചാല്‍ തുറക്കുന്നതായ പ്രഖ്യാപനം ഇന്ധനവിപണികള്‍ക്ക് ആശ്വാസമായി
morning market news
Published on

വിപണികള്‍ക്ക് ആശ്വാസം. ഓഹരികള്‍ കുതിക്കുന്നു. ക്രൂഡ് ഓയില്‍ ഇടിയുന്നു. ഡോളര്‍ താഴുന്നു. സ്വര്‍ണം പറക്കുന്നു. പശ്ചിമേഷ്യയില്‍ യുദ്ധവിരാമം പ്രഖ്യാപിച്ചതാണ് കാരണം. ഹോര്‍മുസ് കപ്പല്‍ച്ചാല്‍ തുറന്നു. വെള്ളിയാഴ്ച പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ അമേരിക്കയും ഇറാനും ദീര്‍ഘകാല സന്ധിക്കായുള്ള ചര്‍ച്ച തുടങ്ങും. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലത്തു കരാറില്‍ എത്താം എന്ന പ്രതീക്ഷ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രകടിപ്പിച്ചു. ഇറാന്‍ മുന്നോട്ടു വച്ച പത്തിന നിര്‍ദേശം ചര്‍ച്ചയ്ക്ക് അടിസ്ഥാനമായി പരിഗണിക്കും എന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

ട്രംപിന്റെ അന്ത്യശാസന സമയം തീരുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പാണു വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ഇസ്രയേല്‍ ലബനനില്‍ നടത്തുന്ന ആക്രമണവും നിര്‍ത്തിവച്ചു. യുദ്ധവിരാമം വിപണികളില്‍ വലിയ കുതിപ്പ് ഉണ്ടാക്കി. ഏഷ്യന്‍ വിപണികള്‍ അഞ്ചു ശതമാനം കയറി. യുഎസ് ഫ്യൂച്ചേഴ്‌സ് രണ്ടു ശതമാനത്തോളം ഉയര്‍ന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 23,099.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,925 വരെ ഉയര്‍ന്നു. നിഫ്റ്റി ഇന്ന് 700-ഓളം പോയിന്റ് (മൂന്നു ശതമാനം) മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ക്രൂഡ് ഓയില്‍ വില 15 ശതമാനത്തോളം ഇടിഞ്ഞു. സ്വര്‍ണം മൂന്നു ശതമാനവും വെള്ളി അഞ്ചു ശതമാനവും കയറി.

യുഎസ് വിപണി പലവഴി

യുദ്ധവിരാമം സംബന്ധിച്ച അനിശ്ചിതത്വം മുഴച്ചു നിന്ന ഇന്നലെ യുഎസ് വിപണികള്‍ ഭിന്നദിശകളില്‍ നീങ്ങിയെങ്കിലും മാറ്റം നാമമാത്രമായിരുന്നു. ഡൗ ജോണ്‍സ് സൂചിക ചൊവ്വാഴ്ച 85.42 പോയിന്റ് (0.18%) താഴ്ന്ന് 46,584.46ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 5.02 പോയിന്റ് (0.08%) കൂടി 6616.85ല്‍ അവസാനിച്ചു. നാസ്ഡാക് 21.51 പോയിന്റ് (0.10%) നേട്ടത്തോടെ 22,017.85ല്‍ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് കുതിച്ചുകയറി. ഡൗ ജോണ്‍സ് 930 പോയിന്റും (1.98%) എസ്ആന്‍ഡ്പി 148.50 പോയിന്റും (2.23%) നാസ്ഡാക് 711.50 പോയിന്റും (2.92%) ഉയര്‍ന്നു നീങ്ങുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ ചൊവ്വാഴ്ച 0.62 ശതമാനം താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 3.52 ശതമാനം കുതിച്ചു കയറി 26.41 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 0.27 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 2.92 ശതമാനം ഉയര്‍ന്ന് 26.75 ഡോളര്‍ ആയി. ഇന്‍ഫോസിസ് എഡിആര്‍ 1.90 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 2.94 ശതമാനം കൂടി കയറി. വിപ്രോ 2.74 ശതമാനം കയറിയിട്ട് തുടര്‍വ്യാപാരത്തില്‍ 4.00 ശതമാനം കൂടി ഉയര്‍ന്നു.

യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച യുദ്ധഗതിയെ ഭയന്ന് ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

ഏഷ്യന്‍ വിപണികള്‍ ഇന്നു വലിയ കുതിപ്പിലാണ്. ജപ്പാനിലെ നിക്കൈ 4.75 ശതമാനം കയറിയപ്പോള്‍ ദക്ഷിണ കൊറിയയിലെ കോസ്പി 5.3 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 2.7 ശതമാനം ഉയര്‍ന്നു. ഷാങ്ഹായ് ഒരു ശതമാനം കയറിയപ്പോള്‍ ഹോങ് കോങ് 2.50 ശതമാനം കുതിച്ചു.

