മുന്നേറ്റം തുടരാന്‍ വിപണി; യുഎസ് കുതിപ്പും ഏഷ്യന്‍ കയറ്റവും അനുകൂല ഘടകങ്ങള്‍; വ്യാപാര കരാര്‍ ചര്‍ച്ചയില്‍ പ്രതീക്ഷ; ക്രൂഡ് ഓയില്‍ വില താഴുന്നു

അമേരിക്കയുമായി വ്യാപാര ഉടമ്പടി താമസിയാതെ രൂപപ്പെടും എന്ന് ഇരുരാജ്യങ്ങളുടെയും വാണിജ്യ മന്ത്രിമാര്‍ ഇന്നലെ സൂചിപ്പിച്ചു. ആഴ്ചകള്‍ക്കകം കരാര്‍ ഉണ്ടാകും എന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
tcm
Published on

വിപണിയില്‍ മുന്നേറ്റം തുടരും എന്ന ശുഭാപ്തിവിശ്വാസമാണ് ഉയര്‍ന്നു നില്‍ക്കുന്നത്. യുഎസ്, ഏഷ്യന്‍ വിപണികള്‍ നല്‍കുന്ന സൂചനയും മുന്നേറ്റത്തിനു തുണയാകും. ക്രൂഡ് ഓയില്‍ വില താഴുന്നതടക്കമുളള അനുകൂലഘടകങ്ങളും ഉണ്ട്.

അമേരിക്കയുമായി വ്യാപാര ഉടമ്പടി താമസിയാതെ രൂപപ്പെടും എന്ന് ഇരുരാജ്യങ്ങളുടെയും വാണിജ്യ മന്ത്രിമാര്‍ ഇന്നലെ സൂചിപ്പിച്ചു. ആഴ്ചകള്‍ക്കകം കരാര്‍ ഉണ്ടാകും എന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ത്യന്‍ വിപണിയെ ഈ പ്രസ്താവനകള്‍ ഇന്നു ഗണ്യമായി സഹായിക്കും.

പശ്ചിമേഷ്യയിലും യുക്രെയ്‌നിലും സംഘര്‍ഷാന്തരീക്ഷം മാറ്റമില്ലാതെ തുടരുന്നു.

ഇന്ത്യയുടെ ഓഗസ്റ്റിലെ ചില്ലറവിലക്കയറ്റം ഇന്നു വൈകുന്നേരം അറിവാകും ജൂലൈയിലെ 1.55 ശതമാനത്തില്‍ നിന്നു 2.2 ശതമാനത്തിലേക്കു വിലക്കയറ്റം കയറും എന്നാണു നിഗമനം.

അമേരിക്കയില്‍ ചില്ലറവിലക്കയറ്റവും തൊഴിലില്ലായ്മയും കൂടിയതായ കണക്കുകള്‍ ഇന്നലെ പുറത്തുവന്നു. ഓഗസ്റ്റിലെ തൊഴില്‍ കണക്ക് ഇന്നു പ്രസിദ്ധീകരിക്കും.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,187 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,202 വരെ ഉയര്‍ന്നിട്ടു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പില്‍ കയറ്റം

യൂറോപ്യന്‍ ഓഹരികള്‍ വ്യാഴാഴ്ച നേട്ടം കുറിച്ചു. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു. അതു യൂറോയെ സഹായിച്ചു. ജീപ്പ് ചെറോക്കീയും റാം ട്രക്കുകളും പരിഷ്‌കരിക്കുമെന്നു സിഇഒ പറഞ്ഞത് സ്റ്റെല്ലാന്റിസ് ഓഹരിയെ 9.2 ശതമാനം ഉയര്‍ത്തി. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍, പ്രകൃതിവാതക വാങ്ങല്‍ 2028 ലേ അവസാനിപ്പിക്കൂ എന്ന തീരുമാനം യൂറോപ്യന്‍ യൂണിയന്‍ ആവര്‍ത്തിച്ചു. നേരത്തേ അവസാനിപ്പിക്കാന്‍ അമേരിക്ക സമ്മര്‍ദം ചെലുത്തി വരികയാണ്.

