സമാധാന കരാറിൽ ആവേശം; വിപണികൾ കയറ്റത്തിൽ; ക്രൂഡ് ഓയിൽ 84 ഡോളറിനു താഴെ; യുഎസ് പലിശ തീരുമാനം ബുധനാഴ്ച

പുതിയ കരാർ നിലനിൽക്കാം എന്ന ധാരണ ഇതു മൂലം വിപണികൾക്ക് ഉണ്ട്.ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,695.00 ൽ ക്ലോസ് ചെയ്തു
stock market morning
image credit : canva
Published on

പശ്ചിമേഷ്യന്‍ സമാധാനകരാര്‍ വിപണികളെ ആവേശം കൊള്ളിക്കുന്നു. ക്രൂഡ് ഓയില്‍ വില നാലു ശതമാനത്തിലധികം ഇടിഞ്ഞു. യുഎസ് ഫ്യൂച്ചേഴ്‌സ് കുതിച്ചു. ഏഷ്യന്‍ വിപണികള്‍ ആറു ശതമാനം വരെ കയറി. ഇന്ത്യന്‍ വിപണിയില്‍ നിഫ്റ്റി 24,000 എന്ന ലക്ഷ്യത്തിലേക്കു കുതിക്കും.

ഇറാനുമായി യുഎസ് കരാറില്‍ എത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും വെവ്വേറെ പ്രഖ്യാപിച്ചു. കരാര്‍ വെള്ളിയാഴ്ച ജനീവയില്‍ ഒപ്പുവയ്ക്കും. യുഎസ് യുദ്ധം അവസാനിപ്പിക്കാന്‍ തയാറായി എന്ന് ഇറാന്‍ പ്രസ്താവിച്ചു. മുന്‍പത്തെ സമാധാന പ്രഖ്യാപനങ്ങളെ അപേക്ഷിച്ചു കുറച്ച് അപസ്വരങ്ങള്‍ മാത്രമേ ഇന്ന് ഉണ്ടായിട്ടുള്ളൂ. പുതിയ കരാര്‍ നിലനില്‍ക്കാം എന്ന ധാരണ ഇതു മൂലം വിപണികള്‍ക്ക് ഉണ്ട്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,695.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,993 ലേക്കു കയറി. നിഫ്റ്റി ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ഫെഡ് എന്തു ചെയ്യും?

ഇറാന്‍ കരാര്‍ ഉറപ്പാകുകയും ഹോര്‍മുസ് കപ്പല്‍ച്ചാല്‍ തുറക്കുകയും ക്രൂഡ് ഓയില്‍ വില ഇടിയുകയും ചെയ്ത സാഹചര്യത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കുമോ കൂട്ടുമോ എന്നു വിപണി സാകൂതം ശ്രദ്ധിക്കുന്നു. മേയില്‍ ചില്ലറ വിലക്കയറ്റം മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന 4.23 ശതമാനം ആയി. ഇതു സാധാരണഗതിയില്‍ പലിശ കൂട്ടാന്‍ കാരണമാകും. എന്നാല്‍ ഇപ്പോള്‍ രണ്ടു പ്രത്യേക സാഹചരങ്ങള്‍ ഉണ്ട്. ഒന്ന്: ഇറാന്‍ കരാര്‍ എണ്ണവില ഗണ്യമായി താഴ്ത്തും. അതു വിലക്കയറ്റത്തിന്റെ പ്രധാന സ്രോത്രസിനെ നിര്‍വീര്യമാക്കും.

രണ്ട്: പലിശ താഴ്ത്താനുള്ള പ്രസിഡന്റ് ട്രംപിന്റെ സമ്മര്‍ദം. പുതിയ ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ്, ട്രംപിന്റെ ഇഷ്ട നോമിനിയാണ്. തനിക്കു പദവി നല്‍കിയ ട്രംപിനെ ആദ്യ മീറ്റിംഗില്‍ നിരസിക്കാന്‍ വാര്‍ഷ് തന്റേടം കാണിക്കുമോ എന്നു പലരും സംശയിക്കുന്നു. നാളെ തുടങ്ങുന്ന ഫെഡ് ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി യോഗത്തിന്റെ തീരുമാനം ബുധനാഴ്ച ഉച്ച കഴിഞ്ഞ് (ഇന്ത്യയില്‍ വ്യാഴം പുലര്‍ച്ചെ 00.30 ന്) പ്രഖ്യാപിക്കും. നിരക്ക് മാറ്റം വരുത്താതിരിക്കാന്‍ 97 ശതമാനം സാധ്യതയാണ് ഇന്നലെ വിപണി കണക്കാക്കിയിരുന്നത്. ഇന്ന് സാധ്യത ഗണ്യമായി മാറും.

