

ഇറാനില്‍ രണ്ടാം ദിവസവും മിസൈല്‍, ബോംബ് ആക്രമണങ്ങള്‍ നടത്തിയ അമേരിക്ക ആക്രമണം തല്‍ക്കാലത്തേക്കു നിര്‍ത്തിയതായി പ്രഖ്യാപിച്ചു. ഇറാന്‍ കരാര്‍ സ്വീകരിച്ചില്ലെങ്കില്‍ വീണ്ടും ആക്രമിക്കും എന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
ഇറാന്റെ തീവ്രവാദ സേനാവിഭാഗമായ ഐആര്‍ജിസി തങ്ങള്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞെങ്കിലും രണ്ടാം ദിവസത്തിനു ശേഷം ആക്രമണം ഉണ്ടായില്ല. അടിയന്തര മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഖത്തര്‍ പ്രതിനിധി ഇറാന്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
വിപണികള്‍ അനിശ്ചിതത്വത്തിലാണു വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്‌സ് ഉയര്‍ന്നു. ഏഷ്യന്‍ വിപണികള്‍ കയറിയും നീങ്ങുന്നു. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,140.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,224 ലേക്കു കയറിയിട്ടു 23,110 ലേക്കു താഴ്ന്നു. നിഫ്റ്റി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യുഎസ് വിപണി ബുധനാഴ്ച കുത്തനേ ഇടിഞ്ഞു. ഇറാന്‍ യുദ്ധവും ചില്ലറവിലക്കയറ്റത്തിലെ കുതിപ്പുമാണു കാരണം. ചിപ് ഓഹരികളുടെ മുന്നേറ്റം തുടരുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല.
മേയിലെ യുഎസ് ചില്ലറ വിലക്കയറ്റം മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4.2 ശതമാനത്തില്‍ എത്തി. ഇന്ധന, ഭക്ഷ്യ വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 2.9 ശതമാനമാണ്. വിലക്കയറ്റം കൂടിയെങ്കിലും പലിശനിരക്ക് കൂട്ടാനോ കുറയ്ക്കാനോ പുതിയ ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് തയാറാകുകയില്ലെന്നാണ് സൂചന. പലിശ കുറയ്ക്കാന്‍ മുറവിളി കൂട്ടിയിരുന്ന പ്രസിഡന്റ് ട്രംപ് ഇന്നലെ സ്വരം മാറ്റി. വിലക്കയറ്റം യുദ്ധം മൂലമാണെന്നു പറഞ്ഞു വാര്‍ഷും സാഹചര്യത്തെ ലഘൂകരിച്ചു. അടുത്തയാഴ്ചയാണു ഫെഡ് കമ്മിറ്റി യോഗം.
ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 953.33 പോയിന്റ് (1.87%) ഇടിഞ്ഞ് 49,918.78ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 119. 66 പോയിന്റ് (1.62%) താഴ്ന്ന് 7266. 99 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 509.32 പോയിന്റ് (1.98%) നഷ്ടത്തോടെ 25,169.50ല്‍ ക്ലോസ് ചെയ്തു.
ഓറക്കിള്‍ കോര്‍പറേഷന്‍ പ്രതീക്ഷ മറികടന്ന വരുമാന, അറ്റാദായ വളര്‍ച്ച കാണിച്ചെങ്കിലും ഓഹരി 10 ശതമാനം ഇടിഞ്ഞു. ഈ വര്‍ഷം കമ്പനി ഓഹരിവിറ്റും കടമെടുത്തും 4000 കോടി ഡോളര്‍ കൂടി സമാഹരിക്കും എന്ന് അറിയിച്ചതാണു തകര്‍ച്ചയ്ക്കു കാരണം. നേരത്തേ 2000 കോടി ഡോളര്‍ സമാഹരണമാണു പറഞ്ഞിരുന്നത്. സമീപകാലത്തു കമ്പനി 4300 കോടി ഡോളര്‍ കടമെടുക്കുകയും 500 കോടി ഡോളറിന്റെ ഓഹരി വില്‍ക്കുകയും ചെയ്തിരുന്നു.