യുഎസ് വിപണി കുതിച്ചു

അമേരിക്കന്‍ വിപണികള്‍ ഇന്നലെ വലിയ ആവേശമാണു കാണിച്ചത്. ഏതാനും ദിവസങ്ങളായി പിന്നോട്ടു നിന്ന ഡൗ ജോണ്‍സ് സൂചിക കുറവുകള്‍ നികത്തി 600-ലേറെ പോയിന്റ് കുതിച്ചു റെക്കോര്‍ഡ് പുതുക്കി. എസ് ആന്‍ഡ് പിയും നാസ്ഡാകും റെക്കോര്‍ഡ് തിരുത്തി.

ഓഗസ്റ്റിലെ യുഎസ് ചില്ലറ വിലക്കയറ്റം പ്രതീക്ഷിച്ചതിലും വര്‍ധിച്ച് പ്രതിമാസ വര്‍ധന 0.4 ശതമാനത്തില്‍ എത്തി. പ്രതിവര്‍ഷ വളര്‍ച്ച 2.9 ശതമാനം നിഗമനങ്ങള്‍ക്കൊപ്പം നിന്നു. ഇന്ധന, ഭക്ഷ്യ വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം മാസം 0.3ഉം വര്‍ഷം 3.1ഉം ശതമാനമായി.

ഇതേ സമയം പ്രതിവാര തൊഴിലില്ലായ്മാ ആനുകൂല്യ അപേക്ഷകള്‍ പ്രതീക്ഷയിലും അധികമായി. 2.35 ലക്ഷം പ്രതീക്ഷിച്ചിടത്ത് 2.63 ലക്ഷം. 2021 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

തൊഴില്‍വിപണി ദുര്‍ബലവും വിലക്കയറ്റം ശക്തവും ആയ വൈരുധ്യം കണക്കുകളില്‍ കണ്ടെങ്കിലും വിപണി ആശങ്കപ്പെട്ടില്ല. അടുത്തയാഴ്ച ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കും എന്ന വിശ്വാസം ഉപേക്ഷിച്ചില്ല. അതാണ് ഓഹരികളുടെ കുതിപ്പില്‍ കണ്ടത്.

ഡൗ ജോണ്‍സ് സൂചിക വ്യാഴാഴ്ച 617.08 പോയിന്റ് (1.36%) കുതിച്ച് 46,108.00 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 55.43 പോയിന്റ് (0.85%) നേട്ടത്തോടെ 6587.47 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 157.01 പോയിന്റ് (0.72%) ഉയര്‍ന്ന് 22,043.08 ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.02 ഉം എസ് ആന്‍ഡ് പി 0.04 ഉം നാസ്ഡാക് 0.03 ഉം ശതമാനം താഴ്ന്നാണു നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍ ഇന്നും മികച്ച മുന്നേറ്റത്തിലാണ്. ഇന്നലെ സോഫ്റ്റ് ബാങ്കിന്റെ 10 ശതമാനം കുതിപ്പില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയ ജപ്പാനിലെ നിക്കൈ ഇന്നു രാവിലെ 0.50 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍, ദക്ഷിണ കൊറിയന്‍ സൂചികകള്‍ 0.90 ശതമാനം കയറി. ചൈനീസ്, ഹോങ് കോങ് വിപണികളും നേട്ടത്തിലാണ്.

ഏഴാം ദിവസവും കയറ്റം

ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ ഏഴാം ദിവസവും കയറ്റം തുടര്‍ന്നു. തുടക്കത്തില്‍ ചാഞ്ചാടിയെങ്കിലും പിന്നീടു സൂചികകള്‍ ഉയര്‍ന്ന് അവസാനിച്ചു. നിഫ്റ്റി 25,000 നു മുകളില്‍ ക്ലോസിംഗും നടത്തി.

