Begin typing your search above and press return to search.
ഓഹരി വിപണി സാവധാനം ഉയരുന്നു

വിപണി ഇന്ന് ഉയരത്തിൽ തുടങ്ങി. താമസിയാതെ താഴോട്ടു പോയി. വീണ്ടും കൂടുതൽ ഉയരത്തിലേക്കു കയറി. ചാഞ്ചാട്ടങ്ങൾ തുടരും. എങ്കിലും മേലോട്ടു സാവധാനം കയറിപ്പോകാമെന്നു മാർക്കറ്റ് കരുതുന്നു.
മികച്ച റിസൽട്ട് പുറത്തുവിട്ട വിപ്രോയുടെ ഓഹരി വില എട്ടു ശതമാനം ഉയർന്നു.
സ്റ്റീൽ വില വീണ്ടും കൂടുകയാണ്. സ്റ്റീൽ കമ്പനി ഓഹരികൾക്കു ഡിമാൻഡ് കൂടി .
ചൈനയുടെ ഒന്നാം പാദ ജിഡിപി 18.3 ശതമാനം വളർന്നു. കഴിഞ്ഞ വർഷം കോവിഡ് മൂലം ഈ പാദത്തിൽ 0.6 ശതമാനം വളർച്ചയേ ഉണ്ടായിരുന്നുള്ളൂ. നിരീക്ഷകരുടെ പ്രതീക്ഷ 19 ശതമാനം വളരുമെന്നായിരുന്നു. ചൈനീസ് വളർച്ച കൂടുതൽ വേഗം കൈവരിക്കുന്നു എന്നാണു ജിഡിപി കണക്ക് സൂചിപ്പിക്കുന്നത്.
ഡോളർ ഇന്നും താണു. 21 പൈസ താണ് 74.71 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.പിന്നീട് 74.63 രൂപയിലേക്കു താണു.
ലോകവിപണിയിൽ സ്വർണം 1761 ഡോളറിൽ എത്തി. ഡോളറിൻ്റെ ദൗർബല്യമാണു സ്വർണത്തിനു കരുത്തായത്. കേരളത്തിൽ സ്വർണം പവന് 240 രൂപ വർധിച്ച് 35,200 രൂപയായി.
ക്രൂഡ് ഓയിൽ വീണ്ടും ഉയർന്ന് 67.07 ഡോളറായി.
കടപ്പത്ര വില വീണ്ടും താണു. 10 വർഷ സർക്കാർ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം 6.158 ശതമാനമായി. തലേന്നത്തേക്കാൾ 0.032 ശതമാനം കൂടുതലാണിത്. ഇന്നു കേന്ദ്ര സർക്കാരിൻ്റെ 26,000 കോടി രൂപയുടെ കടപ്പത്രങ്ങൾ ലേലം ചെയ്യുന്നുണ്ട്.
Next Story