ദിശാബോധം കിട്ടാതെ വിപണി, യുഎസില്‍ ടെക് കുതിപ്പ്, ഏഷ്യന്‍ വിപണികള്‍ പലവഴി; യുദ്ധഭീതി തുടരുന്നു

ക്രൂഡ് ഓയില്‍ വില വീണ്ടും 101 ഡോളറിനു താഴെയോയി. ബ്രെന്റ് ഇനം ഇന്നലെ 1.93 ഡോളര്‍ താഴ്ന്ന് 100.32 ഡോളറില്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തു
Stock Market Morning Analysis
Image courtesy: Canva
Published on: 

യുഎസ് ടെക് വിപണി ഇന്നലെ കുതിച്ചെങ്കിലും ഇന്ന് ഏഷ്യന്‍ വിപണികള്‍ തുടക്കത്തിലെ നേട്ടം നഷ്ടപ്പെടുത്തി. യുദ്ധമേഖലകളില്‍ ആശങ്ക വര്‍ധിക്കുകയാണ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞെങ്കിലും 100 ഡോളറിനു താഴേക്കു നീങ്ങാന്‍ തയാറായിട്ടില്ല. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ വില്‍പന തുടരുകയാണ്.

ഇന്ത്യ-അമേരിക്ക വ്യാപാരകരാര്‍ ചര്‍ച്ച പ്രതിസന്ധിയിലാണെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞതു വിപണിയെ ആശങ്കയിലാക്കി. നാളെ റിസര്‍വ് ബാങ്ക് റീപോ നിരക്കു കൂട്ടുമ്പോള്‍ തുടര്‍വര്‍ധനകളെ പറ്റി എന്തു പറയും എന്നാണു വിപണി ശ്രദ്ധിക്കുക. രണ്ടാം പാദ റിസല്‍ട്ടുകളെപ്പറ്റി വലിയ പ്രത്യാശ നല്‍കുന്നതല്ല കമ്പനികള്‍ പുറത്തുവിട്ട ബിസിനസ് കണക്കുകള്‍.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 22,647.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,668 വരെ കയറിയിട്ട് ഇടിഞ്ഞു. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

പണനയം നാളെ

റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി (എം.പി.സി) ഇന്നലെ സമ്മേളനം തുടങ്ങി. നാളെ രാവിലെ പത്തിനു ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. റീപോ നിരക്ക് 5.25 ല്‍ നിന്ന് 5.50 ശതമാനത്തിലേക്ക് കൂട്ടും എന്ന പൊതുനിഗമനം തുടരുന്നു. മല്‍ഹോത്ര ഗവര്‍ണറായ ശേഷമുള്ള ആദ്യത്തെ നിരക്കു വര്‍ധനയാകും ഇത്. വാണിജ്യ ബാങ്കുകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ നിരക്ക്. ഇതു ക്രമീകരിച്ചു രാജ്യത്തെ മൊത്തം പലിശ നിരക്കുകള്‍ നിയന്ത്രിക്കാം.

ചില്ലറ വിലക്കയറ്റം കഴിഞ്ഞ മാസം 4.82 ശതമാനം ആയതിനാല്‍ നിരക്കുകൂട്ടല്‍ അനിവാര്യമാണ് എന്നു പരക്കെ വിലയിരുത്തുന്നു. പലിശവര്‍ധന ഒരു നിരന്തര നടപടി ആകില്ലെന്നാണ് സര്‍ക്കാരുമായി ചേര്‍ന്നു നില്‍ക്കുന്ന ധനശാസ്ത്രജ്ഞര്‍ പറയുന്നത്. വ്യവസായത്തിനും നിക്ഷേപത്തിനും നടന്നം വരുന്ന രീതിയില്‍ തുടര്‍ച്ചയായി നിരക്കു കൂട്ടുകയില്ലെന്ന സൂചനയാണ് അവര്‍ നല്‍കുന്നത്. വിദേശങ്ങളിലെ പലിശയും ക്രൂഡ് ഓയില്‍ വിലയും ആകും പലിശഗതിയെ നിയന്ത്രിക്കുന്ന പ്രധാനഘടകങ്ങള്‍. എല്‍ നിനോ മൂലം കാര്‍ഷികോല്‍പാദനത്തില്‍ വരുന്ന ഇടിവും നിര്‍ണായകമാകും.