ഐടി, ഓട്ടോ കമ്പനികള്‍ ആണ് ഇന്നലെ താഴ്ചയിലായത്. റിയല്‍റ്റി ഓഹരികളുടെ സൂചിക മാറ്റമില്ലാതെ തുടര്‍ന്നു. ഓയില്‍ - ഗ്യാസ് സൂചിക 1.10 ശതമാനം ഉയര്‍ന്നു.

നിഫ്റ്റി വ്യാഴാഴ്ച 32.40 പോയിന്റ് (0.13%) ഉയര്‍ന്ന് 25,005. 50 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 123.58 പോയിന്റ് (0.15%) കയറി 81,548.73 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 133. 60 പോയിന്റ് (0.24%) നേട്ടത്തോടെ 54,669.60 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 44 പോയിന്റ് (0.08%) ഉയര്‍ന്ന് 58,043.55 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 0.60 പോയിന്റ് (0.00%) കൂടി 17,875.20 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം എന്‍എസ്ഇയില്‍ കയറ്റത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 2019 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2103 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1539 എണ്ണം. താഴ്ന്നത് 1515 ഓഹരികള്‍.

എന്‍എസ്ഇയില്‍ 69 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 31 എണ്ണമാണ്. 87 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 58 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച ക്യാഷ് വിപണിയില്‍ 3472.37 കാേടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 4045.54 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

നിഫ്റ്റിക്ക് 25,000 കടന്നു ക്ലോസ് ചെയ്‌തെങ്കിലും അതു നിലനിര്‍ത്താന്‍ പറ്റുമോ എന്നതു വെല്ലുവിളിയായി തുടരുന്നു. ഇന്നു നിഫ്റ്റിക്ക് 24,955 ലും 24,900 ലും പിന്തുണ ലഭിക്കും. 25,030 ലും 25,090 ലും തടസങ്ങള്‍ ഉണ്ടാകും.

ഇന്‍ഫോസിസ് തിരിച്ചു വാങ്ങല്‍

ഇന്‍ഫോസിസ് ടെക്‌നോളജീസ് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി തിരിച്ചു വാങ്ങല്‍ പ്രഖ്യാപിച്ചു. 18,000 കോടി രൂപ മുടക്കി 2.19 ശതമാനം ഓഹരികള്‍ തിരിച്ചുവാങ്ങും. ഇന്നലത്തെ വിലയേക്കാള്‍ 19 ശതമാനം അധികം നല്‍കി 1800 രൂപയ്ക്കാണ് ഒരോഹരി വാങ്ങുക. എട്ടു വര്‍ഷത്തിനുള്ളിലെ അഞ്ചാമത്തെ തിരിച്ചു വാങ്ങലാണിത്.

കമ്പനി തിരിച്ചു വാങ്ങല്‍ പ്രഖ്യാപിച്ച ശേഷം ഓഹരി ഏഴു ശതമാനം ഉയര്‍ന്നിരുന്നു. ഇന്നലെ 1.5 ശതമാനം താഴ്ന്നാണു ക്ലോസ് ചെയ്തത്. രാത്രി ഇന്‍ഫിയുടെ എഡിആര്‍ 0.53 ശതമാനം ഉയര്‍ന്നു. വ്യാപാര സമയം കഴിഞ്ഞുള്ള ഇടപാടുകളില്‍ 0.11 ശതമാനം കൂടി കയറി. ഇന്‍ഫോസിസ് ഓഹരി ഈ വര്‍ഷം ഇതുവരെ 20 ശതമാനം ഇടിവിലാണ്.