ഇറാനില്‍ യുദ്ധം തുടരുകയാണെങ്കിലും യുഎസ് ഫ്യൂച്ചേഴ്‌സ് ഉയരുകയാണ്. പലിശ കൂട്ടല്‍ ഒഴിവാക്കും എന്ന പ്രതീക്ഷയാണു വിപണിയെ കയറ്റുന്നത്. ഡൗ ജോണ്‍സ് 40 പോയിന്റും (0.09%) എസ് ആന്‍ഡ് പി 17 പോയിന്റും (0.23%) നാസ്ഡാക് 140 പോയിന്റും (0.49%) ഉയര്‍ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ബുധനാഴ്ച എച്ച്ഡിഎഫ് സി ബാങ്ക് നിശ്ചിത സമയത്ത് 0.39 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.26 ശതമാനം കയറി 23.26 ഡോളറിലായി. ഐസിഐസിഐ ബാങ്ക് വിപണിസമയത്ത് 1.83 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.64 ശതമാനം താഴ്ന്ന് 26.60 ല്‍ ക്ലോസ് ചെയ്തു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 1.85 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.34 ശതമാനം ഉയര്‍ന്ന് 11.80 ഡോളറില്‍ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 2.78 ശതമാനം ഇടിഞ്ഞ ശേഷം തുടര്‍ വ്യാപാരത്തില്‍ 0.95 ശതമാനം കൂടി താഴ്ന്ന് 2.08 ഡോളറില്‍ ക്ലോസ് ചെയ്തു.
യൂറോപ്യന്‍ ഓഹരികള്‍ ബുധനാഴ്ചയും താഴ്ന്നു. എന്നാല്‍ ബ്രിട്ടീഷ് സൂചികകള്‍ ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു.
ഏഷ്യന്‍ വിപണികള്‍ ഇന്നു ഗണ്യമായ താഴ്ചയില്‍ വ്യാപാരം തുടങ്ങിയിട്ട് തിരിച്ചുകയറി. വീണ്ടും താഴ്ന്നു. ജപ്പാനില്‍ നിക്കൈ സൂചിക രണ്ടര ശതമാനം താഴ്ന്നു തുടങ്ങിയിട്ടു നേട്ടത്തിലേക്കു മാറി. പിന്നീടു ചെറിയ നഷ്ടത്തിലായി. ഓസ്‌ട്രേലിയന്‍ സൂചിക ഒരു ശതമാനം താഴ്ചയില്‍ നിന്ന് 0.20 ശതമാനം നഷ്ടത്തിലായി. ദക്ഷിണ കൊറിയന്‍ വിപണി സൂചിക കോസ്പിയും 2.5 ശതമാനം ഇടിഞ്ഞു തുടങ്ങിയിട്ടു നഷ്ടം കുറച്ചു. ഹോങ് കോങ് താഴ്ന്നും ഷാങ്ഹായ് ഉയര്‍ന്നും വ്യാപാരം തുടങ്ങി.
വിദേശവിപണിസൂചനകള്‍ക്ക് എതിരേ നീങ്ങി നേട്ടം കാണിക്കാന്‍ ഇന്ത്യന്‍ വിപണി ഇന്നലെ ശ്രമിച്ചെങ്കിലും നടന്നില്ല. വിശാലവിപണി കനത്ത നഷ്ടത്തിലായി. മുഖ്യസൂചികകള്‍ രാവിലെ ഗണ്യമായി ഉയര്‍ന്നെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മേയ് മാസത്തില്‍ ഓഹരി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള വരവ് 40 ശതമാനം ഇടിഞ്ഞതായ റിപ്പോര്‍ട്ട് വിപണിക്ക് ആഘാതമായി.
വിദേശികള്‍ വിറ്റു മാറുമ്പോഴും വിപണിയെ താങ്ങി നിര്‍ത്തിയിരുന്നത് ചില്ലറ നിക്ഷേപകര്‍ ഉത്സാഹപൂര്‍വം മ്യൂച്വല്‍ ഫണ്ടുകളില്‍ സിപ് വഴിയും മറ്റും നടത്തിയ വലിയ നിക്ഷേപങ്ങളാണ്. മാറിയ പരിസ്ഥിതിയില്‍ അവര്‍ പിന്മാറുന്നതായി പുതിയ കണക്കുകള്‍ തെളിയിച്ചു. ഉയര്‍ന്ന നിലയില്‍ നിന്നു സെന്‍സെക്‌സ് 630 ഉം നിഫ്റ്റി 210 ഉം പോയിന്റ് താഴ്ന്നാണ് ഇന്നലെ ക്ലോസ് ചെയ്തത്.
മീഡിയ, മെറ്റല്‍, റിയല്‍റ്റി, ഓയില്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, പ്രതിരോധം, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്, ഐടി, ഓട്ടോ മേഖലകള്‍ ഇന്നലെ വലിയ താഴ്ചയിലായി. എഫ്എംസിജി, ധനകാര്യ കമ്പനികളാണ് നേട്ടം കുറിച്ചത്.
