മോഹങ്ങളില്‍ ഉയര്‍ന്ന് ഇന്ത്യന്‍ വിപണി, ജപ്പാനില്‍ ഓഹരികള്‍ മുന്നേറ്റം തുടരുന്നു, സ്വര്‍ണക്കുതിപ്പ് 4000 ഡോളറിലേക്ക്; ക്രൂഡ് ഓയില്‍ കയറി

ഫ്രഞ്ച് രാഷ്ട്രീയ പ്രതിസന്ധി യൂറോപ്യന്‍ വിപണികള്‍ക്കു മൊത്തത്തില്‍ ക്ഷീണമായി. യൂറോ താഴ്ന്നു. ഫ്രാന്‍സില്‍ രണ്ടു വര്‍ഷത്തിനിടയിലെ അഞ്ചാമത്തെ പ്രധാനമന്ത്രി സ്ഥാനമേറ്റ് 14 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രാജിവച്ചു
stock market morning
image credit : canva
Published on

വിപണി പ്രതീക്ഷകളും മോഹങ്ങളും കൂട്ടിക്കലര്‍ത്തി ഉയരുന്നതാണ് ഇന്നലെ കണ്ടത്. ഐടി കമ്പനികള്‍ സെപ്റ്റംബര്‍ പാദത്തില്‍ താഴ്ന്ന ഒറ്റയക്ക ലാഭവര്‍ധനയേ ഉണ്ടാക്കൂ എന്നു പരക്കെ വിശ്വസിക്കുമ്പോഴും നല്ല റിസല്‍ട്ടിനെപ്പറ്റി പ്രതീക്ഷ നല്‍കി വിപണിയെ ഉയര്‍ത്തി. ബാങ്കുകളും എന്‍ബിഎഫ്‌സികളും ബിസിനസ് വളര്‍ച്ച കാണിക്കുന്ന രണ്ടാം പാദ വിവരങ്ങള്‍ പുറത്തുവിട്ടതും വിപണിയെ കയറ്റി. ഈ മുന്നേറ്റം തുടരാന്‍ തക്ക റിസല്‍ട്ടുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടായില്ലെങ്കില്‍ വിപണി ഇടിയാം. വിദേശ നിക്ഷേപകര്‍ വില്‍പന തുടര്‍ന്നെങ്കിലും തോതു കുറവായിരുന്നു.

ക്രൂഡ് ഓയില്‍ അല്‍പം ഉയര്‍ന്നു. സ്വര്‍ണം അവധിവില ഔണ്‍സിനു 4,000 ഡോളര്‍ എത്തിയിട്ടു തിരിച്ചിറങ്ങി. സ്വര്‍ണവിപണിയില്‍ തിരുത്തലിന്റെ സംസാരം ആരംഭിച്ചിട്ടുണ്ട്.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,146.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,163 വരെ കയറുകയും 25,135 വരെ താഴുകയും ചെയ്തിട്ട് 25,155ന്റെ പരിസരത്താണ്. ഇന്ത്യന്‍ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് താഴ്ചയില്‍

ഫ്രഞ്ച് രാഷ്ട്രീയ പ്രതിസന്ധി യൂറോപ്യന്‍ വിപണികള്‍ക്കു മൊത്തത്തില്‍ ക്ഷീണമായി. യൂറോ താഴ്ന്നു. ഫ്രാന്‍സില്‍ രണ്ടു വര്‍ഷത്തിനിടയിലെ അഞ്ചാമത്തെ പ്രധാനമന്ത്രി സ്ഥാനമേറ്റ് 14 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രാജിവച്ചു. സെബാസ്റ്റ്യന്‍ ലെകാര്‍ണൂവിനു മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയാക്കാന്‍ പിന്തുണ ലഭിക്കാതെ വന്നപ്പോഴാണു രാജി.

പുതിയ തെരഞ്ഞെടുപ്പാണോ വേറൊരു പ്രധാനമന്ത്രിയാണോ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആഗ്രഹിക്കുന്നത് എന്നു വ്യക്തമല്ല. 2026 ലേക്കുള്ള ബജറ്റ് ഇനിയും പാസാക്കിയിട്ടില്ല. അതു വൈകിയാല്‍ വിപണികള്‍ വീണ്ടും താഴും. തെരഞ്ഞെടുപ്പ് നടന്നാല്‍ മരീന്‍ ലെ പെന്‍ നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടി നാഷണല്‍ റാലി വലിയ നേട്ടം ഉണ്ടാക്കും. കഴിഞ്ഞ വര്‍ഷം മാക്രോണ്‍ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് നടത്തിയതാണു ഫ്രാന്‍സില്‍ രാഷ്ട്രീയ അസ്ഥിരത കൂട്ടിയത്.