സ്വര്‍ണം സമാഹരണത്തില്‍

റെക്കോര്‍ഡ് തകര്‍ത്തു മുന്നേറിയ സ്വര്‍ണത്തില്‍ ലാഭമെടുപ്പു തുടര്‍ന്നു. വില ചെറിയ പരിധിയില്‍ കയറിയിറങ്ങിയിട്ട് നാമമാത്രമായി താഴ്ന്ന് അവസാനിച്ചു. അമേരിക്കയിലെ ചില്ലറവില സൂചിക പ്രതീക്ഷിച്ചതിലും കൂടുതല്‍ കയറിയതും തൊഴിലില്ലായ്മാ ആനുകൂല്യ അപേക്ഷകള്‍ വര്‍ധിച്ചതും പലിശ കുറയ്ക്കലിന് അനുകൂലമായി വിപണി കണക്കാക്കുന്നു.

വ്യാഴാഴ്ച സ്‌പോട്ട് വിപണിയില്‍ സ്വര്‍ണം ആറു ഡോളര്‍ താഴ്ന്ന് ഔണ്‍സിന് 3635.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3646 ഡോളറിലേക്കു കയറി. ഇപ്പോഴത്തെ സമാഹരണത്തിനു ശേഷം സ്വര്‍ണവില കയറ്റം തുടരുമെന്നാണു വിപണിയുടെ നിഗമനം.

അവധിവില 3686 ഡോളര്‍ വരെ കയറി. 3700 ഡോളറിലേക്കാണ് അവധിവിലയുടെ നീക്കം.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില വ്യാഴാഴ്ച മാറ്റമില്ലാതെ 81,040 രൂപയില്‍ തുടര്‍ന്നു.

വെള്ളിവില കയറി. ഔണ്‍സിന് 41.85 ഡോളറില്‍ എത്തി.

വ്യാഴാഴ്ച നിക്കല്‍ ഒഴികെ വ്യാവസായിക ലോഹങ്ങള്‍ ഉയര്‍ന്നു. ചെമ്പ് 0.81 ശതമാനം കുതിച്ചു ടണ്ണിന് 9926.20 ഡോളറില്‍ എത്തി. അലൂമിനിയം 0.77 ശതമാനം ഉയര്‍ന്ന് 2642.72 ഡോളറില്‍ ക്ലോസ് ചെയ്തു. നിക്കല്‍ താഴ്ന്നപ്പോള്‍ ലെഡും സിങ്കും ടിന്നും ഉയര്‍ന്നു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.11 ശതമാനം കയറി കിലോഗ്രാമിന് 174.30 സെന്റ് ആയി. കൊക്കോ ടണ്ണിന് 7308.53 ഡോളറില്‍ എത്തി. കാപ്പി 0.04 ശതമാനം താഴ്ന്നപ്പോള്‍ തേയില മാറ്റമില്ലാതെ തുടര്‍ന്നു. പാം ഓയില്‍ വില 0.91 ശതമാനം കയറി.

ഡോളര്‍ സൂചിക ചാഞ്ചാടി

ഡോളര്‍ സൂചിക വ്യാഴാഴ്ച 97.47- 98.09 പരിധിയില്‍ കയറിയിറങ്ങിയിട്ട് 97.53 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.62 ആയി.

കറന്‍സി വിപണിയില്‍ ഡോളര്‍ ദുര്‍ബലമായി തുടരുന്നു. യൂറോ 1.1735 ഡോളറിലേക്കും പൗണ്ട് 1.3572 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 147.19 യെന്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നു.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില അല്‍പം കയറി. അവയിലെ നിക്ഷേപനേട്ടം 4.028 ശതമാനമായി കുറഞ്ഞു.

