

വിപണിയില്‍ ബുള്ളുകള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ആണു സംഭവിക്കുന്നത്. ബിഹാര്‍ എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്ക്കു വന്‍വിജയം പ്രവചിക്കുന്നു. ഇന്ത്യക്കു ചുമത്തിയ വലിയ ചുങ്കം കുറയ്ക്കുമെന്നും ഇന്ത്യയുമായി ഉടനേ കരാര്‍ ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ ഭരണസ്തംഭനം ഇന്നോ നാളെയോ തീരും എന്ന് ഉറപ്പായി.
യുഎസില്‍ ഇന്നലെ ടെക്‌നോളജി ഓഹരികള്‍ താഴ്‌ന്നെങ്കിലും ഇന്നു ഫ്യൂച്ചേഴ്‌സില്‍ അവ നേട്ടം ഉണ്ടാക്കി. ഇന്നലെ റെക്കോര്‍ഡ് കുറിച്ച ഡൗവും നേട്ടത്തിലാണ്. ഇവയും ഇന്ത്യന്‍ വിപണിയെ ഇന്ന് ഉയരാന്‍ സഹായിക്കും.
ഡെറിവേറ്റീവ് വിപണിയില്‍ നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,977.00 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,020 ലേക്കു കയറിയിട്ടു കുറച്ചു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യുഎസ് ഭരണസ്തംഭനം തീരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ചയും മുന്നേറി. സ്വിറ്റ്‌സര്‍ലന്‍ഡിനു യുഎസ് ചുമത്തിയ ദുര്‍വഹമായ 39 ശതമാനം ചുങ്കം കുറച്ച് യൂറോപ്യന്‍ യൂണിയനു ചുമത്തിയ 15 ശതമാനമാക്കും എന്ന സൂചന സ്വിസ് കമ്പനികളെ ഉയര്‍ത്തി. സ്വിസ് - യുഎസ് മന്ത്രിതല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആദ്യ പകുതിയില്‍ വരുമാനം 7.3 ശതമാനം വര്‍ധിപ്പിച്ച യുകെ ടെലികോം ഗ്രൂപ്പ് വോഡഫാേണ്‍ 8.3 ശതമാനം ഉയര്‍ന്നു.
ഭരണസ്തംഭന ആശങ്ക മാറിയതോടെ യുഎസ് വിപണിയില്‍ ടെക് ഇതര കമ്പനികള്‍ കുതിച്ചുകയറി. നിര്‍മിതബുദ്ധി (എഐ) അടക്കം ടെക് കമ്പനികളില്‍ നിന്നു വിറ്റു മാറാനുള്ള പ്രവണതയാണ് വിപണിയില്‍ കണ്ടത്. എന്‍വിഡിയ, എഎംഡി എന്നിവ അടക്കമുള്ള ടെക് ഭീമന്മാരുടെ വില കുറഞ്ഞു. ഡൗ ജോണ്‍സ് സൂചിക ഇന്നലെ 1.18 ശതമാനം ഉയര്‍ന്നു ക്ലോസിംഗ് റെക്കോര്‍ഡ് കുറിച്ചു. നാസ്ഡാക് 0.25 ശതമാനം താഴ്ന്നു
എഐ ക്ലൗഡ് അടിസ്ഥാന സൗകര്യം ഒരുക്കുന്ന കോര്‍വീവ് വരുമാന പ്രതീക്ഷ താഴ്ത്തിയത് ഓഹരിയെ 16 ശതമാനം താഴെയാക്കി. എന്‍വിഡിയയിലെ തങ്ങളുടെ മുഴുവന്‍ ഓഹരികളും വിറ്റു എന്ന് സോഫ്റ്റ്ബാങ്ക് അറിയിച്ചത് എന്‍വിഡിയ ഓഹരിയെ മൂന്നു ശതമാനം താഴ്ത്തി.
എഐ മേഖലയിലെ ഭീമമായ നിക്ഷേപത്തെ സാധൂകരിക്കാന്‍ കമ്പനികള്‍ അമിതലാഭപ്രതീക്ഷ പ്രചരിപ്പിക്കുന്നതായി വിപണിയിലെ വലിയ ഷോര്‍ട്ട് വ്യാപാരി മൈക്കള്‍ ബറി പറഞ്ഞതും വിപണിയെ സ്വാധീനിച്ചു. എഎംഡി 35 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി സിഇഒ ലിസാ സൂ പറഞ്ഞിട്ടും ഓഹരി 2.65 ശതമാനം താഴ്ന്നു. വിപണി അടച്ച ശേഷമുള്ള വ്യാപാരത്തില്‍ എഎംഡി 4.58% കയറി. എല്ലാ കമ്പനികളുടെയും എഐ നിക്ഷേപം നിക്ഷേപം ലാഭകരമാകില്ല എന്നു പല നിക്ഷേപ വിദഗ്ധരും മുന്നറിയിപ്പ് നല്‍കി.