ട്രില്യണയര്‍ മസ്‌ക്

ടെസ്ല സാരഥി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഐപിഒ വെള്ളിയാഴ്ച യുഎസ് വിപണിയില്‍ ലിസ്റ്റ് ചെയ്തു. ഒരോഹരിക്ക് 135 ഡോളര്‍ വച്ച് 7500 കോടി ഡോളര്‍ ഐപിഒ വഴി സമാഹരിച്ചു. ആദ്യദിവസം ഓഹരി 176.52 ഡോളര്‍ വരെ ഉയര്‍ന്നിട്ട് 160.95 ഡോളറില്‍ ക്ലോസ് ചെയ്തു. വിപണിമൂല്യം 2.1 ട്രില്യണ്‍ (ലക്ഷം കോടി) ഡോളര്‍. ഇതോടെ ഭൂമിയിലെ ആദ്യ ട്രില്യണയര്‍ (ഒരു ലക്ഷം കോടി ഡോളര്‍ സമ്പത്തുള്ള ആള്‍) ആയി മസ്‌ക് മാറി. ഓഹരി 200 ഡോളര്‍ വരെ ഉയരും എന്നാണു സംസാരം. സ്‌പേസ് എക്‌സിന്റെ വിജയത്തിനു പിന്നാലെ നിര്‍മിത ബുദ്ധി മേഖലയിലെ ആന്ത്രോപിക്കും ഓപ്പണ്‍ എഐയും ഐപിഒകളുമായി രംഗത്തുവരും എന്നാണു സൂചന.

യുഎസ് വിപണി കുതിച്ചു

സ്‌പേസ് എക്‌സ് ലിസ്റ്റിംഗിന്റെ ആരവത്തില്‍ മുങ്ങിയ വെള്ളിയാഴ്ച യുഎസ് വിപണി മിതമായ നേട്ടം കുറിച്ചു. ഇറാനുമായി കരാര്‍ ഉണ്ടാകും എന്ന സൂചനയും വെള്ളിയാഴ്ച വിപണികളെ ഉയര്‍ത്തി.

വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 353.51 പോയിന്റ് (0.70%) കുതിച്ച് 51,202.26ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 37.16 പോയിന്റ് (0.50%) കയറി 7431.46 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 79.18 പോയിന്റ് (0.31%) നേട്ടത്തോടെ 25,888.84ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് കുതിക്കുന്നു

ഇറാനുമായി കരാര്‍ ആയെന്ന പ്രഖ്യാപനത്തില്‍ യുഎസ് ഫ്യൂച്ചേഴ്‌സ് കുതിക്കുകയാണ്. ഡൗ ജോണ്‍സ് 401 പോയിന്റും (0.78%) എസ് ആന്‍ഡ് പി 78 പോയിന്റും (1.05%) നാസ്ഡാക് 518 പോയിന്റും (1.75%) ഉയര്‍ന്നു നീങ്ങുന്നു.

എഡിആറുകള്‍

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വെള്ളിയാഴ്ച എച്ച്ഡിഎഫ് സി ബാങ്ക് നിശ്ചിത സമയത്ത് 1.51 ശതമാനം കുതിച്ച ശേഷം തുടര്‍വ്യാപാരത്തില്‍ 0.62 ശതമാനം കയറി 24.32 ഡോളറിലായി. ഐസിഐസിഐ ബാങ്ക് വിപണിസമയത്ത് 1.20 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.07 ശതമാനം കയറി 27.81 ല്‍ ക്ലോസ് ചെയ്തു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 1.21 ശതമാനം ഉയര്‍ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.26 ശതമാനം താഴ്ന്ന് 11.71 ഡോളറില്‍ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 2.33 ശതമാനം ഉയര്‍ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.10 ശതമാനം കയറി 2.202 ഡോളറില്‍ ക്ലോസ് ചെയ്തു.

