ജസ്റ്റ് ഡയല്‍ ഓഹരികള്‍ വന്‍കുതിപ്പില്‍, മുത്തൂറ്റ്, മണപ്പുറം താഴ്ന്നു, നഷ്ടം കുറച്ചു വിപണി സൂചികകള്‍; രാവിലത്തെ വിപണി വിശേഷങ്ങള്‍ ഇങ്ങനെ

മാനേജ്‌മെന്റ് വരുമാന-ലാഭ പ്രതീക്ഷകള്‍ കുറച്ചതിനെ തുടര്‍ന്ന് അവന്യു സൂപ്പര്‍മാര്‍ട്ട് ഓഹരി മൂന്നു ശതമാനം താഴ്ചയിലായി.
ജസ്റ്റ് ഡയല്‍ ഓഹരികള്‍ വന്‍കുതിപ്പില്‍, മുത്തൂറ്റ്, മണപ്പുറം താഴ്ന്നു, നഷ്ടം കുറച്ചു വിപണി സൂചികകള്‍; രാവിലത്തെ വിപണി വിശേഷങ്ങള്‍ ഇങ്ങനെ
Published on

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് വലിയ താഴ്ചയില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് നഷ്ടം ഗണ്യമായി കുറച്ചു. യുദ്ധം നിയന്ത്രണ വിധേയമാണ് എന്ന സൂചന വന്നതാണു കാരണം.

നിഫ്റ്റി 24,000 വരെ താഴ്ന്നിട്ട് 24,100നു മുകളിലേക്കു കയറി. സെന്‍സെക്‌സ് 76,857 വരെ താഴ്ന്ന ശേഷം 77,250നു മുകളില്‍ എത്തി. ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടം ഗണ്യമായി കുറച്ചു.

ഒന്നാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് മൈന്‍ഡ് ട്രീ ഓഹരിയെപ്പറ്റി അനാലിസ്റ്റുകള്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. 3450 രൂപ ലക്ഷ്യവില നിര്‍ണയിച്ച സിറ്റി വില്‍പന ശിപാര്‍ശ നല്‍കി. നൊമുറ ആകട്ടെ 4,400 രൂപ ലക്ഷ്യവില നിശ്ചയിച്ചു വാങ്ങല്‍ ശിപാര്‍ശ നല്‍കി. ഓഹരി ഒരു ശതമാന താഴ്ന്നു.

മാനേജ്‌മെന്റ് വരുമാന-ലാഭ പ്രതീക്ഷകള്‍ കുറച്ചതിനെ തുടര്‍ന്ന് അവന്യു സൂപ്പര്‍മാര്‍ട്ട് ഓഹരി മൂന്നു ശതമാനം താഴ്ചയിലായി. ഒന്നാം പാദത്തില്‍ വായ്പകളും ലാഭമാര്‍ജിനും വര്‍ധിച്ചതിനെ തുടര്‍ന്ന് എല്‍ആന്‍ഡ്ടി ഫിനാന്‍സ് ഓഹരി 3.5 ശതമാനം ഉയര്‍ന്നു.

ഒന്നാം പാദ ബിസിനസ് വളര്‍ച്ച തൃപ്തികരമായതിനെ തുടര്‍ന്ന് ഫിനോ പേമെന്റ്‌സ് ബാങ്ക് 10 ശതമാനം കുതിപ്പു നടത്തി. 63 മൂണ്‍സ് ടെക്‌നോളജീസ് ഓഹരി ഇന്നു രാവിലെ 10 ശതമാനം കുതിച്ചു.

ജസ്റ്റ് ഡയല്‍ ഓഹരി 15 ശതമാനം കുതിച്ചു കയറി. കമ്പനി നേതൃനിരയില്‍ വലിയ മാറ്റം പ്രഖ്യാപിച്ചതാണു കാരണം. ഫ്‌ളിപ്കാര്‍ട്ടില്‍ ഉണ്ടായിരുന്ന ദിന്‍കര്‍ അയിലവരപ്പുവിനെ സിഇഒ ആയി നിയമിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ സ്ഥാപകന്‍ വിഎസ്എസ് മണിക്കു പകരമാണ് ദിന്‍കര്‍. പുതിയ സിഎഫ്ഒയെയും കമ്പനി നിയമിച്ചു.

എന്‍ബിഎഫ്‌സികള്‍ക്ക് വീഴ്ച

സ്വര്‍ണവില ഇടിഞ്ഞത് മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവയെ രണ്ടു ശതമാനത്തിലധികം താഴ്ത്തി. കല്യാണ്‍ ജ്വല്ലേഴ്‌സ് ഏഴു ശതമാനം കുതിച്ചു.

ക്രൂഡ് ഓയില്‍ വിലവര്‍ധന വ്യോമയാന, പെയിന്റ്, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ഓഹരികളെ താഴ്ത്തി.

രൂപ ഇന്നു വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ 37 പൈസ കൂടി 95.70 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളര്‍ പിന്നീട് 95.76 രൂപ വരെ കയറി.

സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 4055 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1040 രൂപ കുറഞ്ഞ് 1,04,800 രൂപ ആയി.

ക്രൂഡ് ഓയില്‍ വില അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം 78.92 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 74.12 ഡോളറിലും എത്തി. പിന്നീട് അല്‍പം ഉയര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com