

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ലാഭക്കച്ചവടം. ബാങ്ക് ഓഹരികളുടെ മുന്നേറ്റ റാലിയില്‍ വിപണി സൂചികകള്‍ കുതിച്ചത് 2025 ജനുവരി 26ന് ശേഷമുള്ള ഏറ്റവും വലിയ ഉയരത്തിലേക്ക്. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതും മികച്ച നാലാം പാദ ഫലങ്ങളുമാണ് കുതിപ്പിന് ചുക്കാന്‍ പിടിച്ചത്.
രണ്ട് ഓഹരി സൂചികകളും ഇന്ന് ഒരു ശതമാനത്തോളം ഉയര്‍ന്നു. പ്രധാന ഓഹരി സൂചികയായ സെന്‍സെക്‌സ് 855.30 പോയിന്റുകള്‍ ഉയര്‍ന്ന് 79,408.50 എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം നിറുത്തിയത്. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ആകെ വിപണി മൂല്യം മൂന്ന് മാസത്തിന് ശേഷം 5 ട്രില്യന്‍ ഡോളര്‍ (ഏകദേശം 426 ലക്ഷം കോടി രൂപ) കടന്നു. ഇതിന് മുമ്പ് ഇക്കൊല്ലം ജനുവരി 20നാണ് 5 ട്രില്യന്‍ കടന്നത്. യു.എസ്, ചൈന, ജപ്പാന്‍, ഹോംഗ് കോംഗ് എന്നീ രാജ്യങ്ങള്‍ക്കാണ് 5 ട്രില്യന്‍ മൂല്യമുള്ള വിപണിയുള്ളത്. ഒറ്റ ദിവസം കൊണ്ട് മാത്രം നിക്ഷേപകരുടെ സമ്പത്തില്‍ കൂടിയത് 6 ലക്ഷം കോടി രൂപയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അഞ്ച് ദിവസത്തിനിടെ മാത്രം 32 ലക്ഷം കോടി രൂപയോളമാണ് വര്‍ധിച്ചത്.
നിഫ്റ്റിയാകട്ടെ 273.90 പോയിന്റുകള്‍ ഉയര്‍ന്ന് 24,125.55 എന്ന നിലയിലുമെത്തി. ബാങ്കിംഗ് ഓഹരികളാണ് ഏറെക്കാലത്തിന് ശേഷം നിഫ്റ്റിയെ 24,000ത്തിന് മുകളിലെത്തിച്ചത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 2.50 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 2.21 ശതമാനവും ഉയര്‍ന്നു. വിവിധ സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി എഫ്.എം.സി.ജി ഒഴിച്ചുള്ള സൂചികകളെല്ലാം ഇന്ന് ലാഭത്തിലാണ് വ്യാപാരം നിറുത്തിയത്. നിഫ്റ്റി ബാങ്ക് സൂചിക 1.87 ശതമാനം ഉയര്‍ന്നു.
താരിഫ് വിഷയത്തില്‍ യു.എസുമായി മെച്ചപ്പെട്ട ധാരണയിലെത്താന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് വിപണിയുടെ പ്രതീക്ഷ. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ത്യയിലെത്തിയത് ഈ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറിലെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ വാന്‍സിന്റെ സന്ദര്‍ശനം നിര്‍ണായകമാണ്. ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെ പ്രത്യേകിച്ചും. വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ബാങ്കിംഗ് മേഖലയിലെ പ്രമുഖ കമ്പനികള്‍ മികച്ച നാലാം പാദ ഫലങ്ങള്‍ പുറത്തുവിട്ടതും വിപണിയില്‍ വാങ്ങല്‍ പ്രവണത കൂട്ടി. 12 ബാങ്കിംഗ് ഓഹരികളുടെ പ്രകടനം അളക്കുന്ന നിഫ്റ്റി ബാങ്ക് സൂചിക ഇതാദ്യമായി 55,000 കടന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരികളാണ് ഇന്നത്തെ കുതിപ്പിന് ചുക്കാന്‍ പിടിച്ചത്. ഇക്കൊല്ലം പലിശ നിരക്കില്‍ 50 ബേസിസ് പോയിന്റ് റിസര്‍വ് ബാങ്ക് കുറച്ചിരുന്നു. ഇക്കൊല്ലം അവസാനത്തോടെ 100 ബേസിസ് പോയിന്റ് കുറവ് വരുത്താനും സാധ്യതയുണ്ട്. ഇതെല്ലാം നിക്ഷേപകരെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍.
