Begin typing your search above and press return to search.
ഡ്രൈവിംഗ് സീറ്റിൽ ബുള്ളുകൾ; സീയിലും ഡിഷ് ടിവിയിലും മാറ്റങ്ങൾ
ബുള്ളുകൾ വീണ്ടും വിപണിയുടെ സാരഥ്യം കൈയടക്കി. റിക്കാർഡ് ഉയരത്തിനടുത്തേക്കു സൂചികകളെ ഉയർത്തിക്കൊണ്ടാണു രാവിലെ വ്യാപാരം തുടങ്ങിയത്.
ബാങ്കുകളും ധനകാര്യ കമ്പനികളും നേട്ടത്തിനു മുന്നിൽ നിന്നു. സിഎസ്ബി ബാങ്ക് ഒഴികെയുള്ള കേരളീയ ബാങ്കുകളുടെ ഓഹരി ഇന്നു രാവിലെ ഉയർന്നു. റിയൽ എസ്റ്റേറ്റ്, മീഡിയ ഓഹരികളും ഇന്നു കുതിപ്പിലാണ്.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നല്ല നേട്ടത്തിലാണ്.
മാനേജിംഗ് ഡയറക്ടർ പുനീത് ഗോയങ്കയെയും രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാരെയും നീക്കാൻ ചില പ്രമുഖ നിക്ഷേപക ഗ്രൂപ്പുകൾ നോട്ടീസ് നൽകിയത് സീ എൻറർടെയ്ൻമെൻ്റ് ഓഹരിയെ ശ്രദ്ധാ കേന്ദ്രമാക്കി. നിക്ഷേപക സമ്മർദത്തിനു വഴങ്ങി ബോർഡ് പുനഃസംഘടിപ്പിക്കാൻ സീ പ്രൊമോട്ടർ സുഭാഷ് ചന്ദ്ര തയാറാകുമെന്നാണു റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ സീ ഓഹരി ഇന്നു രാവിലെ 20 ശതമാനം ഉയർന്നു. മറ്റു മീഡിയ കമ്പനികളെ അപേക്ഷിച്ച് താഴ്ന്ന പി ഇ അനുപാതത്തിലാണു സീ.
സീ ഗ്രൂപ്പിലെ തന്നെ ഡിഷ് ടിവി യിൽ ബോർഡ് തല മാറ്റത്തിന് യെസ് ബാങ്കുകൾ നീക്കം നടത്തുന്നുണ്ട്. കമ്പനിയിൽ 24.19 ശതമാനം ഓഹരി യെസ് ബാങ്കിനുണ്ട്. സുഭാഷ് ചന്ദ്ര വായ്പയ്ക്ക് ഈടായി വച്ചിരുന്ന ഓഹരികൾ സ്വന്തമാക്കിയാണ് യെസ് ബാങ്ക് വലിയ ഓഹരിയുടമയായത്.
ഡിഷ് ടിവിയുടെ രണ്ടു കോടി ഓഹരി ഹിന്ദുസ്ഥാൻ ടൈംസ് വാങ്ങി. ഓഹരി ഒന്നിന് 19.22 രൂപ വച്ചാണു വ്യാപാരം.ഡിഷ് ടിവി ഓഹരി ഇന്നു രാവിലെ 10 ശതമാനത്തോളം ഉയർന്നു.
സീ, ഡിഷ് തുടങ്ങിയവയുടെ ചുവടുപിടിച്ചു മറ്റു മീഡിയ കമ്പനികൾക്കും വില ഉയർന്നതോടെ നിഫ്റ്റി മീഡിയ സൂചിക എട്ടു ശതമാനത്തോളം കയറി.
ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻറ് ഇനം 73.96 ഡോളറിലെത്തി. ഇന്നുതന്നെ 74 ഡോളറിനു മുകളിൽ കയറിയേക്കും. ക്രൂഡിൻ്റെ കയറ്റം ഒഎൻജിസി, ഓയിൽ ഇന്ത്യ, ഐഒസി, ബിപിസിഎൽ, തുടങ്ങിയവയ്ക്കും റിലയൻസിനും നേട്ടമാണ്. എന്നാൽ പെയിൻ്റ് കമ്പനികൾക്കും മറ്റും നഷ്ടമാണ്.
പുതിയ ജിയോ ഫോൺ അവതരണം മാറ്റിയതിനെ തുടർന്നു കഴിഞ്ഞ ദിവസം 2.2 ശതമാനം ഇടിഞ്ഞ റിലയൻസ്' ഓഹരി ഇന്ന് ഒരു ശതമാനത്തോളം ഉയർന്നു.
ലോക വിപണിയിൽ സ്വർണ വില 1890-1892 ഡോളറിലേക്കു താണു. കേരളത്തിൽ പവൻ വില 35,200-ൽ തുടർന്നു.
ഡോളർ ഇന്ന് അൽപം താണു വ്യാപാരം തുടങ്ങി. അഞ്ചു പൈസ താണ് 73.63 രൂപയിലാരംഭിച്ച ഡോളർ പിന്നീട് 73.60 രൂപയിലേക്ക് എത്തി.
Next Story
Videos