ബുധനാഴ്ച സെന്‍സെക്സ് 64.42 പോയിന്റ് (0.09%) കയറി 73,983.18ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 27.15 പോയിന്റ് (0.12%) താഴ്ന്ന് 23,214.95ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 94.20 പോയിന്റ് (0.17%) നഷ്ടത്തോടെ 55,100.30ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 905.25 പോയിന്റ് (1.49%) ഇടിഞ്ഞ് 59,810.20ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 241.10 പോയിന്റ് (1.33%) താഴ്ന്ന് 17,822.50ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ കയറുന്ന ഒന്നിനു രണ്ട് എന്ന അനുപാതത്തില്‍ ഓഹരികള്‍ താഴ്ന്നു. ബിഎസ്ഇയില്‍ 1399 ഓഹരികള്‍ കയറി, 2818 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1025 എണ്ണം ഉയര്‍ന്നപ്പോള്‍ 2243 എണ്ണം താഴ്ന്നു.
വ്യാജകണക്ക് വിവാദത്തില്‍ കുരുങ്ങിയ രാജേഷ് എക്‌സ്‌പോര്‍ട്‌സ് അഞ്ചാം ദിവസവും അഞ്ചു ശതമാനം ഇടിഞ്ഞു ലോവര്‍ സര്‍കീട്ടില്‍ എത്തി. രാജേഷ് എക്സ്‌പോര്‍ട്‌സ് ലിഥിയം അയോണ്‍ ബാറ്ററി നിര്‍മിക്കാന്‍ എന്നു പറഞ്ഞു സ്ഥാപിച്ച എലെസ്റ്റ് എന്ന കമ്പനിയില്‍ മൂന്നു വര്‍ഷത്തിനിടെ മൗറീഷ്യസ് ആസ്ഥാനമായ മൂന്നു കമ്പനികള്‍ 1250 കോടി രൂപ നിക്ഷേപിച്ചതായി മിന്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബാറ്ററി നിര്‍മാണത്തിന് കമ്പനി ഒന്നും ചെയ്തിട്ടില്ല.
രൂപയെ പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികള്‍ക്കു പശ്ചിമേഷ്യയിലെ വര്‍ധിച്ച സംഘര്‍ഷം തിരിച്ചടിയാകും. ഇന്നലെയും രൂപ വലിയ സമ്മര്‍ദത്തിലായിരുന്ന ശേഷമാണു ചെറിയ നേട്ടത്തില്‍ ക്ലോസ് ചെയ്തത്. പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഏഴു ശതമാനം വരെ പലിശ ഓഫര്‍ ചെയ്തു വാണിജ്യബാങ്കുകള്‍ വിദേശകറന്‍സി സമാഹരണം തുടങ്ങിയിട്ടുണ്ട്.
ഫെഡറല്‍ ബാങ്ക് ഓഹരി ഇന്നലെ 316.70 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചിട്ട് 1.17 ശതമാനം താഴ്ന്ന് 311.40 രൂപയില്‍ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി 0.96 ശതമാനം കുറഞ്ഞ് 45. 30 രൂപയിലും സിഎസ്ബി ബാങ്ക് 1.97 ശതമാനം കയറി 360 രൂപയിലും ധനലക്ഷ്മി ബാങ്ക് 3.87 ശതമാനം താഴ്ന്നു 31.80 രൂപയിലും അവസാനിച്ചു.
സ്വര്‍ണവില ഇടിയുന്ന സാഹചര്യത്തില്‍ മണപ്പുറം ജനറല്‍ ഫിനാന്‍സ് 5.81 ഉം മുത്തൂറ്റ് ഫിനാന്‍സ് 2.61 ഉം ഐഐഎഫ്എല്‍ ഫിനാന്‍സ് 1.83 ഉം ശതമാനം താഴ്ന്നു. കല്യാണ്‍ ജ്വല്ലേഴ്‌സ് 4.61ഉം ടൈറ്റന്‍ 1.56 ഉം ശതമാനം താഴ്ചയിലായി.
വിദേശനിക്ഷേപകര്‍ ബുധനാഴ്ചയും വില്‍പന തുടര്‍ന്നു. അവര്‍ ക്യാഷ് വിപണിയില്‍ 2124.98 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3123.95 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.
2026 ലെ നേട്ടം മുഴുവന്‍ നഷ്ടപ്പെടുത്തി സ്വര്‍ണം ഇന്നു രാവിലെ ഔണ്‍സിന് 4022.90 ഡോളര്‍ വരെ ഇടിഞ്ഞു. ഇറാനില്‍ യുഎസ് ആക്രമണം രണ്ടാം ദിവസവും തുടര്‍ന്ന പശ്ചാത്തലത്തിലാണ് വീഴ്ച. ഇന്നലെ 4.42 ശതമാനം (188.30 ഡോളര്‍) ഇടിഞ്ഞ് ഔണ്‍സിന് 4072.30 ഡോളറിലാണു സ്വര്‍ണം ക്ലോസ് ചെയ്തത്. ഇന്നു രാവിലെ താഴ്ന്നിട്ടു തിരികെ 4100 ഡോളറിലേക്കു കയറി.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ബുധനാഴ്ച 3960 രൂപ ഇടിഞ്ഞ് 1,08,360 രൂപ ആയി. സമീപകാലത്തെ വലിയ ഏകദിന താഴ്ചയാണിത്. ഇന്നും വില ഗണ്യമായി കുറയും.
