വിപണി മുന്നേറ്റത്തിൽ; അരി കയറ്റുമതിക്കു ചുങ്കം

കുതിപ്പ് തുടരുന്ന വിപണി തുടക്കത്തിലേ നല്ല നേട്ടം ഉണ്ടാക്കി. വിൽപന സമ്മർദത്തെ തുടർന്നു കുറേ താഴ്ന്നെങ്കിലും വീണ്ടും തിരിച്ചു കയറി. നിഫ്റ്റി 17,900-നും സെൻസെക്സ് 60,000 നും മുകളിൽ എത്തി. പിന്നീടു കയറിയിറങ്ങി.

ബാങ്ക്, ധനകാര്യ, മെറ്റൽ ഓഹരികളാണ് ഇന്നു വിപണിയുടെ കുതിപ്പിനു മുന്നിൽ.

രാജ്യത്തു നിന്ന് വെള്ളയരിയുടെയും നുറുക്കരിയുടെയും നെല്ലിൻ്റെയും കയറ്റുമതിക്ക് 20 ശതമാനം ചുങ്കം ചുമത്തി. കയറ്റുമതി നിരുത്സാഹപ്പെടുത്തുകയാണു ലക്ഷ്യം. ബസ്മതി അരിയും പുഴുക്കലരിയും ഈ ചുങ്കം ഇല്ലാതെ കയറ്റുമതി ചെയ്യാം. ലോക വിപണിയിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ.

40 ലക്ഷം ടൺ ബസ്മതി അരിയും 120 ലക്ഷം ടൺ വെള്ളയരിയും 50 ലക്ഷം ടൺ പുഴുക്കലരിയും ആണ് കഴിഞ്ഞ ധനകാര്യ വർഷം ഇന്ത്യ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം രാജ്യത്തു 13 കോടി ടൺ അരി ഉൽപാദിപ്പിച്ചിരുന്നു. ഈ വർഷം നെൽകൃഷി ചെയ്ത ഭൂമിയുടെ അളവ് അഞ്ചു ശതമാനം കുറവാണെന്നാണ് ഔദ്യോഗിക നിഗമനം. അത് ഉൽപാദനത്തിൽ ഗണ്യമായ കുറവ് വരുത്തും.

കഴിഞ്ഞ വർഷം കയറ്റുമതി 12 ശതമാനം കൂടിയതിനാൽ രാജ്യത്തു സ്റ്റോക്ക് കുറവുമാണ്. ഈ സാഹചര്യത്തിൽ രാജ്യത്ത് അരിവില 10 മുതൽ 20 വരെ ശതമാനം കൂടി.

ഇതു ചില്ലറ വിലക്കയറ്റം വർധിപ്പിക്കും. ചൈനയിലെ വരൾച്ച അവിടെ ഉൽപാദനം കുറച്ചതിനാൽ ലോകവിപണിയിലും വില കുതിച്ചു കയറുകയാണ്. ഈ സാഹചര്യത്തിലാണ് കയറ്റുമതി അസാധ്യമാക്കുന്ന തരത്തിൽ ചുങ്കം ചുമത്തിയത്. കെആർബിഎൽ, എൽടി ഫുഡ്സ് തുടങ്ങിയ കയറ്റുമതി കമ്പനികളുടെ ഓഹരികൾ അൽപം താഴ്ന്നു.

സിമൻ്റ് ഓഹരികൾ ഇന്നും നേട്ടമുണ്ടാക്കി. ബാംഗുർ ഗ്രൂപ്പിൻ്റെ ശ്രീ സിമൻ്റ് നാലു ശതമാനത്തോളം ഉയർന്നു. അംബുജ സിമൻറ് മൂന്നു ശതമാനത്തോളം കയറി.ജെകെ ലക്ഷ്മി സിമൻ്റ്, ഗ്രാസിം, അൾട്രാടെക്, ഡാൽമിയ ഭാരത്, ഇന്ത്യ സിമൻ്റ്സ് തുടങ്ങിയവയും കുതിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വില കുറഞ്ഞ ഫെഡറൽ ബാങ്ക് ഓഹരി ഇന്നു രാവിലെ രണ്ടു ശതമാനത്തിലധികം ഉയർന്ന് 121 രൂപയ്ക്ക് മുകളിൽ കയറി. ആരുമായും ലയന ചർച്ച നടക്കുന്നില്ലെന്ന് ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ഇന്നു രാവിലെ ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കും ഇക്വിറ്റാസ് ഹോൾഡിംഗ്സും സംയോജിപ്പിക്കാനുള്ള നിർദേശം ഇരു കമ്പനികളുടെയും ഓഹരി ഉടമകൾ അംഗീകരിച്ചു. ഓഹരി വില മൂന്നു ശതമാനം കയറി.

ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ അടുത്ത പാദങ്ങളിൽ ലാഭപ്രതീക്ഷ പാലിക്കുമെന്നും ഓഹരിവില 80 രൂപയാകുമെന്നും മോർഗൻ സ്റ്റാൻലി റിപ്പോർട്ട് പുറത്തുവിട്ടത് ഓഹരിയെ 62 രൂപയിലേക്ക് ഉയർത്തി.

ഡോളർ ഇന്നു ദുർബലമായി. ഏഴു പൈസ താഴ്ന്ന് 79.64 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 79.57 രൂപയിലേക്കു താണു.

സ്വർണം ലോകവിപണിയിൽ 1720 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 37,400 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it