തടസ്സങ്ങള്‍ ഉണ്ടെങ്കിലും പോസിറ്റീവ് സൂചനയില്‍ നിഫ്റ്റി
നിഫ്റ്റി ഇന്നലെ 51.75 പോയിന്റ് (0.26 ശതമാനം) നേട്ടത്തോടെ 19,716.45 ൽ സെഷൻ അവസാനിപ്പിച്ചു. നിഫ്റ്റി 19,735-ന് മുകളിൽ നിന്നാൽ പുൾബായ്ക്ക് റാലി ഇന്നും തുടരാം.
ഇന്നലെ നിഫ്റ്റി താഴ്ന്ന് 19,637ലാണ് തുറന്നത്, രാവിലെ തന്നെ 19,554 ൽ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു. തുടർന്ന് നിഫ്റ്റി ഉയർന്ന് 19,730.70 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. 19,716.45 ൽ ക്ലോസ് ചെയ്തു.
ഫാർമ, പൊതുമേഖലാ ബാങ്കുകൾ, എഫ്എംസിജി, റിയൽറ്റി മേഖലകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ധനകാര്യ സേവനങ്ങളും ബാങ്കുകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. 1246 ഓഹരികൾ ഉയർന്നു, 997 ഓഹരികൾ ഇടിഞ്ഞു, 200 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ എൽ ആൻഡ് ടി, കോൾ ഇന്ത്യ, ഐടിസി, സിപ്ല എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ടൈറ്റൻ, ഗ്രാസിം, ഹീറോ മോട്ടാേ കോർപ്, എസ്ബിഐ എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി അതിന്റെ ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. എന്നാൽ സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 19,735 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പുൾബായ്ക്ക് റാലി ഇന്നും തുടരാം. സൂചിക 19,650-ൽ ഹ്രസ്വകാല പിന്തുണ കണ്ടെത്തുന്നു. ഈ പരിധിക്ക് താഴെ ക്ലോസ് ചെയ്യുന്നത് സമീപകാല മാന്ദ്യത്തിന്റെ തുടർച്ച സൂചിപ്പിക്കും.
പിന്തുണ - പ്രതിരോധ നിലകൾ
സപ്പോർട്ട് ലെവലുകൾ
19,670-19,620-19,550
റെസിസ്റ്റൻസ് ലെവലുകൾ
19,735-19,800-19,850
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 35.9 പോയിന്റ് നഷ്ടത്തിൽ 44,588.3 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കരടികൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. സൂചികയ്ക്ക് 44,540-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ഡൗൺ ട്രെൻഡ് ഇന്നും തുടരാം. പോസിറ്റീവ് ട്രെൻഡിലാക്കാൻ സൂചിക 44,750ന് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,540 -44,400 -44,200
പ്രതിരോധ നിലകൾ
44,750 -44,935 -45,100
(15 മിനിറ്റ് ചാർട്ടുകൾ)