യൂറോപ്പ് കയറി

യൂറോപ്യന്‍ ഓഹരികള്‍ വെള്ളിയാഴ്ച രണ്ടു ശതമാനത്തോളം കുതിച്ചു. പശ്ചിമേഷ്യന്‍ സമാധാന പ്രതീക്ഷയും ഇന്ധനവില കുറയുന്നതുമാണ് വിപണിക്കു കരുത്തായത്.

ഏഷ്യ ആവേശത്തില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു കുതിക്കുകയാണ്. ജപ്പാനില്‍ നിക്കൈ സൂചിക 5.5 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 1.35 ശതമാനം കയറി. ദക്ഷിണ കൊറിയന്‍ വിപണി സൂചിക കോസ്പി 6.2 ശതമാനം കുതിച്ചു. ഹോങ് കോങ് 1.25 ഉം ഷാങ്ഹായ് ഒന്നും ശതമാനം മുന്നേറി.

കുതിച്ചുയര്‍ന്ന് ഇന്ത്യ

ക്രൂഡ് ഓയില്‍ വില ഇടിയുന്നതും ഇറാന്‍ സമാധാന കരാര്‍ സാധ്യത തെളിഞ്ഞതും വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയെ വലിയ മുന്നേറ്റത്തിലാക്കി. നാമമാത്രമായി താഴ്ന്ന ഐടി ഒഴികെ എല്ലാ മേഖലകളും വെള്ളിയാഴ്ച കുതിച്ചു കയറി. റിയല്‍റ്റി, ധനകാര്യ, ബാങ്ക് ഓഹരികളാണു വമ്പന്‍ കയറ്റം നടത്തിയത്.

വെള്ളിയാഴ്ച സെന്‍സെക്സ് 1695.40 പോയിന്റ് (2.30%) കുതിച്ച 75,527.95 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 461.30 പോയിന്റ് (1.99%) മുന്നറി 23,622.90 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1638.05 പോയിന്റ് (2.97%) നേട്ടത്തോടെ 56,814.80 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1442.70 പോയിന്റ് (2.43%) കയറി 60,768.10 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 494.85 പോയിന്റ് (2.80%) ഉയര്‍ന്ന് 18,197.45 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ താഴുന്ന ഒന്നിനു മൂന്ന് എന്ന അനുപാതത്തില്‍ ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇയില്‍ 3155 ഓഹരികള്‍ കയറി, 1119 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 2730 എണ്ണം ഉയര്‍ന്നപ്പോള്‍ 551 എണ്ണം താഴ്ന്നു.

ഫെഡറല്‍ ബാങ്ക് 318.35 രൂപ എന്ന റെക്കോര്‍ഡ് കുറിച്ച ശേഷം 1.69 ശതമാനം നേട്ടത്തോടെ 315 രൂപയില്‍ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യന്‍ ബാങ്ക് 47.50 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചിട്ടു 2.82% ഉയര്‍ന്ന് 46.60 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. സിഎസ്ബി ബാങ്ക് 2.87 ശതമാനം ഉയര്‍ന്ന് 364.25 ധനലക്ഷ്മി ബാങ്ക് 3.71 ശതമാനം കയറി 32.40 രൂപയിലും ക്ലോസ് ചെയ്തു.

സ്വര്‍ണവില കയറുന്ന സാഹചര്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് 5.40 ശതമാനവും മണപ്പുറം ഫിനാന്‍സ് 4.43 ശതമാനവും ഉയര്‍ന്നു.

വിദേശികള്‍ വില്പന തുടരുന്നു

വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ചയും വില്‍പന തുടര്‍ന്നു. അവര്‍ ക്യാഷ് വിപണിയില്‍ 1082.18 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5341.29 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.

ജൂണില്‍ ഇതു വരെ വിദേശികള്‍ 62,853 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ഇതോടെ 2026 ലെ വിദേശിപിന്മാറ്റം 2.87 ലക്ഷം കോടി രൂപയായി. 2025-ല്‍ മൊത്തം 1.66 ലക്ഷം കോടിയുടെ ഓഹരികളാണ് അവര്‍ വിറ്റത്.

