പണപ്പെരുപ്പത്തില്‍ ആശ്വാസം കണ്ട് വിപണി, പ്രതിരോധ ഓഹരികള്‍ക്ക് വീണ്ടും കുതിപ്പ്, മുന്നേറി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ആസ്റ്ററും

രാവിലത്തെ നഷ്ടം പഴങ്കഥയാക്കി സൂചികകള്‍
sensex, nifty performance
google
Published on

ദിവസം മുഴുവന്‍ നീണ്ടു നിന്ന ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ അവസാനിപ്പിച്ചു. ഇന്ത്യയിലെയും യു.എസിലെയും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച നിലയിലുള്ള ചില്ലറപണപ്പെരുപ്പ കണക്കുകളെ തുടര്‍ന്ന് മെറ്റല്‍, ഐ.ടി ഓഹരികളിലുണ്ടായ റാലിയാണ് വിപണിയെ വ്യാപാരാന്ത്യത്തില്‍ നേട്ടത്തിലാക്കിയത്. ഇന്ത്യയുടെ റീറ്റെയ്ല്‍ പണപ്പെരുപ്പം 3.16 ശതമാനമായി കുറഞ്ഞു. തുടര്‍ച്ചയായ ആറാം മാസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. വരുമാനത്തിന്റെ മുഖ്യ പങ്കും സമ്മാനിക്കുന്ന യു.എസില്‍ പണപ്പെരുപ്പം കുറഞ്ഞതാണ് ഐ.ടി കമ്പനികളെ സന്തോഷിപ്പിച്ചത്.

സെന്‍സെക്‌സ് സൂചിക ഇന്ന് 182.34 പോയിന്റ് ഉയര്‍ന്ന്‌ 81,330.56ലും നിഫ്റ്റി 88.55 പോയിന്റ് ഉയര്‍ന്ന്‌ 24,666.90 ലുമെത്തി. വിശാല വിപണിയും ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 1.19 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.63 ശതമാനവും ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.

Nifty Indices performance

നിഫ്റ്റി മെറ്റല്‍, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐ.ടി , എനര്‍ജി, മീഡിയ എന്നിവ 2.46 ശതമാനം വരെ ഉയര്‍ന്നു. ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകളാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്.

സെന്‍സെക്‌സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍ (3.95 ശതമാനം), ടെക് മഹീന്ദ്ര (2.26 ശതമാനം), എറ്റേണല്‍ (2.20 ശതമാനം), മാരുതി സുസുക്കി (1.66 ശതമാനം, ഇന്‍ഫോസിസ് (1.52 ശതമാനം എന്നിവയുടെ ഓഹരി വില ഉയര്‍ന്നു.

ഏഷ്യന്‍ പെയിന്റ്‌സ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, പവര്‍ ഗ്രിഡ്, എന്‍.ടി.പി.സി എന്നിവയാണ് ഇന്ന് കൂടുതല്‍ ഇടിവ് നേരിട്ട ഓഹരികള്‍.

ഇന്ത്യന്‍ ഓഹരി വിപണിയുടെ വ്യതിയാനം അളക്കാനുപയോഗിക്കുന്ന ഇന്ത്യ വിക്‌സ് സൂചിക ഇന്ന് 5.61 ശതമാനം ഇടിവിലാണ്.

ഡോളറിനെതിരെ രൂപ ഇന്ന് ഒമ്പത് പൈസ കയറി 85.27ലെത്തി.

പറപറന്ന് പ്രതിരോധ ഓഹരികള്‍

പ്രതിരോധ മേഖല കൂടുതല്‍ കരുത്തുറ്റതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ രംഗത്തെ കമ്പനികള്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ നല്‍കിയേക്കുമെന്ന സൂചനകള്‍ ഇന്ന് പ്രതിരോധ മേഖലയിലെ ഓഹരികളെ ആവേശത്തിലാക്കി. കേരള പൊതുമേഖല ഓഹരിയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി വില രാവിലെ 13 ശതമാനം വരെ ഉയര്‍ന്ന ശേഷം വ്യാപാരാന്ത്യത്തില്‍ നേട്ടം 7 ശതമാനത്തിലേക്ക് കുറച്ചു. മസഗോണ്‍ ഡോക്ക്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് എന്നിവയും വന്‍ മുന്നേറ്റത്തിലായി.

പ്രതിരോധ രംഗത്തെ കമ്പനികളായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്ക്, ഭാരത് എയ്‌റോനോട്ടിക്‌സ്, പരസ് ഡിഫന്‍സ്, ഭാരത് ഡൈനാമിക്‌സ് എന്നിവ 7 ശതമാനം വരെ നേട്ടത്തിലായി.

gainers and losers

നാലാം പാദഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്ക്ല്‍ (HAL), മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ ഇന്ന് നാല് ശതമാനത്തോളം ഉയര്‍ന്നു. ആദിത്യ ബിര്‍ള ക്യാപിറ്റലും പാദഫലപ്രഖ്യാപനത്തിനു പിന്നാലെ ആറ് ശതമാനം ഉയര്‍ന്നു.

മേയ് 30 മുതല്‍ എം.എസ്‌.സി.ഐ ഇന്ത്യ സൂചികയിലേക്ക് കയറുന്ന നൈക ഓഹരി ഇന്ന് 3.44 ശതമാനം ഉയര്‍ന്നപ്പോള്‍ കോറോമാന്‍ഡല്‍ ഓഹരി 4 ശതമാനം ഇടിഞ്ഞു.

കുതിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌

കേരള കമ്പനികളില്‍ ഇന്ന് വലിയ മുന്നേറ്റം കാഴ്ചവച്ചത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയാണ്.

kerala stocks performance

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ന് അഞ്ച് ശതമാനത്തിലധികം വില ഉയര്‍ത്തി.

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഓഹരി ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. നാല് ശതമാനമാണ് ഓഹരിയുടെ നേട്ടം. ഭൂരിഭാഗം കേരള ഓഹരികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കല്യാണ്‍ ജുവലേഴ്‌സ്, കിംഗ്‌സ് ഇന്‍ഫ്ര, സി.എസ്.ബി ബാങ്ക്, കേരള ആയുര്‍വേദ, ടി.സി.എം, വി-ഗാര്‍ഡ്, എ.വി.റ്റി, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് എന്നിവയാണ് ഇന്ന് നഷ്ടത്തിലായ ഓഹരികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com