വെള്ളിവില താഴ്ന്ന് ഔണ്‍സിന് 63.68 ഡോളര്‍ ആയി.
പ്ലാറ്റിനം 1667 ഡോളര്‍, പല്ലാഡിയം 1217 ഡോളര്‍, റോഡിയം 7625 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
യുദ്ധം പുനരാരംഭിച്ചത് വ്യാവസായിക ലോഹങ്ങളുടെ വിലയിടിച്ചു. ബുധനാഴ്ച ചെമ്പ് 2.53 ശതമാനം ഇടിഞ്ഞു ടണ്ണിനു 13,369.35 ഡോളര്‍ ആയി. അലൂമിനിയം 1.30 ശതമാനം താഴ്ന്നു 3496.46 ല്‍ ക്ലോസ് ചെയ്തു. അലൂമിനിയം ഇനിയും ഗണ്യമായി താഴും എന്നാണു വിപണിയുടെ വിലയിരുത്തല്‍. സിങ്കും ടിന്നും നിക്കലും രണ്ടര ശതമാനത്തിലധികം ഇടിഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷവും എല്‍ നിനോയും റബര്‍ വിലയെ പല വഴിക്കു നയിക്കുന്നു. റബര്‍ വില രാജ്യാന്തര വിപണിയില്‍ നാമമാത്രമായി ഉയര്‍ന്നു.
ബാങ്കോക്കില്‍ ആര്‍എസ്എസ് മൂന്ന് ക്വിന്റലിന് 307.20 ഡോളറിലും ആര്‍എസ്എസ് ഒന്ന് 310.70 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 26,800 രൂപ എന്ന റെക്കോര്‍ഡില്‍ തുടര്‍ന്നു. കൃത്രിമ റബര്‍ വില 0.42 ശതമാനം താഴ്ന്നു.
യൂറിയയുടെ അന്താരാഷ്ട്ര വില 1.12 ശതമാനം താഴ്ന്നു. ഒരു മാസം കൊണ്ടു വില 27.40 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
യുഎസ് ഡോളര്‍ സൂചിക ബുധനാഴ്ച 100 നു താഴെയായി. 99.95 ല്‍ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 99.91 ലാണ്.
യൂറോ 1.1554 ഡോളറിലേക്കും പൗണ്ട് 1.3387 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 160.53 യെന്‍ എന്ന നില വരെ താഴ്ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.77 യുവാന്‍ എന്ന നിരക്കില്‍ തുടരുന്നു. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.548 ശതമാനമായി ഉയര്‍ന്നു.
ചൊവ്വാഴ്ചയും രൂപ സമ്മര്‍ദത്തിലാണു വ്യാപാരം തുടങ്ങിയത്. ബാങ്കുകളുടെ ഡോളര്‍ സമാഹരണ നീക്കങ്ങള്‍ രൂപയെ സഹായിച്ചു. ഡോളര്‍ എട്ടു പൈസ കുറഞ്ഞ് 95.27 രൂപയില്‍ അവസാനിച്ചു.
വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.40 രൂപയിലേക്കു കയറി. ചൈനീസ് യുവാന്‍ 14.07 രൂപയായി. യൂറോ 110.06 രൂപയില്‍ തുടര്‍ന്നു.
ഇറാനിലെ തുടര്‍ ആക്രമണങ്ങള്‍ ക്രൂഡ് ഓയില്‍ വിലയെ വീണ്ടും കുതിപ്പിലാക്കി. ബ്രെന്റ് ഇനം ഇന്നലെ വീപ്പയ്ക്ക് 93.10 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 1.4 ശതമാനം കയറി 94.39 ഡോളര്‍ ആയി. ഡബ്‌ള്യുടിഐ ഇനം 91.53 ഡോളറിലേക്കു നീങ്ങി.
ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും ചാഞ്ചാടുകയാണ്. ബിറ്റ് കോയിന്‍ 62,100 ഡോളറിനു മുകളില്‍ എത്തി. ഈഥര്‍ 1640 ഡോളറിനും സൊലാന 64 ഡോളറിനും താഴെയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine