ആശ്വാസറാലിയിൽ വിപണി; ചൈനയിൽ നിന്ന് ആശ്വാസം

പ്രതീക്ഷ പാേലെ ആശ്വാസ റാലിയുമായി വിപണി ഇന്നു രാവിലെ വ്യാപാരം തുടങ്ങി. ഒരു മണിക്കൂറിനകം മുഖ്യ സൂചികകൾ ഒരു ശതമാനത്തിലധികം കയറി. സെൻസെക്സ് 57,300 നു മുകളിലും നിഫ്റ്റി 17,050 നു മുകളിലും നില ഭദ്രമാക്കി.

വില ഉയരുന്നതിനൊപ്പം വിൽപന സമ്മർദവും കൂടുന്നുണ്ട്.
ബാങ്കുകളും ധനകാര്യ കമ്പനികളും ഐടി കമ്പനികളും തുടക്കത്തിൽ നേട്ടത്തിലായി.ഐടി കമ്പനികൾ പിന്നീടു താഴ്ന്നു. മിഡ്- സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. ഓയിൽ, മെറ്റൽ, എഫ്എംസിജി കമ്പനികളും ഉയർന്നു.
ചൈന ടെക് ഭീമന്മാർക്ക് അനുകൂലമായ നടപടികൾ എടുത്തത് ആലിബാബ പോലുള്ളവയുടെ ഓഹരി വില 10 ശതമാനത്തോളം ഉയർത്തി. ചൈനയിലെ എവർഗ്രാൻഡെയുടെ കടം പുനർ ക്രമീകരിക്കൽ ഉറപ്പായി.
ചൈനീസ് ഫിൻ ടെക്കുകളിലും സ്റ്റാർട്ടപ്പുകളിലും വലിയ നിക്ഷേപമുള്ള ജാപ്പനീസ് നിക്ഷേപ ബാങ്ക് സോഫ്റ്റ് ബാങ്കിൻ്റെ ഓഹരികൾ ഒൻപതു ശതമാനം ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സോഫ്റ്റ് ബാങ്ക് കുത്തനേ ഇടിഞ്ഞതാണ്.
ചൈനയിലെ ബിസിനസ് അനുകൂല നടപടികൾ ജപ്പാനിലെയടക്കം ഏഷ്യൻ വിപണികളെ ഉയർത്തി. യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും ഉയർന്നു.
ടാറ്റാ മോട്ടോഴ്സ് ജനുവരി ആദ്യം വാഹനങ്ങൾക്കു വില കൂട്ടും എന്ന റിപ്പോർട്ട് ഓഹരിവില കൂടാൻ ഇടയാക്കി. മാരുതി, ടൊയാേട്ട, ഹ്യുണ്ടായി തുടങ്ങിയ കമ്പനികളും വില വർധന ഉദ്ദേശിക്കുന്നുണ്ട്.
റഷ്യൻ കോവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റിന് അംഗീകാരം ലഭിക്കുമെന്ന സൂചന ഡോ.റെഡ്ഡീസ് ലബോറട്ടറീസിൻ്റെ വില അര ശതമാനം ഉയരാൻ കാരണമായി. പക്ഷേ, പിന്നീടു വില താണു.
കഴിഞ്ഞ ദിവസങ്ങളിൽ താഴ്ചയിലായിരുന്ന ഇൻ്റർ ഗ്ലാേബ് ഏവിയേഷൻ ഇന്ന് ഉയർച്ചയിലാണ്. പ്രൊമോട്ടർമാർ തമ്മിലുള്ള പോര് സാരമില്ലെന്നു വിപണി കരുതുന്നു. രാജ്യാന്തര സർവീസുകൾ താമസിയാതെ പുനരാരംഭിക്കുമെന്ന സൂചനയാണ് ഉയർച്ചയെ സഹായിക്കുന്നത്. മറ്റൊരു വിമാന കമ്പനിയായ സ്പൈസ് ജെറ്റും ഇന്ന് നേട്ടത്തിലായി.
ചില ഇനം അലൂമിനിയം ഉൽപന്നങ്ങൾക്ക് ആൻ്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തുമെന്ന സൂചനയിൽ വേദാന്ത, ഹിൻഡാൽകോ ഓഹരികൾ നേട്ടത്തിലായി.
രൂപ ഇന്നു നേട്ടത്തിലായി. 13 പൈസ താണ് 75.29 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.
സ്വർണം ലോകവിപണിയിൽ 1777 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 35,800 രൂപ തുടർന്നു.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it