ഭരണസ്തംഭനം മാറ്റാനുള്ള നടപടിക്രമം ഇന്നലെ പുരോഗമിച്ചു. ഇന്നു രാത്രി ജനപ്രതിനിധി സഭ ബില്‍ പാസാക്കും എന്നാണു പ്രതീക്ഷ.
ഡൗ ജോണ്‍സ് സൂചിക ചാെവ്വാഴ്ച 559.33 പോയിന്റ് (1.18%) ഉയര്‍ന്ന് 47,927.96 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 14.18 പോയിന്റ് (0.21%) നേട്ടത്തോടെ 6846.61 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 58.87 പോയിന്റ് (0.25%) താഴ്ന്ന് 23,468.30 ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.05 ഉം എസ് ആന്‍ഡ് പി 0.15 ഉം നാസ്ഡാക് 0.32 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. എന്‍വിഡിയയിലെ മുഴുവന്‍ നിക്ഷേപവും വിറ്റ ജാപ്പനീസ് ധനകാര്യ ഗ്രൂപ്പ് സോഫ്റ്റ് ബാങ്കിന്റെ ഓഹരി 10 ശതമാനം ഇടിഞ്ഞു. ജപ്പാനില്‍ നിക്കൈ 0.26 ശതമാനം താഴ്ന്നിട്ടു നേട്ടത്തിലേക്കു കയറി. ദക്ഷിണ കൊറിയന്‍ വിപണി നാമമാത്ര നേട്ടം കുറിച്ചു. ഹോങ് കോങ് സൂചിക തുടക്കത്തില്‍ 0.55 ശതമാനം ഉയര്‍ന്നു. ചൈനീസ് സൂചിക 0.15 ശതമാനം താഴ്ന്നു.
ചാെവ്വാഴ്ച ഇന്ത്യന്‍ വിപണി ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ശേഷം താഴ്ചയിലായി. എന്നാല്‍ ഉച്ചയ്ക്കു ശേഷം സ്ഥിതി മാറി. രാവിലെ വില്‍പനക്കാരായിരുന്ന വിദേശ നിക്ഷേപകര്‍ വാങ്ങലുകാരായി. ഇന്ത്യക്കു ചുമത്തിയ ചുങ്കം പകുതിയോ അതില്‍ താഴെയോ ആക്കും എന്നും വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതും വിപണിയെ ഉയര്‍ത്തി. ദിവസത്തിലെ താഴ്ചയില്‍ നിന്നു സെന്‍സെക്‌സ് 747 ഉം നിഫ്റ്റി 245 ഉം പോയിന്റ് ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. ഏതാനും ദിവസത്തെ ശ്രമങ്ങള്‍ക്കു ശേഷം നിഫ്റ്റിക്ക് 25,600 നു മുകളില്‍ വ്യാപാരം ക്ലോസ് ചെയ്യാന്‍ കഴിഞ്ഞു.
ഐടി, ഓട്ടോ, മെറ്റല്‍, ഓയില്‍ എന്നിവയാണ് ഇന്നലെ വിപണിയെ ഉയര്‍ത്തിയത്.
ചാെവ്വാഴ്ച നിഫ്റ്റി 120.60 പോയിന്റ് (0.47%) ഉയര്‍ന്ന് 25,694.95 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 335.97 പോയിന്റ് (0.40%) കയറി 83,871.32 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 200.60 പോയിന്റ് (0.35%) നേട്ടത്തോടെ 58,138.15 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 302.75 പോയിന്റ് (0.50%) ഉയര്‍ന്ന് 60,427.00 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 37.20 പോയിന്റ് (0.21%) താഴ്ന്ന് 18,101.40 ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിനൊപ്പം തുടര്‍ന്നു. ബിഎസ്ഇയില്‍ 1898 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2294 ഓഹരികള്‍ ഇടിഞ്ഞു. എന്നാല്‍ എന്‍എസ്ഇയില്‍ സമാസമം നിന്നു. അവിടെ ഉയര്‍ന്നത് 1556 എണ്ണം. താഴ്ന്നത് 1555 ഓഹരികള്‍.
