

ഇന്ത്യന്‍ ഓഹരി വിപണി ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയിട്ടു കൂടുതല്‍ ഉയരത്തില്‍ എത്തി. പിന്നീടു നേട്ടം അല്പം കുറച്ചു. സെന്‍സെക്‌സ് 72,733 വരെയും നിഫ്റ്റി 22,667 വരെയും കയറിയ ശേഷമാണു താഴ്ന്നത്.
മിക്ക ഐടി സേവന കമ്പനികളും ഇന്നും നഷ്ടത്തിലായി. റിയല്‍റ്റിയും എഫ്എംസിജിയും താഴ്ന്നു. മെറ്റല്‍, ബാങ്ക്, ധനകാര്യ, ഫാര്‍മ, ഓട്ടോ, ഓയില്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് മേഖലകള്‍ ഉയര്‍ന്നു.
രണ്ടാം പാദത്തില്‍ 23 ശതമാനം വരുമാന വളര്‍ച്ച കാണിച്ച ടാറ്റാ ഗ്രൂപ്പിലെ റീട്ടെയില്‍ ശൃംഖല ട്രെന്റ് ലിമിറ്റഡ് രാവിലെ 12 ശതമാനം കുതിച്ചു. സുഡിയോ കടകളുടെ എണ്ണം 1000 കവിഞ്ഞു. മാമാ എര്‍ത്തിന്റെ റീട്ടെയില്‍ ശൃംഖല ഹോനസ രാവിലെ എട്ടു ശതമാനം കുതിച്ചു. ഫാഷന്‍ റീട്ടെയിലര്‍ മീഷോയും അഞ്ചു ശതമാനം കയറി.
ഫിന്‍ടെക് പ്ലാറ്റ്‌ഫോം വണ്‍ മോബി ക്വിക്ക് 10 ശതമാനം ഉയര്‍ന്നു. ഈയിടെ പ്രൊമോട്ടര്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചിരുന്നു. ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാലാജി അമൈന്‍സ് ഓഹരി 12 ശതമാനം കയറി. മാരികോയ്ക്ക് 1,210 രൂപ ലക്ഷ്യവില നിര്‍ണയിച്ച വിദേശ ബ്രോക്കറേജ് എച്ച്എസ്ബിസി വാങ്ങല്‍ ശിപാര്‍ശ നല്‍കി.
ആക്‌സിസ് ബാങ്കിന് സിറ്റി ഗ്രൂപ്പ് 1620 രൂപ ലക്ഷ്യവില നിര്‍ണയിച്ചു. ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ നിര്‍മാതാക്കളായ സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസിനു നൊമുറ വാങ്ങല്‍ ശിപാര്‍ശ നല്‍കി. 1350 രൂപയാണു ലക്ഷ്യവില. ഈ വര്‍ഷം എട്ടു മടങ്ങ് ഉയര്‍ന്ന ഓഹരി ഇനിയും 35 ശതമാനം കയറുമെന്നാണു നൊമുറ കരുതുന്നത്. കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് 25 ശതമാനം ഉയര്‍ന്ന ഓഹരി രാവിലെ നാലു ശതമാനം കയറി.
പഞ്ചസാര മില്‍ ഓഹരികള്‍ രാവിലെ ആറു ശതമാനത്തിലധികം മുന്നേറി. കരിമ്പില്‍ നിന്ന് എഥനോള്‍ നിര്‍മിക്കുന്നതു വിലക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ കയറ്റം. പഞ്ചസാര വില വീണ്ടും കയുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
രൂപ ഇന്ന് ദുര്‍ബലമായി. ഡോളര്‍ മൂന്നു പൈസ കൂടി 96.32 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു 96.43 രൂപയില്‍ എത്തി. റിസര്‍വ് ബാങ്ക് ഇടപെടലിനെ തുടര്‍ന്ന് ഡോളര്‍ അല്പം താഴ്ന്നു. ഡോളര്‍ ഇനിയും കയറും എന്നാണു വിപണി കരുതുന്നത്. ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ചര്‍ച്ച പ്രതിസന്ധിയില്‍ ആയത് രൂപയ്ക്കു മധ്യകാല ക്ഷീണം ഉണ്ടാക്കും.
ലോക വിപണിയില്‍ സ്വര്‍ണം താഴ്ന്ന് ഔണ്‍സിന് 4124 ഡോളറില്‍ എത്തിയിട്ടു 4130 ലേക്കു കയറി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 1,09,280 രൂപയായി.
ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്ന്നു. ബ്രെന്റ് ഇനം 100.54 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 89.62 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine