

ഇന്ത്യന്‍ വിപണി എട്ടു ദിവസം തുടര്‍ച്ചയായ വീഴ്ചയ്ക്കു ശേഷം ബുധനാഴ്ച കുതിച്ചു കയറി. എല്ലാ മേഖലകളും ഉയര്‍ന്നതോടെ നിക്ഷേപകര്‍ പ്രതീക്ഷയിലാണ്. അവധിക്കു ശേഷം ഇന്നു വിപണി തുറക്കുമ്പോള്‍ മുന്നേറ്റം തുടരാം എന്നാണു നിഗമനം. എന്നാല്‍ മുന്നേറ്റം തുടരാന്‍ തക്ക സൂചനകള്‍ ഇല്ലെന്നു ചില നിക്ഷേപ വിദഗ്ധര്‍ പറയുന്നു.
ഇന്നലെ യുഎസ്, യൂറോപ്യന്‍ വിപണികള്‍ മുന്നേറിയത് ഇന്നു രാവിലെ ഏഷ്യന്‍ വിപണികളെ കയറ്റത്തിലാക്കി. യുഎസ് ഫ്യൂച്ചേഴ്‌സും ഉയര്‍ച്ചയിലാണ്. ക്രൂഡ് ഓയില്‍ വില 65 ഡോളറിനു താഴെ വന്നത് ഇന്ത്യന്‍ വിപണിക്ക് അനുകൂലമാണ്.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,950.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,950 ന്റെ പരിസരത്താണ്. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന
യൂറോപ്യന്‍ ഓഹരികള്‍ വ്യാഴാഴ്ചയും വലിയ കുതിപ്പ് നടത്തി. എന്നാല്‍ യുകെ സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിട്ടു താഴ്ന്നു ക്ലോസ് ചെയ്തു. വാഹന കമ്പനികളും സെമി കണ്ടക്ടര്‍ കമ്പനികളും നേട്ടത്തിനു മുന്നില്‍ നിന്നു. ജീപ്പ്, ക്രൈസ്ലര്‍, ഫിയറ്റ് ബ്രാന്‍ഡുകളുടെ ഉടമകളായ സ്റ്റെല്ലാന്റിസ് 8.3 ശതമാനം കുതിച്ചു.
സര്‍ക്കാര്‍ സ്തംഭനത്തിലാണെങ്കിലും ഇന്നലെ യുഎസ് വിപണികള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. മൂന്നു പ്രധാന സൂചികകളും റെക്കോര്‍ഡ് കുറിച്ചു ക്ലോസ് ചെയ്തു. നിര്‍മിതബുദ്ധി മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ നിരന്തരമായി വരുന്നതാണു വിപണിയെ കയറ്റുന്നത്. എന്‍വിഡിയ ഇന്നലെയും ഒരു ശതമാനം ഉയര്‍ന്നു. തങ്ങളുടെ ഉപഭോക്തൃ കമ്പനികളിലും സപ്ലയര്‍ കമ്പനികളിലും എന്‍വിഡിയ നിക്ഷേപം നടത്തുന്നതിനെപ്പറ്റി പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും നിക്ഷേപ ബാങ്കുകള്‍ ഓഹരികള്‍ ഇനിയും കുതിക്കും എന്നാണു പറയുന്നത്.
വാരാന്ത്യത്തോടെ സര്‍ക്കാര്‍ സ്തംഭനം അവസാനിക്കും എന്ന നിഗമനത്തിലാണു വിപണി. സ്തംഭനം ജിഡിപി വളര്‍ച്ച കുറയ്ക്കുമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞതു വിപണിയെ സ്വാധീനച്ചില്ല. ഡെമോക്രാറ്റുകളെ സര്‍ക്കാന്‍ നിന്നു പുറത്താക്കാന്‍ സ്തംഭനം സഹായിക്കുമെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞിട്ടുണ്ട്.
ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അനുകരണീയ വ്യക്തിത്വമായി കാണിക്കുന്ന പരമ്പര കാണിക്കുന്നതിന്റെ പേരില്‍ നെറ്റ്ഫ്‌ലിക്‌സില്‍ നിന്നു മാറാന്‍ ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് തന്റെ എക്‌സ് അനുയായികളോട് ആവശ്യപ്പെട്ടു. അതിനു വലിയ പ്രതികരണം ഉണ്ടായില്ലെങ്കിലും ഓഹരി 0.71 ശതമാനം താഴ്ന്നു. അതേസമയം ടെസ്ല ഓഹരി 5.11 ശതമാനം താഴ്ന്നു. മൂന്നാം പാദത്തില്‍ ടെസ്ല കാര്‍ വില്‍പന ഏഴു ശതമാനം കൂടിയെങ്കിലും നികുതി ഇളവ് ഇല്ലാതായതിനാല്‍ നാലാം പാദത്തില്‍ വില്‍പന കുറയും എന്ന നിഗമനത്തിലാണിത്. ഫോഡ് മോട്ടോഴ്‌സ് ഇലക്ട്രിക് കാര്‍ വിപണിയില്‍ 30 ശതമാനം വളര്‍ച്ച കുറിച്ചതു ടെസ്ലയുടെ മത്സരക്ഷമതയെപ്പറ്റി ആശങ്ക ഉയര്‍ത്തുന്നു.
ഡൗ ജോണ്‍സ് സൂചിക വ്യാഴാഴ്ച 78.62 പോയിന്റ് (0.17%) ഉയര്‍ന്ന് 46,519.72 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 4.15 പോയിന്റ് (0.06%) നേട്ടത്തോടെ 6715.35 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 88.89 പോയിന്റ് (0.39%) കയറി 22,844.05 ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.10 ഉം എസ് ആന്‍ഡ് പി 0.14 ഉം നാസ്ഡാക് 0.19 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജാപ്പനീസ് വിപണി ഒന്നര ശതമാനം കയറി. ഓസ്‌ട്രേലിയന്‍ വിപണി 0.25 ശതമാനം കയറി. ചൈനീസ്, ദക്ഷിണ കൊറിയന്‍ വിപണികള്‍ അവധിയിലാണ്.
തുടര്‍ച്ചയായ എട്ടു ദിവസത്തെ താഴ്ചയ്ക്കു ശേഷം ഇന്ത്യന്‍ വിപണി ബുധനാഴ്ച ഒരു ശതമാനത്തോളം ഉയര്‍ന്നു. പലിശ കുറച്ചില്ലെങ്കിലും പണനയ പ്രഖ്യാപനം വിപണിക്കു വലിയ ആവേശമായി.
വിപണി നേട്ടത്തിന്റെ പാതയിലേക്കു തിരിച്ചുവന്നതു നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്നു. ഇന്നു നിഫ്റ്റിക്ക് 24,675 ലും 24,605 ലും പിന്തുണ ലഭിക്കും. 24,870 ലും 24,935 ലും തടസങ്ങള്‍ ഉണ്ടാകും.
സമ്മാന്‍ കാപ്പിറ്റലി (പഴയ ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്) നെ അബുദാബിയിലെ നിക്ഷേപ കമ്പനി ഐഎച്ച്‌സി ഏറ്റെടുക്കുന്നു. ഐഎച്ച്‌സി സമ്മാനില്‍ 8850 കോടി രൂപ (100 കോടി ഡോളര്‍) നിക്ഷേപിക്കും. അതുവഴി 41.2 ശതമാനം ഓഹരി ഐഎച്ച്‌സിക്കു ലഭിക്കും. പുറമേ 26 ശതമാനം ഓഹരി വരെ വാങ്ങാന്‍ ഓപ്പണ്‍ ഓഫര്‍ നടത്തും. ഡയറക്ടര്‍ ബോര്‍ഡില്‍ ഭൂരിപക്ഷം അംഗങ്ങളെ ഐഎച്ച്‌സി നോമിനേറ്റ് ചെയ്യും. സമ്മാന്‍ കാപ്പിറ്റല്‍ ഓഹരി കഴിഞ്ഞ ആറു ദിവസം കൊണ്ട് 26 ശതമാനം ഉയര്‍ന്നതാണ്. ബുധനാഴ്ചത്തെ ഓഹരിവിലയിലും 17 ശതമാനം താഴ്ത്തി 139 രൂപ പ്രകാരമാണ് ഐഎച്ച്‌സിക്ക് ഓഹരി നല്‍കുന്നത്. അബുദാബി ഭരണകൂടത്തിന്റെ കീഴിലുള്ളതാണ് ഐഎച്ച്‌സി.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎസ്ബി ബാങ്കിനു സെപ്റ്റംബര്‍ പാദത്തില്‍ നിക്ഷേപങ്ങള്‍ 25 ശതമാനവും വായ്പകള്‍ 29 ശതമാനവും വര്‍ധിച്ചു. ബാങ്കിലെ നിക്ഷേപങ്ങള്‍ 39,651 കോടി രൂപയായി. വായ്പ 34,730 കോടിയും. സ്വര്‍ണപ്പണയ വായ്പ 37 ശതമാനം വര്‍ധിച്ച് 16,457 കോടി രൂപയായി.
സെപ്റ്റംബറില്‍ മികച്ച വില്‍പന വളര്‍ച്ച കാണിച്ച മാരുതി സുസുകി, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്, റോയല്‍ എന്‍ഫീല്‍ഡ് (ഐഷര്‍), ടിവിഎസ് മോട്ടോര്‍, പുതിയ പ്ലാന്റില്‍ ഉല്‍പാദനം തുടങ്ങിയ ഹ്യൂണ്ടായി മോട്ടോര്‍ തുടങ്ങിയ വാഹനകമ്പനികള്‍ ഇന്നു വിപണിയില്‍ ശ്രദ്ധിക്കപ്പെടും. വലിയ കുതിപ്പോടെ കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തേക്കു കയറിയ ടാറ്റാ മോട്ടോഴ്‌സ് ബുധനാഴ്ച 5.7 ശതമാനം ഉയര്‍ന്നു. മാരുതിയുടെ ആഭ്യന്തര വില്‍പന 6.3 ശതമാനം കുറഞ്ഞെങ്കിലും കയറ്റുമതി 52 ശതമാനം കുതിച്ചു. ഐഷറിന്റെ വില്‍പന 43 ശതമാനം ഉയര്‍ന്നു. ഹീറോയുടെ ആഭ്യന്തര വില്‍പന അഞ്ചു ശതമാനം കൂടിയപ്പോള്‍ കയറ്റുമതി ഇരട്ടിച്ചു. ടിവിഎസ് സെപ്റ്റംബറില്‍ വില്‍പന 12 ശതമാനം കൂടിയപ്പോള്‍ ത്രൈമാസ വില്‍പന 22 ശതമാനം വര്‍ധിച്ചു.
യുനൈറ്റഡ് സ്പിരിറ്റ്‌സിന് മഹാരാഷ്ട്ര ജലവിഭവ വകുപ്പ് 443 കോടി രൂപയുടെ ചാര്‍ജ് ചുമത്തിയതു ഹൈക്കോടതി റദ്ദാക്കി, വീണ്ടും ചാര്‍ജ് നിര്‍ണയിക്കാന്‍ ഉത്തരവായി.
വി മാര്‍ട്ട് റീട്ടെയില്‍ സെപ്റ്റംബര്‍ പാദത്തില്‍ വില്‍പന 22 ശതമാനം വര്‍ധിപ്പിച്ചു.
അമേരിക്കന്‍ ഭരണസ്തംഭന ഭീതിയില്‍ 3,900 ഡോളറിനു തൊട്ടടുത്തു വരെ കയറിയ സ്വര്‍ണം വ്യാഴാഴ്ച ലാഭമെടുക്കലിനെ തുടര്‍ന്ന് ഇടിഞ്ഞു. പലിശ കുറയ്ക്കലില്‍ അമിതപ്രതീക്ഷ വേണ്ടെന്നു ഫെഡറല്‍ റിസര്‍വിലെ ഒരു ഗവര്‍ണര്‍ പറഞ്ഞതു വീഴ്ചയെ വേഗത്തിലാക്കി. ഔണ്‍സിനു 3896 ഡോളര്‍ വരെ കയറിയ സ്‌പോട്ട് സ്വര്‍ണം 3821.30 വരെ ഇടിഞ്ഞു. പിന്നീട് ഉയര്‍ന്ന് 3857.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3,864.70 ഡോളറിലേക്ക് കയറിയിട്ട് താഴ്ന്നു.
സ്വര്‍ണം അവധിവില ഇന്നലെ 3897.20 ഡോളര്‍ വരെ എത്തിയിട്ടു 3886.80 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി.
കേരളത്തില്‍ 22 കാരറ്റ് പവന്‍വില വ്യാഴാഴ്ച 400 രൂപ കുറഞ്ഞ് 87,040 രൂപയില്‍ എത്തി.
വെള്ളിവില ഔണ്‍സിന് 46.99 ഡോളറില്‍ ക്ലോസ് ചെയ്തു.
വ്യാവസായിക ലോഹങ്ങള്‍ വ്യാഴാഴ്ച കയറ്റം തുടര്‍ന്നു. ചെമ്പ് 1.86 ശതമാനം ഉയര്‍ന്നു ടണ്ണിന് 10,454.30 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.49 ശതമാനം കയറി ടണ്ണിന് 2703.15 ഡോളറില്‍ എത്തി. നിക്കല്‍ സിങ്ക്, ടിന്‍, ലെഡ് എന്നിവ ഗണ്യമായി ഉയര്‍ന്നു.
രാജ്യാന്തര വിപണിയില്‍ റബര്‍ വില 112 ശതമാനം താഴ്ന്ന് കിലോഗ്രാമിന് 168.10 സെന്റ് ആയി. കൊക്കോ 3.48 ശതമാനം ഇടിഞ്ഞ് ടണ്ണിന് 6443.00 ഡോളറില്‍ എത്തി. കാപ്പി 1.09 ശതമാനം താഴ്ന്നു. തേയില 0.71 ശതമാനം കയറി. പാം ഓയില്‍ വില 1.37 ശതമാനം ഉയര്‍ന്നു.
ഡോളര്‍ സൂചിക വ്യാഴാഴ്ച ഉയര്‍ന്ന് 97.85 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.89 ല്‍ എത്തി.
കറന്‍സി വിപണിയില്‍ ഡോളര്‍ അല്‍പം കയറി. യൂറോ 1.1725 ഡോളറിലേക്കും പൗണ്ട് 1.344 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 147.12 യെന്‍ എന്ന നിരക്കിലേക്കു താഴ്ന്നു.
യുഎസ് കടപ്പത്രങ്ങളുടെ വില കൂടി. 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.086 ശതമാനമായി കുറഞ്ഞു.
ബുധനാഴ്ച ഇന്ത്യന്‍ രൂപ ഗണ്യമായി ഉയര്‍ന്നു. ഡോളര്‍ പത്തു പൈസ കുറഞ്ഞ് 88.69 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്നലെ ഡോളര്‍ സൂചിക ഉയര്‍ന്നതു രൂപയ്ക്കു ഭീഷണിയാകാം.
ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.12 യുവാന്‍ എന്ന നിലയില്‍ തുടര്‍ന്നു.
പല രാജ്യങ്ങളിലും വ്യവസായ വളര്‍ച്ച കുറഞ്ഞതും സ്റ്റോക്കും ലഭ്യതയും വര്‍ധിച്ചതും ഇന്നലെ ക്രൂഡ് ഓയിലിനെ താഴ്ത്തുകയാണ്. ബുധനാഴ്ച മൂന്നു ശതമാനത്തോളം താഴ്ന്ന ക്രൂഡ് വ്യാഴാഴ്ച രണ്ടു ശതമാനം കൂടി കുറഞ്ഞ് 65 ഡോളറിനു താഴെയായി ബ്രെന്റ് ഇനം ക്രൂഡ് 64.11 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 64.35 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ 60.71 ഡോളറിലും മര്‍ബന്‍ ക്രൂഡ് 65.50 ഡോളറിലും ആണ്. പ്രകൃതിവാതക വില വീണ്ടും ഒരു ശതമാനം കുറഞ്ഞു.
ക്രിപ്‌റ്റോ കറന്‍സികള്‍ വ്യാഴാഴ്ച കുതിച്ചു കയറി. യുഎസ് സര്‍ക്കാര്‍ സ്തംഭനത്തിന്റെ പശ്ചാത്തലത്തില്‍ ക്രിപ്‌റ്റോകള്‍ നിക്ഷേപകശ്രദ്ധ പിടിച്ചു പറ്റുന്നതാണു കാരണം. ബിറ്റ്‌കോയിന്‍ മൂന്നര ശതമാനം കുതിച്ച് 1,21,109 ഡോളറില്‍ എത്തിയിട്ട് 1,20,500 ലേക്കു താഴ്ന്നു. ഈഥര്‍ അഞ്ചു ശതമാനം ഉയര്‍ന്ന് 4520 ഉം സൊലാന ആറു ശതമാനം കയറി 235 ഉം ഡോളറില്‍ എത്തിയിട്ട് അല്‍പം താഴ്ന്നു.
(2025 ഒക്ടോബര്‍ 02, വ്യാഴം)
സെന്‍സെക്‌സ്30 80,983.3 0.00
നിഫ്റ്റി50 24,836.30 0.00
ബാങ്ക് നിഫ്റ്റി 55,347.95 0.00
മിഡ് ക്യാപ്100 57,029.70 0.00
സ്‌മോള്‍ക്യാപ്100 17,755.85 0.00
ഡൗജോണ്‍സ് 46,519.70 +0.1%
എസ്ആന്‍ഡ്പി 6715.35 +0.06%
നാസ്ഡാക് 22,844.10 +0.39%
ഡോളര്‍($) ₹88.69 0.00
സ്വര്‍ണം(ഔണ്‍സ്) $3857.50 -$09.30
സ്വര്‍ണം(പവന്‍) ₹87,040 -₹400
ക്രൂഡ്(ബ്രെന്റ്)ഓയില്‍ $64.11 -$1.24
Read DhanamOnline in English
Subscribe to Dhanam Magazine