യുഎസ് വിപണി ഭിന്നദിശകളില്‍

സര്‍ക്കാര്‍ സ്തംഭനം രണ്ടാം ആഴ്ചയിലേക്കു കടന്നെങ്കിലും പരിഹാരം കാണാത്തതു യുഎസ് ഓഹരികളെ ഇന്നലെ കാര്യമായി ബാധിച്ചില്ല. വിപണി അടച്ച ശേഷം സെനറ്റില്‍ ചര്‍ച്ച തുടര്‍ന്നതു പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്തു. എന്നാല്‍ സെനറ്റിന് ഇന്നലെയും ചെലവ് ബില്‍ പാസാക്കാനായില്ല. ജീവനക്കാരെ പിരിച്ചു വിടുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി നടപ്പാക്കുമോ എന്നാണു വിപണി നോക്കുന്നത്. ഇതിനിടെ മുന്‍പു പ്രഖ്യാപിച്ച സ്വയം വിരമിക്കല്‍ പദ്ധതി സ്വീകരിച്ച ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ ജോലിയില്‍ നിന്നു പിറഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ചയും യുഎസ് വിപണികള്‍ ഭിന്നദിശകളില്‍ നീങ്ങി. ഡൗ ജോണ്‍സ് സൂചിക അല്‍പം താഴ്ന്നു. എസ്ആന്‍ഡ്പിയും നാസ്ഡാകും നേട്ടത്തോടെ റെക്കോര്‍ഡ് കുറിച്ച് ക്ലോസ് ചെയ്തു. ചാറ്റ്ജിപിടി വഴി നിര്‍മിത ബുദ്ധിയുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഓപ്പണ്‍ എഐ, ചിപ്പ് നിര്‍മാതാക്കളായ എഎംഡിയില്‍ 10 ശതമാനം ഓഹരി എടുക്കാനും കമ്പനിയുടെ ഗ്രാഫിക് പ്രോസസര്‍ യൂണിറ്റു (ജിപിയു) കള്‍ വാങ്ങാനും കരാര്‍ ഉണ്ടാക്കിയതാണ് ഇന്നലെ സൂചികകളെ കയറ്റിയത്. എഎംഡി ഓഹരി 23.71 ശതമാനം കുതിച്ചു. വിപണിസമയത്തിനു ശേഷവും എഎംഡി രണ്ടു ശതമാനം ഉയര്‍ന്നു.

ഡൗ ജോണ്‍സ് സൂചിക തിങ്കളാഴ്ച 63.31 പോയിന്റ് (0.14%) താഴ്ന്ന് 46,694.97ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 24.49 പോയിന്റ് (0.36%) നേട്ടത്തോടെ 6740.28ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 161.16 പോയിന്റ് (0.71%) ഉയര്‍ന്ന് 22,941.67ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു താഴ്ചയിലാണ്. ഡൗ 0.16 ഉം എസ്ആന്‍ഡ്പി 0.16 ഉം നാസ്ഡാക് 0.18 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ഇന്നലെ 4.75 ശതമാനം കുതിച്ച ജാപ്പനീസ് വിപണി ഇന്നും രാവിലെ ഒരു ശതമാനത്തിലധികം കുതിച്ചു 48,000 നു മുകളില്‍ കടന്നു. അടുത്ത തിങ്കളാഴ്ച സനേയ് തകായിച്ചി പ്രധാനമന്ത്രിയാകുന്നതു വിപണിക്കു ഗുണകരമാകും എന്നാണു വിലയിരുത്തല്‍. ഹോങ് കോങ്, ചൈനീസ് വിപണികള്‍ അവധിയാണ്. ഓസ്‌ട്രേലിയന്‍ സൂചിക താഴ്ന്നു.

25,000 കടന്നു നിഫ്റ്റി

ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ന്നു. നിഫ്റ്റി 25,000 കടന്നും സെന്‍സെക്‌സ് 81,750നു മുകളിലും ക്ലോസ് ചെയ്തു. ഐടിയും ബാങ്ക്, ധനകാര്യ, ഹെല്‍ത്ത് കെയര്‍ കമ്പനികളും റിലയന്‍സുമാണ് ഇന്നലെ വിപണിയെ ഉയര്‍ത്തിയത്. ബാങ്കുകളും ധനകാര്യ കമ്പനികളും മികച്ച രണ്ടാം പാദ റിസല്‍ട്ട് പുറത്തുവിടും എന്നു ബിസിനസ് കണക്കുകള്‍ സൂചിപ്പിച്ചു. ഐടി കമ്പനികളുടെ രണ്ടാം പാദം പ്രതീക്ഷിച്ചത്ര മോശമാകില്ല എന്ന നിലപാടിലേക്കു വിപണി മാറുകയും ചെയ്തു.

കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ചികിത്സാനിരക്കുകള്‍ ഉയര്‍ത്തിയത് ഫോര്‍ടിസ്, മാക്‌സ് ഹെല്‍ത്ത് കെയര്‍ ഓഹരികളെ ഏഴു ശതമാനം കയറ്റി. മൂലധന വിപണിയുമായി ബന്ധപ്പെട്ട ഓഹരികള്‍ കുതിച്ചു. ബിഎസ്ഇ ആറു ശതമാനം നേട്ടമുണ്ടാക്കി. എന്നാല്‍ വിശാലവിപണി ആവേശം അതേപടി ഉള്‍ക്കൊണ്ടില്ല. മെറ്റലും മീഡിയയും എഫ്എംസിജിയും താഴോട്ടു നീങ്ങി.

തിങ്കളാഴ്ച നിഫ്റ്റി 183.40 പോയിന്റ് (0.72%) ഉയര്‍ന്ന് 25,077.65ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 582.95 പോയിന്റ് (0.72%) കയറി 81,790.12ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 515.60 പോയിന്റ് (0.93%) നേട്ടത്തോടെ 56,104.85ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 511.75 പോയിന്റ് (0.89%) ഉയര്‍ന്ന് 58,015.10 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 49.90 പോയിന്റ് (0.28%) നേട്ടത്തോടെ 17,928.05ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയില്‍ 1780 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2506 ഓഹരികള്‍ ഇടിഞ്ഞു.

വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച ക്യാഷ് വിപണിയില്‍ 313.77 കാേടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 5036.39 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

നിഫ്റ്റി 25,000 എന്ന നിര്‍ണായക കടമ്പ മറികടന്നതു നിക്ഷേപകര്‍ക്ക് ആവേശം പകരുന്നുണ്ട്. എന്നാല്‍ വിദേശ നിക്ഷേപകര്‍ വില്‍പന തുടരുകയാണ്. ഈയാഴ്ച വലിയ ഐപിഒകള്‍ ഉളളത് ക്യാഷ് വിപണിയില്‍ സമ്മര്‍ദം ചെലുത്താം. 25,000 നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ വരും ദിവസങ്ങളില്‍ 25,250-25,400 മേഖല ലക്ഷ്യമിടാനാകും. ഇന്നു നിഫ്റ്റിക്ക് 24,930ലും 24,880ലും പിന്തുണ ലഭിക്കും. 25,100 ലും 25,155ലും തടസങ്ങള്‍ ഉണ്ടാകും.

കമ്പനികള്‍, വാര്‍ത്തകള്‍

എല്‍ടിഐ മൈന്‍ഡ്ട്രീ ഒരു ആഗോള മീഡിയ-എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ഡിജിറ്റല്‍ സംവിധാനം അഴിച്ചു പണിയുന്നതിനുള്ള ബഹുവര്‍ഷ കരാറില്‍ ഏര്‍പ്പെട്ടു. കമ്പനിയുടെ ഏറ്റവും വലിയ കരാറാണിത്. തുക വെളിപ്പെടുത്തിയിട്ടില്ല.

ചെന്നൈയില്‍ 6.6 ഏക്കര്‍ ഭൂമിയില്‍ നിര്‍മാണത്തിനു ബ്രിഗേഡ് എന്റര്‍പ്രൈസസ് കരാറില്‍ ഏര്‍പ്പെട്ടു. 1000 കോടി രൂപ പ്രതീക്ഷിക്കുന്നതാണ് ഇടപാട്.

ഓഗസ്റ്റിലും രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണത്തില്‍ റിലയന്‍സ് ജിയാേ മുന്നില്‍ നിന്നു. അവര്‍ 19.5 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തു. ഭാരതി എയര്‍ടെലാനു 4.96 ലക്ഷം പേരെ കിട്ടിയപ്പോള്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 3.1 ലക്ഷം പേര്‍ നഷ്ടമായി.

