ഓഹരി വിപണി കൂടുതൽ താഴേക്ക്; ഐടി മാത്രം കരുത്തിൽ, പേമെന്റ് ഓഹരികൾ 10% വരെ ഇടിഞ്ഞു

ഐടിയിലെ ആദ്യ രണ്ടാം പാദ റിസല്‍ട്ട് ഇന്ന് ടിസിഎസ് പുറത്തു വിടും. ടിസിഎസ് ഓഹരി രണ്ടര ശതമാനം ഉയര്‍ന്നു
ഓഹരി വിപണി കൂടുതൽ താഴേക്ക്; ഐടി മാത്രം കരുത്തിൽ, പേമെന്റ് ഓഹരികൾ 10% വരെ ഇടിഞ്ഞു
Published on: 

ഇന്ത്യന്‍ വിപണി ഇന്ന് താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു നഷ്ടം വര്‍ധിപ്പിച്ചു. നിഫ്റ്റി 22,500 നും സെന്‍സെക്‌സ് 72,200 നും താഴെ വന്നു. ഐടിയും മീഡിയയും ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലായി. ഐടിയിലെ ആദ്യ രണ്ടാം പാദ റിസല്‍ട്ട് ഇന്ന് ടിസിഎസ് പുറത്തു വിടും. ടിസിഎസ് ഓഹരി രണ്ടര ശതമാനം ഉയര്‍ന്നു. ഐടി സൂചിക രണ്ടു ശതമാനം വരെ കയറി.

റിയല്‍റ്റി, മെറ്റല്‍, ഓയില്‍ മേഖലകളാണു രാവിലെ വലിയ ഇടിവിലായത്. യുപിഐ ഇടപാടുകള്‍ക്കു 0.40 ശതമാനം എംഡിആര്‍ ഒക്ടോബര്‍ 15 മുതല്‍ ഈടാക്കാനുള്ള തീരുമാനം ജനുവരി വരെ നീട്ടിവയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പേമെന്റ് കമ്പനികളുടെ ഓഹരികള്‍ക്കു വിലയിടിച്ചു.

വണ്‍ 97 (പേയ്ടിഎം), പൈന്‍ലാബ്‌സ്, വണ്‍ മോബിക്വിക്ക് എന്നിവ 10 ശതമാനം വരെ ഇടിഞ്ഞു. പേയ്ടിഎം ഓഹരിക്ക് ഗോള്‍ഡ്മാന്‍ സാക്‌സ് 2070 രൂപയായി ലക്ഷ്യവില ഉയര്‍ത്തിയിട്ടുണ്ട്.

ഇന്‍ഷ്വറന്‍സ് ഏജന്‍സികളുടെ കമ്മീഷന്‍ സംബന്ധിച്ച നയം മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ പിബി ഫിന്‍ടെക്ക് ഓഹരിയുടെ ലക്ഷ്യവില 1590 രൂപയില്‍ നിന്ന് 1100 രൂപയായി നൊമുറ താഴ്ത്തി.

സൈഡസ് ലൈഫിന് ബേണ്‍സ്‌റ്റൈന്‍ 1457 രൂപയായി ലക്ഷ്യവില നിര്‍ണയിച്ചു. ഐടിസിയുടെ 2.9 ശതമാനം ഓഹരികള്‍ ബള്‍ക്ക് ഇടപാടില്‍ 257 രൂപ വച്ചു വിറ്റു. ഇതേ തുടര്‍ന്ന് ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു. ഈ വര്‍ഷം ഐടിസി ഓഹരി 30 ശതമാനം നഷ്ടത്തിലായി.

രണ്ടാം പാദത്തില്‍ വലിയ ബിസിനസ് വളര്‍ച്ച കാണിച്ചതിനെ തുടര്‍ന്ന് ഫിനോ പേമെന്റ്‌സ് ബാങ്ക് ഓഹരി 15 ശതമാനം കുതിച്ചു. രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ 10 പൈസ കുറഞ്ഞ് 96.68 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 96.74 രൂപയിലേക്കു കയറി.

രൂപ വേണ്ടതിലും താഴ്ന്ന നിലയിലാണു നില്‍ക്കുന്നതെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഇന്നലെ പറഞ്ഞിരുന്നു. അതിനു ശേഷം ഡോളര്‍ 96.85 ലേക്കു കയറിയിട്ടാണ് അല്‍പം താഴ്ന്നു ക്ലോസ് ചെയ്തത്.

ലോക വിപണിയില്‍ സ്വര്‍ണം ഉയര്‍ന്ന് ഔണ്‍സിന് 4136 ഡോളറില്‍ എത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വിലമാറ്റം ഇല്ലാതെ 1,09,680 രൂപയില്‍ തുടര്‍ന്നു. ക്രൂഡ് ഓയില്‍ വില അല്‍പം കൂടി. ബ്രെന്റ് ഇനം 102.51 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 85.98 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com