ടെക് കുതിച്ചു, യുഎസ് വിപണി മുന്നേറി

എല്ലാ ആശങ്കകളും മാറ്റിവച്ച് എഐ, ടെക്‌നോളജി ഓഹരികള്‍ ഇന്നലെ കുതിച്ചു കയറി. അതു നാസ്ഡാകിനെ റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്യിച്ചു. സ്‌പേസ് എക്‌സ് 7.63 ഉം ടെസ്ല 2.2 ഉം ശതമാനം ഉയര്‍ന്നതോടെ ഇലോണ്‍ മസ്‌ക് ട്രില്യണയര്‍ പദവി തിരിച്ചു പിടിച്ചു. ഓഹരി 240.10 ഡോളറിലേക്കു കയറി റെക്കോര്‍ഡ് കുറിച്ചതോടെ എന്‍വിഡിയ ആറു ട്രില്യണ്‍ (ലക്ഷം കോടി) ഡോളര്‍ വിപണിമൂല്യത്തിന് അടുത്തെത്തി.

പ്രൊഡക്ട് ഡിസൈന്‍ സോഫ്റ്റ് വേര്‍ കമ്പനിയായ പിടിസിയെ ഫ്രഞ്ച് ഗ്രൂപ്പ് ഷ്നൈഡര്‍ ഇലക്ട്രിക് ഏറ്റെടുക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് പിടിസി ഓഹരി 36 ശതമാനം കുതിച്ചു.

എഐക്കു വേണ്ട ഡാറ്റാ സെന്ററുകള്‍ നേരിടുന്ന വെല്ലുവിളിയും എഐ കമ്പനികളുടെ അതിഭീമമായ കടമെടുപ്പും സംബന്ധിച്ച ആശങ്കകള്‍ മാറ്റിവച്ചാണു വിപണി നീങ്ങുന്നത്. യുഎസിലും മറ്റു രാജ്യങ്ങളിലും സര്‍ക്കാര്‍ കടപ്പതങ്ങളുടെ വിലയിടിഞ്ഞ് അവയിലെ നിക്ഷേപനേട്ടം കുതിച്ചു കയറി. സര്‍ക്കാരുകള്‍ക്കൊപ്പം കമ്പനികളുടെ കടമെടുപ്പും വര്‍ധിച്ച സാഹചര്യത്തിലാണ് കടപ്പത്രപലിശകള്‍ ഉയരുന്നത്.

തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 90.94 പോയിന്റ് (0.18 ശതമാനം) ഉയര്‍ന്ന് 51,267.90ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 51.23 പോയിന്റ് (0.66%) നേട്ടത്തോടെ 7773.95ല്‍ എത്തി. നാസ്ഡാക് കോംപസിറ്റ് 286.45 പോയിന്റ് (1.05%) കുതിച്ച് 27,477.31ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് നേട്ടത്തില്‍

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും ചെറിയ നേട്ടത്തിലാണ്. ഡൗ ജോണ്‍സ് 70 പോയിന്റും (0.14%) എസ്ആന്‍ഡ്പി 7 പോയിന്റും (0.09%) നാസ്ഡാക് 37 പോയിന്റും (0.12%) ഉയര്‍ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി: ഐടി താഴോട്ട്

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് തിങ്കളാഴ്ച വ്യാപാരസമയത്ത് 1.03 ശതമാനം താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 1.09 ശതമാനം കയറി 22.35 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.13% ഉയര്‍ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.67% കയറി 27.94 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 2.54% ഇടിഞ്ഞ ശേഷം തുടര്‍വ്യാപാരത്തില്‍ 0.09% കൂടി താഴ്ന്നു 10.75 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 1.74% താഴ്ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ 1.78% കൂടി ഇടിഞ്ഞ് 1.68 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് ഉയര്‍ന്നു, ഫ്രാന്‍സ് താഴ്ന്നു