മധ്യപ്രദേശ് ജല്‍ നിഗമിനു 100 മെഗാവാട്ടിന്റെ സൗരോര്‍ജ ഊര്‍ജ പദ്ധതി നിര്‍വഹണത്തിനുള്ള കരാര്‍ ദിലീപ് ബില്‍ഡ് കോണിന്റെ ഉപകമ്പനിക്കു ലഭിച്ചു.

ക്വാണ്ടം കംപ്യൂട്ടിംഗ് അടക്കം നിര്‍മിതബുദ്ധി ഗവേഷണത്തിനു മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ എംഐടി മീഡിയ ലാബുമായി എച്ച്‌സിഎല്‍ ടെക്‌നോളജീസ് കരാര്‍ ഒപ്പുവച്ചു.

മെട്രോപോലിസ് ഹെല്‍ത്ത് കെയര്‍ രണ്ടാം പാദത്തില്‍ 23 ശതമാനം വരുമാന വളര്‍ച്ച നേടി.

കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരിക്ക് 50 ശതമാനം വളര്‍ച്ച സാധ്യത ഉണ്ടെന്നു ചൂണ്ടിക്കാട്ടി ഐസിഐസിഐ സെക്യൂരിറ്റീസ് വാങ്ങല്‍ ശിപാര്‍ശ നല്‍കി. എന്നാല്‍ 670 രൂപ എന്ന ലക്ഷ്യവില മാറ്റിയില്ല. ഈ വര്‍ഷം ഓഹരി 38 ശതമാനം താഴ്ന്നിട്ടുണ്ട്.484.25 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.

4,000 ഡോളറിലേക്കു സ്വര്‍ണം; ഇനി തിരുത്തല്‍ കാലമോ?

അമേരിക്കന്‍ ഭരണസ്തംഭനം നീണ്ടു പോകുന്നതു സ്വര്‍ണത്തെ അതിവേഗം 4,000 ഡോളറിലേക്കു നയിക്കുന്നു എന്നാണു വിപണി കരുതുന്നത്. ഇന്നലെ ന്യൂയോര്‍ക്കില്‍ ഔണ്‍സിന് രണ്ടു ശതമാനത്തോളം കയറി 3961.20 ഡോളറില്‍ ക്ലോസ് ചെയ്ത സ്വര്‍ണം ഇന്നുരാവിലെ ഏഷ്യന്‍ വ്യാപാരത്തില്‍ 3,974.60 ഡോളര്‍ വരെ കയറിയിട്ട് 3,960നു താഴെ ആയി.

സ്വര്‍ണം അവധിവില ഇന്നു രാവിലെ 4,000.10 വരെ എത്തിയശേഷം 3,982.50 ഡോളര്‍ വരെ താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില തിങ്കളാഴ്ച രാവിലെ 1000 രൂപ കയറി 88,560 രൂപ ആയി. ഇന്നു വില 90,000 രൂപയെ സമീപിക്കും എന്നാണു സൂചന.

വെള്ളിവില ഔണ്‍സിന് 48.56 ഡോളറില്‍ ക്ലോസ് ചെയ്തു. 50 ഡോളറിലേക്കു വെള്ളി വേഗം എത്തും എന്നാണു വിപണിയിലെ പ്രതീക്ഷ.

ഔണ്‍സിനു 4,000 ഡോളറിനു മുകളില്‍ കയറുന്ന സ്വര്‍ണം തിരുത്തലിലേക്കു തിരിയും എന്നു പലരും കണക്കാക്കുന്നുണ്ട്. 2021-22 ലെ 15 ശതമാനം തിരുത്തലിനു ശേഷം സ്വര്‍ണം 130 ശതമാനം കുതിപ്പാണു നടത്തിയത്. ഒരു തിരുത്തല്‍ അനിവാര്യമാണെന്ന് ബാങ്ക് ഓഫ് അമേരിക്കയിലെ ടെക്‌നിക്കല്‍ അനാലിസ്റ്റ് പോള്‍ സിയാന പറയുന്നു. 12 ശതമാനം തിരുത്തല്‍ ഉണ്ടായാല്‍ വില ഔണ്‍സിനു 3,525 ഡോളര്‍ വരെ താഴാം എന്നാണു സിയാനയുടെ നിഗമനം.

പ്രധാന വ്യാവസായിക ലോഹങ്ങള്‍ തിങ്കളാഴ്ചയും കയറ്റം തുടര്‍ന്നു. ചെമ്പ് 0.68 ശതമാനം ഉയര്‍ന്നു ടണ്ണിന് 10,608.85 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.66 ശതമാനം കയറി ടണ്ണിന് 2724.09 ഡോളറില്‍ എത്തി. ടിന്‍ 1.03 ശതമാനം കൂടി ടണ്ണിന് 36,724 ഡോളറിലായി. നിക്കലും ലെഡും താഴ്ന്നപ്പോള്‍ സിങ്ക് കയറി.

രാജ്യാന്തര വിപണിയില്‍ റബര്‍ വില മാറ്റമില്ലാതെ കിലോഗ്രാമിന് 170.90 സെന്റ് തുടര്‍ന്നു. കൊക്കോ വില ഉയര്‍ന്നു. തിങ്കളാഴ്ച 1.37 ശതമാനം കയറി ടണ്ണിന് 6274. 74 ഡോളറില്‍ എത്തി. കാപ്പി 2.38 ശതമാനം താഴ്ന്നു. തേയില 0.71 ശതമാനം കയറി. പാം ഓയില്‍ വില 0.14 ശതമാനം താഴ്ന്നു.

ഡോളറിനു നേട്ടം

യുഎസ് ഭരണസ്തംഭനം തുടരുകയാണെങ്കിലും ഡോളര്‍ കയറ്റം തുടര്‍ന്നു. ഡോളര്‍ സൂചിക തിങ്കളാഴ്ച ഉയര്‍ന്ന് 98.11ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.20 ല്‍ എത്തി.

കറന്‍സി വിപണിയില്‍ ഡോളര്‍ ഇന്നലെ നില മെച്ചപ്പെടുത്തി. യൂറോ 1.1699 ഡോളറിലേക്കും പൗണ്ട് 1.3474 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 150.46 യെന്‍ എന്ന നിരക്കിലേക്ക് വീണു. തകായിച്ചി ജപ്പാനില്‍ പ്രധാനമന്ത്രിയാകുമ്പോള്‍ കടമെടുപ്പ് കൂട്ടുകയും യെന്നിന്റെ വിനിമയ നിരക്ക് താഴ്ത്തുകയും ചെയ്യും എന്നാണു നിഗമനം.

യുഎസ് കടപ്പത്രങ്ങളുടെ വില കുറഞ്ഞു. 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.158 ശതമാനമായി ഉയര്‍ന്നു.

തിങ്കളാഴ്ച ഇന്ത്യന്‍ രൂപ ചാഞ്ചാട്ടത്തിനു ശേഷം നേരിയ നഷ്ടത്തില്‍ അവസാനിച്ചു. ഡോളര്‍ ഒരു പൈസ കയറി 88.78 രൂപയില്‍ ക്ലോസ് ചെയ്തു.

ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.12 യുവാന്‍ എന്ന നിലയില്‍ തുടര്‍ന്നു.

ക്രൂഡ് ഓയില്‍ ഉയര്‍ന്നു

തിങ്കളാഴ്ച ക്രൂഡ് ഓയില്‍ ഒന്നര ശതമാനം കയറി. ബ്രെന്റ് ഇനം 65.47 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ബാരലിന് 65.63 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ 61.82 ഡോളറിലും മര്‍ബന്‍ ക്രൂഡ് 66.93 ഡോളറിലും ആണ്. പ്രകൃതിവാതക വില 0.60 ശതമാനം കയറി.

ബിറ്റ്‌കോയിന്‍ മുന്നോട്ട്

ക്രിപ്‌റ്റോ കറന്‍സികള്‍ വാരാന്ത്യത്തിലെ കുതിച്ചു കയറ്റം നിലനിര്‍ത്തി. യുഎസ് സര്‍ക്കാര്‍ സ്തംഭനം നീണ്ടു പോകുന്നതു ക്രിപ്‌റ്റോകളെ സഹായിക്കുന്നു. ഇന്നു രാവിലെ ബിറ്റ്‌കോയിന്‍ 1,25,000 ഡോളറില്‍ വരെ വീണ്ടും കയറി. ഈഥര്‍ ഉയര്‍ന്ന് 4700 ഉം സൊലാന 234 ഉം ഡോളറില്‍ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com