നാലാം ദിവസവും താണിട്ടു കയറി ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി ചൊവ്വാഴ്ചയും താഴ്ന്ന തുടക്കത്തിനു ശേഷം തിരിച്ചു കയറി നേട്ടത്തില്‍ അവസാനിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണു വിപണി ഇങ്ങനെ നീങ്ങുന്നത്. സെന്‍സെക്സ് ചൊവ്വാഴ്ച 509.73 പോയിന്റ് (0.69%) ഉയര്‍ന്ന് 74,616.58 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 155.40 പോയിന്റ് (0.68%) കയറി 23,123.65ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 107.15 പോയിന്റ് (0.20%) നേട്ടത്തോടെ 52,716.25ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 107.90 പോയിന്റ് (0.20%) ഉയര്‍ന്ന് 54,600.55ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 9.75 പോയിന്റ് (0.06%) നഷ്ടത്തോടെ 15,843.30ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികളും ഉയര്‍ന്നു. ബിഎസ്ഇയില്‍ 2672 ഓഹരികള്‍ കയറിയപ്പോള്‍ 1571 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 2078 എണ്ണം ഉയര്‍ന്നപ്പോള്‍ 1144 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകര്‍ കനത്ത വില്‍പന ഇന്നലെയും തുടര്‍ന്നു. ക്യാഷ് വിപണിയില്‍ വിദേശ ഫണ്ടുകള്‍ 8692.11 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 7979.50 കോടി രൂപയുടെ അറ്റവാങ്ങലാണു നടത്തിയത്.

സ്വര്‍ണം കുതിക്കുന്നു

യുദ്ധത്തിനു തല്‍ക്കാല വിരാമം വന്നതോടെ സ്വര്‍ണം കുതിച്ചുകയറി. സാധാരണ യുദ്ധവേളകളില്‍ സ്വര്‍ണം കുതിക്കുകയും സമാധാനം വരുമ്പോള്‍ ഇടിയുകയുമാണു ചെയ്യാറ്. ഇത്തവണ വിപരീതമായാണു വിപണി നീങ്ങിയത്. യുദ്ധം കഴിഞ്ഞതോടെ കേന്ദ്രബാങ്കുകളും അതിസമ്പന്നരും സ്വര്‍ണം വാങ്ങുന്നതു പുനരാരംഭിക്കും എന്നാണു വിപണിയുടെ പ്രതീക്ഷ.

സ്വര്‍ണത്തിനും വെള്ളിക്കും ആവശ്യം കൂടുതലുള്ള ഉച്ചസാങ്കേതികവിദ്യയിലും പുനരുല്‍പ്പാദന ഊര്‍ജത്തിലും കൂടുതല്‍ മൂലധന നിക്ഷേപം പ്രതീക്ഷിക്കുന്നുമുണ്ട്. ഈ വര്‍ഷം സ്വര്‍ണം ഔണ്‍സിന് 6000 ഡോളറില്‍ എത്തുമെന്നാണ് പല ആഗോള നിക്ഷേപ ബാങ്കുകളും പ്രവചിച്ചിട്ടുള്ളത്.

ചൊവ്വാഴ്ച ഔണ്‍സിന് 58.70 ഡോളര്‍ വര്‍ധിച്ച് 4707.20 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഇന്നു രാവിലെ വില മൂന്നു ശതമാനം കുതിച്ച് 4855.30 ഡോളറിലേക്കു കയറി. പിന്നീട് താഴ്ന്ന് 4810 ഡോളര്‍ ആയി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന്‍വില ചൊവ്വാഴ്ച 600 രൂപ കുറഞ്ഞ് 1,09,880 രൂപയായി.

വെള്ളി ചൊവ്വാഴ്ച 73.17 ഡോളറിലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ ആറു ശതമാനം കുതിച്ച് 77.30 ഡോളറില്‍ എത്തിയിട്ട് 76.34 ലേക്കു താഴ്ന്നു. പ്ലാറ്റിനം 2020 ഡോളര്‍, പല്ലാഡിയം 1511 ഡോളര്‍, റോഡിയം 9300 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ ഉയര്‍ന്നു

വ്യാവസായിക ലോഹങ്ങള്‍ ചൊവ്വാഴ്ച ഉയര്‍ന്നു. യുദ്ധവിരാമം വരും ദിവസങ്ങളില്‍ വില കൂട്ടുമെന്നാണു പ്രതീക്ഷ. ചെമ്പ് ഇന്നലെ 0.86 ശതമാനം ഉയര്‍ന്ന് 12,251.35 ഡോളറില്‍ എത്തി. അലൂമിനിയം 0.58 ശതമാനം കയറി 3491.77 ഡോളറില്‍ ക്ലോസ് ചെയ്തു. ലെഡ്, സിങ്ക്, ടിന്‍ എന്നിവ ഉയര്‍ന്നപ്പോള്‍ നിക്കല്‍ താഴ്ന്നു.

റബര്‍ കയറുന്നു

രാജ്യാന്തര വിപണിയില്‍ റബര്‍ ചൊവ്വാഴ്ച ഉയര്‍ന്നു. 0.94 ശതമാനം കയറി കിലോഗ്രാമിന് 203.40 സെന്റില്‍ എത്തി. കൃത്രിമ റബര്‍ വില 2.16 ശതമാനം കൂടി ടണ്ണിന് 18,150.00 യുവാന്‍ ആയി.

കൊക്കോ വില 7.23 ശതമാനം ഇടിഞ്ഞു ടണ്ണിന് 3000 ഡോളറില്‍ എത്തി.

തേയിലവില മാറ്റമില്ലാതെ തുടര്‍ന്നു. കാപ്പി 3.96 ശതമാനം താഴ്ന്നു പൗണ്ടിന് 286.25 സെന്റില്‍ എത്തി. പാം ഓയില്‍ വില 0.96 ശതമാനം താഴ്ന്നു ടണ്ണിനു 4765 മലേഷ്യന്‍ റിംഗിറ്റ് ആയി.

പോളി എഥിലിന്‍, പോളിപ്രൊപ്പിലിന്‍, പിവിസി വിലകള്‍ 1.18 ശതമാനം വരെ താഴ്ന്നു. യൂറിയ 0.96 ശതമാനം വര്‍ധിച്ചു ടണ്ണിന് 708.00 ഡോളറിലേക്കു കയറി. ഡൈ അമോണിയം ഫോസ്‌ഫേറ്റിനു 0.70 ശതമാനം കൂടി ടണ്ണിന് 720 ഡോളര്‍ ആയി.

ഡോളര്‍ സൂചിക ഇടിഞ്ഞു

യുദ്ധവിരാമം യുഎസ് ഡോളറിനെ ദുര്‍ബലമാക്കി. ഡോളര്‍ സൂചിക ചൊവ്വാഴ്ച ഒരു ശതമാനത്തോളം ഇടിഞ്ഞ് 98.84 വരെ താഴ്ന്നു. പിന്നീട് 98.93 ലേക്കു കയറി.

യൂറോ 1.168 ഡോളറിലേക്കും പൗണ്ട് 1.3405 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 158.38 യെന്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.86 യുവാന്‍ എന്ന നിരക്കിലേക്കു കയറി.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.256 ശതമാനമായി ഇടിഞ്ഞു. തലേന്ന് 4.343ല്‍ ക്ലോസ് ചെയ്തതാണ്. യുദ്ധം തീരുന്നതു വിലക്കയറ്റം താഴ്ത്തുമെന്നും പലിശ കുറയ്ക്കലിന് അവസരമൊരുക്കും എന്നുമുള്ള പ്രതീക്ഷയാണ് നിക്ഷേപനേട്ടം കുറയാന്‍ കാരണം. ഇത് ഇനിയും കുറയും എന്നാണു നിഗമനം.

ഡോളര്‍ താഴ്ചയില്‍

രൂപയ്‌ക്കെതിരേ ഷോര്‍ട്ട് വ്യാപാരം നടത്തുന്നതു തടയാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികളുടെ ഫലം ഇന്നലെ വിപണിയില്‍ തുടര്‍ന്നു. അഞ്ചു പൈസ നേട്ടമാണ് ഇന്നലെ ഉണ്ടാക്കിയത്. ഡോളര്‍ 93.01 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്നു ഡോളര്‍ ഗണ്യമായി താഴുകയും രൂപ ഉയരുകയും ചെയ്യും എന്നാണു സൂചന.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോറെക്‌സ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ചൊവ്വാഴ്ച രാത്രി 92.84 രൂപ വരെ താഴ്ന്നു. ഇന്നു രാവിലെ 92.42 രൂപയിലാണ്. ചൈനീസ് യുവാന്‍ 13.48 രൂപയിലേക്കും യൂറോ 107.96 രൂപയിലേക്കും താഴ്ന്നു.

ക്രൂഡ് ഓയില്‍ ഇടിയുന്നു

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഹോര്‍മുസ് കപ്പല്‍ച്ചാല്‍ തുറക്കുന്നതായ പ്രഖ്യാപനം ഇന്ധനവിപണികള്‍ക്ക് ആശ്വാസമായി. ക്രൂഡ് ഓയില്‍ വില 15 ശതമാനം വരെ ഇടിഞ്ഞു. പിന്നീടു നാമമാത്രമായി ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 93 ഡോളറിനു സമീപം എത്തിയിട്ട് 94.20 ഡോളറിലേക്കു കയറി. യുദ്ധം തുടങ്ങും മുന്‍പ് 70 ഡോളറായിരുന്നു വില. ഡബ്‌ള്യുടിഐ ഇനം ക്രൂഡ് 96.38 ഡോളറിലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 19 ശതമാനം ഇടിഞ്ഞ് 96.78 ഡോളറിലും എത്തി.

ക്രിപ്‌റ്റോകള്‍ കുതിച്ചു

യുദ്ധവിരാമത്തെ തുടര്‍ന്നു ക്രിപ്‌റ്റോ കറന്‍സികള്‍ കുതിച്ചു കയറി. ബിറ്റ്‌കോയിന്‍ 71,700 ഡോളറിനു മുകളില്‍ എത്തി. ഈഥര്‍ 2240 ഡോളറിനും സൊലാന 85.00 ഡോളറിനും മുകളില്‍ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com