എന്‍എസ്ഇയില്‍ 72 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 159 എണ്ണമാണ്. അഞ്ച് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ മൂന്നെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
വിദേശനിക്ഷേപകര്‍ ചാെവ്വാഴ്ചയും വില്‍പന തുടര്‍ന്നു. അവര്‍ ക്യാഷ് വിപണിയില്‍ 803.22 കാേടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 2188.47 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
വിപണി വീണ്ടും മുന്നേറ്റവഴിയിലാണ്. അമേരിക്കയില്‍ നിന്നുള്ള രണ്ടു വിഷയങ്ങളില്‍ - വ്യാപാരയുദ്ധം, ഭരണസ്തംഭനം - അനുകൂല മാറ്റം ഉറപ്പായത് ബുള്ളുകള്‍ക്ക് വിഹരിക്കാന്‍ അവസരം ഒരുക്കുന്നു. നിഫ്റ്റി 25,800 കടന്നാല്‍ ബുള്‍ മുന്നേറ്റം റെക്കോര്‍ഡ് തിരുത്തും എന്നു വരെയാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബിഹാര്‍ എക്‌സിറ്റ് പോളും ബുള്ളുകളെ സഹായിക്കും.. ഇന്നു നിഫ്റ്റിക്ക് 25,645 ലും 25,585 ലും പിന്തുണ ഉണ്ടാകും. 25,725ഉം 25,785 ഉം തടസമാകാം.
ഇന്നു റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്ന ചില കമ്പനികള്‍: അശോക് ലെയ്‌ലന്‍ഡ്, ഏഷ്യന്‍ പെയിന്റ്‌സ്, കാംപസ് ആക്ടീവ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഡാറ്റാ പാറ്റേണ്‍സ്, ജിഎന്‍എഫ്‌സി, എച്ച്എഎല്‍, ഹോനസ കണ്‍സ്യൂമര്‍, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഇര്‍കോണ്‍, ഐആര്‍എഫ്‌സി, ജ്യോതി ലാബ്‌സ്, ലെമണ്‍ ട്രീ, നാസറ ടെക്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ഷാലിമാര്‍ പെയിന്റ്‌സ്, ടാറ്റാ സ്റ്റീല്‍, വെല്‍സ്പണ്‍ ലിവിംഗ്.
ടാറ്റാ പവറിനു രണ്ടാം പാദത്തില്‍ വരുമാനം ഒരു ശതമാനവും അറ്റാദായം 0.7 ശതമാനവും കുറഞ്ഞു. ലാഭമാര്‍ജിന്‍ 21.2 ശതമാനത്തിലേക്കു താഴ്ന്നു.
കോണ്‍കോര്‍ വരുമാനം 2.9% കൂടിയപ്പോള്‍ അറ്റാദായം 3.6% വര്‍ധിച്ചു. ലാഭമാര്‍ജിന്‍ 24.5% ആയി താഴ്ന്നു.
ആര്‍വിഎന്‍എലിന് വരുമാനം 5.5 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 19.7% ഇടിഞ്ഞു. ലാഭമാര്‍ജിന്‍ 5.6 ല്‍ നിന്ന് 4.2% ആയി കുറഞ്ഞു.
പിഐ ഇന്‍ഡസ്ട്രീസിന്റെ വരുമാനം 15.7% കുറഞ്ഞപ്പോള്‍ അറ്റാദായം 19.4% ഇടിഞ്ഞു. എങ്കിലും പ്രവര്‍ത്തനലാഭം അനാലിസ്റ്റ് പ്രതീക്ഷയേക്കാള്‍ മെച്ചമായി.
ഗോദ്റെജ് ഇന്‍ഡസ്ട്രീസിന്റ വിറ്റുവരവ് 4.7% വര്‍ധിച്ചെങ്കിലും അറ്റാദായം 15.8% താഴ്ന്നു. കമ്പനിയുടെ പ്രവര്‍ത്തനലാഭം 76.5 ശതമാനം ഇടിഞ്ഞു. ലാഭമാര്‍ജിന്‍ 2.7% മാത്രമാണ്.
ഗുജറാത്ത് ഫ്‌ലോറോ കെമിക്കല്‍സിന്റെ വരുമാനം 1.9% മാത്രം വര്‍ധിച്ചപ്പോള്‍ അറ്റാദായം 47.9 ശതമാനം കുതിച്ചു. ലാഭമാര്‍ജിന്‍ 30% ആയി.
