നേട്ടത്തോടെ തുടങ്ങി നഷ്ടത്തിലേക്ക് വിപണി; രൂപയ്ക്ക് ശക്തമായ മുന്നേറ്റം, ബാങ്ക്-ഐടി ഓഹരികള്‍ സമ്മര്‍ദത്തില്‍; ഇപ്പോള്‍ സംഭവിക്കുന്നതെന്ത്?

ഡി മാര്‍ട്ട് റീട്ടെയില്‍ ശൃംഖല നടത്തുന്ന അവന്യൂ സൂപ്പര്‍മാര്‍ട്‌സിന്റെ റിസല്‍ട്ട് പ്രതീക്ഷയോളം വരാത്തത് ഓഹരിയെ 4.5 ശതമാനം താഴ്ത്തി
നേട്ടത്തോടെ തുടങ്ങി നഷ്ടത്തിലേക്ക് വിപണി; രൂപയ്ക്ക് ശക്തമായ മുന്നേറ്റം, ബാങ്ക്-ഐടി ഓഹരികള്‍ സമ്മര്‍ദത്തില്‍; ഇപ്പോള്‍ സംഭവിക്കുന്നതെന്ത്?
Published on: 

വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ശേഷം കുറേക്കൂടി കയറിയിട്ടു നഷ്ടത്തിലേക്കു വീണു. പിന്നീടു ചാഞ്ചാട്ടമായി. ബാങ്ക്, ധനകാര്യ, ഐടി, എഫ്എംസിജി ഓഹരികള്‍ താഴ്ച്ചയിലായി. രൂപ ഒരു ശതമാനത്തിലധികം നേട്ടത്തിലായതു ബാങ്ക്, ഐടി കമ്പനികള്‍ക്കു വിദേശ നാണയ നഷ്ടം ഉണ്ടാക്കുമെന്ന ആശങ്കയുണ്ട്.

നിഫ്റ്റി 22,651 വരെ കയറിയിട്ട് 22,472 വരെ താഴ്ന്നു. സെന്‍സെക്‌സ് 72,885 ല്‍ നിന്ന് 72,229 വരെ ഇടിഞ്ഞു. മികച്ച രണ്ടാം പാദ റിസല്‍ട്ട് പൂനാവാല ഫിന്‍ കോര്‍പിനെ എട്ടു ശതമാനം ഉയര്‍ത്തി. ലെന്‍സ്‌കാര്‍ട്ട് പ്രൊമോട്ടര്‍മാര്‍ 1.67 ശതമാനം ഓഹരി വിറ്റത് ഓഹരിവില അഞ്ചു ശതമാനം ഇടിയാന്‍ കാരണമായി.

ഡി മാര്‍ട്ട് റീട്ടെയില്‍ ശൃംഖല നടത്തുന്ന അവന്യൂ സൂപ്പര്‍മാര്‍ട്‌സിന്റെ റിസല്‍ട്ട് പ്രതീക്ഷയോളം വരാത്തത് ഓഹരിയെ 4.5 ശതമാനം താഴ്ത്തി. വിറ്റുവരവ് 17.8 ശതമാനം കൂടിയപ്പോള്‍ അറ്റാദായവര്‍ധന 8.5 ശതമാനം മാത്രം. ലാഭമാര്‍ജിന്‍ കുറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വരുമാനം കുറഞ്ഞു നഷ്ടം തുടര്‍ന്നു. ഓഹരിയുടെ ലക്ഷ്യവില ജെഫറീസ് 4,000 രൂപയിലേക്കും മോര്‍ഗന്‍ സ്റ്റാന്‍ലി 4,182 രൂപയിലേക്കും സിറ്റി 3,516 രൂപയിലേക്കും താഴ്ത്തി. എന്നാല്‍ സിഎല്‍എസ്എ കമ്പനിക്ക് ഔട്ട് പെര്‍ഫോം റേറ്റിംഗ് നല്‍കി ലക്ഷ്യവില 5723 രൂപയായി ഉയര്‍ത്തി.

കാര്‍ട്രേഡ് ടെക്‌നോളജീസ് ഓഹരിക്കു 4000 രൂപ ലക്ഷ്യവില നിര്‍ണയിച്ച യുബിഎസ് വാങ്ങല്‍ ശിപാര്‍ശ നല്‍കി.

പൊതുമേഖലാ എണ്ണകമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് നേരിട്ട് ഡോളര്‍ നല്‍കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ആ കമ്പനികള്‍ രണ്ടു ശതമാനത്തോളം ഉയര്‍ന്നു.

പഞ്ചസാര വില വിദേശത്തും രാജ്യത്തും കയറുകയാണ്. പഞ്ചസാര കമ്മി മുന്‍പു കണക്കാക്കിയതിലും കൂടുതലാകും. പഞ്ചസാര കമ്പനികള്‍ മൂന്നു ശതമാനം വരെ ഉയര്‍ന്നു.

രൂപ ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ 97 പൈസ കുറഞ്ഞ് 95.76 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളര്‍ 95.96 രൂപയിലേക്കു കയറിയിട്ടു 95.58 രൂപയിലേക്കു താഴ്ന്നു. പിന്നീടു ചാഞ്ചാട്ടം തുടര്‍ന്നു.

രൂപ നേട്ടത്തില്‍, പക്ഷേ

രൂപയുടെ നേട്ടം അധികം നീണ്ടു നില്‍ക്കില്ല എന്ന വിലയിരുത്തലാണു വിപണിക്കുള്ളത്. ക്രൂഡ് ഓയില്‍ ഉയരുന്നതും വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ നിക്ഷേപം വിറ്റു മടങ്ങുന്നതും രൂപയെ വലിച്ചു താഴ്ത്തും. രൂപയിന്മേലുള്ള ഊഹക്കച്ചവടം നിയന്ത്രിക്കാന്‍ വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികള്‍ ആണു രൂപയെ സഹായിച്ചത്. രൂപ ഒരു ശതമാനത്തോളം ഉയര്‍ന്നതു കയറ്റുമതിക്കാര്‍ക്കും ഡോളര്‍ കൈയിലുള്ള ബാങ്കുകള്‍ക്കും നഷ്ടം വരുത്തും.

ലോക വിപണിയില്‍ സ്വര്‍ണം താഴ്ന്ന് ഔണ്‍സിന് 4,198 ഡോളറില്‍ എത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 320 രൂപ കുറഞ്ഞ് 1,10,720 രൂപയില്‍ എത്തി.

ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു. ബ്രെന്റ് ഇനം 103.05 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 90.16 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com