ഡോളര്‍ റെക്കോര്‍ഡ് നിരക്കില്‍

വ്യാഴാഴ്ച ഇന്ത്യയുടെ രൂപ തുടക്കത്തിലെ കയറ്റത്തിനു ശേഷം ഗണ്യമായ താഴ്ചയിലായി. ഡോളര്‍ 34 പൈസ നേട്ടത്തില്‍ 88.44 രൂപ എന്ന റെക്കോര്‍ഡ് നിരക്കില്‍ ക്ലോസ് ചെയ്തു. 88.36 ആയിരുന്നു പഴയ റെക്കോര്‍ഡ്. അമേരിക്ക തീരുവ വര്‍ഷിപ്പിച്ചതു വ്യാപാരകമ്മി കൂട്ടുമെന്ന ഭീതിയും വിദേശനിക്ഷേപകര്‍ രാജ്യത്തു നിന്നു പണം പിന്‍വലിക്കുന്നതും വിപണിയെ ഭീഷണിപ്പെടുത്തുന്നു. വിദേശ നിക്ഷേപകര്‍ ഈ വര്‍ഷം ഇതുവരെ 1159 കോടി ഡോളര്‍ ഓഹരികളിലും കടപ്പത്രങ്ങളിലും നിന്നു പിന്‍വലിച്ചു. ജനുവരി മുതല്‍ ഇതുവരെ രൂപയുടെ വില 3.20 ശതമാനം താഴ്ന്നു. ഏപ്രില്‍ ഒന്നു മുതല്‍ താഴ്ച 3.36 ശതമാനം വരും. മറ്റ് ഏഷ്യന്‍ കറന്‍സികളേക്കാള്‍ ദുര്‍ബലമായി രൂപ.

റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെടുന്നുണ്ടെങ്കിലും അതു വില പിടിച്ചു നിര്‍ത്താന്‍ അല്ല. പ്രതിദിന ചാഞ്ചാട്ടം ക്രമീകരിക്കാന്‍ മാത്രമാണു റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. ഡോളര്‍ 90 രൂപയ്ക്കു മുകളില്‍ എത്തും എന്ന കണക്കുകൂട്ടലിലാണ് അവധി വിപണി പ്രവര്‍ത്തിക്കുന്നത്.

ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.12 യുവാന്‍ എന്ന നിലയില്‍ തുടരുന്നു. യുവാന്‍ സാവധാനം കയറട്ടെ എന്ന സമീപനമാണു ചൈനയുടെ കേന്ദ്ര ബാങ്കിനുള്ളത്.

ക്രൂഡ് ഓയില്‍ താഴുന്നു

സംഘര്‍ഷമേഖലകള്‍ പുതിയ സംഭവവികാസങ്ങള്‍ ഇല്ലാതെ തുടര്‍ന്നതോടെ ഇന്നലെ ക്രൂഡ് ഓയില്‍ വില ഒന്നര ശതമാനത്തിലധികം താഴ്ന്നു. ബ്രെന്റ് ഇനം 66.37 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 66.07 ഡോളറിലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ 62.05 ഡോളറിലും മര്‍ബന്‍ ക്രൂഡ് 69.90 ഡോളറിലും ആണ്. പ്രകൃതിവാതക വില അര ശതമാനം കുറഞ്ഞു.

ക്രിപ്‌റ്റോ കറന്‍സികള്‍ കയറ്റം തുടരുന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 1,15,500 ഡോളറിലേക്കും ഈഥര്‍ 4460 ഡോളറിലേക്കും കയറി. സൊലാന 229 ഡോളറില്‍ എത്തി.

വിപണിസൂചനകള്‍

(2025 സെപ്റ്റംബര്‍ 11, വ്യാഴം)

സെന്‍സെക്‌സ്30 81,548.73 +0.15%

നിഫ്റ്റി50 25,005. 50 +0.13%

ബാങ്ക് നിഫ്റ്റി 54,669.60 +0.24%

മിഡ് ക്യാപ്100 58,043.55 +0.08%

സ്‌മോള്‍ക്യാപ്100 17,875.20 +0.00%

ഡൗജോണ്‍സ് 46,108.00 +1.36%

എസ്ആന്‍ഡ്പി 6587.47 +0.85%

നാസ്ഡാക് 22,043.08 +0.72%

ഡോളര്‍($) ?88.44 +?0.34

സ്വര്‍ണം(ഔണ്‍സ്) $3635.40 -$06.00

സ്വര്‍ണം(പവന്‍) ₹81,040 +₹00

ക്രൂഡ്(ബ്രെന്റ്)ഓയില്‍ $66.37 -$1.12

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com