ആശ്വാസറാലി കാത്തു വിപണി; വ്യാപാര ചര്‍ച്ചയില്‍ പുരോഗതി ഇല്ല; റിസര്‍വ് ബാങ്ക് പണനയം ബുധനാഴ്ച; നിരക്കുമാറ്റം ഉണ്ടാകില്ലെന്നു നിഗമനം

ക്രൂഡ് ഓയില്‍ താഴുന്നു, സ്വര്‍ണം കുതിക്കുന്നു
tcm
Published on

ഇന്ത്യ- അമേരിക്ക വ്യാപാരകരാര്‍ ചര്‍ച്ചയില്‍ പുരോഗതി ദൃശ്യമായിട്ടില്ല. രാജ്യാന്തര സംഘര്‍ഷങ്ങളിലും അയവില്ല. റിസര്‍വ് ബാങ്കിന്റെ പണനയം ബുധനാഴ്ച അറിവാകും. നിരക്കുമാറ്റം ഉണ്ടാകില്ല എന്നാണു നിഗമനം. ഇന്ന് ഓഗസ്റ്റിലെ വ്യവസായ ഉല്‍പാദന സൂചിക പുറത്തുവരും.

അമേരിക്ക ഈ മാസം പലിശ കുറയ്ക്കും എന്ന പ്രതീക്ഷ ബലപ്പെടുത്തുന്ന വിലക്കയറ്റ, തൊഴില്‍ കണക്കുകള്‍ കഴിഞ്ഞയാഴ്ച പുറത്തുവന്നു. ഈയാഴ്ച വരുന്ന കണക്കുകള്‍ അതിനെ ശരിവച്ചാല്‍ ഫെഡിന്റെ നടപടി ഉറപ്പാകും. അമേരിക്കന്‍ ബജറ്റ് പാസാക്കലില്‍ ചൊവ്വാഴ്ചയ്ക്കകം റിപ്പബ്ലിക്കന്‍ - ഡെമോക്രാറ്റ് ധാരണ ഉണ്ടായില്ലെങ്കില്‍ പതിനായിരക്കണക്കിനു സര്‍ക്കാര്‍ ജീവനക്കാരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിരിച്ചുവിടും എന്ന ഭീഷണി നിലനില്‍ക്കുന്നു. ധാരണ ഉണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനത്തിനു പണവും കിട്ടാതാകും. 2019 നു ശേഷം ഇതാദ്യമാണു സര്‍ക്കാര്‍ പ്രവര്‍ത്തനം സ്തംഭിക്കുന്നത്.

ഇങ്ങനെ കൂടുതല്‍ അശുഭവാര്‍ത്തകളാണു പുതിയ ആഴ്ചയെ കാത്തിരിക്കുന്നത്. എങ്കിലും കഴിഞ്ഞയാഴ്ചയിലെ തുടര്‍ച്ചയായ പതനത്തിനു ശേഷം ഒരു ആശ്വാസറാലി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു നിക്ഷേപകര്‍. ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ നിരക്കും കുറയുന്നതും വിപണിക്കു ചെറിയ ആശ്വാസമാകും. കയറ്റത്തോടെ ആഴ്ച തുടങ്ങിയാലും അത് തുടരും എന്നു കരുതുന്നവര്‍ കുറവാണ്.

റിസര്‍വ് ബാങ്കിന്റെ പണനയ സമിതി (എംപിസി) ഇന്നു ത്രിദിനയോഗം ആരംഭിക്കും. ബുധനാഴ്ച രാവിലെ 10 -നു തീരുമാനങ്ങള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വെളിപ്പെടുത്തും. റീപോ നിരക്ക് (ബാങ്കുകള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഏകദിന വായ്പയുടെ പലിശ) ഇത്തവണ മാറ്റുകയില്ല എന്നാണു വിദഗ്ധരുടെ നിഗമനം. 5.50 ശതമാനമാണു റീപോ. ഈ വര്‍ഷം മൂന്നു തവണയായി ഒരു ശതമാനം കുറവ് വരുത്തി. ജിഎസ്ടി നിരക്ക് കുറച്ച സാഹചര്യത്തില്‍ റീപോ നിരക്ക് കുറയ്‌ക്കേണ്ടതില്ല എന്നാണ് അഭിപ്രായം. എങ്കിലും കാല്‍ ശതമാനം കുറവ് എസ്ബിഐ റിസര്‍ച്ച് പ്രതീക്ഷിക്കുന്നു. ജിഡിപി വളര്‍ച്ച പ്രതീക്ഷ നാമമാത്രമായി കൂട്ടാനും ചില്ലാവിലക്കയറ്റ നിഗമനം 0.3 മുതല്‍ 0.5 വരെ ശതമാനം കുറയ്ക്കാനും സാധ്യതയുണ്ട്.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,766.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,855 വരെ കയറിയിട്ട് അല്‍പം താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന

യൂറോപ്പ് ഉയര്‍ന്നു

യൂറോപ്യന്‍ ഓഹരികള്‍ വെള്ളിയാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. അമേരിക്ക ഔഷധങ്ങള്‍ക്കു 100 ശതമാനം ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഔഷധകമ്പനി ഓഹരികള്‍ ചാഞ്ചാടിയശേഷം വലിയ മാറ്റമില്ലാതെ അവസാനിച്ചു. മിക്ക യൂറോപ്യന്‍ ഫാര്‍മ കമ്പനികളും അമേരിക്കയില്‍ പ്ലാന്റുകള്‍ തുടങ്ങിയിട്ടുണ്ട്.

യുഎസ് വിപണി തിരിച്ചുകയറി

അമേരിക്കന്‍ വിപണി സൂചികകള്‍ വെള്ളിയാഴ്ച ഉയര്‍ന്നെങ്കിലും പ്രധാന സൂചികകള്‍ക്ക് ആഴ്ച നഷ്ടത്തിലായി. ടെക് ഓഹരികളുടെ തകര്‍ച്ചയില്‍ നാസ്ഡാക് 0.7ഉം എസ് ആന്‍ഡ് പി 0.3 ഉം ശതമാനം താഴ്ന്നു. ഡൗ ജോണ്‍സിന്റെ നഷ്ടം 0.2 ശതമാനത്തില്‍ ഒതുങ്ങി.

പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (പിസിഇ) എന്ന ചില്ലറവിലക്കയറ്റം ഓഗസ്റ്റില്‍ പ്രതീക്ഷ പാേലെ വന്നതാണു വിപണിയെ സഹായിച്ചത്. ഭക്ഷ്യ, ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ പിസിഇ 2.9 ശതമാനം വാര്‍ഷികകയറ്റം കാണിച്ചു. ഒക്ടോബറില്‍ പലിശ കാല്‍ശതമാനം കൂടി കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിന് ഈ കണക്ക് സഹായകമാകും.

ടെസ്ല വെള്ളിയാഴ്ച നാലു ശതമാനം ഉയര്‍ന്നു. എന്‍വിഡിയയും മൈക്രോസോഫ്റ്റും ആല്‍ഫബെറ്റും താഴ്ചയില്‍ നിന്ന് ഉയര്‍ന്നപ്പോള്‍ ആപ്പിളും എഎംഡിയും മെറ്റയും താഴ്ന്നു.

ഡൗ ജോണ്‍സ് സൂചിക വെള്ളിയാഴ്ച 299.97 പോയിന്റ് (0.65%) ഉയര്‍ന്ന് 46,247.29 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 38.98 പോയിന്റ് (0.5 9%) നേട്ടത്തോടെ 6643.70 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 99.37 പോയിന്റ് (0.44%) കയറി 22,484.07 ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു നേട്ടത്തിലാണ്. ഡൗ 0.17 ഉം എസ് ആന്‍ഡ് പി 0.23 ഉം നാസ്ഡാക് 0.29 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ജാപ്പനീസ് വിപണി ഒരു ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയന്‍, ഓസ്‌ട്രേലിയന്‍ വിപണികള്‍ ഓരോ ശതമാനം ഉയര്‍ന്നു. ഹോങ് കോങ് വിപണി ഒരു ശതമാനം ഉയര്‍ന്നപ്പോള്‍ ചൈനീസ് വിപണി ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി.

ഇന്ത്യന്‍ വിപണി താഴ്ന്നു തന്നെ

വെള്ളിയാഴ്ചത്തെ ഇടിവോടെ ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ ആറു ദിവസം താഴ്ന്നു. മുഖ്യ സൂചികകള്‍ കഴിഞ്ഞ ആഴ്ച 2.7 ശതമാനം വീതം ഇടിഞ്ഞു. ബാങ്ക് നിഫ്റ്റി 1.9 ശതമാനം താഴ്ന്നു.