യൂറോപ്യന്‍ ഓഹരിവിപണികള്‍ ഇന്നലെ ചെറിയ നേട്ടത്തില്‍ അവസാനിച്ചു. എന്നാല്‍ ബജറ്റ് പ്രശ്‌നങ്ങള്‍മൂലം കടപ്പത്ര വിലകള്‍ ഇടിഞ്ഞ ഫ്രാന്‍സില്‍ മുഖ്യ സൂചിക 0.80 ശതമാനം താഴ്ന്നു. ഫ്രാന്‍സിന്റെ പ്രശ്‌നങ്ങള്‍ നീണ്ടു നില്‍ക്കും എന്നാണു സൂചന.

ഏഷ്യന്‍ വിപണികള്‍ ഭിന്നദിശകളില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക തുടക്കത്തില്‍ 0.50 ശതമാനം കുതിച്ചിട്ടു നേട്ടം പകുതിയാക്കി. ദക്ഷിണ കൊറിയന്‍ കോസ്പി 0.40 ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.50 ശതമാനം കയറി. തായ്വാന്‍ സൂചിക തുടക്കത്തില്‍ കയറിയിട്ടു 0.15 ശതമാനം നഷ്ടത്തിലായി. ഹോങ്‌കോങ്ങിലെ ഹാങ്‌സെങ് ഒരു ശതമാനം ഉയര്‍ന്നു.

ആശ്വാസ റാലിയില്‍ വിപണി

തുടര്‍ച്ചയായ നാലു ദിവസത്തെ ഇടിവിനു ശേഷം ഇന്നലെ ഇന്ത്യന്‍ വിപണി ആശ്വാസറാലിയിലായി. നിഫ്റ്റി 22,500നു മുകളിലേക്കു നീങ്ങി. ഇന്ത്യ-യുഎസ് വ്യാപാരകരാര്‍ ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണെന്നു ധനമന്ത്രി ഇന്നലെ പറഞ്ഞതു വിപണി മനോഭാവത്തെ ദുര്‍ബലമാക്കി. പ്രതിസന്ധി മറികടക്കാന്‍ സാധ്യത കുറവാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

മുഖ്യസൂചികകള്‍ ഒരു ശതമാനം നേട്ടത്തില്‍ ആയിരുന്നപ്പോഴാണു മന്ത്രി ഇതു പറഞ്ഞത്. പിന്നീടു വിപണി താഴ്ന്നു നീങ്ങി. വ്യാപാരകരാര്‍ ഉണ്ടാകുന്നില്ലെങ്കില്‍ മറ്റു തലങ്ങളിലെ ബന്ധവും ദുര്‍ബലമായെന്നു വരാം. കരാര്‍ പെട്ടെന്ന് ഉണ്ടാകുകയില്ലെന്നു രണ്ടു ദിവസം മുന്‍പു യുഎസ് വാണിജ്യ പ്രതിനിധി പറഞ്ഞിരുന്നു. ധനമന്ത്രിയുടെ പ്രസ്താവനയ്ക്കു വരുന്ന പ്രതികരണം ബന്ധങ്ങളുടെ തുടര്‍ച്ചയ്ക്കു നിര്‍ണായകമാകും.

ഫാര്‍മസി, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ ഇന്നലെ വലിയ താഴ്ചയിലായി. എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, കാപ്പിറ്റല്‍ മാര്‍ക്കറ്റ് ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തി.

പുതിയ സാരഥിയെ പ്രഖ്യാപിച്ചെങ്കിലും എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി ഇന്നലെ 2.2 ശതമാനം ഇടിഞ്ഞു. പുതിയ സാരഥി ഉണ്ടായ കൊട്ടക് മഹീന്ദ്ര ബാങ്ക് 0.56 ശതമാനം താഴ്ന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ നിക്ഷേപ വളര്‍ച്ചയ്ക്ക് അനുസരിച്ചു വായ്പകള്‍ വര്‍ധിക്കുന്നില്ലെന്നും കാസാ (കരന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട്) അനുപാതം കുറവാണെന്നും കാണിച്ചു മക്കാറീ നടത്തിയ വിശകലനം വിപണിയെ സ്വാധീനിച്ചു.