ടൊറന്റ് പവര്‍ വരുമാനം 9.8% കൂടിയപ്പോള്‍ അറ്റാദായം 50.5 ശതമാനം വര്‍ധിച്ചു.
ഇഐ ഹോട്ടല്‍സ് വരുമാനം 1.5% കൂടിയപ്പോള്‍ അറ്റാദായം 12.4 ശതമാനം ഇടിഞ്ഞു.
ബയോകോണ്‍ രണ്ടാം പാദത്തില്‍ വരുമാനം 20 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ പ്രവര്‍ത്തനലാഭം 40 ശതമാനം വര്‍ധിച്ചു.
മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് രണ്ടാം പാദത്തില്‍ അറ്റ പലിശ വരുമാനം 13.9% വര്‍ധിപ്പിച്ചെങ്കിലും ലൈഫ് ഇന്‍ഷ്വറന്‍സ് വിഭാഗത്തിലെ വരുമാനം കുത്തനേ ഇടിഞ്ഞു. അറ്റാദായം 96 ശതമാനം ഇടിവോടെ 4.1 കോടി രൂപയായി.
അദാനി എന്റര്‍പ്രൈസസിന്റെ 25,000 കോടി രൂപയുടെ അവകാശ ഇഷ്യുവില്‍ ഓഹരിവില 1800 രൂപയാണ്. ഇന്നലത്തെ വിപണി വിലയില്‍ നിന്ന് 24 ശതമാനം കുറവാണിത്. നവംബര്‍ 14 ന് ഓഹരി കൈവശമുള്ളവര്‍ക്ക് അവകാശ ഓഹര കിട്ടും. 17 ആണു റെക്കോര്‍ഡ് തീയതി. 25 ഓഹരി കൈവശമുള്ളവര്‍ക്ക് മൂന്ന് ഓഹരിയാണു കിട്ടുക.
യുഎസ് ഭരണസ്തംഭനം ഇന്നു രാത്രിയോടെ അവസാനിച്ചേക്കാം. എങ്കിലും സ്വര്‍ണം താഴോട്ടു നീങ്ങാന്‍ ഇടയില്ലെന്നു വിപണി കരുതുന്നു. ഒന്നര മാസമായി സര്‍ക്കാര്‍ സാമ്പത്തിക സൂചകങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല. സൂചകങ്ങള്‍ കൃത്യമായി ലഭിക്കുകയും തൊഴില്‍ മേഖലയിലെ സ്ഥിതി ഭദ്രമാകുകയും ചെയ്യുന്നതുവരെ സ്വര്‍ണം കയറും എന്നാണു നിഗമനം.
ഉപഭോക്തൃ വിശ്വാസം കുറഞ്ഞതായ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി കണക്ക് ഇന്നലെ സ്വര്‍ണത്തെ ഔണ്‍സിന് 4149.90 ഡോളര്‍ വരെ ഉയര്‍ത്തി. പിന്നീടു ലാഭമെടുക്കലുകാരുടെ വില്‍പന സമ്മര്‍ദത്തില്‍ വില താഴ്ന്നു. ഒടുവില്‍ തലേന്നത്തേക്കാള്‍ 11 ഡോളര്‍ ഉയര്‍ന്ന് 4127.90 ഡോളറില്‍ വ്യാപാരം അവസാനിച്ചു. ഇന്നു രാവിലെ ഏഷ്യന്‍ വ്യാപാരത്തില്‍ വില ഔണ്‍സിന് 4146 ഡോളറിലേക്കു കയറിയിട്ടു 4134 ഡോളറിലേക്കു താഴ്ന്നു.
സ്വര്‍ണം അവധിവില 4152 ഡോളറിനു മുകളില്‍ എത്തിയിട്ടു താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് പവന്‍വില ഇന്നലെ രാവിലെ 1800 രൂപ ഉയര്‍ന്ന് 92,600 രൂപയില്‍ എത്തി. പിന്നീടു താഴ്ന്ന് 92,280 രൂപയായി.
വെള്ളിയുടെ സ്‌പോട്ട് വില 51.37 ഡോളറില്‍ എത്തിയിട്ട് ഇന്നു രാവിലെ 51.26 ലേക്കു താഴ്ന്നു. അവധിവില ഇന്ന് 51.20 ലേക്കു കയറി.
പ്ലാറ്റിനം 1586 ഡോളര്‍, പല്ലാഡിയം 14 32 ഡോളര്‍, റോഡിയം 7925 ഡോളര്‍ എന്നിങ്ങനെയാണു വില.
