ഇൻഡസ് ഇൻഡ് ബാങ്കിൽ സംഭവിക്കുന്നത് എന്ത്? ഡിവീസ് ലാബിൻ്റെ ഓഹരി വില താഴ്ന്നതിന്റെ കാരണം

ആഗോള സൂചനകളെ പിന്തുടർന്ന് ഇന്ത്യൻ ഓഹരി വിപണി കയറുമെന്ന പ്രതീക്ഷ പാളി. പ്രീ ഓപ്പണിൽ നന്നായി ഉയർന്നു നിന്ന സൂചികകൾ വ്യാപാരം തുടങ്ങിയതേ താഴാേട്ടു നീങ്ങി. പിന്നീടു ചാഞ്ചാട്ടമായി.

ബാങ്ക് ഓഹരികളിലാണു വലിയ ഇടിവുണ്ടായത്. ഇൻഡസ് ഇൻഡ് ബാങ്കിൻ്റെ മൈക്രോ ഫിനാൻസ് ഉപകമ്പനി കുടിശികയായ വായ്പകൾ കുടിശികയല്ലെന്നു വരുത്താൻ കുതന്ത്രങ്ങൾ കാണിച്ചെന്ന ആരോപണം വിപണിയെ ഉലച്ചു. ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരി ആദ്യം 10 ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്ടം എട്ടു ശതമാനമായി കുറച്ചെങ്കിലും വിൽപന സമ്മർദം തുടർന്നു. ഓഹരി ഇടിവ് 11 ശതമാനം വരെ എത്തി. ബാങ്ക് ആരോപണങ്ങൾ നിഷേധിച്ചു. സാങ്കേതിക തകരാർ മൂലം അര ലക്ഷത്തിലധികം വായ്പകൾ അനുവദിച്ചതാണെന്നും രണ്ടു ദിവസത്തിനകം പിശക് തിരുത്തിയെന്നും ബാങ്ക് പറയുന്നു.
മൈക്രോ ഫിനാൻസിൽ കൂടുതൽ സജീവമായ ബന്ധൻ ബാങ്കിനും സ്മോൾ ഫിനാൻസ് ബാങ്കുകൾക്കും വിലയിടിഞ്ഞു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവയും താഴോട്ടു നീങ്ങി.
റിസൽട്ട് പ്രതീക്ഷ പോലെ വരാത്തത് ഡിവീസ് ലാബിൻ്റെ ഓഹരി വില എട്ടു ശതമാനത്തോളം താഴ്ത്തി.
മികച്ച രണ്ടാം ക്വാർട്ടർ ഫലങ്ങൾ മുത്തൂറ്റ് ഫിനാൻസ് ഓഹരിയെ നാലര ശതമാനത്തിലധികം ഉയർത്തി.
വിദേശ ഉപകമ്പനിയായ നൊവേലിസ് ഉയർന്ന ലാഭമാർജിനാേടെ റിസൽട്ട് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഹിൻഡാൽകോ ഓഹരി രണ്ടു ശതമാനത്തോളം ഉയർന്നെങ്കിലും പിന്നീട് ഓഹരി നഷ്ടത്തിലായി.
മികച്ച റിസൽട്ട് ഐഷർ മോട്ടാേഴ്സ് ഓഹരിക്കുവില മൂന്നു ശതമാനത്താേളം ഉയർത്തി.
ഏഷ്യൻ വിപണികൾ രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയെങ്കിലും പിന്നീടു താഴ്ചയിലായി. അമേരിക്കൻ സൂചികകളുടെ ഫ്യൂച്ചേഴ്സും താഴ്ന്നു.
ക്രൂഡ് ഓയിൽ വില ഇന്നു രാവിലെ ഉയർന്നു. ബ്രെൻറ് ഇനം വീപ്പയ്ക്ക് 83.7 ഡോളർ വരെ കയറി.
സ്വർണം ലോകവിപണിയിൽ കയറിയിറങ്ങി. രാവിലെ ഔൺസിന് 1812 ഡോളർ വരെ താണ വില പിന്നീട് 1818-1819 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണ വില മാറ്റമില്ല.
ഡോളർ വീണ്ടും താണു. 21 പൈസ കുറഞ്ഞ് 74.24 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it