എന്നാല്‍ ഭൂരിപക്ഷം ബ്രോക്കറേജുകളും എച്ച്ഡിഎഫ്‌സി ബാങ്കിനു മികച്ച മുന്നേറ്റം പ്രവചിക്കുന്നു. 880 രൂപ മുതല്‍ 1400 രൂപ വരെയാണു ലക്ഷ്യവില പ്രവചനങ്ങള്‍. ജെഫറീസ് 880 ഉം മോട്ടിലാല്‍ ഓസ്വാള്‍ 925 ഉം സിറ്റി 970 ഉം ജെപി മോര്‍ഗന്‍ 990 ഉം മോര്‍ഗന്‍ സ്റ്റാന്‍ലി 1025 ഉം എംകേ 1225 ഉം ബിഎന്‍പി പാരിബാ 1400 ഉം രൂപ ലക്ഷ്യവില കാണുന്നു. ഇന്നലെ 704.80 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

ഫെഡറല്‍ ബാങ്ക് ഇന്നലെ 2.88 ശതമാനം ഉയര്‍ന്ന് 327.35 രൂപയില്‍ ക്ലോസ് ചെയ്തു.

പൊതുവേ ഐടി ഓഹരികള്‍ ഉയര്‍ന്ന ഇന്നലെ എച്ച്‌സിഎല്‍ 3.31 ഉം ഇന്‍ഫോസിസ് 1.4 ഉം ശതമാനം താഴ്ചയിലായി.

സൂചികകള്‍ ഉയര്‍ന്നെങ്കിലും തിങ്കളാഴ്ച കൂടുതല്‍ ഓഹരികള്‍ താഴ്ന്നു. ബിഎസ്ഇയില്‍ 2052 ഓഹരികള്‍ ഉയര്‍ന്നു, 2448 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 1736 ഓഹരികള്‍ കയറിയപ്പോള്‍ 1832 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകര്‍ വലിയ വില്‍പന തുടര്‍ന്നു. അവര്‍ ക്യാഷ് വിപണിയില്‍ 4699.14 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5181.62 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.

തിങ്കളാഴ്ച സെന്‍സെക്സ് 472.77 പോയിന്റ് (0.66%) ഉയര്‍ന്ന് 72,382.47 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 133.80 പോയിന്റ് (0.60%) നേട്ടത്തോടെ 22,555.75 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 263.35 പോയിന്റ് (0.48%) കയറി 54,714.10 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 391.65 പോയിന്റ് (0.67%) ഉയര്‍ന്ന് 59,123.65 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 90.45 പോയിന്റ് (0.47%) കയറി 19,149.10 ല്‍ ക്ലോസ് ചെയ്തു.

സ്വര്‍ണം ചാഞ്ചാടി

ദിശാബോധം ഇല്ലാതെ സ്വര്‍ണവില തിങ്കളാഴ്ച ചെറിയ ചാഞ്ചാട്ടത്തില്‍ നിന്നു. നാമമാത്രമായ 0.30 ഡോളര്‍ താഴ്ചയോടെ ഔണ്‍സിന് 4141.50 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 0.20 ശതമാനം ഉയര്‍ന്ന് 4148 ഡോളറില്‍ ആയി. റഷ്യ വലിയ തോതില്‍ സ്വര്‍ണം വില്‍ക്കുന്നതു വില കയറുന്നതിനു തടസമായി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വിലമാറ്റം ഇല്ലാതെ 1,09,400 രൂപ തുടര്‍ന്നു.

വെള്ളിവില ഔണ്‍സിന് 61.09 ഡോളറിലേക്കു താഴ്ന്നു.

