ആറാം നാളും നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍, മുന്നേറി കിംഗ്‌സ് ഇന്‍ഫ്രാ, സ്വര്‍ണ വായ്പാ കമ്പനികളും നേട്ടത്തില്‍

നിഫ്റ്റി സൂചിക 26,000 എന്ന ചരിത്രപരമായ നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്തു
ആറാം നാളും നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍, മുന്നേറി കിംഗ്‌സ് ഇന്‍ഫ്രാ, സ്വര്‍ണ വായ്പാ കമ്പനികളും നേട്ടത്തില്‍
Published on

ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. മികച്ച പാദവാര്‍ഷിക ഫലങ്ങളുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ തിങ്കളാഴ്ചയും നേട്ടം നിലനിര്‍ത്തി. തുടര്‍ച്ചയായ ആറാം ദിവസമാണ് സെന്‍സെക്സും നിഫ്റ്റിയും മുന്നേറ്റം രേഖപ്പെടുത്തിയത്. നിഫ്റ്റി സൂചിക 26,000 എന്ന ചരിത്രപരമായ നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്തു എന്നതാണ് വിപണിയുടെ ഇന്നത്തെ പ്രധാന നേട്ടം.

ആഗോള വിപണികളില്‍ കാര്യമായ ചലനമില്ലാതിരുന്നിട്ടും, ആഭ്യന്തര കമ്പനികളുടെ ശക്തമായ പ്രകടനവും യു.എസ് - ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നു. ഇന്നത്തെ ഒറ്റദിവസത്തെ വ്യാപാരത്തില്‍ നിക്ഷേപകരുടെ ആസ്തി മൂന്ന് ലക്ഷം കോടിയിലധികം വര്‍ധിച്ചു

സെന്‍സെക്സ് 388 പോയിന്റ് (0.46%) ഉയര്‍ന്ന് 84,950.95ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 103 പോയിന്റ് (0.40%) നേട്ടത്തോടെ 26,013.45 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. .

നിഫ്റ്റി സൂചികകളുടെ പ്രകടനം
നിഫ്റ്റി സൂചികകളുടെ പ്രകടനം

പ്രമുഖ സൂചികകളെക്കാള്‍ മികച്ച പ്രകടനമാണ് ചെറുകിട, ഇടത്തരം ഓഹരികള്‍ കാഴ്ചവെച്ചത്. മിഡ്ക്യാപ് സൂചിക 0.73% വരെയും സ്മാള്‍ക്യാപ് സൂചിക 0.52% വരെയും ഉയര്‍ന്നു.

മുന്നേ നടന്ന് ബാങ്കിംഗ് ഓഹരികള്‍

വിപണിയിലെ മുന്നേറ്റത്തിന് പ്രധാനമായും ഇന്ന് ചുക്കാന്‍ പിടിച്ചത് ബാങ്കിംഗ് ഓഹരികളാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.76% ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിന് അടുത്താണ് ക്ലോസ് ചെയ്തത്. എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, എസ്.ബി.ഐ. തുടങ്ങിയ മുന്‍നിര ബാങ്കിംഗ് ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഓഹരികളുടെ ഉയര്‍ച്ചയും താഴ്ചയും
ഓഹരികളുടെ ഉയര്‍ച്ചയും താഴ്ചയും

മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓട്ടോ ഓഹരികളും ടെക് മഹീന്ദ്ര, എച്ച്.സി.എല്‍. ടെക് തുടങ്ങിയ ഐ.ടി. ഓഹരികളും മികച്ച പ്രകടനം കാഴ്ചവച്ചു. എറ്റേണല്‍, മാരുതി, കോട്ടക് ബാങ്ക് എന്നിവയാണ് സെന്‍സെക്‌സിലെ മുന്നേറ്റക്കാര്‍,

എഫ്.എം.ജി.ജി, മെറ്റല്‍ മേഖലയിലെ ചില ഓഹരികള്‍ നേരിയ നഷ്ടം രേഖപ്പെടുത്തിയെങ്കിലും, മൊത്തത്തില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതായിരുന്നു ഇന്നത്തെ വിപണിയുടെ പ്രകടനം.

മുന്നില്‍ നിന്ന് ആസ്പിന്‍വാളും കിംഗ്‌സ് ഇന്‍ഫ്രയും

കേരളത്തിലെ പ്രമുഖ കമ്പനികളുടെ ഓഹരികളും ഇന്ന് പൊതുവേ മികച്ച പ്രകടനം കാഴ്ചവെച്ചു. ധനകാര്യ സ്ഥാപനങ്ങളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.

മത്സ്യബന്ധന മേഖല കമ്പനിയായ കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് ഓഹരിയില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തി. ആന്ധ്രപ്രദേശില്‍ 2,500 കോടി രൂപ നിക്ഷേപത്തില്‍ അക്വാകള്‍ച്ചര്‍ ടെക്നോളജി പാര്‍ക്ക് സ്ഥാപിക്കാന്‍ കരാര്‍ ഒപ്പു വച്ചതാണ് ഓഹരികളെ ഉയര്‍ത്തിയത്. ഓഹരി വില 4 ശതമാനത്തിലധികം ഉയര്‍ന്ന് 162.50 രൂപയിലെത്തി.

ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ 4.89% നേട്ടത്തോടെ 5.15 രൂപയില്‍ ക്ലോസ് ചെയ്തു. ദി വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് 3.13% നേട്ടം രേഖപ്പെടുത്തി. കേരള ആയുര്‍വേദ 2.59 ശതമാനം ഉയര്‍ന്ന് 387.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചു. ഫെഡറല്‍ ബാങ്ക ഓഹരി 1.43 ശതമാനം ഉയര്‍ന്ന് 239.63 രൂപയില്‍ ക്ലോസ് ചെയ്തു.

പ്രമുഖ സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാന്‍സും മണപ്പുറം ഫിനാന്‍സും നേട്ടമുണ്ടാക്കിയപ്പോള്‍ ബാങ്കിംഗ് ഓഹരികളില്‍ ഭൂരിഭാഗവും പച്ചയണിഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്ക് 1.71%, ധനലക്ഷ്മി ബാങ്ക് 1.79% എന്നിങ്ങനെ നേട്ടത്തിലാണ്.

ടോളിന്‍സ് ടയേഴ്‌സ്,ഹാരിസണ്‍സ് മലയാളം, ഫാക്ട്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സി.എസ്.ബി. ബാങ്ക് എന്നിവയാണ് ഇന്ന് നഷ്ടത്തില്‍ മുന്നില്‍ നിന്ന ഓഹരികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com