56,000 കടന്നു സെൻസെക്സ്; വിപണിയിൽ പരക്കെ ആവേശം

സെൻസെക്സ് 56,000-നു മുകളിലേക്കു കുതിച്ചെത്തി. 55,000 ലേക്കു പ്രവേശിച്ചിട്ടു മൂന്നു വ്യാപാര ദിനം കൊണ്ട് അടുത്ത ആയിരം പോയിൻ്റ് കയറി. വിപണിയിലെ അത്യുത്സാഹത്തിൻ്റെ മറ്റൊരു പ്രകടനം.

പ്രീഓപ്പണിൽ 56,073 വരെ കയറിയ സെൻസെക്സ് പിന്നീട് ആ നിലവാരത്തിനു താഴെയാണു വ്യാപാരം തുടങ്ങിയത്. കുറേ കഴിഞ്ഞു സൂചിക 56,000 നു താഴേക്കു നീങ്ങി. വീണ്ടും കയറി. ആ കയറ്റം 56,100 നടുത്തേക്കു നീങ്ങി. നിഫ്റ്റി 16,700-നു സമീപം എത്തി.
മിഡ്, സ്മോൾ ക്യാപ് ഓഹരികളും ഇന്ന് ഉയരുന്നുണ്ട്.
ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കി. ക്രെഡിറ്റ് കാർഡ് വിൽപനയ്ക്ക് അനുമതി ലഭിച്ചത് എച്ച് ഡി എഫ് സി ബാങ്കിൻ്റെ വില രണ്ടു ശതമാനം വർധിപ്പിച്ചു. തുടക്കത്തിൽ മൂന്നു ശതമാനം ഉയർന്നതാണ്. ധനകാര്യ കമ്പനികളും നല്ല നേട്ടത്തിലാണ്. കേരളത്തിൽ നിന്നുള്ള നാലു ഷെഡ്യൂൾഡ് ബാങ്കുകൾക്കും ഇന്നു രാവിലെ വില ഉയർന്നു.
പഞ്ചസാര കയറ്റുമതിക്കുള്ള സബ്സിഡി അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന റിപ്പോർട്ട് പഞ്ചസാരമില്ലുകളുടെ ഓഹരി വില ഇടിച്ചു. ലോക വിപണിയിൽ പഞ്ചസാര വില റിക്കാർഡിലേക്കു കുതിക്കുകയാണ്. ബ്രസീലിലും തായ്ലൻഡിലും ഉൽപാദനം കുറയുന്നതാണു കാരണം. ഇപ്പാേൾ പൗണ്ടിന് 20 സെൻ്റ് ഉള്ള പഞ്ചസാര 2016ലെ റിക്കാർഡായ 23.3 സെൻറാണു ലക്ഷ്യമിടുന്നത്.
ഡോളർ സൂചിക താണത് രൂപയെ സഹായിച്ചു. ഡോളർ അഞ്ചു പൈസ താണ് 74.3 ലാണു വ്യാപാരം തുടങ്ങിയത്.
ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1790 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ പവന് 80 രൂപ കൂടി 35,440 രൂപയായി.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it