സൂചികകൾ ഉയരത്തിലേക്ക്; ബാങ്കുകൾ നേട്ടത്തിൽ; അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നും മുന്നേറുന്നു

ചാഞ്ചാട്ടങ്ങളോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു സാവധാനം ഉയർന്നു. നിഫ്റ്റി 17,500നു മുകളിലേക്കു കയറി. സെൻസെക്സ് 58,800 നു മുകളിലേക്കു കടന്നു.

ബാങ്കുകളാണ് ഇന്നു നേട്ടത്തിനു മുന്നിൽ നിന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഇന്നും കയറ്റം തുടർന്നു. മെറ്റൽ, റിയൽറ്റി, ഓയിൽ - ഗ്യാസ്, മീഡിയ, ധനകാര്യ കമ്പനികളും നേട്ടത്തിലാണ്. മിഡ് ക്യാപ്പുകളും സ്മോൾ ക്യാപ്പുകളും നല്ലതുപോലെ ഉയർന്നു.
അമേരിക്കയിൽ ഐടി ഓഹരികൾക്കു വിലയിടിഞ്ഞത് തുടക്കത്തിൽ ഇന്ത്യൻ ഐടി കമ്പനികളിലും പ്രതിഫലിച്ചു. ഐടി സൂചിക രാവിലെ അര ശതമാനം താഴ്ന്നു. മിഡ് ക്യാപ് ഐടി കമ്പനികളിലാണ് കൂടുതൽ വിൽപന സമ്മർദം ഉണ്ടായത്. പിന്നീട് ഐടി സൂചിക നേട്ടത്തിലായി. എങ്കിലും ഇൻഫോസിസും എംഫസിസുമടക്കം ചിലവ താഴ്ചയിൽ തുടർന്നു.
പ്രകൃതിവാതകത്തിൻ്റെ വില ഇരട്ടിപ്പിച്ചു. ഈ പ്രതീക്ഷയിൽ വാതക കമ്പനികളുടെ ഓഹരി കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു. വാതക വില കൂട്ടിയത് ഒഎൻജിസിക്കു നേട്ടമാകും. ഗെയിൽ ഓഹരി ഇന്ന് ഒരു ശതമാനത്തിലധികം കയറി. ഗെയിലിൻ്റെ വിറ്റുവരവ് 10 ശതമാനമെങ്കിലും വർധിപ്പിക്കുന്നതാണു വാതക വില വർധന.
അഡാനി വിൽമർ അടക്കം അഡാനി ഗ്രൂപ്പ് കമ്പനികൾ ഇന്നും മുന്നേറ്റം തുടർന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ആദായ നികുതി റെയ്ഡ് നടന്ന ഹീറോ മോട്ടോ കോർപിൻ്റെ ഓഹരി വില ഇന്ന് നാലു ശതമാനത്തോളം താണു. ഒരാഴ്ച കൊണ്ട് ഓഹരിക്ക് എട്ടു ശതമാനം ഇടിവുണ്ടായി.
പേയ്ടിഎം ഓഹരികൾ ഇന്ന് ഒൻപതു ശതമാനത്തോളം ഉയർന്നു.
അമേരിക്കയിൽ ഫെബ്രുവരിയിലെ ചില്ലറ വിലക്കയറ്റം 6.4 ശതമാനമായി. വിലക്കയറ്റം കണക്കിലെടുക്കുമ്പോൾ ഫെബ്രുവരിയിൽ യു എസ് ഉപയോക്താക്കൾ തലേമാസത്തേക്കാൾ 0.4 ശതമാനം കുറവ് സാധനങ്ങളേ വാങ്ങിച്ചുള്ളു എന്നു കണക്കുകൾ കാണിക്കുന്നു. വിലക്കയറ്റം വ്യാപാര മാന്ദ്യത്തിലേക്കു നയിക്കുകയാണെന്നു സൂചന. ഇതാണു യുഎസ് ഓഹരികളെ ഇന്നലെ താഴ്ത്തിയത്.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബ്രെൻ്റ് ഇനം 105 ഡോളറിനു താഴെയായി.
ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1936 ഡോളറിലാണ്. കേരളത്തിൽ പവന് 360 രൂപ വർധിച്ച് 38,480 രൂപയായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it