വ്യാവസായിക ലോഹങ്ങള്‍ ചൊവ്വാഴ്ച ഭിന്ന ദിശകളിലായി. ചെമ്പ് 0.21 ശതമാനം താഴ്ന്ന ടണ്ണിന് 10,777.00 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.17 ശതമാനം കയറി 2874.50 ഡോള റില്‍ എത്തി. സിങ്കും ലെഡും നിക്കലും ഉയര്‍ന്നപ്പോള്‍ ടിന്‍ താഴ്ന്നു.
രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.77 ശതമാനം കൂടി കിലോഗ്രാമിന് 170.40 സെന്റില്‍ എത്തി. കൊക്കോ 5.12 ശതമാനം ഇടിഞ്ഞു ടണ്ണിന് 5789.32 ഡോളര്‍ ആയി. കാപ്പി 1.85 ശതമാനം കയറി. തേയില വില 1.73 ശതമാനം താഴ്ന്നു. പാം ഓയില്‍ വില 0.68 ശതമാനം കയറി.
ഡോളര്‍ സൂചിക ഇന്നലെ 99.29 -99.74 മേഖലയില്‍ കയറിയിറങ്ങിയിട്ട് 99.44 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.54 ലേക്കു കയറി.
കറന്‍സി വിപണിയില്‍ ഡോളര്‍ അല്‍പം ദുര്‍ബലമായി. യൂറോ 1.1584 ഡോളറിലേക്കും പൗണ്ട് 1.315 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 154.09 യെന്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നു.
യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില അല്‍പം കൂടി. അവയിലെ നിക്ഷേപനേട്ടം ഇന്ന് 4.069 ശതമാനം ആയി.
തിങ്കളാഴ്ച ഡോളര്‍ 13 പൈസ താഴ്ന്ന് 88.57 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിപണിയില്‍ ശക്തമായ ഇടപെടല്‍ തുടര്‍ന്ന സാഹചര്യത്തിലാണത്.
ചൈനയുടെ കറന്‍സി ഡോളറിന് 7.12 യുവാന്‍ എന്ന നിലയില്‍ തുടര്‍ന്നു.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. പ്രമുഖ റഷ്യന്‍ കമ്പനികള്‍ക്കെതിരായ ഉപരോധം വിപണിയില്‍ ലഭ്യത കുറച്ചതാണു കാരണം. ഇന്ത്യ റഷ്യന്‍ കമ്പനികളെ ഉപേക്ഷിച്ച് ഗള്‍ഫിലേക്കും ആഫ്രിക്കയിലേക്കും നീങ്ങി. ബ്രെന്റ് ഇനം ചാെവ്വാഴ്ച വീപ്പയ്ക്ക് 65.09 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ വില 64.96 ഡോളറിലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 60.88 ഡോളറിലും മര്‍ബന്‍ ക്രൂഡ് 67.17 ഡോളറിലും ആണ്. പ്രകൃതിവാതക വില അഞ്ചു ശതമാനം കൂടി 4.54 ഡോളര്‍ ആയി.
ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ചയിലാണ്. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 1,03,100 ഡോളറിനു തൊട്ടുമുകളിലാണ്. ഈഥര്‍ 3440 ല്‍ നില്‍ക്കുന്നു. സൊലാന 155 ഡോളറിലേക്കു താഴ്ന്നു.
(2025 നവംബര്‍ 11, ചൊവ്വ)
സെന്‍സെക്‌സ്30 83,871.32 +0.40%
നിഫ്റ്റി50 25,694.95 +0.47%
ബാങ്ക് നിഫ്റ്റി 58,138.15 +0.35%
മിഡ് ക്യാപ്100 60,427.00 +0.50%
സ്‌മോള്‍ക്യാപ്100 18,101.40 -0.21%
ഡൗജോണ്‍സ് 47,928.00 +1.18%
എസ്ആന്‍ഡ്പി 6846.61 +0.21%
നാസ്ഡാക് 23,468.30 -0.25%
ഡോളര്‍($) ₹88.57 -₹0.13
സ്വര്‍ണം(ഔണ്‍സ്) $4127.90 +11.00
സ്വര്‍ണം(പവന്‍) ₹92,280 +₹1480
ക്രൂഡ്(ബ്രെന്റ്)ഓയില്‍$65.09 +$1.12
Read DhanamOnline in English
Subscribe to Dhanam Magazine