വിപണിയിലെ പ്രതീക്ഷകള്‍ പോസിറ്റീവായതോടെ തിരിച്ചെത്തിയ വിദേശനിക്ഷേപകര്‍ വാങ്ങല്‍ തുടരുകയാണ്. ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷയും യു.എസ് ഡോളറിന്റെ വില ഇടിയുന്നതും കൂടുതല്‍ വിദേശ നിക്ഷേപകരെ സ്വാധീനിച്ചെന്നാണ് കരുതുന്നത്. ഫിനാന്‍ഷ്യല്‍, ടെലികോം, ഏവിയേഷന്‍, ഹോട്ടല്‍, ഓട്ടോ, റിയല്‍ എസ്‌റ്റേറ്റ്, സിമന്റ്, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളിലാകും വിദേശ നിക്ഷേപകര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതും വിപണിയെ സ്വാധീനിച്ചെന്നാണ് കരുതുന്നത്.
കേന്ദ്രസര്‍ക്കാര്‍ നിലവിലുള്ള 22.60 ശതമാനത്തില്‍ നിന്നും 48.99 ശതമാനത്തിലേക്ക് ഓഹരി വിഹിതം ഉയര്‍ത്തിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന വോഡഫോണ്‍-ഐഡിയ ഓഹരികളായിരുന്നു ഇന്നത്തെ താരം. സ്‌പെക്ട്രം കുടിശികക്ക് പകരമാണ് കമ്പനിയുടെ ഓഹരി വിഹിതം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കാറ്റാടി യന്ത്രങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ വസ്തുക്കള്‍ പ്രാദേശിക വിപണിയില്‍ നിന്ന് വാങ്ങണമെന്ന മിനിസ്ട്രി ഓഫ് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജിയുടെ ഉത്തരവാണ് സുസ്‌ലോണ്‍ എനര്‍ജിയെ ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലെത്തിച്ചത്. 9.55 ശതമാനമാണ് ഇന്ന് കമ്പനിയുടെ ഓഹരി കുതിച്ചത്.
ഓഹരിയൊന്നിന് 75 രൂപ ഡിവിഡന്റ് നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ കുതിച്ച ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ എല്‍ക്‌സിയും നേട്ടക്കണക്കില്‍ മുന്നിലെത്തി. നാലാം പാദ ഫലങ്ങള്‍ മോശമായെങ്കിലും ഇന്ന് കമ്പനിയുടെ ഓഹരി 8.99 ശതമാനമാണ് വര്‍ധിച്ചത്. ഭാരത് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബി.എസ്.ഇ), എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എന്നീ ഓഹരികളും ഇന്ന് നിഫ്റ്റി 200ല്‍ മികച്ച നേട്ടമുണ്ടാക്കി.
പാരച്യൂട്ട് ഹെയര്‍ ഓയില്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ മാരിക്കോ ലിമിറ്റഡാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുള്ളത്. ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, വരുണ്‍ ബിവറേജസ്, മാക്‌സ് ഹെല്‍ത്ത് കെയര്‍ എന്നീ കമ്പനികളുടെ ഓഹരികളും ഇന്ന് നഷ്ടത്തിലാണ്. ഓസ്‌ട്രേലിയയിലെ തുറമുഖ ടെര്‍മിനല്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടും അദാനി പോര്‍ട്‌സ് ഓഹരികള്‍ ഇന്ന് വിപണിയില്‍ തിരിച്ചടി നേരിട്ടു. 1,249.50 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരികള്‍ 1,243.40 രൂപയിലാണ് വ്യാപാരം നിറുത്തിയത്.
കേരള കമ്പനികള്‍ക്കും ഇന്ന് മികച്ച ദിവസമായിരുന്നു. ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, കേരള ആയുര്‍വേദ, കെ.എസ്.ഇ, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ്, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ്, ദി വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്, എന്നീ കമ്പനികളുടെ ഓഹരികളാണ് ഇന്ന് നഷ്ടത്തിലായത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സും സ്റ്റെല്‍ ഹോള്‍ഡിംഗ്‌സും ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി.
ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് മുത്തൂറ്റ് മൈക്രോഫിനാന്‍സ് ഓഹരികളാണ്. 13.88 ശതമാനമാണ് ഇന്ന് ഓഹരികള്‍ ഉയര്‍ന്നത്. ഓഹരിയൊന്നിന് 26 രൂപ വീതം ലാഭവിഹിതം നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളും 4.47 ശതമാനം ഉയര്‍ന്നു. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസും 3.75 ശതമാനം നേട്ടം സ്വന്തമാക്കി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സി.എസ്.ബി ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഹാരിസണ്‍സ് മലയാളം, പോപ്പീസ് കെയര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടോളിന്‍സ് ടയേഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും ഇന്ന് മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Nifty closed at 24,125 and Sensex surged 855 points as Nifty Bank hit a record high, with all sectoral indices ending in the green
Read DhanamOnline in English
Subscribe to Dhanam Magazine