വ്യാപാര ചര്‍ച്ചകളില്‍ പറയത്തക്ക പുരോഗതി ഉണ്ടാകാത്തതാണു മുഖ്യവിഷയം. റഷ്യന്‍ എണ്ണ വാങ്ങുന്നതു നിറുത്താനും കാര്‍ഷിക മേഖലയില്‍ അനിയന്ത്രിത ഇറക്കുമതി അനുവദിക്കാനും ഇന്ത്യ തയാറല്ല. ചര്‍ച്ച തുടരുന്നു എന്നല്ലാതെ ഏതുതലത്തില്‍ എവിടെ എന്നു പറയാനും സര്‍ക്കാര്‍ തയാറില്ല. ഇന്ത്യ മെരുങ്ങാനുണ്ട് എന്നു യുഎസ് വാണിജ്യ സെക്രട്ടറി ഹവാര്‍ഡ് ലുട്‌നിക്ക് പറഞ്ഞതു ചര്‍ച്ചയുടെ നില സൂചിപ്പിക്കുന്നതാണ്.

നിഫ്റ്റി 236.15 പോയിന്റ് (0.95%) താഴ്ന്ന് 24,654.70 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 733.22 പോയിന്റ് (0.90%) ഇടിഞ്ഞ് 80,426.46 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 586.85 പോയിന്റ് (1.07%) നഷ്ടത്തോടെ 54,389.35 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 1177.35 പോയിന്റ് (2.05%) തകര്‍ച്ചയോടെ 56,378.55 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 405.90 പോയിന്റ് (2.26%) ഇടിഞ്ഞ് 17,560.90 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 945 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 3208 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 627 എണ്ണം. താഴ്ന്നത് 2424 ഓഹരികള്‍.

എന്‍എസ്ഇയില്‍ 50 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 139 എണ്ണമാണ്. 57 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 106 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച ക്യാഷ് വിപണിയില്‍ 5687.58 കാേടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 5843.21 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. കഴിഞ്ഞയാഴ്ച 8800 കോടി രൂപയുടെ അറ്റവില്‍പനയാണ് വിദേശികള്‍ നടത്തിയത്. ഈ മാസം ഇതുവരെ വിദേശികള്‍ ക്യാഷ് മാര്‍ക്കറ്റില്‍ 30,141.68 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

വിപണി കൂടുതല്‍ ദുര്‍ബലമായി നില്‍ക്കുകയാണ്. 24,500 ലെ പിന്തുണ നഷ്ടമായാല്‍ നിഫ്റ്റിക്ക് 24,100 ലാണു പിന്തുണ ഉള്ളത്. അവിടെ നിന്നില്ലെങ്കില്‍ 23,500 വരെയാകാം വീഴ്ച. നിലവിലെ നിലയില്‍ നിന്നു കുതിക്കാന്‍ കഴിഞ്ഞാല്‍ ക്രമേണ 25,000-25,200 മേഖല ലക്ഷ്യം വയ്ക്കാനാകും. ഇന്നു നിഫ്റ്റിക്ക് 24,620 ലും 24,570 ലും പിന്തുണ ലഭിക്കും. 24,715 ലും 24,850 ലും തടസങ്ങള്‍ ഉണ്ടാകും.

കമ്പനികള്‍, വാര്‍ത്തകള്‍

ഓയില്‍ ഇന്ത്യ ആന്‍ഡമാന്‍സിലെ വിജയപുരം -2 പര്യവേക്ഷണ കിണറില്‍ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. ശേഖരത്തിന്റെ അളവ് തിട്ടപ്പെടുത്തിയിട്ടില്ല.

ലെമണ്‍ ട്രീ ഹോട്ടല്‍സില്‍ പതഞ്ജലി കേസ്വാനി എക്‌സിക്യൂട്ടീവ് ഡയറക്ടറും ചെയര്‍മാനും ആകും. ബുധനാഴ്ച നീലേന്ദ്ര സിംഗ് മാനേജിംഗ് ഡയറക്ടും കപില്‍ ശര്‍മ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഎഫ്ഒയും ആകും.

പ്രതിവര്‍ഷം 12 ലക്ഷം റഫ്രിജറേറ്റര്‍ നിര്‍മാണ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ പിജി ഇലക്ട്രോപ്ലാസ്റ്റ് ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയില്‍ 50 ഏക്കര്‍ സ്ഥലം 1000 കോടി രൂപയ്ക്കു വാങ്ങി. അടുത്ത വര്‍ഷം ഡിസംബറില്‍ ഉല്‍പാദനം തുടങ്ങും. കമ്പനിയുടെ ആദ്യ ദക്ഷിണേന്ത്യന്‍ പ്ലാന്റാണിത്.

ചംബല്‍ ഫെര്‍ട്ടിലൈസേഴ്‌സിന് ജിഎസ്ടി വകുപ്പ് 527 കോടി രൂപയുടെ പിഴ ചുമത്തി.

ബിര്‍ലാസോഫ്റ്റ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായി അംഗന്‍ ഗുഹയെ 2025 ഡിസംബര്‍ മുതല്‍ രണ്ടു വര്‍ഷത്തേക്കു പുനര്‍നിയമിച്ചു.

ടാറ്റാ മോട്ടോഴ്‌സ് സിഇഒയും മാനേജിംഗ് ഡയറക്ടറും ആയി ശൈലേഷ് ചന്ദ്രയെ നിയമിച്ചു. ധിമന്‍ ഗുപ്ത സിഎഫ്ഒ ആകും. അടുത്ത ഏപ്രിലില്‍ ആണു നിയമനങ്ങള്‍ പ്രാബല്യത്തിലാകുക. കമ്പനിയുടെ വാണിജ്യ വാഹന - യാത്രാവാഹന വിഭാഗങ്ങള്‍ വേര്‍പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിയമനങ്ങള്‍.

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 960 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതു സംബന്ധിച്ച് ഗോദ്റെജ് അഗ്രോവെറ്റ് കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവച്ചു.

സോളര്‍ പാനല്‍ രംഗത്തെ ഏറ്റവും വലയ ഇന്ത്യന്‍ കമ്പനിയായ വാരീ എന്‍ജിനിയേഴ്‌സ് ഓഹരി വെള്ളിയാഴ്ച ഏഴു ശതമാനം ഇടിഞ്ഞു. അമേരിക്കയിലേക്ക് സോളര്‍ പാനലുകള്‍ അയറ്റുമതി ചെയ്തതിനെപ്പറ്റി അമേരിക്കന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതാണു കാരണം. ചൈനീസ് പാനലുകള്‍ വില താഴ്ത്തി കയറ്റുമതി ചെയ്തു എന്നാണ് ആരോപണം.

സ്വര്‍ണം മുന്നോട്ട്

ആഴ്ചയിലെ തുടക്കത്തില്‍ നിന്നു കയറ്റിറക്കങ്ങള്‍ കഴിഞ്ഞു ചെറിയ താഴ്ചയിലാണ് കഴിഞ്ഞയാഴ്ച സ്വര്‍ണം ക്ലോസ് ചെയ്തത്. അതിനിടെ ലാഭമെടുക്കലും നടന്നു.

സ്വര്‍ണത്തില്‍ഊഹക്കച്ചവടക്കാരുടെ ലോംഗ് പൊസിഷന്‍ അമിതമായെന്നും വിപണി ഓവര്‍ബോട്ട് ആണെന്നും പലരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ വിപണിയും നിക്ഷേപ വിദഗ്ധരും സ്വര്‍ണവിലയില്‍ ബുള്ളിഷ് തന്നെയാണ്.

ചൊവ്വാഴ്ചയ്ക്കകം ബജറ്റ് കാര്യത്തില്‍ റിപ്പബ്ലിക്കന്‍ - ഡെമോക്രാറ്റ് ധാരണ ഉണ്ടാകുന്നില്ലെങ്കില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം ഉണ്ടാകില്ല എന്ന ഭീഷണി വില കയറാന്‍ വഴിതെളിക്കും. ബജറ്റ് വിഷയം ധാരണയിലായാലും സ്വര്‍ണം ഇടിയുകയില്ലെന്നാണു കണക്കുകൂട്ടല്‍. ഔണ്‍സിനു 3800 ഡോളറില്‍ കുറേ തടസം ഉണ്ടായാലും 4000 ഡോളറിനു മുകളില്‍ എത്തുന്ന ബുള്‍ കുതിപ്പ് തുടരും എന്ന് കരുതപ്പെടുന്നു. കഴിഞ്ഞയാഴ്ച 3790 ഡോളര്‍ വരെ കയറിയിട്ടാണു സ്വര്‍ണം താഴ്ന്നത്. വെള്ളിയാഴ്ച എസ്പിഡിആര്‍ ഗോള്‍ഡ് ഇടിഎഫില്‍ റെക്കോര്‍ഡ് കുറിച്ച 18 ടണ്‍ നിക്ഷേപം ഉണ്ടായതു വിപണിയുടെ ബുള്ളിഷ് പ്രവണത ശക്തമാണെന്നു കാണിക്കുന്നു.

ചാെവ്വാഴ്ചയും വെള്ളിയാഴ്ചയും വരുന്ന തൊഴില്‍ കണക്കുകളും വ്യാഴാഴ്ച വരുന്ന തൊഴില്‍നഷ്ട കണക്കും സ്വര്‍ണവിലയെ സ്വാധീനിക്കും.

ചൈനയുടെ കേന്ദ്ര ബാങ്ക് പുറത്തു പറയുന്നതിനേക്കാള്‍ വളരെ കൂടുതല്‍ സ്വര്‍ണം വാങ്ങി ശേഖരം വര്‍ധിപ്പിക്കുന്നുണ്ടെന്നു ഫ്രഞ്ച് ബാങ്ക് സൊസീറ്റെ ഷനറാല്‍ പറയുന്നു. 2022 മുതല്‍ പ്രതിമാസം 33 ടണ്‍ അവര്‍ വാങ്ങുന്നതായാണു നിഗമനം. കഴിഞ്ഞ വര്‍ഷം ആറുമാസം വിപണിയില്‍ നിന്ന് അവര്‍ വിട്ടു നിന്നപ്പോള്‍ മാത്രമേ വാങ്ങല്‍ നടത്താതിരുന്നുള്ളൂ.

'

വെള്ളിയാഴ്ച യുഎസ് വ്യാപാരത്തില്‍ സ്വര്‍ണം ഔണ്‍സിന് 3760.70 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3788.70 ഡോളര്‍ വരെ കുതിച്ചു കയറിയിട്ട് 3775 ഡോളറിലേക്കു താഴ്ന്നു.

അവധിവില വെള്ളിയാഴ്ച 3810 വരെ എത്തിയിട്ടു 3789.8 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3820 ഡോളറിനു മുകളില്‍ കയറി.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില വെള്ളിയാഴ്ച 320 രൂപ കൂടി 84,240 രൂപയില്‍ എത്തി. ശനിയാഴ്ച വീണ്ടും 440 രൂപ വര്‍ധിച്ചു പവന് 84,680 രൂപയായി ഇന്നും വില കയറാം. സെപ്റ്റംബര്‍ 23-നു കുറിച്ച 84,840 രൂപയാണു പവന്റെ റെക്കോര്‍ഡ് വില.

വെള്ളിവില ഔണ്‍സിന് 46 ഡോളറിനു മുകളില്‍ നിന്നിട്ട് 45.99 ഡോളറില്‍ ക്ലോസ് ചെയ്തു. അവധിവില 47.35 ഡോളര്‍ വരെ കയറി. ഒരാഴ്ച കൊണ്ട്

വെള്ളി ഏഴു ശതമാനമാണു കയറിയത്. 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നില്‍ക്കുന്ന വെള്ളി കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 53 ശതമാനം ഉയര്‍ന്നു. പത്തു വര്‍ഷം കൊണ്ടു വെള്ളിയുടെ അന്താരാഷ്ട്ര വില മൂന്നിരട്ടിയായി.

വ്യാഴാഴ്ച കുതിച്ചു കയറിയ വ്യാവസായിക ലോഹങ്ങള്‍ മിക്കതും വെള്ളിയാഴ്ച അല്‍പം താഴ്ന്നു. ചെമ്പ് 1.81 ശതമാനം ഇടിഞ്ഞു ടണ്ണിന് 10,125.50 ഡോളറില്‍ ക്ലോസ് ചെയ്തു. സിങ്ക് 2.56 ശതമാനം ഇടിന്ന് ടണ്ണിന് 2935 ഡോളര്‍ ആയി. അലൂമിനിയം 0.09 ശതമാനം ഉയര്‍ന്ന് ടണ്ണിന് 2655.83 ഡോളറില്‍ എത്തി. നിക്കല്‍, ടിന്‍, ലെഡ് എന്നിവ താഴ്ന്നു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.17 ശതമാനം താഴ്ന്നു കിലോഗ്രാമിന് 173.10 സെന്റ് ആയി. കൊക്കോ 0.17 ശതമാനം കയറി ടണ്ണിന് 6936.63 ഡോളറില്‍ എത്തി. കാപ്പി 2.02 ശതമാനം ഉയര്‍ന്നു. തേയില മാറ്റമില്ലാതെ നിന്നു. പാം ഓയില്‍ വില 0.99 ശതമാനം കുറഞ്ഞു.

ഡോളര്‍ സൂചിക താഴ്ന്നു

ഡോളര്‍ സൂചിക വെള്ളിയാഴ്ച 0.40 ശതമാനം താഴ്ന്ന് 98.15 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.98 ലേക്ക് താഴ്ന്നു. ഒക്ടോബറില്‍ പലിശ കുറയ്ക്കാന്‍ വഴി തെളിഞ്ഞെന്ന നിഗമനമാണു സൂചികയെ താഴ്ത്തുന്നത്.

കറന്‍സി വിപണിയില്‍ ഡോളര്‍ ദൗര്‍ബല്യം തുടരുന്നു. യൂറോ 1.1722 ഡോളറിലേക്കും പൗണ്ട് 1.3421 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 149.08 യെന്‍ എന്ന നിരക്കിലേക്കു കയറി.

പലിശ കുറയ്ക്കല്‍ പ്രതീക്ഷ അല്‍പമൊന്നു തണുത്തതു വീണ്ടും ചൂടുപിടിച്ചു. അതു യുഎസ് കടപ്പത്രങ്ങളുടെ വില കൂട്ടി. 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.16 ശതമാനമായി കുറഞ്ഞു.

രൂപ ദുര്‍ബലമായി

വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ അല്‍പം താഴ്ന്നു. ഡോളര്‍ അഞ്ചു പൈസ കയറി 88.72 രൂപയില്‍ ക്ലോസ് ചെയ്തു.

ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.13 യുവാന്‍ എന്ന നിലയില്‍ തുടരുകയാണ്.

ക്രൂഡ് ഓയില്‍ താഴുന്നു

നവംബറില്‍ ഉല്‍പാദനം കൂട്ടാനുള്ള തീരുമാനം ഒപെക് ഈ ദിവസങ്ങളില്‍ എടുക്കും എന്ന സൂചനയില്‍ ക്രൂഡ് ഓയില്‍ വില താഴോട്ടു യാത്ര തുടങ്ങി. വീപ്പയ്ക്ക് 70 ഡോളറിനു മുകളില്‍ എത്തിയ ക്രൂഡ് ഇന്നു രാവിലെ ഒരു ശതമാനം താഴ്ന്നു. ബ്രെന്റ് ഇനം രാവിലെ 69.45 ഡോളറില്‍ എത്തി. പിന്നീട് 69.63 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ 65.10 ഡോളറിലും മര്‍ബന്‍ ക്രൂഡ് 71.25 ഡോളറിലും ആണ്. പ്രകൃതി വാതക വില 1.4 ശതമാനം താഴ്ന്നു.

ക്രിപ്‌റ്റോകള്‍ തിരിച്ചു കയറി

കഴിഞ്ഞ ദിവസങ്ങളില്‍ ഇടിഞ്ഞു നിന്ന ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നു കയറ്റത്തിലാണ്. വാരാന്ത്യം 1,09,000 ഡോളറിനു താഴെ ആയിരുന്ന ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 1,11,900 ഡോളറില്‍ എത്തി. ഈഥര്‍ 4120 ഉം സൊലാന 210 ഉം ഡോളറിലാണ്.

വിപണിസൂചനകള്‍

(2025 സെപ്റ്റംബര്‍ 26, വെള്ളി)

സെന്‍സെക്‌സ്30 80,426.46 -0.90%

നിഫ്റ്റി50 24,654.70 -0.95%

ബാങ്ക് നിഫ്റ്റി 54,389.35 -1.07%

മിഡ് ക്യാപ്100 56,378.35 -2.05%

സ്‌മോള്‍ക്യാപ്100 17,560.90 -2.26%

ഡൗജോണ്‍സ് 46,247.29 +0.65%

എസ്ആന്‍ഡ്പി 6643.70 +0.59%

നാസ്ഡാക് 22,484.07 +0.44%

ഡോളര്‍($) ?88.72 +?0.05

സ്വര്‍ണം(ഔണ്‍സ്) $3760.70 +$10.50

സ്വര്‍ണം(പവന്‍) ?84,240 +?320

പവന്‍ ?84,680 +?440

ക്രൂഡ്(ബ്രെന്റ്)ഓയില്‍ $70.13 +$0.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com