കമ്പനികള്‍, വാര്‍ത്തകള്‍

വ്യാജകണക്ക് വിവാദത്തില്‍ കുരുങ്ങിയ രാജേഷ് എക്‌സ്‌പോര്‍ട്‌സ് ഏഴാം ദിവസവും അഞ്ചു ശതമാനം ഇടിഞ്ഞു ലോവര്‍ സര്‍കീട്ടില്‍ എത്തി. ഈ വര്‍ഷം ഓഹരി 57 ശതമാനം നഷ്ടത്തിലായി.

എന്‍എസ്ഇ ഐപിഒ നടപടി ഇന്നു തുടങ്ങും എന്ന സൂചന ഐഎഫ്‌സിഐ ഓഹരിയെ വെള്ളിയാഴ്ച 20 ശതമാനം ഉയര്‍ത്തി. എന്‍എസ്ഇയില്‍ 4.4 ശതമാനം ഓഹരിയുള്ള സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ 53 ശതമാനം ഓഹരി ഐഎഫ്‌സിഐ യുടെ കൈവശമാണ്. എന്‍എസ്ഇ ലിസ്റ്റ് ചെയ്തു വിപണിമൂല്യം കൂടുമ്പോള്‍ ഐഎഫ്‌സിഐ യുടെ അറ്റമൂല്യം ഗണ്യമായി വര്‍ധിക്കും.

വേദാന്ത ലിമിറ്റഡിന്റെ നാലായുള്ള വിഭജനം ഇന്നു പ്രാബല്യത്തിലാകും. വേദാന്ത അലൂമിനിയം, വേദാന്ത ഓയില്‍ ആന്‍ഡ് ഗ്യാസ്, വേദാന്ത പവര്‍, വേദാന്ത അയണ്‍ ആന്‍ഡ് സ്റ്റീല്‍ എന്നിങ്ങനെ നാലു കമ്പനികള്‍ ഇന്നു ലിസ്റ്റ് ചെയ്യും. വേദാന്ത അലൂമിനിയം ആണു കൂടുതല്‍ വിലയുള്ള കമ്പനി. റൂസാല്‍, റിയോ ടിന്റോ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും വലിയ അലൂമിനിയം ഉല്‍പാദക കമ്പനിയാണു വേദാന്ത. ഹിന്‍ഡാല്‍കോയുടെ ഇരട്ടി ശേഷി ഉണ്ട്. ഏറ്റവും ചെലവു കുറഞ്ഞ ഉല്‍പാദകരുമാണ് വേദാന്ത. കഴിഞ്ഞ വര്‍ഷം അലൂമിനിയം ബിസിനസില്‍ 25,500 കോടി രൂപയുടെ ലാഭം ഉണ്ടായിരുന്നു.

സ്വര്‍ണം വീണ്ടും കുതിപ്പില്‍

പശ്ചിമേഷ്യന്‍ സമാധാന കരാര്‍ വെള്ളിയാഴ്ച ഒപ്പുവയ്ക്കും എന്നതു സ്വര്‍ണത്തിന്റെ കുതിപ്പ് വീണ്ടും വേഗത്തിലാക്കി. ഒപ്പുവയ്ക്കല്‍ ഞായറാഴ്ച നടക്കില്ല എന്ന സൂചന കഴിഞ്ഞ ദിവസം സ്വര്‍ണക്കുതിപ്പിന്റെ വേഗം കുറച്ചിരുന്നു. വെള്ളിയാഴ്ച 7.60 ഡോളര്‍ മാത്രം കയറി ഔണ്‍സിന് 4220.30 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2.40 ശതമാനം കുതിച്ച് 4320 ഡോളറില്‍ എത്തിയിട്ട് അല്‍പം താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് രണ്ടു ദിവസമായി 2520 രൂപ വര്‍ധിച്ച് 1,09,320 രൂപ ആയി. ഇന്നും വില ഗണ്യമായി ഉയരും.

വെള്ളിവില മൂന്നു ശതമാനത്തിലധികം ഉയര്‍ന്ന് ഔണ്‍സിന് 70.67 ഡോളര്‍ ആയി.