പ്ലാറ്റിനം 1709 ഡോളര്‍, പല്ലാഡിയം 1156 ഡോളര്‍, റോഡിയം 8400 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

റബര്‍ വീണ്ടും കയറി

രാജ്യാന്തര വിപണിയില്‍ റബര്‍ വില വീണ്ടും കയറി. കേരളത്തില്‍ റബര്‍ വിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 289.00 ഡോളറിലും ആര്‍എസ്എസ് മൂന്ന് 285.60 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,000 രൂപയില്‍ തുടര്‍ന്നു.

ലോഹങ്ങള്‍ പലവഴി

വ്യാവസായിക ലോഹങ്ങള്‍ ഭിന്നദിശകളിലായി. ചെമ്പ് 0.52 ശതമാനം കയറി ടണ്ണിന് 14,428.85 ഡോളര്‍ ആയി. അലൂമിനിയം 0.13 ശതമാനം താഴ്ന്ന് 3118.00 ഡോളറില്‍ എത്തി. ലെഡും നിക്കലും ഉയര്‍ന്നു. സിങ്കും ടിന്നും താഴ്ന്നു.

കൊക്കോ വീണ്ടും കയറി

കൊക്കോ വില 3.47 ശതമാനം കുതിച്ചു ടണ്ണിന് 5867 ഡോളറില്‍ ക്ലോസ് ചെയ്തു. 2025-26 സീസണില്‍ പ്രതീക്ഷയിലും കൂടുതല്‍ കൊക്കോ വിപണിയില്‍ എത്തി. എന്നാല്‍ 2026-27 സീസണിലേക്ക് ഐവറി കോസ്റ്റില്‍ ഉല്‍പാദനം 22 ലക്ഷം ടണ്ണില്‍ നിന്ന് 18 ലക്ഷം ടണ്‍ ആയി കുറയുമെന്നാണു നിഗമനം. ഘാനയില്‍ ഉല്‍പാദനം 17 ശതമാനം കുറയും എന്നാണു വിലയിരുത്തല്‍.

അറബിക്ക കാപ്പി പൗണ്ടിന് 1.32 ശതമാനം കയറി 2.926 ഡോളര്‍ ആയി. പാം ഓയില്‍ 0.95 ശതമാനം ഉയര്‍ന്നു ടണ്ണിന് 4578 മലേഷ്യന്‍ റിംഗിറ്റ് ആയി.

ഡോളര്‍ സൂചിക ഉയര്‍ന്നു

യുഎസ് ഡോളര്‍ സൂചിക ഉയര്‍ന്ന് 102.17ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.09 ലേക്കു താഴ്ന്നു. യൂറോ 1.1227 ഡോളറിലേക്കും പൗണ്ട് 1.3227 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 157.81 യെന്‍ വരെ താഴ്ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.70 എന്ന നിരക്കില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 5.313 ശതമാനമായി ഉയര്‍ന്നു. 30 വര്‍ഷത്തേത് 5.67 ശതമാനമായി.

രൂപയ്ക്കു നേട്ടം

തിങ്കളാഴ്ച റിസര്‍വ് ബാങ്കിന്റെ സഹായത്തോടെ രൂപ നാമമാത്രമായി കയറി. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 96.29 രൂപയായി. വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 96.33 രൂപ വരെ താഴ്ന്നു. ചൈനീസ് യുവാന്‍ 14.36 രൂപയിലേക്കു താഴ്ന്നു. യൂറോ 108.14 രൂപയായി ഇടിഞ്ഞു.

ക്രൂഡ് ഓയില്‍ താഴ്ന്നു

ക്രൂഡ് ഓയില്‍ വില വീണ്ടും 101 ഡോളറിനു താഴെയോയി. ബ്രെന്റ് ഇനം ഇന്നലെ 1.93 ഡോളര്‍ താഴ്ന്ന് 100.32 ഡോളറില്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.56 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ ഇനം 89.55 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ ചാഞ്ചാടുന്നു

ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നലെ ഇടിഞ്ഞിട്ടു വീണ്ടും കയറ്റത്തിലായി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 85,750 ഡോളറിനു മുകളില്‍ വന്നു. ഈഥര്‍ 2710 ഡോളറിനും സൊലാന 120 ഡോളറിനും താഴെ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com