

പലിശ കുറയ്ക്കല്‍ പ്രതീക്ഷകളെ തടയാവുന്ന വിധം അമേരിക്കയിലെ വിലക്കയറ്റം വര്‍ധിക്കുകയില്ലെന്ന പ്രതീക്ഷയില്‍ യുഎസ് വിപണികള്‍ ഇന്നലെ ഉയര്‍ന്നു. ഇന്ന് ഏഷ്യന്‍ വിപണികള്‍ മിക്കതും കയറ്റത്തിലായി. ഇന്ത്യന്‍ വിപണിയും ഉണര്‍വോടെ വ്യാപാരം തുടങ്ങാനാണു ശ്രമിക്കുന്നത്.
ഡോളര്‍ ദൗര്‍ബല്യം തുടരുന്നതും പലിശ കുറയ്ക്കല്‍ പ്രതീക്ഷയും സ്വര്‍ണവിലയെ വീണ്ടും റെക്കോര്‍ഡുകളിലേക്കു നയിച്ചു. ഔണ്‍സിന് 3,600 ഡോളറിനു മുകളിലായി സ്വര്‍ണം.
ഇന്ത്യ - അമേരിക്ക ബന്ധത്തില്‍ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ ഇന്ത്യക്കെതിരേ ആക്രമണം തുടര്‍ന്നു. ഇന്ത്യ മറുപടി നല്‍കിയില്ല. ട്രംപ് ഭരണകൂടവുമായി പിന്‍വാതില്‍ ചര്‍ച്ചകള്‍ തുടരുന്നതായാണു സൂചന.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,959.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,962 വരെ ഉയര്‍ന്നിട്ട് 24,927 വരെ താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന
യൂറോപ്യന്‍ ഓഹരികള്‍ തിങ്കളാഴ്ച മിതമായി ഉയര്‍ന്നു. ചെലവുചുരുക്കല്‍ നിര്‍ദേശത്തെ തുടര്‍ന്ന് കടുത്ത എതിര്‍പ്പു നേരിട്ട ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വാ ബേറൂ ഇന്നലെ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു പുറത്തായി.
അമേരിക്കന്‍ വിപണി ഇന്നലെ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം മിതമായ നേട്ടത്തില്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്ന എന്‍വിഡിയ ഇന്നലെ ഒരു ശതമാനം തിരിച്ചു കയറി.
ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് മൂന്നുലക്ഷം കോടി ഡോളറിനു മുകളില്‍ ആക്കാവുന്ന വിധം ഓഹരികള്‍ നല്‍കാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ആലോചനകള്‍ നടത്തുകയാണ്. മസ്‌കിനു കമ്പനിയാേടു കൂടുതല്‍ പ്രതിബദ്ധത വരുത്താനാണ് ഓഹരികള്‍ സമ്മാനിക്കുന്നത്. കമ്പനിയുടെ വിപണിമൂല്യം നിശ്ചിത ലക്ഷ്യങ്ങള്‍ മറികടന്നാലാണ് ഓഹരി കിട്ടുക.
ഡൗ ജോണ്‍സ് സൂചിക തിങ്കളാഴ്ച 114.09 പോയിന്റ് (0.25%) ഉയര്‍ന്ന് 45,514.95 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 13.65 പോയിന്റ് (0.21%) നേട്ടത്തോടെ 6495.15-ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 98.31 പോയിന്റ് (0.45%) കയറി 21,798.70 ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.04 ഉം എസ് ആന്‍ഡ് പി 0.03 ഉം നാസ്ഡാക് 0.02 ഉം ശതമാനം ഉയര്‍ന്നാണു നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനില്‍ നിക്കൈ 0.90 ശതമാനം ഉയര്‍ന്നു 44,000 കടന്ന് റെക്കോര്‍ഡ് കുറിച്ചു. കൊറിയന്‍ വിപണി ഉയര്‍ന്നു, ഓസ്‌ട്രേലിയന്‍ വിപണി താഴ്ന്നു. ചൈനീസ്, ഹോങ് കോങ് സൂചികകള്‍ ഉയര്‍ന്നു.
മുന്‍ ദിവസങ്ങളിലേതു പോലെ ഇന്നലെയും ഇന്ത്യന്‍ വിപണിക്കു വ്യാപാര നേട്ടങ്ങള്‍ നിലനിര്‍ത്താനായില്ല. ദിവസത്തിലെ ഉയരത്തില്‍ നിന്നു സെന്‍സെക്‌സ് 384 ഉം നിഫ്റ്റി 112 ഉം പോയിന്റ് താഴ്ന്നാണു ക്ലോസ് ചെയ്തത്.
അമേരിക്കന്‍ കമ്പനികളുടെ പുറം ജോലി കരാറിന് 25 ശതമാനം നികുതി നിര്‍ദ്ദേശിക്കുന്ന ഒരു ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഒരംഗം അവതരിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് ട്രംപ് അതേപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. എന്തായാലും ഇന്ത്യന്‍ ഐടി കമ്പനികള്‍ ഇന്നലെ വിപണിയുടെ ദൗര്‍ബല്യം വര്‍ധിപ്പിച്ചു.
ഇന്‍ഫോസിസ് ടെക്നോളജീസ് ഓഹരികള്‍ തിരിച്ചു വാങ്ങുന്നതു തീരുമാനിക്കാന്‍ 11 നു ബോര്‍ഡ് യോഗം ചേരും. ഇന്‍ഫോസിസ് ഓഹരി 2025-ല്‍ ഇതുവരെ 25 ശതമാനം ഇടിഞ്ഞ സാഹചര്യത്തിലാണ് നിക്ഷേപകരുടെ വിശ്വാസം പിടിച്ചു പറ്റാന്‍ ഈ നീക്കം. 2022 ല്‍ 9300 കാേടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ നടത്തിയിരുന്നു. ആറുവര്‍ഷത്തിനുള്ളില്‍ കമ്പനി നാലുതവണ ഓഹരി തിരിച്ചു വാങ്ങിയിട്ടുണ്ട്.
വാഹനങ്ങളും അനുബന്ധവ്യവസായ മേഖലകളുമാണ് ഇന്നലെ വിപണിയെ ഉയര്‍ത്തി നിര്‍ത്തിയത്. പ്രമുഖ കമ്പനികള്‍ വാഹനവില ഗണ്യമായി കുറച്ചു. നേരത്തേ ഉയര്‍ന്ന വിലയ്ക്കു ഡീലര്‍മാരുടെ പക്കല്‍ എത്തിച്ച വാഹനങ്ങള്‍ പുതിയ താഴ്ന്ന വിലയില്‍ വില്‍ക്കുമ്പോള്‍ വരുന്ന നഷ്ടം പങ്കുവയ്ക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സന്നദ്ധമായി. മറ്റു കമ്പനികള്‍ ഈ വഴി പിന്തുടര്‍ന്നേക്കാം. അതു വില്‍പന കൂടാന്‍ സഹായിക്കും. ഓട്ടോ സൂചിക 3.3 ശതമാനം കുതിച്ചു കയറി. അശോക് ലെയ്‌ലന്‍ഡ് 5.08 ഉം ടാറ്റാ മോട്ടോഴ്‌സ് 4.25 ഉം ബജാജ് ഓട്ടോ 4.08 ഉം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 4.01 ഉം ശതമാനം ഉയര്‍ന്നു. വാഹനാനുബന്ധ കമ്പനികളായ ഭാരത് ഫോര്‍ജ് 5.81ഉം സംവര്‍ധന മദര്‍സണ്‍ 4.31 ഉം ശതമാനം കയറി.
നിഫ്റ്റി തിങ്കളാഴ്ച 32.15 പോയിന്റ് (0.13%) ഉയര്‍ന്ന് 24,773.15 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 76.54 പോയിന്റ് (0.09%) കയറി 80,787.30 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 72.35 പോയിന്റ് (0.13%) കൂടി 54,186.90 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 285.95 പോയിന്റ് (0.50%) ഉയര്‍ന്ന് 57,361.15 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 29.10 പോയിന്റ് (0.16%) വര്‍ധിച്ച് 17,684.35 ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി. ബിഎസ്ഇയില്‍ 2,199 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2,048 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1,750 എണ്ണം. താഴ്ന്നത് 1,284 ഓഹരികള്‍.
എന്‍എസ്ഇയില്‍ 123 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 60 എണ്ണമാണ്. 144 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 73 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച ക്യാഷ് വിപണിയില്‍ 2,170.35 കാേടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 3,014.30 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
നിഫ്റ്റി 24,700 നു മുകളില്‍ വീണ്ടും ക്ലോസ് ചെയ്തു. 24,800-25,000 മേഖലയിലെ തടസം മറി കടക്കാനാണു വിപണി ശ്രമിക്കുന്നത്. വിപണി സമാഹരണം തുടരും എന്നാണു സൂചന. ഇന്നു നിഫ്റ്റിക്ക് 24,750 ലും 24,675 ലും പിന്തുണ ലഭിക്കും. 24,850 ലും 24,940 ലും തടസങ്ങള്‍ ഉണ്ടാകും.
വോള്‍ട്ടാംപ് ട്രാന്‍സ്‌ഫോമേഴ്‌സിന്റെ പ്രൊമോട്ടര്‍ കമ്പനിയുടെ ഏഴു ശതമാനം ഓഹരി ഇന്നു ബള്‍ക്ക് ഇടപാടില്‍ കൈമാറും.
2,500 കോടി രൂപ മതിപ്പുവില ഉള്ള 25 ലക്ഷം ചതുരശ്ര അടി ലക്ഷുറി റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് ഈസ്റ്റ് ബെംഗലൂരുവില്‍ നിര്‍മിക്കുന്നതിനു ബ്രിംഗഡ് എന്റര്‍പ്രൈസസ് സംയുക്ത നിര്‍മാണ കരാറില്‍ ഒപ്പിട്ടു.
ഇന്തോനീഷ്യയില്‍ കമ്പനിയുടെ ശേഷി 15 ശതമാനം വര്‍ധിപ്പിക്കുന്ന വികസന പദ്ധതിക്കു ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് തുടക്കമിട്ടു.
ബിഹാറിലെ വിദ്യാഭ്യാസ മേഖലയില്‍ 396 കോടിയുടെ ഐസിടി പദ്ധതിക്കുള്ള കരാര്‍ റെയില്‍ടെല്‍ കോര്‍പറേഷനു ലഭിച്ചു.
റെക്കോര്‍ഡ് തകര്‍ത്തു സ്വര്‍ണം കുതിപ്പു തുടരുകയാണ്. ഡോളര്‍ ദുര്‍ബലമായി തുടരുന്നതു സ്വര്‍ണത്തിനു വഴി സുഗമമാക്കി. യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ച പലിശ കുറയ്ക്കും എന്നതില്‍ സംശയമില്ലാതെയാണു വിപണിയുടെ നീക്കം. 0.50 ശതമാനം പലിശ കുറയ്ക്കലിനെപ്പറ്റി പന്തയം വയ്ക്കുന്നവരും ഉണ്ട്.
തിങ്കളാഴ്ച സ്‌പോട്ട് വിപണിയില്‍ സ്വര്‍ണം 49.80 ഡോളര്‍ കുതിച്ച് ഔണ്‍സിന് 3637.10 ഡോളറില്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 3644 വരെ കയറിയിരുന്നു. ഇന്നു രാവിലെ വില 3648 ഡോളറിലായി. സ്‌പോട്ട് വില ഇനിയും കയറും എന്നാണു സംസാരം.
അവധിവില 3688 ഡോളറിലേക്കു കയറി. 3700 ഡോളറിലേക്കാണ് അവധിവിലയുടെ നീക്കം.
കേരളത്തില്‍ 22 കാരറ്റ് പവന്‍വില തിങ്കളാഴ്ച രണ്ടു ഘട്ടമായി 320 രൂപ വര്‍ധിച്ച് 79,880 രൂപയില്‍ എത്തി. പവന് 80,000 രൂപയിലേക്കാണു വ്യാപാരം നീങ്ങുന്നത്.
വെള്ളിവിലയും ഉയര്‍ന്നു. തിങ്കളാഴ്ച ഔണ്‍സിന് 41.25 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 41.17 ഡോളറിലായി.
തിങ്കളാഴ്ച മിക്ക വ്യാവസായിക ലോഹങ്ങളും താഴ്ന്നു. ചെമ്പ് 0.71 ശതമാനം ഇടിഞ്ഞ് ടണ്ണിന് 9810.50 ഡോളറില്‍ ആയി. അലൂമിനിയം 0.1 ശതമാനം കയറി 2613.78 ഡോളറില്‍ എത്തി. നിക്കലും ലെഡും സിങ്കും ടിന്നും താഴ്ന്നു.
രാജ്യാന്തര വിപണിയില്‍ റബര്‍ വില 211 ശതമാനം ഉയര്‍ന്നു കിലോഗ്രാമിന് 1,78.70 സെന്റ് ആയി. കൊക്കോ 5.62 ശതമാനം താഴ്ന്നു ടണ്ണിന് 6,966.86 ഡോളറില്‍ എത്തി. കാപ്പി 2.54 ശതമാനം ഉയര്‍ന്നപ്പോള്‍ തേയില മാറ്റമില്ലാതെ തുടര്‍ന്നു. പാം ഓയില്‍ വില 0.88 ശതമാനം കയറി.
ഡോളര്‍ സൂചിക വീണ്ടും താഴ്ന്ന് 97.45 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.38 ആയി.
കറന്‍സി വിപണിയില്‍ ഡോളര്‍ ദുര്‍ബലമായി. യൂറോ 1.1767 ഡോളറിലേക്കും പൗണ്ട് 1.3553 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 147.36 യെന്‍ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില വര്‍ധിച്ചു. അവയിലെ നിക്ഷേപനേട്ടം 4.049 ശതമാനമായി കുറഞ്ഞു.
തിങ്കളാഴ്ച ഇന്ത്യയില്‍ കറന്‍സി വിപണി അവധിയിലായിരുന്നു.
ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.13 യുവാന്‍ എന്ന നിലയില്‍ തുടരുന്നു.
ഒപെക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ഉല്‍പാദനവര്‍ധന പ്രഖ്യാപിച്ചതുമൂലം ക്രൂഡ് ഓയില്‍ അല്‍പം ഉയര്‍ന്നിട്ടു ചാഞ്ചാടി. 66.30 ഡോളറില്‍ എത്തിയ ബ്രെന്റ് ഇനം ഇന്നലെ 66.02 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 66.18 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ 62.4 2 ഡോളറിലും മര്‍ബന്‍ ക്രൂഡ് 68.87 ഡോളറിലും ആണ്. പ്രകൃതിവാതക വില അല്‍പം കുറഞ്ഞു.
ക്രിപ്‌റ്റോ കറന്‍സികള്‍ ചാഞ്ചാടി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 1,11,400 ഡോളറിലേക്കും ഈഥര്‍ 4290 ഡോളറിലേക്കും താഴ്ന്നു. സൊലാന 214 ലേക്ക് കയറി.
(2025 സെപ്റ്റംബര്‍ 08, തിങ്കള്‍)
സെന്‍സെക്‌സ്30 80,787.30 +0.09%
നിഫ്റ്റി50 24,773.15 +0.13%
ബാങ്ക് നിഫ്റ്റി 54,186.90 +0.13%
മിഡ് ക്യാപ്100 57,361.15 +0.50%
സ്‌മോള്‍ക്യാപ്100 17,684.35 +0.16%
ഡൗജോണ്‍സ് 45,514.95 +0.25%
എസ്ആന്‍ഡ്പി 6495.15 +0.21%
നാസ്ഡാക് 21,798.70 +0.45%
ഡോളര്‍($) ₹88.26 ?0.00
സ്വര്‍ണം(ഔണ്‍സ്) $3637.10 +$49. S0
സ്വര്‍ണം(പവന്‍) ₹79,880 +₹1140
ക്രൂഡ്(ബ്രെന്റ്)ഓയില്‍ $66.02 +$0.52
Get the latest stock market morning update with key business news, Sensex and Nifty trends, global cues, and sectoral highlights to start your trading day informed.
Read DhanamOnline in English
Subscribe to Dhanam Magazine