പ്ലാറ്റിനം 1775 ഡോളര്‍, പല്ലാഡിയം 1310 ഡോളര്‍, റോഡിയം 7625 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

വ്യാവസായികലോഹങ്ങള്‍ ഉയരുന്നു

വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴ്ചയും ഉയര്‍ന്നു. ചെമ്പ് 1.38 ശതമാനം കയറി ടണ്ണിനു 13,602.35 ഡോളര്‍ ആയി. അലൂമിനിയം 0.42 ശതമാനം കൂടി 3548.00 ല്‍ ക്ലോസ് ചെയ്തു. സിങ്കും ടിന്നും നിക്കലും ഉയര്‍ന്നു. ലെഡ് താഴ്ന്നു.

റബര്‍ കുതിച്ചു

എല്‍ നിനോ പ്രതിഭാസം മൂലം ഉല്‍പാദനം കുറയുമെന്ന സൂചനയില്‍ റബര്‍ വില വെള്ളിയാഴ്ച കുതിച്ചു കയറി. ബാങ്കോക്കില്‍ ആര്‍എസ്എസ് മൂന്ന് ക്വിന്റലിന് 316.00 ഡോളറിലും ആര്‍എസ്എസ് ഒന്ന് 319.50 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 27,100 രൂപ എന്ന റെക്കോര്‍ഡില്‍ എത്തി. കൃത്രിമ റബര്‍ വില 6.43 ശതമാനം ഉയര്‍ന്നു.

കൊക്കോ വില 1.84 ശതമാനം കൂടി ടണ്ണിന് 3868 ഡോളറില്‍ എത്തി.

യൂറിയയുടെ അന്താരാഷ്ട്ര വില 6.37 ശതമാനം താഴ്ന്നു 400.00 ഡോളറില്‍ എത്തി. ഒരു മാസം കൊണ്ടു വില 26 ശതമാനം ഇടിഞ്ഞിട്ടുണ്ട്.

ഡോളര്‍ സൂചിക താഴോട്ട്

യുഎസ് ഡോളര്‍ സൂചിക വെള്ളിയാഴ്ച താഴ്ന്ന് 99.75 ല്‍ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 99.58 ലേക്കു താഴ്ന്നു.

യൂറോ 1.1596 ഡോളറിലേക്കും പൗണ്ട് 1.344 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 160.10 യെന്‍ എന്ന നില വരെ ഉയര്‍ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.77 യുവാന്‍ എന്ന നിരക്കിലേക്കു കയറി.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.422 ശതമാനമായി ഇടിഞ്ഞു.

രൂപ കരുത്തോടെ

വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ മികച്ച നേട്ടം ഉണ്ടാക്കി. ഡോളര്‍ 65 പൈസ നഷ്ടത്തോടെ 95.11 രൂപയില്‍ അവസാനിച്ചു. യുദ്ധം അവസാനിക്കും എന്ന പ്രതീക്ഷയും ക്രൂഡ് ഓയില്‍ വിലയിടിവും ബാങ്കുകളുടെ വിദേശ കറന്‍സി നിക്ഷേപസമാഹരണത്തിനു നല്ല സ്വാഗതം കാണുന്നതും ആണു രൂപയെ സഹായിക്കുന്നത്. ഈ സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ ഡോളര്‍ ഈ മാസം 92 രൂപയ്ക്കു താഴെ എത്തും എന്നാണു വിലയിരുത്തല്‍.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 94.89 രൂപയിലേക്കു താഴ്ന്നു. ചൈനീസ് യുവാന്‍ 14.01 രൂപയായും യൂറോ 110.03 രൂപയായും ഇടിഞ്ഞു.

ക്രൂഡ് ഓയില്‍ താഴ്ചയില്‍

പശ്ചിമേഷ്യന്‍ സമാധാന സാധ്യതയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിഞ്ഞു. ബ്രെന്റ് ഇനം വെളളിയാഴ്ച 3.4 ശതമാനം താഴ്ന്നു വീപ്പയ്ക്ക് 87.33 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ വീണ്ടും ഇടിഞ്ഞ് 83.77 ഡോളര്‍ ആയി. ഡബ്‌ള്യുടിഐ ഇനം 80.76 ഡോളറിലേക്കു നീങ്ങി.

ക്രിപ്‌റ്റോകള്‍ മുന്നേറി

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും കയറ്റത്തിലായി. ബിറ്റ് കോയിന്‍ 65,400 ഡോളറിനു മുകളില്‍ എത്തി. ഈഥര്‍ 1710 ഡോളറിനും സൊലാന 70 ഡോളറിനും മുകളിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com