വർധിത ആവേശത്തിൽ വിപണി; ഐടി കുതിച്ചു
ആഗോള പ്രവണതകളെ അതിശയിക്കുന്ന ആവേശത്തോടെയാണ് ഇന്ത്യൻ വിപണി ഇന്നു പുതിയ വാരം തുടങ്ങിയത്.പ്രീ ഓപ്പണിൽ നിഫ്റ്റി 15,900-നു മുകളിലും സെൻസെക്സ് 53,400 നു മുകളിലും എത്തി. പിന്നീടു സൂചികകൾ അൽപം താ ണെങ്കിലും വീണ്ടും കയറി. മുഖ്യ സൂചികകളും മിഡ് - സ്മോൾ ക്യാപ് സൂചികകളും ഒരു ശതമാനത്തിലധികം നേട്ടം തുടക്കം മുതലേ നിലനിർത്തി.
ഐടി കമ്പനികൾ മികച്ച നേട്ടം ഉണ്ടാക്കി. ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ, ടെക് മഹീന്ദ്ര തുടങ്ങിയവ രണ്ടു മുതൽ നാലുവരെ ശതമാനം ഉയർന്നു.
ബാങ്ക്, ധനകാര്യ, റിയൽറ്റി, മെറ്റൽ, വാഹന ഓഹരികളും ഗണ്യമായി ഉയർന്നു. ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ, ലാർസൻ ആൻഡ് ടൂബ്രാേ, ഹിൻഡാൽകോ, ഗ്രാസിം തുടങ്ങിയവ നേട്ടത്തിനു മുന്നിൽ നിന്നു. റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റിനു ഡിമാൻഡ് വർധിക്കുന്നതിൻ്റെ പ്രതിഫലനം വിപണിയിൽ ദൃശ്യമായി.
സ്വർണം ലോകവിപണിയിൽ 1836 ഡോളറിലെത്തി. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 38,120 രൂപയായി.
ഡോളർ ഇന്നു രാവിലെ ഏഴു പൈസ താണ് ഓപ്പൺ ചെയ്തു. പിന്നീടു നഷ്ടം കുറച്ചു.