ഓഹരി വിപണിയില്‍ തിരിച്ചുവരവ്! ഐടിയും ബാങ്കുകളും മുന്നില്‍, ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചയില്‍ ആശങ്ക; പ്രധാന അപ്‌ഡേറ്റ്‌സ് അറിയാം

ഇന്ത്യ-യുഎസ് വാണിജ്യ കരാര്‍ ചര്‍ച്ച വഴിമുട്ടി നില്‍ക്കുന്നു എന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന വിപണിയുടെ കുതിപ്പിനു തടയിട്ടു
ഓഹരി വിപണിയില്‍ തിരിച്ചുവരവ്! ഐടിയും ബാങ്കുകളും മുന്നില്‍, ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചയില്‍ ആശങ്ക; പ്രധാന അപ്‌ഡേറ്റ്‌സ് അറിയാം
Published on: 

വിപണി നേട്ടത്തോടെ തുടങ്ങിയ ശേഷം കൂടുതല്‍ മുന്നേറി. സെന്‍സെക്‌സ് ആദ്യമണിക്കൂറില്‍ ഒരു ശതമാനം വരെ കയറി. നിഫ്റ്റി 200ലേറെ പോയിന്റ് ഉയര്‍ന്നു.

ഇന്ത്യ-യുഎസ് വാണിജ്യ കരാര്‍ ചര്‍ച്ച വഴിമുട്ടി നില്‍ക്കുന്നു എന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന വിപണിയുടെ കുതിപ്പിനു തടയിട്ടു. തീരുവയെ ആയുധമാക്കുന്ന അമേരിക്കന്‍ നയത്തെ മന്ത്രി വിമര്‍ശിച്ചു. ഈ പ്രസ്താവനയെ തുടര്‍ന്ന് മുഖ്യ സൂചികകളും ബാങ്ക് നിഫ്റ്റിയും അല്പം താഴ്ന്നു. രൂപ ദുര്‍ബലമായി.

ഐടി സേവന കമ്പനിയായ ആക്‌സഞ്ചറിന്റെ റിസല്‍ട്ട് പ്രതീക്ഷയിലും മികച്ചതായത് ഇന്ത്യന്‍ ഐടി കമ്പനികള്‍ ഇന്ന് ഉയരാന്‍ കാരണമായി. ആക്‌സഞ്ചര്‍ വളര്‍ച്ച പ്രതീക്ഷ കൂട്ടി. റെക്കോര്‍ഡ് ഇടപാടുകള്‍ ഉറപ്പിച്ചു. ലാഭമാര്‍ജിന്‍ മെച്ചപ്പെട്ടു. വിപ്രോ, ടിസിഎസ്, പെഴ്സിസ്റ്റന്റ്, എംഫസിസ്, കോഫോര്‍ജ് തുടങ്ങിയവ ഉയര്‍ന്നു. എന്നാല്‍ ഇന്‍ഫോസിസും എച്ച്‌സിഎല്‍ ടെക്കും തുടക്കത്തില്‍ താഴ്ന്നു.

പൊതുമേഖലാ ബാങ്കുകള്‍ ഇന്നു മികച്ച മുന്നേറ്റം നടത്തി. ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഒബി തുടങ്ങിയവ രണ്ടാം പാദ ബിസിനസ് വളര്‍ച്ചയെ തുടര്‍ന്ന് നാലു ശതമാനം വരെ ഉയര്‍ന്നു. ഫെഡറല്‍ ബാങ്ക് ഒന്നര ശതമാനം കയറി.

വിദേശ ബ്രോക്കറേജ് സിഎല്‍ എസ്എ വേദാന്തയുടെ റേറ്റിംഗ് ഔട്ട്സ്റ്റാന്‍ഡിംഗ് ആക്കി. ഓഹരിയുടെ ലക്ഷ്യവില 540 രൂപയായി ഉയര്‍ത്തി.

ബജാജ് ഫിനാന്‍സിന് ഓവര്‍ വെയ്റ്റ് റേറ്റിംഗ് നല്‍കിയ ജെപി മോര്‍ഗന്‍ ലക്ഷ്യവില 1310 രൂപയായി വര്‍ധിപ്പിച്ചു. മികച്ച ബിസിനസ് വളര്‍ച്ചയെ തുടര്‍ന്ന് ഓഹരി 4.5 ശതമാനം കുതിച്ചു.

എംആന്‍ഡ്എം ഫിനാന്‍സ് രണ്ടാം പാദത്തില്‍ മികച്ച ബിസിനസ് വളര്‍ച്ച കാണിച്ചതിനെ തുടര്‍ന്ന് ഓഹരി ആറു ശതമാനം വരെ കയറി.

വി2 റീട്ടെയില്‍ സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 28.4 ശതമാനം വര്‍ധിപ്പിച്ചു. 49 സ്റ്റോറുകള്‍ തുടങ്ങി. ഇതോടെ മൊത്തം സ്റ്റോറുകള്‍ 427 ആയി. ഓഹരി രാവിലെ 18 ശതമാനം ഇടിഞ്ഞു.

അവന്യൂ സൂപ്പര്‍ മാര്‍ട്‌സിന്റെ രണ്ടാം പാദ വരുമാന വളര്‍ച്ച വാര്‍ഷികമായി 18.4 ശതമാനവും ക്വാര്‍ട്ടര്‍ അടിസ്ഥാനത്തില്‍ 4.7 ശതമാനവും ആയി. ഓഹരി നാലു ശതമാനം താഴ്ന്നു.

മികച്ച ബിസിനസ് വളര്‍ച്ചയെ തുടര്‍ന്നു നൈക (എഫ്എസ്എന്‍ ഇ കൊമേഴ്‌സ്) അഞ്ചു ശതമാനം കുതിച്ചു. രൂപ ഇന്ന് അല്പം മെച്ചപ്പെട്ടു. ഡോളര്‍ 10 പൈസ കുറഞ്ഞ് 96.22 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു 96.27 രൂപയില്‍ എത്തി.

ലോക വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4146 ഡോളറില്‍ എത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വിലമാറ്റം ഇല്ലാതെ 1,09,400 രൂപയില്‍ തുടര്‍ന്നു. ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്ന്നു. ബ്രെന്റ് ഇനം 101.24 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 89.77 ഡോളറിലും എത്തി.

Indian equities rallied in early trade led by IT and banking stocks, while uncertainty over India-US trade negotiations capped some of the gains

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com